??????????????? ???????????- ?????? ?????????? ????? ??????? ???????

ലോകകപ്പ് ഫുട്‌ബാളിനെ കുറിച്ചെഴുതാനാലോചിച്ചപ്പോള്‍ ചുക്കിനെയും ഗെക്കിനെയ​ുമോര്‍ക്കാന്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം, ആ നഗരം തന്നെ. ‘അമ്മയോടൊപ്പം അവര്‍ താമസിച്ചിരുന്നത് ദൂരെദൂരെ ദിക്കില്‍ ഒരു അതിമനോഹര നഗരത്തിലായിരുന്നു. ഈ ലോകത്തെങ്ങും അതിലും ഗംഭീരമായ മറ്റൊരു നഗരമില്ലായിരുന്നു’ - മോസ്‌കോ എന്നും റഷ്യ എന്നും ആദ്യമായി കേള്‍ക്കുന്നത് മൂന്നിലോ നാലിലോ പഠിക്കുമ്പോള്‍ മലയാളത്തില്‍ വായിച്ച അര്‍ക്കാദി ഗയ്ദറുടെ ഈ കഥയിലാണ്.

രണ്ടാമത്തെ കാരണം ഇൗ ലോക കപ്പി​​​​​െൻറ ഉദ്​ഘാടന മത്സരത്തിൽ 14ന്​ റഷ്യ സൗദി അറേബ്യയുമായി കളിക്കുമ്പോള്‍ ചുക്കിനെയും ഗെക്കിനെയും കാണാമെന്ന പ്രതീക്ഷയാണ്. മിരാന്‍ച്യുക്ക് സഹോദരങ്ങള്‍- അവരാണ് ഇപ്പോഴത്തെ എന്റെ ചുക്കും ഗെക്കും. അലക്‌സി ആന്ദ്രെയേവിച്ച് മിരാന്‍ച്യുക്കും ആന്റണ്‍ ആന്ദ്രെയേവിച്ച് മിരാന്‍ച്യുക്കും. അമ്മ യെലേനാ മിരാൻച്യുക്കിനേയും ഒരുപക്ഷേ, സ്‌റ്റേഡിയത്തിലെവിടെയെങ്കിലും കാണാന്‍ പറ്റിയേക്കും, കാരണം അമ്മയില്ലാതെ ചുക്കിനും ഗെക്കിനും പറ്റില്ലത്രെ. ലോകകപ്പിന്റെ ആദ്യ കളിയല്ലേ, രണ്ടു പേരും കളിച്ചേക്കാനുമിടയുണ്ട്. സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് അതിര്‍ത്തി കാത്തിരുന്ന കുതിരപ്പടയാളികളായ കൊസ്സാക്കുകളുടെ പിന്‍മുറക്കാരാണ് തന്റെ മക്കളെന്ന് ടെലിവിഷനില്‍ അഭിമാനം കൊണ്ടിരുന്ന യെലേന വരാതിരിക്കില്ല.

അലക്‌സി ആന്ദ്രെയേവിച്ച് മിരാന്‍ച്യുക്കും ആന്റണ്‍ ആന്ദ്രെയേവിച്ച് മിരാന്‍ച്യുക്കും
 

ലോകകപ്പ് ഫുട്‌ബോളില്‍ റഷ്യക്കെതിരെ കളിക്കുന്നവര്‍ക്ക് നല്ല മനസ്സാന്നിധ്യം വേണ്ടിവരും, കളിവേഗത്തിനിടയില്‍ ഒരേ കളിക്കാരനെ രണ്ടിടത്തു കണ്ടാല്‍ അമ്പരക്കാതിരിക്കാന്‍. റഷ്യന്‍ ലീഗില്‍ മോസ്‌കോ ലോക്കോമോട്ടീവിനെതിരെ കളിക്കുന്നവര്‍ക്ക് അതിപ്പോള്‍ ശീലമാണ്. അലക്‌സി മിരാന്‍ച്യുക്കിനേയും ആന്റണ്‍ മിരാന്‍ച്യുക്കിനേയും തമ്മിലറിയുക എന്നത്. അറിഞ്ഞാല്‍ പോര അവരുടെ ശക്തി ദൗര്‍ബല്യങ്ങള്‍ വേര്‍തിരിച്ചറിയുകയും അവരെ പ്രതിരോധിക്കേണ്ടി വരുമ്പോള്‍ അവനോ ഇവനോ എന്ന് സംശയിക്കാതിരിക്കുകയും വേണം. ഒരു പ്രശ്‌നം കൂടിയുണ്ട്, മിരാന്‍ച്യുക്കുകളില്‍ ആന്റണ്‍ വലതുകാല്‍ പ്രയോഗത്തിലാണ് മിടുക്കനെങ്കില്‍ അലക്‌സിയുടെ ശക്തി ഇടതുകാലിലാണ്. മക്കള്‍ക്ക് പതിനഞ്ചു വയസ്സുള്ളപ്പോഴാണ് അമ്മ യെലേന ഇരുവരേയും കൂട്ടി ക്രസ്‌നൊദറില്‍ നിന്ന് മോസ്‌കോയിലേക്ക് വരുന്നത്

