കരീബിയന്‍ കാര്‍ണിവല്‍

കൊല്‍ക്കത്ത: ബൗണ്ടറി ലൈനിനരികില്‍ ആയാസപ്പെട്ട് ബെന്‍ സ്റ്റോക് ആന്ദ്രെ റസലിനെ പിടികൂടിയശേഷം ചവിട്ടിയ വിന്‍ഡീസ് നൃത്തച്ചുവടിന് മുഴുവന്‍ വെസ്റ്റിന്‍ഡീസ് കളിക്കാരെയും കളിയാക്കാന്‍ പോന്ന വടിവുണ്ടായിരുന്നു. ഈ ടൂര്‍ണമെന്‍റിലുടനീളം ജയത്തിലും തോല്‍വിയിലുമെല്ലാം ഗെയിലും ബ്രാവോയും ഡാരന്‍ സമിയുമെല്ലാം ചവിട്ടിയ ആ കരീബിയന്‍ ചുവടുകളുടെ ഹാസ്യാനുകരണമായിരുന്നു ബെന്‍ സ്റ്റോക്കിന്‍േറത്. രണ്ടാം വട്ടവും ട്വന്‍റി20 കിരീടം നേടിയെന്ന് ആ ഒരു ക്യാച്ചില്‍ ബെന്‍ സ്റ്റോക് ഉറപ്പിച്ചിരിക്കണം. അതായിരുന്നു ആ നൃത്തച്ചുവടിന്‍െറ രഹസ്യം.

പക്ഷേ, 20ാം ഓവറിലെ ആദ്യ നാലു പന്ത് കാലമെത്ര കഴിഞ്ഞാലും ഉറക്കത്തില്‍പോലും കടന്നുവന്ന് ബെന്‍ സ്റ്റോക്കിനെ പേടിപ്പെടുത്തിക്കൊണ്ടേയിരിക്കും. 2007ല്‍ യുവരാജ് സിങ് സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവറിലെ ആറു പന്തും സിക്സര്‍ പറത്തിയ ശേഷം ഇങ്ങനെയൊരു പ്രകടനം ട്വന്‍റി20 ക്രിക്കറ്റില്‍ ആദ്യം. അതും കപ്പിലേക്ക് മുത്തമിട്ട നാലു സിക്സറുകള്‍.ജയിക്കാന്‍ ആറു പന്തില്‍ 19 റണ്‍സ് വേണ്ടപ്പോള്‍, വേണമെങ്കില്‍ സിംഗ്ള്‍ എടുത്ത് സ്ട്രൈക്ക് കൈമാറി മികച്ച ഫോമില്‍ മറുവശത്ത് ബാറ്റ് വീശുന്ന മര്‍ലോണ്‍ സാമുവല്‍സിന്‍െറ ചുമലില്‍ ഉത്തരവാദിത്തങ്ങള്‍ നിക്ഷേപിക്കാമായിരുന്നു. പക്ഷേ, ഏതുഘട്ടത്തിലും പൊരുതി തിരിച്ചുവരുന്ന കരീബിയന്‍ കരുത്തിന് പരീക്ഷണത്തിനു മുതിരാന്‍ നേരമില്ലായിരുന്നു. അതാണ് ബ്രാത്വെയ്റ്റ് ചെയ്തത്.
 

ലോകകപ്പുമായി സെല്‍ഫി പകര്‍ത്തുന്ന വിന്‍ഡീസ് വിജയ ശില്‍പി കാര്‍ലോസ് ബ്രാത്വെയ്റ്റ്
 

ബ്രാത്വെയ്റ്റ് എന്ന ഹീറോ
ലോകകപ്പ് കളിക്കാന്‍ ഇന്ത്യയില്‍ വിമാനമിറങ്ങുമ്പോള്‍ വെറും രണ്ട് ട്വന്‍റി20  മത്സരം മാത്രമേ കാര്‍ലോസ് റിക്കാര്‍ഡോ ബ്രാത്വെയ്റ്റ് എന്ന 27കാരന്‍ കളിച്ചിരുന്നുള്ളൂ. 2011 ഒക്ടോബറില്‍ ബംഗ്ളാദേശിനെതിരെ മിര്‍പുരില്‍ അരങ്ങേറ്റം കുറിച്ച ബ്രാത്വെയ്റ്റ് ആദ്യ കളിയില്‍ പരാജയമായിരുന്നു. രണ്ടു പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത് പുറത്തായി. ബൗള്‍ചെയ്ത മൂന്നോവറില്‍ ഒരു വിക്കറ്റ് വീഴ്ത്താന്‍ 25 റണ്‍സും വഴങ്ങി. മൂന്നു വിക്കറ്റിന് ബംഗ്ളാദേശിനോട് കളി തോല്‍ക്കുകയും ചെയ്തു.

