മോസ്കോ: ലോകകപ്പിൽ സാധ്യത കൽപിക്കപ്പെട്ട രണ്ട് ലാറ്റിനമേരിക്കൻ അതികായരെ വീഴ്ത്തി കുതിച്ച യൂറോപ്യൻ ടീമുകൾ മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച കൊമ്പുകോർത്തപ്പോൾ ആഘോഷം പൊടിപൊടിച്ചത് ഇങ്ങ് കറുത്ത വൻകരയിൽ. ഒാരോ ടീമിലും അണിനിരന്ന ലോകമാദരിക്കുന്ന താരനിരയിൽ ഏറെയും ആഫ്രിക്കയിൽ വേരുകളുള്ളവരാണെന്നതുതന്നെ കാര്യം. കരുത്തും പ്രതിഭയും ഒപ്പം അസാമാന്യ പന്തടക്കവുമായി കളി നിയന്ത്രിച്ച ആഫ്രിക്കൻ മിടുക്ക് ഇല്ലാതെ യൂറോപ്യൻ ടീമുകൾക്ക് മുന്നോട്ടുപോകാനാവില്ലെന്നിടംവരെ എത്തിയിട്ടുണ്ട് കാര്യങ്ങൾ. ഇതിൽ ഏറ്റവും കൂടുതൽ പേർ ആഫ്രിക്കക്കാരായ ഫ്രാൻസിനു തന്നെയായിരുന്നു കറുത്ത വൻകരയിൽ ആരാധകേരറെയും. അവർ കിരീടത്തിന് ഒരു മത്സരമകലെ എത്തിയേതാടെ തങ്ങളുടെ സ്വന്തം ടീമുകൾ പ്രീക്വാർട്ടർ പോലും കാണാതെ പുറത്തായത് തൽക്കാലം മറക്കാമെന്ന് ‘ആഘോഷക്കമ്മിറ്റിക്കാർ’ പറയുന്നു.
ഫ്രാൻസിനെ കലാശേപ്പാരിനെത്തിച്ച ഗോളിനുടമയായ ബാഴ്സ താരം സാമുവൽ ഉംറ്റിറ്റി രണ്ടാം വയസ്സിൽ പിറന്ന നാടായ കാമറൂണിൽനിന്ന് പട്ടിണി സഹിക്കാതെ കടൽകടന്ന കുടുംബത്തിലെ അംഗമാണ്. ഇപ്പോഴും അവിടെ കഴിയുന്ന മാതാവിനെയും സഹോദരൻ യാൻവികിനെയും കാണാൻ ഇടവേളകളിൽ നാട്ടിൽ ചെല്ലുന്നതും അവരെ തിരിച്ച് യൂറോപ്പിലേക്ക് കൂട്ടുന്നതും ഉംറ്റിറ്റിക്ക് പതിവ് മാത്രം. കാമറൂണുകാരനായ ‘ബിഗ് സാം’ ഏറെയായി ഫ്രഞ്ച് ദേശീയ ടീമിെൻറ നെടുംതൂണാണ്. ഉംറ്റിറ്റിയെപ്പോലെയോ അതിൽ കവിഞ്ഞോ ലോകമറിയുന്ന നിരവധിപേർ േവറെയുമുണ്ട് ഫ്രഞ്ച് നിരയിൽ ആഫ്രിക്കൻ പൈതൃകം പേറുന്നവരായി. എൻഗാളോ കാെൻറ, ജിബ്രീൽ സിഡിബെ, ഉസ്മാൻ ഡെംബലെ എന്നിവർക്ക് മാലിയാണ് ജന്മദേശമെങ്കിൽ സ്റ്റീവ് മാൻഡാൻഡ, സ്റ്റീവൻ സോൻസി, പ്രിസ്നേൽ കിംപെംബെ എന്നിവർ കോംഗോ റിപ്പബ്ലിക്കിൽനിന്നുമാണ് യൂറോപ്പിലെത്തിയത്. ആഫ്രിക്കൻ വേരുകളിൽ ഉംറ്റിറ്റിയുടെ അതേ നാട്ടുകാരനാണ് സൂപ്പർ താരം കെയ്ലിയൻ എംബാപെ. ഇൗ ലോകകപ്പ് എംബാപെയുടെ പിറവി കുറിക്കുന്നതായാണ് മാധ്യമ വിലയിരുത്തലുകൾ.