റഷ്യക്കെതിരെ കളിക്കുന്നവര്‍ക്ക് നല്ല മനസ്സാന്നിധ്യം വേണ്ടിവരും, കളിവേഗത്തിനിടയില്‍ ഒരേ കളിക്കാരനെ രണ്ടിടത്തു കണ്ടാല്‍ അമ്പരക്കാതിരിക്കാന്‍
 

പത്തുമിനിറ്റിന് ഇളയവനായ ആന്റണായിരുന്നു ചെറുപ്പത്തില്‍ മികവ് പ്രകടിപ്പിച്ചിരുന്നത്. സ്പാര്‍ടക് ക്ലബ്ബിന്റെ ഫുട്‌ബോള്‍ അക്കാദമിയില്‍ ഇരുവര്‍ക്കും പ്രവേശനം കിട്ടിയിരുന്നു. പക്ഷേ, അധികകാലം അത് തുടരാനായില്ല. ശാരീരികക്ഷമത പോരെന്ന കാരണത്താല്‍ രണ്ടു പേരും ഒഴിവാക്കപ്പെട്ടു. പ​ക്ഷേ,  ഇരുവരുടേയും കളി ശ്രദ്ധിച്ചിരുന്ന ലോക്കോമോട്ടീവിന്റെ പരിശീലകര്‍ക്ക് ഇരട്ടകളുടെ കഴിവില്‍ അല്‍പം കൂടി വിശ്വാസം തോന്നി. അമ്മക്ക് ലോക്കോമോട്ടീവിന്റെ സ്‌കൂളില്‍ അധ്യാപികയായി ജോലി കൂടി ലഭിച്ചതോടെയാണ് അലക്‌സിയും ആന്റണും ഗൗരവമായി കളിക്കാന്‍ തുടങ്ങിയത്. ‘അമ്മ ഞങ്ങളോടൊപ്പം ഇല്ലാതിരിക്കുക എന്നത് ആലോചിക്കാനേ പറ്റില്ലായിരുന്നു. ഞങ്ങള്‍ കളിച്ച ഓരോ കളിയും അമ്മ കൂടിയാണ് കളിച്ചത്. അമ്മയില്ലാതെ ഞങ്ങളിവിടെയിരിക്കുകയേ ഇല്ലായിരുന്നു’ എന്ന് ടെലിവിഷനില്‍ പറയുന്നത് രണ്ടുപേരും ഒന്നിച്ചാണ്. ലോക്കോമോട്ടീവിലെ ജൂനിയര്‍ ടീമിലെ അനുഭവങ്ങള്‍ അലക്‌സിയെ ആണ് തുണച്ചത്. താരതമ്യേന കരുത്തുകുറഞ്ഞ അലക്‌സി അതിനെ വളരെപ്പെട്ടെന്ന് അനുകൂല ഘടകമാക്കിമാറ്റി. കളത്തിലെ വേഗതയില്‍ അവന്‍ സഹതാരങ്ങളേയും എതിരാളികളേയും അമ്പരപ്പിച്ചു. വളരെ പെട്ടെന്ന് അലക്‌സി മിരാന്‍ച്യുക് ലോക്കോമോട്ടീവ് സീനിയര്‍ ടീമിലെ സ്ഥിരാംഗമായി, അതും 18 വയസ്സാകുമ്പോഴേക്കും. 19ാം വയസ്സില്‍ അലക്‌സി റഷ്യന്‍ ടീമിലെത്തി. ആദ്യ മത്സരത്തില്‍ ബലാറസിനെതിരെ കളത്തിലിറങ്ങി 12ാം മിനിറ്റില്‍ ഗോളടിച്ചുകൊണ്ടാണ് അലക്‌സി ആന്ദ്രയേവിച്ച് മിരാന്‍ച്യുക്ക് തന്റെ സാന്നിധ്യമറിയിച്ചത്. 2016 ല്‍ അഡിഡാസിന്റെ ‘ടീം മെസ്സി’യില്‍ ഇടം നേടിയതോടെ അലക്‌സി ലോക ശ്രദ്ധയാകര്‍ഷിച്ചു.