പക്ഷേ, ടെസ്റ്റ് ക്രിക്കറ്റില്‍ ബ്രാത്വെയ്റ്റ് മോശക്കാരനല്ല. ഈ വര്‍ഷം ജനുവരി ആദ്യ വാരം സിഡ്നിയില്‍ ആസ്ട്രേലിയക്കെതിരെ നടന്ന മൂന്നാം ടെസ്റ്റില്‍ ബ്രാത്വെയ്റ്റിന്‍െറ റോള്‍ ഓപണിങ് ബാറ്റ്സ്മാന്‍േറതായിരുന്നു. 174 പന്ത് തട്ടിമുട്ടി 85 റണ്‍സ് ഒപ്പിച്ചെടുക്കുകയും ചെയ്തു. ട്വന്‍റി20 ലോകകപ്പ് ഫൈനല്‍ വരെ വലിയ താരമൊന്നുമായിരുന്നില്ല ബ്രാത്വെയ്റ്റ്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം ഒരര്‍ഥത്തില്‍ ജയിപ്പിച്ചത് കഗീസോ റബദയുടെ അവസാന ഓവറില്‍ ബ്രാത് പായിച്ച കൂറ്റന്‍ സിക്സറിന്‍െറകൂടി സഹായത്തോടെയായിരുന്നു.

ഈ ടൂര്‍ണമെന്‍റില്‍ വെസ്റ്റിന്‍ഡീസ് തോറ്റ ഏക മത്സരം താരതമ്യേന ദുര്‍ബലരായ അഫ്ഗാനിസ്താനെതിരെയായിരുന്നു. ആ മത്സരത്തില്‍ എട്ടു പന്തില്‍ 13 റണ്‍സെടുത്ത് ബ്രാത് പുറത്തായില്ലായിരുന്നെങ്കില്‍ കളി മറ്റൊന്നാകുമായിരുന്നു. രണ്ടു സിക്സറുകള്‍ അതിനിടയില്‍ ബ്രാത് പായിച്ചിരുന്നു.
ഓഫ് സ്റ്റംപിന് പുറത്തുകൂടി നിരന്തരം പന്ത് ബീറ്റ് ചെയ്യുന്ന ബ്രാതിനെയാണ് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ കണ്ടത്. പക്ഷേ, ഫൈനലില്‍ അവസാന ഓവര്‍ നേരിടാന്‍ നില്‍ക്കുമ്പോള്‍ ഒരു പന്തുപോലും ബ്രാത്വെയ്റ്റിന് പിഴച്ചില്ല. അപ്രതീക്ഷിതമായി വിക്കറ്റുകള്‍ പൊഴിയുമ്പോഴും അസാമാന്യമായ മനക്കരുത്തോടെ മറുവശത്ത് പിടിച്ചുനിന്ന മര്‍ലോണ്‍ സാമുവല്‍സ് 66 പന്തില്‍ 85 റണ്‍സുമായി ഉജ്ജ്വല ഫോമിലായിരുന്നു. സിംഗ്ള്‍സ് എടുത്ത് സാമുവല്‍സിന് കളി കൈമാറാനല്ല അയാള്‍ തീരുമാനിച്ചത്. അതേക്കുറിച്ച് ബ്രാത്വെയ്റ്റ് പറയുന്നു.
 

‘അവസാന ഓവറില്‍ സാമുവല്‍സ് പറഞ്ഞു, എന്തുവന്നാലും ഞാന്‍ ഓടിത്തുടങ്ങും. നീ പന്ത് അടിച്ചുപറത്തുക. ഒരു പന്തില്‍ പരമാവധി എടുക്കാവുന്നത് ആറു റണ്‍സ്. ആവുന്നത്ര അടിച്ച് സാമുവല്‍സിന്‍െറ ഭാരം കുറക്കുക എന്നേ കരുതിയുള്ളൂ. ബെന്‍ സ്റ്റോക് എറിഞ്ഞത് മോശം പന്തായിരുന്നില്ല. പക്ഷേ, എനിക്ക് ആത്മവിശ്വാസം തരുന്ന രീതിയിലാണ് പന്ത് വന്നത്. മിഡ് വിക്കറ്റിന് മുകളിലൂടെ പന്ത് പറന്നുപോകുന്നതേ ഞാന്‍ കണ്ടുള്ളൂ. രണ്ടാമത്തെ പന്തില്‍ സ്റ്റോക്കിന്‍െറ ബാലന്‍സ് അല്‍പം തെറ്റിപ്പോയി. കുറച്ചുകൂടി അടിക്കാന്‍ പാകത്തിലായിരുന്നു അത്. പന്തിനെ അടികൂട്ടി അടിച്ചുപറത്താന്‍ കഴിഞ്ഞു. അപ്പോള്‍ ജയത്തോട് വളരെ അടുത്തുകഴിഞ്ഞുവെന്ന് എനിക്കുറപ്പായി. നാലു പന്തില്‍ ഏഴു റണ്‍. അപ്പോഴും മര്‍ലോണ്‍ പറഞ്ഞു, അടിച്ചുപറത്തുക. മൂന്നാമത്തെ പന്ത് ഏറ്റവും നന്നായി ഷോട്ട് കളിക്കാന്‍ കഴിഞ്ഞു. പിന്നെ വേണ്ടത് ഒരു റണ്‍. സിംഗിളിനായി ശ്രമിച്ചാല്‍ റണ്ണൗട്ട് വരെയാകാം. മറ്റൊന്നും അപ്പോള്‍ ആലോചിക്കാനില്ലായിരുന്നു. അടുത്ത പന്ത് ബാറ്റില്‍നിന്ന് പറക്കുമ്പോഴേ ജയിച്ചെന്ന് ഉറപ്പായി. നാലു പന്തും എവിടെ പോയാണ് വീണതെന്ന് ഞാന്‍ കണ്ടതേയില്ല...’ -ബ്രാത്വെയ്റ്റ് അവസാന നാലു പന്തുകളെ ഇങ്ങനെ ഓര്‍മിക്കുന്നു.

ഉയിര്‍ത്തെഴുന്നേല്‍പിന്‍െറ ഷോട്ട്
അതികായന്മാര്‍ക്ക് ഒരുകാലത്തും വിന്‍ഡീസ് ടീമില്‍ പഞ്ഞമുണ്ടായിട്ടില്ല. കൈ്ളവ് ലോയ്ഡ്, വിവിയന്‍ റിച്ചാര്‍ഡ്സ്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, ഡെസ്മണ്ട് ഹെയ്ന്‍സ്, റിച്ചി റിച്ചാര്‍ഡ്സ്, മാല്‍കം മാര്‍ഷല്‍, മൈക്കിള്‍ ഹോള്‍ഡിങ്സ്, കര്‍ട്ലി ആംബ്രോസ്, കോട്നി വാല്‍ഷ് തുടങ്ങി ബ്രയാന്‍ ലാറയും ക്രിസ് ഗെയിലും വരെ പ്രതിഭാശാലികളുടെ നീണ്ട നിരയുണ്ടായിരുന്ന കരീബിയന്‍ ക്രിക്കറ്റ് ഇടക്കാലത്ത് നിറംമങ്ങിയിരുന്നു. ബോര്‍ഡും കളിക്കാരും രണ്ടുതട്ടില്‍.  പ്രതിഫലത്തെച്ചൊല്ലി പല കളിക്കാരും ദേശീയ ടീമില്‍ കളിക്കാതെ ഐ.പി.എല്‍ പോലുള്ള മത്സരങ്ങളില്‍ കറങ്ങിത്തിരിഞ്ഞു. പക്ഷേ, ക്രിക്കറ്റെന്നാല്‍ വെസ്റ്റിന്‍ഡീസുകാര്‍ക്ക് ജീവനാണ്. ബ്രസീലിന് ഫുട്ബാള്‍ എന്നപോലെ.ബ്രാത്വെയ്റ്റ് പായിച്ച ആ നാലു ഷോട്ടുകള്‍ ചിലപ്പോള്‍ വിന്‍ഡീസ് ക്രിക്കറ്റിന്‍െറ ഉയിര്‍ത്തെഴുന്നേല്‍പാകുമെന്ന് പ്രതീക്ഷിക്കുന്ന ക്രിക്കറ്റ് നിരീക്ഷകര്‍ നിരവധി.


