കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല

സ്ഫോടനാത്മക ക്രിക്കറ്റിന്‍െറ ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ നാളുകളാണിനി. അഞ്ച് ദിവസത്തെ ടെസ്റ്റ് മത്സരങ്ങളുടെ വിരസതയില്‍ നിന്ന് 50 ഓവറുകളുടെ ഏകദിനത്തിലേക്കും, അവിടെ നിന്ന് വീണ്ടും ‘പവര്‍ ഗെയിമിന്‍െറ’ തനിരൂപമായ ട്വന്‍റി20 എന്ന ആവേശപ്പോരിലേക്കും ക്രിക്കറ്റ് ലോകമൊന്നടങ്കം കണ്ണും കാതും കൂര്‍പ്പിക്കുന്നു. വിധിയെഴുത്ത് 300 പന്തുകളില്‍ നിന്ന് 120 പന്തുകളിലേക്ക് ചുരുക്കിയെടുത്തതിനെ ‘കുട്ടിക്രിക്കറ്റെ’ന്ന് പരിഹസിച്ച് എഴുതിത്തള്ളാനായിരുന്നു ക്രിക്കറ്റ് വിശാരദന്മാര്‍ ശ്രമിച്ചതെങ്കില്‍, ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം ഇരുകൈകളും നീട്ടി ഹൃദയത്തിലേറ്റിക്കഴിഞ്ഞ ട്വന്‍റി20 ക്രിക്കറ്റിന് മുന്നില്‍ കായികലോകം നമിക്കുന്നു. പൊതുവേ അനിശ്ചിതത്വത്തിന്‍െറ അങ്കത്തട്ടായ ക്രിക്കറ്റ് മൈതാനത്തെ കൂടുതല്‍ ആവേശഭരിതമാക്കാനും പ്രവചനങ്ങളെല്ലാം ഏത് നിമിഷവും കടപുഴക്കിയെറിയാനും കെല്‍പ്പുള്ള പോരാട്ട ഭൂമിയാക്കി മാറ്റാനും കഴിയുമെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെടാന്‍, ഇതാദ്യമായി ഇന്ത്യന്‍ മണ്ണില്‍ വിരുന്നത്തെുന്ന ട്വന്‍റി20 ലോക ചാമ്പ്യന്‍ഷിപ്പിന്‍െറ ആറാമത് പതിപ്പിന് കഴിയുമെന്നതുറപ്പ്. ക്രിക്കറ്റിന് ശക്തമായ വേരോട്ടമുള്ള ഇന്ത്യന്‍ മണ്ണില്‍ രണ്ടാം ലോക കിരീടം ലക്ഷ്യമിട്ട് എം.എസ്. ധോണിയുടെ നേതൃത്വത്തില്‍ ആതിഥേയ ടീം കച്ചകെട്ടിയിറങ്ങുമ്പോള്‍ അങ്കത്തട്ടില്‍ തീപ്പൊരിയുയരുമെന്നതുറപ്പ്. ഏത് കൊലകൊമ്പന്മാരും അപ്രതീക്ഷിതമായി മൂക്കുകുത്തി വീഴാന്‍ ഇടയുണ്ടെന്ന് തെളിയിക്കപ്പെട്ടതാണ് ട്വന്‍റി20 മത്സരവേദി. കരുത്തും മികവും കൊണ്ടുമാത്രം ജയിച്ചുകയറാനാവില്ളെന്നതാണ് അനുഭവസാക്ഷ്യം. എതിരാളികളെ ദുര്‍ബലരായി നോക്കിക്കണ്ടാല്‍ കൈവിട്ടുപോകുന്ന ജയം. ഉന്മാദത്തിന്‍െറ നിമിഷങ്ങള്‍ ഗാലറികളിലേക്ക് പകരുന്ന ഈ ‘വമ്പന്‍’ ക്രിക്കറ്റിന്‍െറ അവിസ്മരണീയതയിലേക്കാണ് ഇനിയുള്ള നാളുകള്‍. 

