‘‘റോമക്കൊപ്പം ഒരു ലീഗ് കിരീടമെന്നത്, യുവൻറസിനും റയൽ മഡ്രിഡിനുമൊപ്പം 10 ലീഗ് കിരീടമെന്ന നേട്ടത്തിന് തുല്യമാണ്’’ -പൊന്നിൻവിലയുള്ള വലങ്കാലിലെ വിസ്മയത്തിന് വിലയിട്ട യൂറോപ്പിലെ വമ്പൻ ക്ലബുകൾക്ക് റോമയുടെ ചക്രവർത്തി ഫ്രാൻസിസ്കോ ടോട്ടി നൽകിയ മറുപടി ഇതായിരുന്നു. പണത്തിനും പ്രശസ്തിക്കും പിന്നാലെ ഒാടാതെ ഫുട്ബാളിനെ മാത്രം പ്രണയിച്ച കരിയർ. സ്പെയിൻ, ഇംഗ്ലണ്ട്, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ തലപ്പൊക്കമുള്ള ക്ലബുകളിൽനിന്നും ഇറ്റലിയിലെ യുവൻറസും എ.സി മിലാനുമുൾപ്പെടെ മുൻനിരക്കാരിൽനിന്നും വാഗ്ദാനങ്ങളുടെ പെരുമഴ പെയ്തപ്പോഴെല്ലാം ടോട്ടി ഒഴിഞ്ഞുമാറി, താൻ പിറന്നു വീണ നഗരത്തിൽ ആദ്യം പന്തുതട്ടി തുടങ്ങിയ എ.എസ് റോമക്കൊപ്പംതന്നെ ഒരു ആയുസ്സ് തീർത്തു.
ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർക്ക് ഇന്ന് റോം എന്നാൽ അസോസിയാനോ സ്പോർട്ടിവ റോമ എന്ന എ.എസ് റോമയാണ്. അവിടത്തെ ചക്രവർത്തിയെന്നാൽ നാൽപതിലും കൗമാരത്തിെൻറ തിളപ്പും ചുറുക്കും മാറാത്ത ഫ്രാൻസിസ്കോ ടോട്ടിയും. 13ാം വയസ്സിൽ റോമ യൂത്ത് ക്ലബിൽ കളി തുടങ്ങിയ ടോട്ടി, 28 വർഷത്തെ സംഭവബഹുലമായ കരിയറിന് അവസാനം കുറിക്കാനിറങ്ങിയപ്പോൾ റോം നഗരത്തിലെ ഒളിമ്പികോ സ്റ്റേഡിയത്തിൽ കണ്ണീർമഴ പെയ്തിറങ്ങി. ഞായറാഴ്ച രാത്രിയിലായിരുന്നു ആ സ്വപ്നസമാനമായ കരിയറിെൻറ അന്ത്യം. ഇറ്റാലിയൻ സീരി ‘എ’യിൽ കിരീടം നേരേത്ത നിർണയിക്കപ്പെട്ടിട്ടും അവസാന മത്സരം ലോകശ്രദ്ധ നേടിയത് ഇൗ ഇതിഹാസതാരത്തിെൻറ പടിയിറക്കത്തിെൻറ പേരിൽ മാത്രമായിരുന്നു. ജിനോവക്കെതിരായ മത്സരത്തിെൻറ 54ാം മിനിറ്റിൽ ടോട്ടി പകരക്കാരനായി കളത്തിലെത്തിയത് മുതൽ ഒളിമ്പികോ സ്റ്റേഡിയം ഇരമ്പിയാർത്തു. നമ്പർ ‘10’ എന്നെഴുതിയ പ്ലക്കാർഡും ജഴ്സിയുമായി അരലക്ഷത്തോളം പേർ എഴുന്നേറ്റുനിന്ന് ആദരവർപ്പിച്ചു. കളി കഴിഞ്ഞ് അരമണിക്കൂറോളം നീണ്ട വികാരഭരിത യാത്രയയപ്പും കഴിഞ്ഞ് ഫ്ലഡ്ലിറ്റ് വെളിച്ചം അണയുംവരെ അവരാരും ഇരിപ്പിടം തൊട്ടില്ല. ഇൗറനണിഞ്ഞ കണ്ണുകളുമായി ഇറ്റലിയുടെ ഇതിഹാസതാരം ആരാധകരുടെ സ്നേഹവായ്പുകൾക്ക് നന്ദിപറഞ്ഞ് തിരിഞ്ഞുനടന്നു.