സമിയാണ് നായകന്‍
ഈ ടൂര്‍ണമെന്‍റില്‍ കളിക്കാരനെന്ന നിലയില്‍ വലിയ സംഭാവനകള്‍ നല്‍കിയില്ളെങ്കിലും ആടിയുലഞ്ഞ ടീമിനെ ഇടറാതെ നയിച്ച ഡാരന്‍ സമി തന്നെയാണ് യഥാര്‍ഥ കപ്പിത്താന്‍. സമിയുടെ ക്യാപ്റ്റന്‍സിയില്‍ ഇത് രണ്ടാം തവണയാണ് വിന്‍ഡീസ് ട്വന്‍റി20 ലോക കിരീടം ചൂടുന്നത്. കുട്ടിക്രിക്കറ്റില്‍ രണ്ടാം വട്ടം കിരീടമണിയുന്ന ആദ്യ ടീമും വിന്‍ഡീസ് ആയി. ഏകദിനത്തിലെ ആ റെക്കോഡ് ട്വന്‍റി20യിലും അവര്‍ ആവര്‍ത്തിച്ചു. കളിക്കാരെ മാനിക്കാത്ത വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെക്കൂടി തോല്‍പിച്ചാണ് സമിയും ടീമും കപ്പ് നേടിയത്. ജയവും തോല്‍വിയും ചിരിച്ചുകൊണ്ട് നേരിടുന്ന സമി കപ്പ് സമ്മാനിക്കുന്ന വേദിയില്‍ ബോര്‍ഡിനോടുള്ള രോഷം മറച്ചുവെച്ചില്ല. ബി.സി.സി.ഐ നല്‍കിയ സഹായംപോലും വിന്‍ഡീസ് ബോര്‍ഡ് നല്‍കിയില്ളെന്ന് സമി പൊട്ടിത്തെറിച്ചു. ജഴ്സി പോലുമില്ലാതെയാണ് കളിക്കാന്‍ ടീം ഇന്ത്യയില്‍ എത്തിയതെന്ന് സമി പറഞ്ഞു. ഒരുപടികൂടി കടന്നായിരുന്നു ഓള്‍റൗണ്ടര്‍ ഡ്വെ്ന്‍ ബ്രാവോയുടെ പ്രതികരണം. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇപ്പോള്‍ വളരെ മോശം കൈകളിലാണ്. കളി ജയിച്ചിട്ട് തങ്ങളെ ബോര്‍ഡിലെ ആരും ഒന്നു വിളിക്കുകപോലും ചെയ്തില്ളെന്നും കപ്പ് നേടിയത് അവര്‍ക്കിപ്പോഴും വിശ്വസിക്കാനായിട്ടില്ളെന്നും ബ്രാവോ.
 

വനിതാ ലോകകിരീടവുമായി വിന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്ലര്‍ വിക്ടോറിയ മെമ്മോറിയലിനു മുന്നില്‍
 

ബോര്‍ഡിന്‍െറ കലിപ്പ്
എന്നാല്‍, കളിക്കുശേഷം സമി നടത്തിയ പരാമര്‍ശങ്ങളില്‍ അസംതൃപ്തി പ്രകടിപ്പിച്ച് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തുവന്നിരിക്കുകയാണ്. ഡാരന്‍ സമി നടത്തിയ അപക്വമായ പരാമര്‍ശങ്ങള്‍ ആരാധകരെ വേദനിപ്പിച്ചതില്‍ ക്ഷമചോദിക്കുന്നതായി ബോര്‍ഡ് പ്രസിഡന്‍റ് ഡേവ് കാമറണ്‍ തിരിച്ചടിച്ചു.
സമി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ടീമംഗങ്ങളെ ശാസിക്കാനാണ് ബോര്‍ഡ് ഒരുങ്ങുന്നത്. മികച്ച കളിക്കാരായിട്ടും ഗെയിലും റസലും ഏകദിന ടീമില്‍ ഇല്ലാത്തതിന് കാരണം അന്വേഷിക്കണമെന്നും ബ്രാവോ പറഞ്ഞതിനും വിശദീകരണം നല്‍കാനൊന്നും ബോര്‍ഡ് തയാറായിട്ടില്ല.
വനിതാ കിരീടവും നേടി ഇരട്ടത്തിളക്കത്തില്‍ നില്‍ക്കുന്ന വെസ്റ്റിന്‍ഡീസിന്‍െറ ആഹ്ളാദത്തില്‍ ബോര്‍ഡിന്‍െറ കലിപ്പ് കല്ലുകടിയായി മാറിയിരിക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.