ആദ്യ കിരീടാവകാശം ഇന്ത്യക്ക് 
ഒമ്പത് വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2007 സെപ്റ്റംബര്‍ 24ന് ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്സിലാണ് ട്വന്‍റി20 ലോകകപ്പിലെ ആദ്യ കിരീടാവകാശികളായി ഇന്ത്യ വാഴിക്കപ്പെടുന്നത് കണ്ടത്. പാരമ്പര്യ വൈരികളായ പാകിസ്താനായിരുന്നു ഫൈനലിലെ ഇന്ത്യയുടെ എതിരാളികള്‍. ആദ്യം ബാറ്റേന്തിയ ഇന്ത്യന്‍ താരങ്ങള്‍ 120  പന്ത് തികയുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ കെട്ടിപ്പടുത്തത് അഞ്ച് വിക്കറ്റിന് 157 റണ്‍സ് സമ്പാദ്യം. പാകിസ്താന്‍െറ ശക്തമായ മറുപടി ബാറ്റിങ്; ഭാഗ്യം മാറി മറിഞ്ഞ നിമിഷങ്ങള്‍. അവസാന ഓവര്‍.ബൗളറായത്തെുന്നത് ജോഗീന്ദര്‍ ശര്‍മ.അവസാന നാല് പന്തിലത്തെുമ്പോള്‍ പാകിസ്താന് ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ് മാത്രം. കൈയിലുള്ള അവസാന വിക്കറ്റും. ജോഗിന്ദറിന്‍െറ നാലാമത് പന്ത് നേരിടുന്നത് മിസ്ബാഹുല്‍ ഹഖ്. പന്ത് ഫൈന്‍ലെഗിന് മുകളിലൂടെ പാഡില്‍ സ്കൂപ്പ് ചെയ്യാനുള്ള മിസ്ബായുടെ ശ്രമം.... ഷോര്‍ട്ട് ഫൈന്‍ലെഗില്‍ പന്ത് ശ്രീശാന്തിന്‍െറ കൈകളില്‍ ഭദ്രം; പാകിസ്താന്‍ 152 റണ്‍സിന് ഓള്‍ഒൗട്ട്... രണ്ട് പന്ത് ബാക്കി നില്‍ക്കെ ഇന്ത്യക്ക് അഞ്ച് റണ്‍സ് ജയം.

തുടര്‍ന്നുവന്ന ലോകകപ്പുകളില്‍ കണ്ടത് ആദ്യ ചാമ്പ്യന്മാരുടെ പിറകോട്ടടിയായിരുന്നു. പക്ഷേ, കഴിഞ്ഞ തവണ ബംഗ്ളാദേശിലെ മിര്‍പുരില്‍ കപ്പിന് അടുത്തുവരെയത്തെിയ ഇന്ത്യന്‍ തിരിച്ചുവരവ്. മിര്‍പുരിലെ ഷേറെ ബംഗ്ളാ നാഷനല്‍ സ്റ്റേഡിയത്തിലെ കലാശപ്പോരാട്ട വേദിയില്‍ അയല്‍രാജ്യക്കാരായ ശ്രീലങ്ക ഇന്ത്യയെ കീഴടക്കി ജേതാക്കളായി. ആറ് വിക്കറ്റിന്‍െറ ആധികാരിക ജയത്തോടെ ശ്രീലങ്ക ആദ്യമായി കപ്പില്‍ മുത്തമിട്ട നിമിഷങ്ങള്‍.  ലോകകപ്പ് ആറ് പതിപ്പുകളിലത്തെി നില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ തുടങ്ങി ശ്രീലങ്കയിലത്തെി നില്‍ക്കുകയാണ് കിരീടാവകാശികളുടെ പട്ടിക. പാകിസ്താനും ഇംഗ്ളണ്ടും വെസ്റ്റിന്‍ഡീസുമാണ് മറ്റ് അഞ്ച് ചാമ്പ്യന്മാര്‍. അഞ്ച് ലോകകപ്പുകള്‍ അഞ്ച് ചാമ്പ്യന്മാര്‍. ആറാമൂഴം ആര്‍ക്കെന്നറിയാനുള്ള നാളുകളാണിനി. അങ്കത്തട്ടൊരുങ്ങിക്കഴിഞ്ഞു; അങ്കത്തിനുള്ള 16 ടീമുകളും. 

