കാല്‍പാദങ്ങളില്‍ പന്തിനെയും കൈകളില്‍ ഹോക്കി സ്റ്റിക്കിനെയും തുല്യ അളവില്‍ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യം നേടിയ ഒരു ബഹുമുഖ പ്രതിഭയാണ് റൂഫസ് ഡിസൂസ. നാട്ടുകാര്‍ സ്‌നേഹത്തോടെ 'ഫുട്‌ബാള്‍ അങ്കിള്‍' എന്നു വിളിക്കുന്ന റൂഫസിന്, 86ലും ഫുട്‌ബാളിനോട് പ്രണയം തന്നെ. ഫുട്‌ബാളിനോടുള്ള അടുപ്പമാണ് അദ്ദേഹത്തിന് പ്രായത്തെ വെല്ലും വീര്യം നല്‍കുന്നതും. സൂര്യനും മുമ്പേ ഉണരും റൂഫസ് അങ്കിള്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അദ്ദേഹത്തിന് ഇതു ശീലമായി കഴിഞ്ഞു. തുടര്‍ന്നു കുളി, പ്രാര്‍ഥന, പ്രാതല്‍, പത്രവായന എന്നിവക്ക് ശേഷം ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലേക്കു തിരിക്കും. അവിടെ അദ്ദേഹം തന്‍റെ ശിഷ്യരില്‍ ഒരാളായി മാറും. പ്രായത്തെ വെല്ലുവിളിക്കും വിധമുള്ള ഊര്‍ജം നിറച്ച് പന്തുമായി ഓടും ഡ്രിബിള്‍ ചെയ്യും കിക്ക് ചെയ്യും. അതാണ് റൂഫസ് അങ്കിളിന്‍റെ ശൈലി.
ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ രാവിലെ 6.30 മുതല്‍ 7.30 വരെയും വൈകുന്നേരം 4.30 മുതല്‍ 6.30 വരെയുമാണ് റൂഫസ് ഡിസൂസ പരിശീലനം നല്‍കുന്നത്. നൂറോളം കുട്ടികള്‍ പ്രതിദിനം പരിശീലനത്തില്‍ പങ്കെടുക്കുന്നു. ഞായറാഴ്ചയും മറ്റ് അവധി ദിനങ്ങളിലും പരിശീലനമില്ല. റൂഫസിന്‍റെ കളരിയില്‍ നിന്ന് പിറവിയെടുത്തവരാണു പില്‍ക്കാലത്ത് ഇന്ത്യന്‍ ഫുട്‌ബാളിന്‍റെ അഭിമാനമായി മാറിയ റെയില്‍വേയുടെ ജേക്കബ് വര്‍ഗീസ്, കേരള പൊലീസിലെ തോബിയാസ്, തമിഴ്‌നാടിനു വേണ്ടി കളിച്ച ബോബി ഹാമില്‍ട്ടന്‍, സെബാസ്റ്റ്യന്‍ നെറ്റോ, ആന്‍സന്‍, ഫിറോസ് ഷെരീഫ് എന്നിവര്‍. ഇവരില്‍ ഷെരീഫ് പ്രീ ഒളിമ്പിക്‌സ് മല്‍സരം കളിച്ച ഇന്ത്യന്‍ ടീമിലംഗവുമായിരുന്നു.
1950കളില്‍, മട്ടാഞ്ചേരി യംഗ്‌സ്റ്റേഴ്‌സ് ക്ലബ്ബിലൂടെയാണ് റൂഫസ് ഫുട്‌ബാളില്‍ സജീവമായത്. കെ.എം. അബുവായിരുന്നു റൂഫസിന്‍റെ ഗുരു. കളിക്കാരനെന്ന നിലയില്‍ രണ്ട് പതിറ്റാണ്ട് നീണ്ടതായിരുന്നു റൂഫസ് ഡിസൂസയുടെ കായിക ജീവിതം. ചുരുക്കിപ്പറഞ്ഞാല്‍ 1951 മുതല്‍ 1972 വരെ. 1955-56 കാലത്ത്, സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിലിടം പിടിക്കുന്ന തലം വരെയെത്തിയെങ്കിലും അവസാന നിമിഷം കോര്‍ട്ടിന് പുറത്തു നടന്ന കളിയില്‍ റൂഫസ് പുറത്തായി. എങ്കിലും അദ്ദേഹം നിരാശനായില്ല. ജോലി തേടി മദ്രാസിലേക്കു തിരിച്ചു. കേരളം അവസരം നിഷേധിച്ച റൂസഫിന് ചെന്നൈ ഇരുകൈയും നീട്ടി സ്വീകരിക്കുകയും പിറ്റേവർഷത്തെ സന്തോഷ് ട്രോഫി ടീമിൽ തമിഴ്നാടിന് വേണ്ടി അദ്ദേഹം ബൂട്ടണിയുകയും ചെയ്തു.
