1961ലെ സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് കുമ്മായവരക്കു പുറത്ത് പന്ത് പെറുക്കാനുണ്ടായിരുന്ന പയ്യന്മാരിലൊരാളായിരുന്നു പിന്നീട് ഇന്ത്യൻ ഗോൾവല കാത്ത കെ.പി. സേതുമാധവൻ. 22 പേരടങ്ങിയ ‘ബാൾ പിക്കേഴ്സ്’ സംഘത്തിൽ അംഗമായിരുന്നു മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂളിലെ ഈ വിദ്യാർഥി. പീറ്റർ തങ്കരാജ്, ചുനി ഗോസാമി, കോഴിക്കോടിെൻറ സ്വന്തം റഹ്മാൻ തുടങ്ങിയ സൂപ്പർതാരങ്ങളാൽ സമ്പന്നമായിരുന്നു ആ ടൂർണമെൻറ്. മത്സരം തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്പ് രണ്ട് ടീമുകളായി തിരിഞ്ഞ് ‘ബാൾ പിക്കേഴ്സ്’ പന്തുതട്ടുമ്പോൾ സേതുമാധവൻ ഗോളിയുടെ റോളിലുണ്ടാകും. പീറ്റർ തങ്കരാജിെൻറ ഗോൾകീപ്പിങ് മികവെല്ലാം തൊട്ടടുത്തിരുന്ന് കണ്ട സേതുമാധവൻ പിന്നീട് സ്കൂൾ ടീമിലെ സ്ഥിരം സാന്നിധ്യമായി. റൈഡേഴ്സ് ക്ലബിന് മാതൃഭൂമി ട്രോഫി നേടിക്കൊടുത്തു.
പിന്നീട് ജൂനിയർ ജില്ല ടീമിലും കോഴിക്കോടിെൻറ താരമായതാണ് കൗമാരകാലത്തെ വഴിത്തിരിവുകളിലൊന്ന്. അതുവഴി സംസ്ഥാന ജൂനിയർ ടീമിലുമെത്തി. ബാംഗ്ലൂരിലും കോഴിക്കോട്ടും കൊല്ലത്തും ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിലും ജഴ്സിയണിഞ്ഞു. കൊല്ലത്ത് ജേതാക്കളായത് സേതുമാധവനുൾപ്പെട്ട കേരളമായിരുന്നു. ദേവഗിരിയിലെ പ്രീഡിഗ്രി വിദ്യാഭ്യാസകാലത്ത് കാലിക്കറ്റ് സർവകലാശാലയുടെ നായകനുമായി. ദക്ഷിണേന്ത്യൻ സർവകലാശാല ഫുട്ബാളിൽ അന്ന് കാലിക്കറ്റായിരുന്നു ജേതാക്കൾ. കൗമാരം പിന്നിടുമ്പോഴേക്കും പ്രശസ്തമായ കളമശ്ശേരി പ്രീമിയർ ടയേഴ്സിലുമെത്തിയിരുന്നു. സ്കൂൾ പഠനത്തിൽ അത്ലറ്റിക്സിലും സേതുമാധവൻ ഒരുകൈ നോക്കിയിരുന്നു. ചേട്ടൻ വേണുഗോപാലായിരുന്നു ഇക്കാര്യത്തിൽ മാതൃക. പോൾവാൾട്ടും ഹൈജംപുമായിരുന്നു ഇഷ്ടയിനങ്ങൾ.
അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയും കളിക്കുന്നത് ഇദ്ദേഹെത്ത ഏറെ സന്തോഷവാനാക്കുന്നു. പണ്ടൊക്കെ സീനിയർ ലോകകപ്പ് ഫുട്ബാൾ വിശേഷങ്ങളറിയാൻ പത്രങ്ങൾ മാത്രമായിരുന്നു ആശ്രയം. എന്നാൽ, മലയാളി ഫുട്ബാൾ ഭ്രാന്തന്മാർക്ക് ഇഷ്ടടീമുകളുടെ കൗമാരതാരങ്ങളെയും അവരുടെ മത്സരവും അടുത്തു കാണാൻ സുവർണാവസരമാണിത്. കൊച്ചിയിൽ പന്തുതട്ടുന്ന താരങ്ങളിലാരെങ്കിലും ഭാവിയിൽ ലോകോത്തര താരമായേക്കും. അപ്പോൾ നമുക്ക് പറയാം, ‘‘ആ പയ്യൻ നമ്മുടെ നാട്ടിലും കളിച്ചിട്ടുണ്ടെന്ന്’’. കാൽപ്പന്തുകളിയെ ജീവനു തുല്യം സ്നേഹിക്കുന്ന കോഴിക്കോട്ട് അന്താരാഷ്ട്രതലത്തിൽ മത്സരം നടത്താൻ സ്റ്റേഡിയമില്ലെന്ന ദുഃഖവും മുൻ ഇന്ത്യൻ ഗോൾകീപ്പർക്കുണ്ട്.
തയാറാക്കിയത്: സി.പി. ബിനീഷ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.