 

ലക്ഷ്യം രണ്ടാം കിരീടം 
ചുണ്ടിനും കപ്പിനുമിടയില്‍ കഴിഞ്ഞ വര്‍ഷം കൈമോശം വന്ന കിരീടജയമെന്ന ഏകലക്ഷ്യത്തിന് മാത്രമായി ആര്‍പ്പുവിളിക്കുന്ന നാട്ടുകാരായ കാണികളുടെ മുന്നില്‍ ഇന്ത്യക്ക് തിരിച്ചുപിടിക്കാനാവുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ട്വന്‍റി20 ലോകകപ്പില്‍ രണ്ട് തവണ ലോകകിരീടം നേടുന്ന ആദ്യടീമായി ധോണിയും വിരാട് കോഹ്ലിയും ശിഖര്‍ ധവാനും രോഹിത് ശര്‍മയും സുരേഷ് റെയ്നയും യുവരാജും അശ്വിനുമെല്ലാം അടങ്ങുന്ന കരുത്തരായ ടീമായി ഇന്ത്യ മാറുമോ..? പ്രതീക്ഷകള്‍ക്ക് കനംവെപ്പിക്കാന്‍ ഇന്ത്യന്‍ ടീമിന്‍െറ അണിയറയില്‍ അനുകൂല ഘടകങ്ങളേറെയാണ്.എന്നാല്‍, ട്വന്‍റി20 പതിപ്പിലൊഴികെ ലോക ക്രിക്കറ്റിന്‍െറ സമഗ്രമേഖലകളിലും മുടിചൂടാമന്നന്മാരെന്ന ബഹുമതി സ്വന്തമായുള്ള ആസ്ട്രേലിയയുടെ ഇന്ത്യയിലേക്കുള്ള വരവിനു പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ട്. ഇനിയും അന്യമായ ട്വന്‍റി20 ലോക കിരീടവുമായി മാത്രമെ അവര്‍ക്കിനി നാട്ടിലേക്ക് മടങ്ങാനാവൂ. അതവരുടെ അഭിമാനപ്രശ്നമാണ്.



ആസ്ട്രേലിയയെപ്പോലെ ഫൈനല്‍ബര്‍ത്ത് ലഭിക്കാത്ത കരുത്തരായ മറ്റൊരു രാജ്യവും കൂടിയുണ്ട്, ദക്ഷിണാഫ്രിക്ക. ഹാഫ് ഡുപ്ളെസിയുടെ നായകത്വത്തില്‍ എത്തുന്ന ടീമിലും വിക്കറ്റ് കീപ്പര്‍ കം ബാറ്റ്സ്മാന്‍ എ.ബി. ഡിവില്ലിയേഴ്സ്, ഹാഷിം അംല, ക്വിന്‍റണ്‍ ഡിക്കോക്ക്, ഡുമിനി, ഡ്വെ്ന്‍ സ്റ്റെയ്ന്‍ എന്നീ സ്വന്തം നിലയില്‍ ടീമിനെ ജയിപ്പിക്കാന്‍ കഴിവുള്ള താരങ്ങളുണ്ട്. ഈ ലോകകപ്പിന്‍െറ താരമാകാനിടയുള്ളവരിലൊരാളാണ് ഡിവില്ലിയേഴ്സ്. രണ്ടു തവണ സെമിയിലത്തെിയതാണ് ദക്ഷിണാഫ്രിക്കയുടെയും മികച്ച നേട്ടം. 

എയ്ഞ്ചലോ മാത്യുസ്, ദിനേശ് ചാണ്ഡിമാല്‍, തിലകരത്നെ ദില്‍ഷന്‍, രംഗന ഹെറാത്, നുവാന്‍ കുലശേഖര, തിസാര പെരേര തുടങ്ങിയ ലോക താരങ്ങളുമായാണ് കിരീടം നിലനിര്‍ത്താന്‍ ശ്രീലങ്കയത്തെുന്നത്. മലിംഗയുടെ പരിക്ക് ഭേദമാകുമോ എന്നതാണ് ഇവരെ അലട്ടുന്ന ഏക പ്രശ്നം.
 ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍െറയും ആസ്ട്രേലിയക്കാരനായ കോച്ച് ട്രെവര്‍ ബെയ്ലിസിന്‍െറയും നേതൃത്വത്തിലത്തെുന്ന ഇംഗ്ളണ്ട്, ട്വന്‍റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബ്രെണ്ടന്‍ മക്കല്ലത്തിന്‍െറ സേവനമില്ലാതെ എത്തുന്ന ന്യൂസിലന്‍ഡ്, ബാറ്റില്‍ വെടിക്കെട്ട് ഒളിപ്പിച്ചുവെച്ച ക്രിസ് ഗെയ്ലിന്‍െറ സാന്നിധ്യമുള്ള വെസ്റ്റിന്‍ഡീസ്, ശാഹിദ് അഫ്രീദി ക്യാപ്റ്റന്‍െറ വേഷമണിഞ്ഞും വഖാര്‍ യൂനിസ് പരിശീലകനായും എത്തുന്നതോടെ ആദ്യ ലോകകപ്പില്‍ ഇന്ത്യയോട് ഫൈനലിലേറ്റ തോല്‍വിക്ക് കണക്കുതീര്‍ക്കുകയെന്ന ലക്ഷ്യമായി പാകിസ്താനും അണിനിരക്കുന്നതോടെ ആറാമത് ട്വന്‍റി20 ലോകകപ്പ് പ്രവചനങ്ങള്‍ക്കതീതമാകും. 


