ലണ്ടൻ: ‘ഫുട്ബാളിൽ നേടുന്ന നിരവധി കിരീടങ്ങളെക്കാൾ വിലപ്പെട്ടതാണ് കുട്ടികളുടെ ദാരിദ്ര്യം അവസാനിപ്പിക്കുകയെന്നത്’ -ഹൃദയത്തിൽ തൊട്ട മാർകസ് റാഷ്ഫോഡിെൻറ കുറിപ്പിനെ ഇംഗ്ലണ്ട് നെഞ്ചേറ്റി. 10 വർഷം മുമ്പ് താൻ അനുഭവിച്ച പട്ടിണിയുടെ പാഠങ്ങളിൽനിന്ന് ഇംഗ്ലീഷ് ഫുട്ബാളിലെ യുവതാരം റാഷ്ഫോഡ് കുറിച്ചിട്ട വാക്കുകൾ രാജ്യത്ത് പുതുവിപ്ലവത്തിനുള്ള കൊടുങ്കാറ്റായിരുന്നു.
തിങ്കളാഴ്ചയാണ് റാഷ്ഫോഡ് ട്വിറ്ററിൽ രാജ്യത്തെ സ്കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണത്തെ കുറിച്ച് കുറിപ്പിട്ടത്. കോവിഡ് ലോക്ഡൗൺ കാലത്തും ഇവർക്കുള്ള സൗജന്യ ഉച്ചഭക്ഷണം മുടക്കമില്ലാതെ സർക്കാർ നൽകിയിരുന്നു. എന്നാൽ, വേനലവധി ആരംഭിക്കുേമ്പാൾ ഇവ അവസാനിക്കും. അതിെൻറ ഗൗരവം ബോധ്യപ്പെടുത്തുകയായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡ് ഫുട്ബാൾ താരം. ആറാഴ്ച നീളുന്ന വേനലവധിക്കാലത്ത് സൗജന്യ ഉച്ചഭക്ഷണം നിർത്തിവെക്കുന്നത് 13 ലക്ഷത്തോളം കുട്ടികളെ പട്ടിണിയിലേക്ക് തള്ളിയിടുമെന്ന് റാഷ്ഫോഡ് ചൂണ്ടിക്കാണിച്ചു.
തെൻറ സ്കൂൾ സമയത്ത് അവധിക്കാലങ്ങളിൽ മക്കളുടെ പട്ടിണി മാറ്റാൻ അമ്മ കഷ്ടപ്പെടുന്നതും മറ്റും കുറിപ്പിൽ വിശദീകരിച്ചു. പാർലമെൻറ് അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പ് രാഷ്ട്രീയ ഭേദെമന്യേ എം.പിമാരും ജനങ്ങളും ഏറ്റെടുത്തു. ചൊവ്വാഴ്ച പുറത്തിറങ്ങിയ ‘ദ ടൈംസിൽ’ ഫുട്ബാളിലെ കിരീടങ്ങളെക്കാൾ വലുതാണ് കുട്ടികളുടെ പട്ടിണിമാറുന്നത് എന്ന തലക്കെട്ടിൽ റാഷ്ഫോഡ് ലേഖനവും എഴുതി.
പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും വെൽഫെയർ മന്ത്രി തെരേസ കോഫിയും വിഷയത്തിൽ ഇടപെട്ടു. പാർലമെൻറിൽ ചർച്ചചെയ്യാൻ പ്രതിപക്ഷമായ ലേബർ പാർട്ടി ആവശ്യപ്പെട്ടു. റാഷ്ഫോഡിെൻറ സാമൂഹിക ഇടപെടലിനെ അഭിനന്ദിച്ച പ്രധാനമന്ത്രി ലോക്ഡൗണിൽ കുട്ടികൾക്കായി ഏർപ്പെടുത്തിയ സൗജന്യ ഉച്ചഭക്ഷണ പദ്ധതി വേനലവധിക്കാലത്തേക്കും നീട്ടാൻ തീരുമാനിച്ചു. ഇതിനായി കൂടുതൽ ഫണ്ടും നീക്കിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.