വാസിലി ബെറെസുത്സ്‌കിയും സഹോദരന്‍ അലക്‌സിയും
 

ആന്റണിന്റെ കരിയര്‍ പക്ഷേ, അത്ര അനായാസമല്ല മുന്നോട്ടു നീങ്ങിയത്. ലോക്കോമോട്ടീവ് ജൂനിയറില്‍ മൂന്നു വര്‍ഷം നല്ല പ്രകടനം കാഴ്ചവച്ചിട്ടും അലക്‌സിക്കൊപ്പം മുന്നേറാന്‍ അനുജന് കഴിഞ്ഞില്ല. ഇതിനിടെ ‘ബി ടീമിലേക്കും അവിടുന്ന് വായ്പയായി എസ്‌തോണിയയിലെ ലവാഡിയാ താലിന്‍ ക്ലബ്ബിലേക്കും പോകേണ്ടി വന്നു. അത് മാനസികമായി എത്രമാത്രം തന്നെ ബാധിച്ചുവെന്ന് ആന്റണ്‍ പറയുന്നതിങ്ങനെയാണ്
‘വായ്പയായി എസ്‌തോണിയയിലേക്കു പോകുന്ന കളിക്കാര്‍ക്ക് പിന്നെ മടങ്ങിവരവുണ്ടാകില്ലെന്നാണ് വിമര്‍ശകര്‍ പറയാറുള്ളത്. അത് ശരിയല്ലെന്നു തെളിയിക്കാന്‍ പ്രയാസമില്ലെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. പക്ഷേ, എന്റെ പ്രശ്‌നം അതേ അല്ലായിരുന്നു, ജനിച്ച മുതല്‍ ഞാനും അലക്‌സിയും പിരിഞ്ഞിരുന്നിട്ടില്ല. അവനില്ലാതെ രണ്ടു ദിവസത്തിനപ്പുറം കഴിച്ചുകൂട്ടുന്നതെങ്ങനെ എന്നതായിരുന്നു എന്നെ ഏറ്റവും അലട്ടിയിരുന്നത്...’

അര്‍ക്കാദി ഗയ്ദറുടെ ‘ചുക്കും ഗെക്കും’ അമ്മയ്​ക്കൊപ്പം ചിത്രകാര​​​​െൻറ ഭാവനയിൽ
 

‘ആന്റണില്ലാതെ എനിക്കും പ്രശ്‌നമായിരുന്നു. ആദ്യ ദിവസങ്ങളിലെല്ലാം പരിശീലനത്തേയും കളിയേയും എല്ലാമത് ബാധിച്ചു. പക്ഷെ എസ്‌തോണിയയിലെ ദിവസങ്ങള്‍ അവനെത്രമാത്രം ഗുണം ചെയ്തുവെന്നാലോചിക്കുമ്പോള്‍ അതെത്ര നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു.- അലക്‌സി കൂട്ടിച്ചേര്‍ക്കുന്നു.