മാര്‍ച്ച് എട്ടു മുതല്‍ 13 വരെ ഒമാന്‍, സ്കോട്ട്ലന്‍ഡ്, അയര്‍ലന്‍ഡ്, ഹോളണ്ട്, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ട് ഗ്രൂപ്പുകളിലായി പോരാടും. ഓരോ ഗ്രൂപ്പിലെയും ജേതാക്കളാണ് സൂപ്പര്‍ പത്തിലേക്ക് യോഗ്യത നേടുക. സൂപ്പര്‍ പത്തില്‍ ഗ്രൂപ്പ് ഒന്നില്‍ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്,ഇംഗ്ളണ്ട്ഗ്രൂപ് ബി ജേതാക്കള്‍ ഗ്രൂപ് രണ്ടില്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ആസ്ട്രേലിയ,ഗ്രൂപ് എ ജേതാക്കള്‍ എന്നിവരുമാണ് വമ്പന്‍ പോരാട്ടത്തിന് കാത്തിരിക്കുന്നത്. കിരീട സാധ്യതാ ലിസ്റ്റില്‍ ക്രിക്കറ്റ് പണ്ഡിതന്മാരെല്ലാം ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നത് ഇന്ത്യയെ തന്നെയാണ്. സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ കാറ്റ് ആതിഥേയര്‍ക്ക് അനുകൂലമാണെന്നതാണ് വസ്തുത. ആദ്യ ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന ക്യാപ്റ്റന്‍ മഹീന്ദര്‍ സിങ് ധോണിയും യുവരാജ് സി
ങ്ങും രോഹിത് ശര്‍മയും ഹര്‍ഭജന്‍ സിങ്ങുമടക്കമുള്ളവര്‍ ഇന്ത്യന്‍ അണിയിലുണ്ട്. 

2014 ലെ ലോകകപ്പിന് ശേഷമുള്ള ട്വന്‍റി20 പ്രകടനം വിലയിരുത്തിയാലും ഒന്നാം സ്ഥാനത്താണ് ടീം ഇന്ത്യ. 18 മത്സരങ്ങളില്‍ 13 ജയവും അഞ്ചു തോല്‍വിയും. ബാറ്റിങ് ശരാശരി 31.54ഉം ബൗളിങ്ങില്‍ 19.25ഉം.  ബാറ്റിങ്ങില്‍ ആദ്യ മൂന്ന് റാങ്കുകാര്‍ക്കിടയില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണ് -വിരാട് കോഹ്ലിയും രോഹിത് ശര്‍മയും. 740 റണ്‍സ് നേടിയ കോഹ്ലിയുടെ ശരാശരി 82.22 ഉം സ്ട്രൈക് റേറ്റ് 135 ഉം ആണ്. 600 റണ്‍സിന് മുകളില്‍ നേടിയ രണ്ടാമത്തെ കളിക്കാരനാണ് രോഹിത് ശര്‍മ. ബൗളിങ്ങിലും ഇന്ത്യന്‍ താരങ്ങളുടെ പ്രകടനമാണ് മികച്ചത്. ആര്‍. അശ്വിനാണ് വിക്കറ്റ് കൊയ്ത്തില്‍ മുന്നില്‍, ആശിഷ് നെഹ്റ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ എന്നിവരും ഫോമിലാണ്. ശിഖര്‍ ധവാന്‍, യുവരാജ് എന്നിവരും പ്രതീക്ഷ നല്‍കുന്നു.  കണക്കുപുസ്തകത്തില്‍ മുമ്പന്മാരെങ്കിലും കളിക്കളത്തില്‍ കാലിടറി വീണതിന്‍െറ ചരിത്രവും ഇന്ത്യക്കില്ലാതില്ല. പ്രത്യേകിച്ചും പ്രവചനം തീര്‍ത്തും അസാധ്യമായ ട്വന്‍റി20 ഫോര്‍മാറ്റില്‍. 

 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.