ഗുരുവായ കെ.എം. അബുവിന്‍റെ നിര്‍ദേശാനുസരണം മദിരാശി ഫുട്‌ബാള്‍ ലീഗിലെ ഒരു ക്ലബ്ബായ നേതാജി സ്‌പോര്‍ട്ടിങ്ങിന്‍റെ സെക്രട്ടറിയെ കണ്ടു. എന്നാല്‍, ജോലിയില്‍ ചേരുന്നതിനു പകരം ടീമില്‍ പ്രവേശിക്കാനായിരുന്നു റൂഫസിനോട് സെക്രട്ടറി ആവശ്യപ്പെട്ടത്. കാരണം നേതാജി സ്‌പോര്‍ട്ടിങ് ക്ലബ്, സെന്‍റര്‍ ഫോര്‍വേഡിന്‍റെ കുറവ് അനുഭവിച്ചിരുന്ന സമയം കൂടിയായിരുന്നു അപ്പോള്‍. പിന്നീട് ഒട്ടും ചിന്തിച്ചില്ല. അന്നു തന്നെ നേതാജി ക്ലബിനു വേണ്ടി കളിക്കാനുള്ള കരാറില്‍ ഒപ്പുവച്ചു. ക്ലബ് മല്‍സരങ്ങളുള്ള ദിവസം ഒരു കളിക്കാരനു 10 രൂപയും ചെലവുമായിരുന്നു അന്ന് ലഭിച്ചിരുന്നത്.
ബാലഗോപാല്‍, തങ്കരാജ്, ജനാര്‍ദ്ദനന്‍, ഗോപാല്‍ എന്നിവരായിരുന്നു അക്കാലത്തെ മദിരാശിയുടെ ചുണക്കുട്ടികള്‍. ഈ ശ്രേണിയിലേക്ക് റൂഫസിന്‍റെ പേരും സ്ഥാനം പിടിച്ചു. അങ്ങനെ റൂഫസും മറ്റു ടീമുകളുടെ പേടി സ്വപ്‌നമായി മാറി. വിംകോ ടീമിലായിരുപ്പോള്‍ ആഞ്ജല വേലുവുമായും ആരോഗ്യ സ്വാമിയുമായുള്ള പരിചയ സമ്പന്നത റൂഫസിന് ഏറെ പ്രയോജനപ്പെട്ടു. രണ്ടു കാലുകള്‍ കൊണ്ട് ഏത് ആംഗിളുകളില്‍നിന്നും ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ റൂഫസ് പഠിച്ചതും ഇവരില്‍നിന്നായിരുന്നു. ബ്രസീലിയന്‍ ലീഗില്‍ കളിച്ചിരുന്ന കുഞ്ഞ എന്ന കളിക്കാരന്‍ വിംകോക്ക് വേണ്ടി ഒരു സീസന്‍ കളിച്ചിരുന്നു. ഇതും റൂഫസിനു ഗുണം ചെയ്തു. ബ്രസീലിയന്‍ ഫുട്‌ബാളിന്‍റെ സൗന്ദര്യത്തെ കുറിച്ചും ആകര്‍ഷണീയതയെ കുറിച്ചും കുഞ്ഞയില്‍നിന്ന് റൂഫസ് ഒരുപാട് മനസിലാക്കി.
മദിരാശി ഫുട്‌ബാള്‍ ലീഗില്‍ വിംകോക്കൊപ്പം കളിക്കുമ്പോള്‍ തന്നെ ഐ.ടി.സിക്കു വേണ്ടി ഹോക്കിയും റൂഫസ് കളിച്ചിരുന്നു എന്നതാണു മറ്റൊരു പ്രത്യേകത. 1972ല്‍ ദേശീയ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ നയിച്ചത് റൂഫസായിരുന്നു. ഫുട്‌ബാള്‍, ഹോക്കി കളങ്ങളില്‍ എക്കാലത്തേയും മികച്ച താരങ്ങള്‍ക്കൊപ്പമാണ് റൂഫസ് അന്നു കളിച്ചത്. ഗോള്‍ കീപ്പര്‍മാരായ തങ്കരാജ്, എസ്.എസ്. നാരായണന്‍, പാക്കിസ്ഥാനില്‍ നിന്നു വന്ന അസീസ് ലത്തീഫ്, സലിം മന്ന, ജര്‍ണയില്‍ സിങ്, ഒളിമ്പ്യന്‍ റഹ്മാന്‍, പി.കെ. ബാനര്‍ജി, കിങ് ഓഫ് ട്രിബിള്‍ എന്നു വിശേഷിപ്പിക്കുന്ന അഹമ്മദ് ഖാന്‍, ചുനി ഗോസ്വാമി, 1956ല്‍ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഹാട്രിക് നേടിയ നെവിള്‍ ഡിസൂസ എന്നിവരോടൊപ്പം കളിക്കാനുള്ള ഭാഗ്യവും റൂഫസ് ഡിസൂസക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.