ഇസ്‍ലാമാബാദ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനായി ഇന്ത്യൻ ടീം പാകിസ്താനിലേക്ക് വരണമെന്ന അഭ്യർഥനയുമായി മുൻ ക്യാപ്റ്റൻ ഷുഐബ് മാലികും. കളിയെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണമെന്നും താരം ആവശ്യപ്പെട്ടു. 2025ൽ പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഷുഐബ് മാലികിന്റെ ആവശ്യം. നേരത്തെ മുൻ നായകരായ വസീം അക്രമും ഷാഹിദ് അഫ്രീദിയും അടക്കമുള്ളവരും ഇന്ത്യയെ ടൂർണമെന്റിനായി ക്ഷണിച്ചിരുന്നു.
‘രാജ്യങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ പ്രത്യേകം പരിഹരിക്കപ്പെടേണ്ടതാണ്. കായികരംഗത്തേക്ക് രാഷ്ട്രീയം വരരുത്. കഴിഞ്ഞ വർഷം പാകിസ്താൻ ടീം ഇന്ത്യയിൽ പോയിരുന്നു, ഇപ്പോൾ ഇന്ത്യൻ ടീമിനും ഇതൊരു മികച്ച അവസരമാണ്. പാകിസ്താനിൽ കളിക്കാത്ത നിരവധി താരങ്ങൾ ഇന്ത്യൻ ടീമിലുണ്ട്, ഇതവർക്ക് വളരെ മികച്ചതായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ നല്ല മനുഷ്യരാണ്. ഞങ്ങൾ വളരെ ആതിഥ്യമര്യാദയുള്ളവരാണ്, അതിനാൽ ഇന്ത്യൻ ടീം തീർച്ചയായും വരണം’ -ഷുഐബ് മാലിക് പറഞ്ഞു.
പാകിസ്താനിൽ കളിക്കാൻ താൽപര്യം ഇല്ലാത്തതിനാൽ, ടൂർണമെന്റ് ഹൈബ്രിഡ് രീതിയിൽ വിവിധ രാജ്യങ്ങളിലായി നടത്തണമെന്ന ആവശ്യം ബി.സി.സി.ഐ ഉന്നയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലോ യു.എ.ഇയിലോ നടത്തണമെന്നാണ് ആവശ്യം. ഏഷ്യാ കപ്പ് ഈ രീതിയിലാണ് നടത്തിയിരുന്നത്. എന്നാൽ, വിഷയത്തിൽ ഇതുവരെ സമവായമായിട്ടില്ല.
ഇന്ത്യൻ ടീമിനെ ഞങ്ങൾ പ്രൗഢമായി സ്വീകരിക്കുമെന്നും പാകിസ്താനിലേക്ക് വരണമെന്നുമായിരുന്നു വസീം അക്രം ആവശ്യപ്പെട്ടിരുന്നത്. 'പാകിസ്താനിലേക്ക് ഇന്ത്യ വരുമെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ടൂര്‍ണമെന്റിന് വേണ്ടി എല്ലാ ടീമുകളെയും സ്വീകരിക്കാന്‍ രാജ്യം മുഴുവൻ കാത്തിരിക്കുകയാണ്. ഞങ്ങള്‍ അവരെ പ്രൗഢമായി തന്നെ സ്വീകരിക്കും. മികച്ച സൗകര്യങ്ങളാകും ഒരുക്കുക. ലഹോറിലും ഇസ്‍ലാമാബാദിലും കറാച്ചിയിലും പുതിയ സ്റ്റേഡിയങ്ങളുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്നു. അതിനാൽ ഇതൊരു മികച്ച ടൂർണമെന്റായിരിക്കും. ക്രിക്കറ്റിന്റെ ഉന്നമനത്തിനായി പാകിസ്താന് ഈ ടൂര്‍ണമെന്റ് നടത്തേണ്ടതുണ്ട്. എല്ലാ ടീമുകളും പാകിസ്താനിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിക്കറ്റിൽനിന്ന് രാഷ്ട്രീയത്തെ മാറ്റിനിർത്തണം' -വസീം അക്രം പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേക്ക് വരണമെന്ന് മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയും ആവശ്യപ്പെട്ടിരുന്നു. മുമ്പ് ഇന്ത്യൻ താരങ്ങൾ പാകിസ്താൻ സന്ദർശിച്ചപ്പോഴെല്ലാം മികച്ച ആതിഥേയത്വം ആസ്വദിച്ചിട്ടുണ്ടെന്നും രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം പാകിസ്താനിലെത്തിയാൽ കാര്യങ്ങൾ വ്യത്യസ്തമാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌പോർട്‌സിനെ രാഷ്ട്രീയത്തിൽനിന്ന് അകറ്റിനിർത്തണമെന്ന് പറഞ്ഞ താരം, ഇന്ത്യക്കാർ പാകിസ്താനിലേക്ക് വരുകയും പാകിസ്താൻകാർ ഇന്ത്യയിലേക്ക് പോകുകയും ചെയ്യുന്നതിനേക്കാൾ മനോഹരമായി മറ്റെന്താണുള്ളതെന്നും ചോദിച്ചു. പാകിസ്താനിലെ ആളുകൾക്ക് വിരാട് കോഹ്‍ലിയെ ഒരുപാട് ഇഷ്ടമാണെന്നും അവൻ എന്റെയും പ്രിയപ്പെട്ട കളിക്കാരനാണെന്നും അഫ്രീദി കൂട്ടിച്ചേർത്തിരുന്നു.
പാകിസ്താൻ ടീം ഇന്ത്യയിലേക്ക് കളിക്കാൻ പോകുന്നുണ്ടെങ്കിൽ ഇവിടേക്ക് വരാൻ അവരും തയാറാകണമെന്നും വരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവരെ കൂടാതെ ഞങ്ങൾ കളിക്കുമെന്നും ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ ക്രിക്കറ്റ് അവസാനിച്ചെന്ന് അർഥമില്ലെന്നും പാക് താരം ഹസൻ അലി പറഞ്ഞിരുന്നു. ‘പാകിസ്താൻ ടീം ഇന്ത്യയിലേക്ക് കളിക്കാൻ പോകുന്നുണ്ടെങ്കിൽ ഇവിടേക്ക് വരാൻ അവരും തയാറാകണം. പാകിസ്താനില്‍ കളിക്കാനുള്ള ആഗ്രഹം പല ഇന്ത്യൻ താരങ്ങളും അഭിമുഖങ്ങളിലും മറ്റും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ, സർക്കാറിന്റെയും ബോർഡിന്റെയും നയങ്ങൾ അവർക്ക് പരിഗണിക്കേണ്ടി വരുന്നു. സ്പോർട്സും ആഭ്യന്തര പ്രശ്നങ്ങളും തമ്മിൽ കൂട്ടിക്കുഴക്കരുതെന്ന കാര്യം മുമ്പ് പലരും പറഞ്ഞിട്ടുള്ളതാണ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ പറഞ്ഞതുപോലെ, ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താനാണ് ആതിഥേയത്വം വഹിക്കുന്നതെങ്കിൽ അത് പാകിസ്താനിൽ മാത്രമേ നടക്കൂ. ഇന്ത്യ വരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവരെ കൂടാതെ ഞങ്ങൾ കളിക്കും. ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ ക്രിക്കറ്റ് അവസാനിച്ചെന്ന് അർഥമില്ല’ -എന്നിങ്ങനെയായിരുന്നു ഹസൻ അലിയുടെ പ്രതികരണം.
2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്താനില്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. 2012-2013ലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി പരമ്പര കളിച്ചത്. കഴിഞ്ഞ വർഷം പാകിസ്താനിൽ നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് ശ്രീലങ്കയായിരുന്നു വേദിയായത്. എന്നാൽ, ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ പാകിസ്താൻ പങ്കെടുത്തിരുന്നു. 2025 ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.