ഒരുകാലത്ത് ഇന്ത്യന്‍ ബാഡ്മിന്‍റണിന്‍െറ പര്യായമായിരുന്നു പുല്ലേല ഗോപീചന്ദ് എന്ന ആന്ധ്രക്കാരന്‍. പ്രകാശ് പദുക്കോണും സയ്യിദ് മോദിയും അരങ്ങുവാണ കാലത്തിനുശേഷം ഇന്ത്യന്‍ ബാഡ്മിന്‍റണിന് ലോകതലത്തില്‍ പെരുമയുണ്ടാക്കിയവരില്‍ പ്രമുഖന്‍. 2001ല്‍ ഓള്‍ ഇംഗ്ളണ്ട് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ് ജയവുമായി മറ്റൊരു ഇന്ത്യന്‍ താരത്തിനും എത്തിപ്പിടിക്കാനാവാത്ത കൊടുമുടി കയറിയ ഗോപീചന്ദ് പക്ഷേ, ഇന്ന് ഇന്ത്യന്‍ ബാഡ്മിന്‍റണിന്‍െറ എല്ലാമെല്ലാമാവുന്നത് കളിമികവുകൊണ്ട് മാത്രമല്ല, കളി പഠിപ്പിക്കുന്നതില്‍ കാണിക്കുന്ന അപാരമായ പാടവമാണ് ഗോപീചന്ദിനെ വേറിട്ടുനിര്‍ത്തുന്നത്.
പി.വി. സിന്ധുവിന്‍െറ ഒളിമ്പിക് മെഡല്‍ നേട്ടത്തിലൂടെ ഇന്ത്യന്‍ കായികരംഗം അഭിമാനപൂരിതമാവുമ്പോള്‍ അതിന്‍െറ ക്രെഡിറ്റ് ഗോപീചന്ദ് എന്ന പരിശീലകനുകൂടിയാണ്. സിന്ധുവിന്‍െറ പ്രതിഭയെ തേച്ചുമിനുക്കി കില്ലര്‍ ഇന്‍സ്റ്റിന്‍ക്റ്റ് കുത്തിവെച്ച് കളത്തിലേക്കയക്കുന്ന ഗോപീചന്ദ് തന്നെയാണ് സമീപകാലത്ത് ബാഡ്മിന്‍റണ്‍ കോര്‍ട്ടില്‍ ഇന്ത്യയുണ്ടാക്കിയ നേട്ടത്തിനെല്ലാം തേരുതെളിച്ചത്. സിന്ധുവിന് മുമ്പ് ഇന്ത്യക്ക് ഒളിമ്പിക് മെഡല്‍ നേടിത്തരുകയും ലോക ഒന്നാം നമ്പര്‍ താരം വരെയായി ഉയരുകയും ചെയ്ത സൈന നെഹ്വാളിന്‍െറയും ആദ്യകാല കോച്ച് ഗോപീചന്ദായിരുന്നു.
ഹൈദരാബാദിലെ ഗോപീചന്ദ് ബാഡ്മിന്‍റണ്‍ അക്കാദമിയാണ് 21ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ കുതിപ്പിന് ആണിക്കല്ലായി വര്‍ത്തിക്കുന്നത്. സൈനക്കും സിന്ധുവിനും പുറമെ പുരുഷവിഭാഗത്തില്‍ മികവുപുലര്‍ത്തുന്ന ശ്രീകാന്തും കശ്യപുമെല്ലാം ഗോപീചന്ദിന്‍െറ ശിഷ്യന്മാര്‍ തന്നെ. സൈനയുടെ പിന്‍ഗാമിയായി ഉയര്‍ന്നുവന്ന സിന്ധുവിനെ ചിട്ടയാര്‍ന്ന പരിശീലനത്തിലൂടെ ഒളിമ്പിക് മെഡലെന്ന സ്വപ്നത്തിന് ഗോപീചന്ദ് പ്രാപ്തയാക്കുകയായിരുന്നു. സൈന, തന്‍െറ അക്കാദമി വിട്ട് ബംഗളൂരുവിലെ വിമല്‍ കുമാറിന്‍െറ അക്കാദമിയിലേക്ക് ചേക്കേറിയതോടെ ഗോപീചന്ദിന് പൂര്‍ണമായും സിന്ധുവിന്‍െറ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിഞ്ഞു.
