ഇസ്‍ലാമാബാദ്: 2025ൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനായി ഇന്ത്യ പാകിസ്താനിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും അവരെ ഞങ്ങൾ പ്രൗഢമായി സ്വീകരിക്കുമെന്നും പാകിസ്താൻ മുൻ നായകനും കമന്റേറ്ററുമായ വസീം അക്രം. വാർത്ത ഏജന്‍സിയായ ഐ.എ.എന്‍.എസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റിൽനിന്ന് രാഷ്ട്രീയത്തെ മാറ്റിനിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'പാകിസ്താനിലേക്ക് ഇന്ത്യ വരുമെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ടൂര്‍ണമെന്റിന് വേണ്ടി എല്ലാ ടീമുകളെയും സ്വീകരിക്കാന്‍ രാജ്യം മുഴുവൻ കാത്തിരിക്കുകയാണ്. ഞങ്ങള്‍ അവരെ പ്രൗഢമായി തന്നെ സ്വീകരിക്കും. മികച്ച സൗകര്യങ്ങളാകും ഒരുക്കുക. ലഹോറിലും ഇസ്‍ലാമാബാദിലും കറാച്ചിയിലും പുതിയ സ്റ്റേഡിയങ്ങളുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്നു. അതിനാൽ ഇതൊരു മികച്ച ടൂർണമെന്റായിരിക്കും. ക്രിക്കറ്റിന്റെ ഉന്നമനത്തിനായി പാകിസ്താന് ഈ ടൂര്‍ണമെന്റ് നടത്തേണ്ടതുണ്ട്. എല്ലാ ടീമുകളും പാകിസ്താനിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിക്കറ്റിൽനിന്ന് രാഷ്ട്രീയത്തെ മാറ്റിനിർത്തണം' -വസീം അക്രം പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേക്ക് വരണമെന്ന് മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയും ആവശ്യപ്പെട്ടിരുന്നു. മുമ്പ് ഇന്ത്യൻ താരങ്ങൾ പാകിസ്താൻ സന്ദർശിച്ചപ്പോഴെല്ലാം മികച്ച ആതിഥേയത്വം ആസ്വദിച്ചിട്ടുണ്ടെന്നും രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം പാകിസ്താനിലെത്തിയാൽ കാര്യങ്ങൾ വ്യത്യസ്തമാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌പോർട്‌സിനെ രാഷ്ട്രീയത്തിൽനിന്ന് അകറ്റിനിർത്തണമെന്ന് പറഞ്ഞ താരം, ഇന്ത്യക്കാർ പാകിസ്താനിലേക്ക് വരുകയും പാകിസ്താൻകാർ ഇന്ത്യയിലേക്ക് പോകുകയും ചെയ്യുന്നതിനേക്കാൾ മനോഹരമായി മറ്റെന്താണുള്ളതെന്നും ചോദിച്ചു. പാകിസ്താനിലെ ആളുകൾക്ക് വിരാട് കോഹ്‍ലിയെ ഒരുപാട് ഇഷ്ടമാണെന്നും അവൻ എന്റെയും പ്രിയപ്പെട്ട കളിക്കാരനാണെന്നും അഫ്രീദി കൂട്ടിച്ചേർത്തിരുന്നു.
2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് എട്ട് രാജ്യങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താൻ ആതിഥേയരാകുന്നത്. എന്നാൽ, പാകിസ്താനിൽ കളിക്കാൻ ഇന്ത്യൻ ടീം തയാറാവില്ലെന്ന സൂചനയെ തുടർന്ന് വിവിധ രാജ്യങ്ങളിലായി ഹൈബ്രിഡ് രീതിയിൽ ടൂർണമെന്റ് നടത്താൻ ആലോചന നടക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലും യു.എ.ഇയിലും നടത്താനാണ് നീക്കം. നേരത്തെ ഇതേ കാരണത്താൽ ഏഷ്യാ കപ്പ് ഹൈബ്രിഡ് രീതിയിൽ നടത്തിയിരുന്നു.
2012-13 സീസണിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിൽ ദ്വിരാഷ്ട്ര പരമ്പര കളിച്ചിട്ടില്ല. 2008ലാണ് ഇന്ത്യൻ ടീം അവസാനമായി പാകിസ്താനിലെത്തിയത്. ഏഷ്യാ കപ്പ് മത്സരത്തിനായി പാകിസ്താനിൽ പോകാൻ വിസമ്മതം അറിയിച്ചതോടെ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. ഏഷ്യാകപ്പിന് ഇന്ത്യൻ ടീം പാകിസ്താനിലേക്ക് വന്നില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പാകിസ്താൻ ടീമുമായി ബന്ധപ്പെട്ടർ പറഞ്ഞിരുന്നെങ്കിലും ടീം ലോകകപ്പിൽ പങ്കെടുക്കാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.