‘എസ്‌തോണിയയില്‍ ആദ്യ കളിയില്‍ ഇതെന്നെ ചെറുതല്ലാതെ ബാധിച്ചിരുന്നു, അന്നു ഞാന്‍ ഗോളടിച്ചുവെങ്കിലും കളിയുടെ അവസാനത്തോടടുത്തപ്പോഴേക്കും റെഡ് കാര്‍ഡ് കിട്ടി പുറത്തു പോകേണ്ടിയും വന്നു. പിന്നീട് തനിച്ചുള്ള ജീവിതം, സ്വയം പാചകം എല്ലാമായപ്പോള്‍ അതെന്റെ കളിയിലും മാറ്റം വരുത്തിയെന്നു വേണം കരുതാന്‍...’ 45 മത്സരങ്ങളിലായി 15 ഗോളുകള്‍ 11 അസിസ്റ്റുകള്‍ - ഇങ്ങനെയാണ് വായ്പയായി പോയ ആന്റണ്‍ മിരാന്‍ച്യുക്ക് തന്നെത്തന്നെ വീണ്ടെടുത്തത്. ലോക്കോമോട്ടീവിന്റെ കോച്ചായി യൂറി സെമിന്‍ വന്നതോടെ ആന്റണിനെ അവര്‍ തിരിച്ചു വിളിച്ചു. 2016-17 ല്‍ അങ്ങനെ അലക്‌സിക്കൊപ്പം ലോക്കോമോട്ടീവിന്‍റെ ആദ്യ നിരയില്‍ ആന്റണ്‍ തിരിച്ചെത്തി. 14 കൊല്ലത്തിനിടെ ആദ്യമായി ലോക്കോമോട്ടീവ് ലീഗ് ചാമ്പ്യന്‍മാരായി. സ്റ്റാനിസ്ലാവ് ചെര്‍ച്ചെസോവിന്‍റെ ശ്രദ്ധയില്‍ പെടാന്‍ ആന്റണിന്റെ, ലീഗിലെ പ്രകടനം മതിയായിരുന്നു. അര്‍ജന്റീനക്കും സ്‌പെയിനിനും എതിരായ ലോകകപ്പ് സന്നാഹ മത്സരങ്ങളില്‍ അലക്‌സിയും ആന്റണും കളിച്ചു. സ്‌പെയിനിനെതിരെ ഗോളടിച്ചില്ലെങ്കിലും ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ആന്റണിന്റെ ചടുല നീക്കങ്ങളാണ്.

ഇതിനെല്ലാമിടയിലും ടീം മാനേജുമെന്‍റിനു പോലും ചുക്കിനേയും ഗെക്കിനേയും പരസ്പരം മാറിപ്പോകുമായിരുന്നു. ലീഗ് ഫൈനലില്‍ ഗോളടിച്ച് അലക്സിക്കു കിട്ടേണ്ട അഭിനന്ദനപ്രവാഹത്തിലേറെയും ഏറ്റുവാങ്ങിയത് ആന്‍റണായിരുന്നു. എന്തിനേറെ, ക്ലബ് പ്രസിഡന്‍റ് പോലും ഓടി വന്ന് ആശ്ലേഷിച്ചത് അനുജന്‍ മിരാന്‍ച്യുക്കിനെയായിരുന്നു.