ഒരു വര്‍ഷം മുമ്പാണ് ‘ഓപറേഷന്‍ റിയോ സിന്ധു’വിന് ഗോപീചന്ദ് തുടക്കം കുറിക്കുന്നത്. പ്രത്യേക വെയ്റ്റ് ട്രെയ്നറെയും ഫിറ്റ്നസ് എക്സ്പര്‍ട്ടിനെയും ഏര്‍പ്പെടുത്തിയ ഗോപീചന്ദ് 21കാരിയുടെ സ്റ്റാമിന വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. ഒരു മണിക്കൂറിലധികം നീളുന്ന മത്സരങ്ങളില്‍ ഒരേ വേഗതയില്‍ കളിക്കാനും നീണ്ട റാലികളില്‍ തളരാതെ പോരാടാനും സിന്ധുവിനെ ഒരുക്കുകയായിരുന്നു ഇതുവഴി ലക്ഷ്യമിട്ടത്. ക്വാര്‍ട്ടറില്‍ വാന്‍ യിഹാനും സെമിയില്‍ നസോമി ഒകുഹാരക്കും എതിരെ ഇതിന്‍െറ ഫലം ലഭിക്കുകയും ചെയ്തു. സിന്ധുവിന്‍െറ ശാരീരിക പ്രത്യേകതകളും മാതാപിതാക്കളുടെ കായിക പശ്ചാത്തലവും മികച്ച താരത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ പങ്കുവഹിച്ചതായി ഗോപീചന്ദ് വിലയിരുത്തുന്നു.
പിതാവ് വെങ്കിട്ടരമണ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് കൂടിയായ വോളിബാള്‍ താരമാണെന്നതും മുതല്‍ക്കൂട്ടായി. കഴിഞ്ഞവര്‍ഷം അവസാനത്തോടെ രമണയെ കൂടി ‘ഓപറേഷന്‍ റിയോ സിന്ധു’വിന്‍െറ ഭാഗമാക്കിയ ഗോപീചന്ദിന്‍െറ ലക്ഷ്യം കൃത്യമായിരുന്നു. രമണയുടെ അന്താരാഷ്ട്ര മത്സര പരിചയം നല്‍കുന്ന മാനസിക പിന്തുണയും ഉപദേശവും സിന്ധുവിന് ഏറെ ഗുണം ചെയ്യുമെന്ന് ഗോപീചന്ദ് കണക്കുകൂട്ടി. റെയില്‍വേയില്‍ ജോലി ചെയ്യുന്ന രമണയെ എട്ടു മാസത്തെ ലീവെടുപ്പിച്ച് ഒപ്പം തന്നെ നിര്‍ത്താന്‍ ഗോപീചന്ദ് ശ്രദ്ധിച്ചു. ഗോപിയുടെ 11കാരന്‍ മകന്‍ വിഷ്ണുവും ഈ ദൗത്യസംഘത്തില്‍ അംഗമായിരുന്നു. എന്നും പുലര്‍ച്ചെ 4.30ന് പിതാവിനൊപ്പം അക്കാദമിയിലത്തെുന്ന വിഷ്ണുവായിരുന്നു സിന്ധുവിന്‍െറ ‘ഡ്രിബ്ള്‍’ പങ്കാളി. നെറ്റിന് തട്ടിച്ച് എതിരാളിക്ക് പിടികൊടുക്കാരെ ഷട്ടില്‍ എതിര്‍കോര്‍ട്ടില്‍ വീഴ്ത്തുന്ന ‘ഡ്രിബ്ള്‍’ പലതവണ സിന്ധു വിജയകരമായി റിയോയില്‍ പ്രയോഗിക്കുകയും ചെയ്തു.
2001ല്‍ ഓള്‍ ഇംഗ്ളണ്ട് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ് ജയിച്ച് അധികം വൈകാതെ കളത്തില്‍നിന്ന് വിരമിച്ച് കോച്ചിന്‍െറ കുപ്പായമിട്ട ഗോപീചന്ദ് സ്വന്തം ബാഡ്മിന്‍റണ്‍ അക്കാദമി തുടങ്ങുമ്പോള്‍ അത് ഇന്ത്യയിലെ തന്നെ ആ വഴിക്കുള്ള ആദ്യ സംരംഭമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കിയെങ്കിലും അക്കാദമി യാഥാര്‍ഥ്യമാക്കാന്‍ വേണ്ട 13 കോടി രൂപ ഗോപീചന്ദ് കണ്ടത്തെിയത് ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചായിരുന്നു. പത്തുവര്‍ഷത്തിനിടെ ഒരു ഒളിമ്പിക് മെഡല്‍ എന്ന വാഗ്ദാനം സൈനയിലൂടെ പാലിച്ച ഗോപീചന്ദിന് നാലുവര്‍ഷത്തിനിപ്പുറം അതിലും മികച്ച നേട്ടത്തിലേക്ക് തന്‍െറ ശിഷ്യയെ എത്തിക്കാനായതോടെ അവിസ്മരണീയ മുഹൂര്‍ത്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.