എ.സി മിലാന് പൗളോ മാൾഡീനിയെന്നപോലെ, മാഞ്ചസ്റ്റർ യുനൈറ്റഡിന് റ്യാൻ ഗിഗ്സ് എന്നപോലെ റോമയുടെ മണ്ണിലും ആകാശത്തും അലിഞ്ഞുചേർന്നതായിരുന്നു ടോട്ടിയെന്ന വിസ്മയം. 13ാം വയസ്സിലാണ് (1989) സ്വന്തം വീട്ടിൽനിന്ന് വിളിപ്പാടകലെയുള്ള ഒളിമ്പികോ സ്റ്റേഡിയത്തിലേക്ക് ടോട്ടിയെത്തുന്നത്. കൗമാരനാളിൽതന്നെ ഇറ്റലിയെമ്പാടും അറിഞ്ഞ കുഞ്ഞുപ്രതിഭയെ സ്വന്തമാക്കാൻ യുവൻറസും എ.സി മിലാനുമെല്ലാം മത്സരിച്ചു. പക്ഷേ, ടോട്ടി ഫുട്ബാൾ കളിക്കുന്നെങ്കിൽ അത് റോമിലായിരിക്കുമെന്ന് തീരുമാനിച്ച അമ്മയുടെ ദൃഢനിശ്ചയത്തിന് മുന്നിൽ പ്രലോഭനങ്ങളെല്ലാം അലിഞ്ഞില്ലാതായി. 1992ൽ വെറും 16ാം വയസ്സിൽ ടോട്ടി റോമയുടെ സീനിയർ ക്ലബിൽ കളിച്ചുതുടങ്ങി. 1998ൽ ദേശീയ ടീമിലും അരങ്ങേറി. അപ്പോഴേക്കും ഇൗ അറ്റാക്കിങ് മിഡ്ഫീൽഡറുടെ പെരുമ യൂറോപ്പിലെമ്പാടും പരന്നു. തെൻറ സമകാലികരിൽ പലരും ഇറ്റലിയിലെതന്നെ വൻ ടീമുകളിലേക്കും സ്പെയിനിലേക്കുമായി ചേക്കേറിയപ്പോൾ അമ്മയുടെ വാക്കുകൾ പോലെ റോമിൽതന്നെ കൂടാനായിരുന്നു സ്റ്റാർസ്ട്രൈക്കറുടെ തീരുമാനം.
28 വർഷം നീണ്ട ക്ലബ് കരിയറിൽ തിരിഞ്ഞുനോക്കുേമ്പാൾ നേട്ടങ്ങളൊന്നും ഒരുപാടില്ല. ഒരു സീരി ‘എ’ കിരീടം മാത്രം (2001). രണ്ട് കോപ ഇറ്റാലിയയും രണ്ട് സൂപ്പർ കോപയും. എട്ട് തവണ സീരി ‘എ’ റണ്ണർ അപ്പ് സ്ഥാനം. പക്ഷേ, ടോട്ടിക്ക് നിരാശയില്ല. ‘‘റോമക്ക് കളിച്ചുകൊണ്ടാണ് ഞാൻ വളർന്നത്. അതേ റോമക്കുവേണ്ടി കളിച്ചുതന്നെ മരിക്കാനാണ് എനിക്കിഷ്ടം. കാരണം, ഞാൻ എപ്പോഴും റോമയുടെ ആരാധകനാണ്’’ -ടോട്ടിയുടെ ഹൃദയഭാഷക്ക് മറുവാക്കുകൾ ഇല്ല.
ഇറ്റലിക്കുവേണ്ടി നേടിയ 2006ലെ ഫിഫ ലോകകപ്പാണ് ആ കിരീടത്തിന് സുവർണത്തിളക്കമേകുന്നത്. 2000 യൂറോകപ്പിൽ ടോട്ടി അണിനിരന്ന ടീം ഫൈനൽ വരെയുമെത്തി. അസൂറിപ്പടക്കായി 1998 മുതൽ 2006 വരെ പന്തുതട്ടിയ താരം 58 മത്സരങ്ങളിൽനിന്ന് ഒമ്പത് ഗോൾ നേടി. റോമ സീനിയർ ടീമിനായി 25 വർഷത്തിനിടെ 786 മത്സരങ്ങളിൽ കളത്തിലിറങ്ങി. പിറന്നത് 307 ഗോളുകളും.
‘‘ടോട്ടി റോമിെൻറ രാജാവ്. ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ഫുട്ബാളറുമാണ് അദ്ദേഹം’’ -ഡീഗോ മറഡോണ
‘‘ടോട്ടി ഫുട്ബാളിലെ കലാകാരനാണ്. പത്താം നമ്പറിലെ ശരിയായ അവകാശി’’ -മിഷേൽ പ്ലാറ്റീനി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.