????????? ????? ?????????????? ??????????? ??????? ??????????????

മടക്കത്തിന് മുമ്പൊരു കറക്കം

ദക്ഷിണേഷ്യന്‍ ഗെയിംസിന്‍െറ 12ാം പതിപ്പിന് ചൊവ്വാഴ്ച സമാപനമാകുമ്പോള്‍ മനസ്സ് നിറഞ്ഞൊരു യാത്രയയപ്പിനൊരുങ്ങുകയാണ് ഗുവാഹതി.  ഇന്നാട്ടുകാരുടെ ബ്രഹ്മപുത്ര നദിയോളം വിശാലമായ ആതിഥ്യമാണ് താരങ്ങളും ഒഫീഷ്യലുകളും മാധ്യമപ്രവര്‍ത്തകരും കഴിഞ്ഞ രണ്ടാഴ്ച അനുഭവിച്ചത്. മത്സരങ്ങള്‍ ഏറെയും തീര്‍ന്നതിനാല്‍ ഉല്ലാസയാത്രയുടെ മൂഡിലാണ് താരങ്ങളും ഒഫീഷ്യലുകളും. ചൊവ്വാഴ്ച ഷില്ളോങ്ങില്‍ മാത്രമാണ് പോരാട്ടം നടക്കുന്നത്. ജൂഡോ, ബോക്സിങ്, തൈക്വാന്‍ഡോ മത്സരങ്ങളാണ് ബാക്കിയുള്ളത്.

പോരിടങ്ങളില്‍നിന്ന് വിടപറഞ്ഞ താരങ്ങള്‍ രണ്ടു ദിവസമായി ഷോപ്പിങ്ങിലും നാടുചുറ്റലിലുമാണ്. രാജ്യത്തെ പേരുകേട്ട കാസിരംഗ നാഷനല്‍ പാര്‍ക്കിലും കാമാഖ്യ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്താന്‍ ഇവരെല്ലാം സമയം കണ്ടത്തെി. ബ്രഹ്മപുത്ര നദിയിലൂടെയുള്ള ബോട്ടിങ്ങിന് ഗെയിംസ് അധികൃതര്‍ പ്രത്യേക സൗകര്യമൊരുക്കി. മിക്ക ഒഫീഷ്യലുകളും ഒരു ദിവസം ഷില്ളോങ്ങിലെ കാഴ്ചകള്‍ കാണാനും മാറ്റിവെച്ചു. ഷില്ളോങ്ങിലെ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ മലയിറങ്ങി ഗുവാഹതിയിലുമത്തെി.

പാള്‍ട്ടന്‍ ബസാര്‍, ഫാന്‍സി ബസാര്‍ തുടങ്ങിയ ചന്തകളിലും വന്‍കിട ഷോപ്പിങ് മാളുകളിലും സമയം ചെലവഴിച്ചവരുമേറെ. അഫ്ഗാനിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ ടീമുകളിലെ താരങ്ങള്‍ രണ്ടു ദിവസമായി കൂട്ടത്തോടെ ഷോപ്പിങ്ങിനത്തെിയെന്ന് പാള്‍ട്ടന്‍ ബസാറിലെ ശ്രീ ലതേഴ്സ് മാനേജര്‍ അലോക് സിഹ്ന പറഞ്ഞു.

നേപ്പാള്‍ സംഘത്തിനാണ് നാടുചുറ്റലില്‍ ‘സ്വര്‍ണം’. വന്ന ദിവസം മുതല്‍ കറക്കത്തിലാണവര്‍. മത്സരം ഉപേക്ഷിച്ചതിനാല്‍ നേപ്പാളിന്‍െറ ബാസ്കറ്റ്ബാള്‍ ടീമുകള്‍ക്ക് എല്ലാം മറന്നൊരു വിനോദയാത്രയായി ഈ ഗെയിംസ്. ഗുവാഹതിയിലത്തെിയശേഷമാണ് ബാസ്കറ്റ്ബാള്‍ മത്സരം ഉപേക്ഷിച്ച കാര്യം അറിയുന്നത്. ഇന്ത്യക്കു പിന്നില്‍ വെള്ളി പ്രതീക്ഷിച്ചത്തെിയ വനിതാ ടീം ഏറെ സങ്കടപ്പെട്ടു. സജിന ശ്രേഷ്ഠയുടെ നേതൃത്വത്തിലുള്ള ടീമില്‍ പലരും സര്‍വകലാശാല വിദ്യാര്‍ഥിനികളാണ്. പരീക്ഷ ഒഴിവാക്കിയായിരുന്നു ഗുവാഹതിക്ക് പറന്നത്. ചില പരിശീലനമത്സരങ്ങള്‍ മാത്രം കളിച്ച് തൃപ്തിപ്പെടാനായിരുന്നു വിധി. സമാനദു$ഖിതരായ ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ ടീമുകള്‍ക്കെതിരെ സൗഹൃദമത്സരം ജയിച്ചത് മാത്രമാണ് കളിക്കളത്തിലെ മധുരിക്കുന്ന ഓര്‍മയെന്നാണ് കോച്ച് വികാസ് സായിയുടെ പക്ഷം. എന്നാല്‍, അസമിലെ കാഴ്ചകളും ഇവിടത്തെ ആതിഥ്യമര്യാദയും മനസ്സ് നിറച്ചെന്നും കാമാഖ്യ ക്ഷേത്രനടയില്‍വെച്ച് നേപ്പാള്‍ താരങ്ങള്‍ പറഞ്ഞു.

അസമിലെ പരമ്പരാഗത മത്സ്യക്കറിയും പപ്പായക്കറിയുമെല്ലാം പരീക്ഷിക്കുകയാണ് ബംഗ്ളാദേശി താരങ്ങള്‍. അഫ്ഗാന്‍, പാക് താരങ്ങള്‍ക്ക് ഇവിടത്തെ ചിക്കന്‍കറിയാണിഷ്ടം. ഗെയിംസിന്‍െറ തുടക്കം മുതല്‍ താരങ്ങള്‍ നാടന്‍ ഭക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉത്തേജക പരിശോധനയുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ പതിവ് മെനുവിലുള്ളതേ നല്‍കിയിരുന്നുള്ളൂ. മത്സരം തീര്‍ന്നവര്‍ക്ക് വയറുനിറച്ച് വെച്ചുവിളമ്പുകയാണ് ഗെയിംസ് അധികൃതര്‍. ഇന്നത്തെ സമാപനച്ചടങ്ങിനുശേഷം മടക്കയാത്രക്കുള്ള തിടുക്കമായി. ഇനി അടുത്ത ഗെയിംസിന് നേപ്പാളില്‍ കാണാമെന്ന പ്രതീക്ഷയില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.