യൂറോപ്യൻ കളിമുറ്റങ്ങളിൽ വാഴ്ത്തപ്പെട്ടവനായി വിലസുന്ന പോൾ പൊഗ്ബയുടെ കുടുംബം ഗിനിക്കാരാണ്. നബീൽ ഫകീർ (അൽജീരിയ), െബ്ലയ്സ് മാറ്റുയ്ഡി (അംഗോള), ആദിൽ റാമി (മൊറോക്കോ), തോമസ് ലെമർ (നൈജീരിയ), ബെഞ്ചമിൻ മെൻഡി (സെനഗാൾ), കൊറൻറീൻ ടൊളിസോ (ടോഗോ) എന്നിവരൊക്കെയും പലവഴികളിൽ കറുത്ത വൻകരയോട് അടുപ്പമുള്ളവർ. ആഫ്രിക്കയിൽ നിലനിന്ന ഫ്രഞ്ച് കോളനികളായിരുന്നു ഇൗ രാജ്യങ്ങളിലേറെയും എന്നത് ഇവരെ ഫ്രാൻസിലെത്തിക്കുന്നതിൽ ഒരു ഘടകമായിട്ടുണ്ടാകണം.
1998ൽ ഫ്രാൻസ് ലോകകപ്പിനിറക്കിയ സംഘം ദേശീയ ടീമിനെ പോലെയില്ലെന്ന തീവ്രവലതുപക്ഷ നേതാവ് മാരി ലീ പെൻ പരസ്യമായി ആരോപിച്ചതുമുതൽ വർണവെറി വിവാദം ഫ്രഞ്ച് ടീമിനൊപ്പമുണ്ടെന്നത് ചേർത്തുവായിക്കണം. ദേശീയ ടീമിൽ കറുത്തവർഗക്കാരുടെയും അറബ് വംശജരുടെയും സാന്നിധ്യം 30 ശതമാനത്തിൽ കൂടാതെ നോക്കാൻ രഹസ്യനീക്കം നടന്നതായി 2011ൽ വന്ന റിപ്പോർട്ടും 2016 യൂറോകപ്പിൽ കരീം ബെൻസേമയെ പുറത്തിരുത്തിയതിനു പിന്നിൽ വർണവെറിയാണെന്ന ആരോപണവും ഫ്രഞ്ച് ടീമിനെ ഉലച്ച വിവാദങ്ങളാണ്. സമീപകാലത്ത് ഫ്രാൻസ് ആഫ്രിക്കൻ കരുത്തിനെ കൂടുതൽ ആദരിച്ച ഇൗ ലോകകപ്പിൽ അവർതന്നെ നയിച്ചാണ് ടീം ഒടുവിൽ ഫൈനലിലെത്തുന്നത്. ബെഞ്ചമിൻ പവാർഡ്, േഫ്ലാറിയൻ തോവിൻ, അേൻറായിൻ ഗ്രീസ്മാൻ, റാഫേൽ വരാനെ, ഒളിവർ ജിറൗഡ് എന്നിവരാണ് യൂറോപ്യന്മാരായുള്ളത്. 100 ശതമാനം ഫ്രഞ്ചുകാരെന്ന് പറയാൻ പവാർഡും തോവിനും മാത്രം.
സമാനമായി ബെൽജിയത്തിലുമുണ്ടായിരുന്നു ആഫ്രിക്കൻ വംശജരുടെ ആധിക്യം. ഇൗ ലോകകപ്പിൽ ബെൽജിയത്തിെൻറ കുന്തമുനയായി നിലയുറപ്പിച്ച റൊമേലു ലുകാകു, മൊറേയ്ൻ ഫെല്ലയ്നി, നാസർ ചാഡ്ലി, വിൻസെൻറ് കൊംപനി, ഡെഡ്ര്യൂക് ബൊയാട്ട, മിച്ചി ബത്ഷൂയി, മൂസ ഡെംബലെ, അക്സൽ വിറ്റ്സെൽ, അദ്നാൻ ജാനുസാജ് എന്നിവരുടെ മാതാപിതാക്കളിൽ ഒരാളെങ്കിലും കറുത്ത വൻകരക്കാരാണ്. ലുകാകു, കൊംപനി, ബൊയാട്ട, ബത്ഷൂയി, അദ്നാൻ ജാനുസാജ്, യൂറി ടിയലെമെൻസ് എന്നിവരൊക്കെയും കോംഗോ വേരുകളുള്ളവർ. ലുകാകുവിെൻറ മാതാവും പിതാവും കോംഗോക്കാരാണ്. ഫെല്ലയ്നിയും നാസർ ചാഡ്ലിയും മൊറോക്കോക്കാരാണ്. ചാഡ്ലി ഒരിക്കൽ മൊറോക്കോക്ക് വേണ്ടി ബൂട്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. കുടിയേറ്റത്തിനെതിരായ പ്രക്ഷോഭങ്ങൾ മിക്ക യൂറോപ്യൻ രാജ്യത്തും അധികാരത്തിലിരിക്കുന്നവർക്ക് ഭീഷണി മുഴക്കുേമ്പാഴും ഫുട്ബാൾ മാത്രം ചിരിക്കുകയാണ്, കുടിയേറ്റക്കാരൻ കാൽപന്തുകൊണ്ട് തീർത്ത കുതൂഹലങ്ങളുടെ സുകൃതമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.