മിടുക്കനായി  മാഴ്സലീന്യോ

കൊച്ചി: മാഴ്സലോ ലീറ്റെ പെരീറക്ക് ഇത്രമാത്രം പ്രഹരശേഷിയുണ്ടായിരുന്നോ എന്ന് അതിശയപ്പെട്ടിരിക്കുകയാവും സ്കോഡ സാന്‍തി എന്ന ഗ്രീക് ക്ളബ് അധികൃതര്‍. മാഴ്സലീന്യോ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ ബ്രസീലുകാരന്‍ സാന്‍തിക്കുവേണ്ടി നാലു സീസണുകളിലായി കളത്തിലിറങ്ങിയത് 103 മത്സരങ്ങളിലാണ്. നേടിയതാവട്ടെ, 13 ഗോള്‍ മാത്രം. ഗോളടിയില്‍ വമ്പന്‍ പരാജയമായതോടെ മുമ്പുകളിച്ച സാന്‍തിയൊഴികെ ആറില്‍ അഞ്ചു ക്ളബുകളും ഒരു സീസണിനപ്പുറത്തേക്ക് മാഴ്സലീന്യോയെ നിലനിര്‍ത്തിയിട്ടില്ല. തിരിച്ചടികളുടെ ഈ കരിയറിനിടയിലാണ് സീസണില്‍ ഡല്‍ഹി ഡൈനാമോസിലേക്ക് പറിച്ചുനട്ട കരിയറില്‍ 13 മത്സരങ്ങളില്‍നിന്ന് ഈ റിയോ ഡെ ജനീറോക്കാരന്‍ ഇതിനകം ഒമ്പതു തവണ എതിര്‍വല കുലുക്കി കരുത്തുകാട്ടിയത്. ഐ.എസ്.എല്ലില്‍ ഇക്കുറി സെമി കളിക്കുമ്പോള്‍ ഡല്‍ഹി കടപ്പെട്ടിരിക്കുന്നതും ഈ 29കാരനോടാണ്. 

മുമ്പ് ബൂട്ടുകെട്ടിയ ക്ളബുകളില്‍ ശരാശരിയിലും താഴ്ന്ന സ്കോറിങ് റേറ്റുള്ള ബ്രസീലുകാരന്‍ പക്ഷേ, ഡല്‍ഹിയുടെ അണിയിലത്തെിയപ്പോള്‍ ലക്ഷണമൊത്ത മുന്നേറ്റക്കാരനായി മാറിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു സീസണുകളില്‍ ഗ്രീക് ക്ളബുകളായ അത്രോമിറ്റോസിനും (25 കളികളില്‍ നാലു ഗോള്‍) അനാപോളിസിനും (ഒമ്പതു കളികളില്‍ ഒരു ഗോള്‍) ബൂട്ടണിഞ്ഞതിനു പിന്നാലെയാണ് ഇക്കുറി ഡൈനാമോസിലത്തെിയത്. യൂത്ത് തലത്തില്‍ സ്പാനിഷ് ലീഗിലെ പ്രമുഖരായ അത്ലറ്റികോ മഡ്രിഡ്, ഗെറ്റാഫെ ബി ടീമുകള്‍ക്ക് കളത്തിലിറങ്ങിയിരുന്നു. പ്രഫഷനല്‍ കരിയറിന് തുടക്കംകുറിക്കുന്നത് ഗ്രീസിലെ കലാമാറ്റയുടെ കുപ്പായമിട്ടാണ്. സീനിയര്‍ കരിയറില്‍ സ്വന്തം നാടായ ബ്രസീലില്‍ കളിക്കാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. 

2013ല്‍ യു.എ.ഇ ക്ളബായ ബനിയാസിനും (11 കളിയില്‍ മൂന്നു ഗോള്‍) അടുത്ത സീസണില്‍ ഇറ്റലിയിലെ കറ്റാനിയക്കും (ഒമ്പതു കളികളില്‍ ഒരു ഗോള്‍) ജഴ്സിയണിഞ്ഞു. കോച്ച് ഗിയാന്‍ലൂക്ക സംബ്രോട്ട മുന്‍കൈയെടുത്താണ് ഇക്കുറി ഡല്‍ഹിയിലേക്കുള്ള കൂടുമാറ്റം. ഉജ്ജ്വല ഫോമിന് കോച്ചിനും സഹതാരങ്ങള്‍ക്കും നന്ദി പറയുകയാണ് മാഴ്സലീന്യോ.
Tags:    
News Summary - marcelinho

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.