ജര്‍മ്മന്‍ ഇരട്ടകളായ സ്വെന്‍ ബെന്‍ഡറും ലാര്‍സ് ബെന്‍ഡറും
 

റഷ്യന്‍ ടീമില്‍ സദൃശഇരട്ടകളുടെ സാന്നിധ്യം പക്ഷേ, അവിടെ വലിയ അത്ഭുതമൊന്നുമുണ്ടാക്കുന്നില്ല. കഴിഞ്ഞ ലോകകപ്പില്‍ റഷ്യയെ നയിച്ച വാസിലി ബെറെസുത്സ്‌കിയും സഹോദരന്‍ അലക്‌സിയും കളം വിട്ടിട്ട് അധികമായിട്ടില്ല. റഷ്യന്‍ പ്രതിരോധ നിരയുടെ നട്ടെല്ലായി നിലകൊണ്ട ഇരുവര്‍ക്കും ഒരേ ഉയരവും ഒരേ ഭാരവുമായിരുന്നു എന്നതാണ് മറ്റൊരു സവിശേഷത. മറ്റൊരു റഷ്യന്‍ താരമായ ദിമിത്രി കൊമ്പറോവിനുമുണ്ടായിരുന്നു ക്ലബ് ഫുട്‌ബോളില്‍ പ്രശസ്തനായിരുന്ന ഇരട്ട സഹോദരന്‍, കിറില്‍ കൊമ്പറോവ്. 2004 മുതല്‍ തുര്‍ക്കി ടീമില്‍ ഹമീദ് അലിന്‍ടോപ്പും ഹലീല്‍ അലിന്‍ടോപ്പും ഒരുമിച്ചു കളിക്കുന്നു. 2002 ലോകകപ്പില്‍ പോളണ്ട് ടീമിലുണ്ടായിരുന്നു ഇരട്ടകളായ മാര്‍സിന്‍ സെവ്‌ലകോവും മൈക്കേല്‍ സെവ്‌ലകോവും. ചെക്ക് ടീമിലുമുണ്ടായിരുന്ന ലൂക്കാസ് ഡോസെക്കും തോമാസ് ഡോസെക്കുമെന്ന ഇരട്ടകള്‍. ഇവര്‍ക്കൊന്നും കിട്ടാതെ പോയ നേട്ടമാണ് ജര്‍മ്മന്‍ ഇരട്ടകളായ സ്വെന്‍ ബെന്‍ഡറിനും ലാര്‍സ് ബെന്‍ഡറിനും ലഭിച്ചിട്ടുള്ളത്. 2008 ലെ അണ്ടര്‍-19 ലോകകപ്പില്‍ മികച്ച കളിക്കാരനുള്ള പുരസ്‌കാരം പങ്കിടുകയായിരുന്നു ഈ സഹോദരങ്ങള്‍, അപൂര്‍വത്തില്‍ അപൂര്‍വമായ ബഹുമതി. മാഞ്ചസ്​റ്റർ യുണൈറ്റഡിലെ റാഫേല്‍ ഡസില്‍വയും ഫാബിയോ ഡസില്‍വയുമടക്കം ക്ലബ് ഫുട്‌ബോളിലുമുണ്ട് നിരവധി ഇരട്ട സഹോദരങ്ങള്‍. ഇതുവരെ ഫിഫ അംഗീകൃത മത്സരങ്ങള്‍ കളിച്ചിട്ടുള്ളവരുടെ കണക്കെടുത്താല്‍ നാല്പതിലേറെ ജോഡി വരും സദൃശ ഇരട്ടകളുടെ എണ്ണം. മിരാന്‍ച്യുക്കുകളുടെ ഒരു സവിശേഷത അവര്‍ തമ്മിലുള്ള ബന്ധമാണ്. ആത്മീയബന്ധമെന്നാണ് ആന്റണ്‍ അതിനെ വിശേഷിപ്പിക്കുന്നത്.

തുര്‍ക്കി ടീമിലെ ഇരട്ടകളായ ഹമീദ് അലിന്‍ടോപ്പും ഹലീല്‍ അലിന്‍ടോപ്പും
 


 
PS: അമിത പ്രതീക്ഷയൊന്നും ഇത്തവണ ആതിഥേയര്‍ക്കില്ല, അവസാന പതിനാറിനപ്പുറം പോകുമെന്ന് കടുത്ത ആരാധകര്‍ പോലും പ്രതീക്ഷിക്കുന്നുണ്ടാവില്ല, പരുക്കും പടലപ്പിണക്കവുമെല്ലാം മൂലം കിട്ടാവുന്നതില്‍ മികച്ച ടീമിനെ പോലും ഒരുക്കാനായിട്ടില്ല മാനേജര്‍ സ്റ്റാനിസ്ലാവ് ചെര്‍ച്ചസോവിന്. പക്ഷേ, അലക്‌സാണ്ടര്‍ ഗൊലോവിന്‍, ഫ്യോദോര്‍ സ്‌മോലോവ്, അലക്‌സാണ്ടര്‍ എറോഖിന്‍ എന്നിവരുള്‍പ്പെട്ട യുവനിരയിലേക്ക് മിരാന്‍ച്യുക്ക് ഇരട്ടകള്‍ കൂടി ചേരുമ്പോള്‍ ആരോടും കളിച്ചു നില്‍ക്കാവുന്ന ഒരു സംഘമാവുന്നുണ്ട് റഷ്യ.

Tags:    
News Summary - chuk and gek of Russian football team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.