ഇനിയുള്ളത് മൂന്ന് മാസം മാത്രം. ആദ്യമായി ഫിഫ ലോകകപ്പ് കളിക്കുന്ന ഇന്ത്യക്കാരാകാൻ ഒരുങ്ങുന്ന കൗമാരസംഘം തിരക്കിലാണ്. ഇൗ അവസരം അവിസ്മരണീയമാക്കണം, തുടക്കം ഗംഭീരമാകണം. 100 കോടി ജനങ്ങളുടെ സ്വപ്നവും പേറി ഗ്രൗണ്ടിൽ പന്തുതട്ടാൻ ഭാഗ്യം ലഭിച്ച ഇന്ത്യയുടെ കൗമാരക്കാർ ലോകംചുറ്റി പോരാട്ടവീര്യം വർധിപ്പിക്കുന്ന തിരക്കിലാണിപ്പോൾ.
കഴിഞ്ഞ ജനുവരിയിൽ പരിശീലക സ്ഥാനത്തുനിന്ന് നികോളായ് ആഡം പടിയിറങ്ങിയശേഷം നിലച്ചുപോയ താളം വീണ്ടെടുത്താണ് കൗമാരപ്പട യാത്രതുടരുന്നത്. പുതിയ പരിശീലകനായി പോർചുഗീസുകാരൻ ലൂയിസ് നോർടൻ മാത്യോസ് എത്തിയതിനു പിന്നാലെ ഇന്ത്യക്ക് ലോകം ചുറ്റുന്ന തിരക്കായി. മാർച്ച് ഒന്നിന് നോർടൻ സ്ഥാനമേൽക്കുേമ്പാൾ രണ്ട് പരിശീലനമത്സരങ്ങൾ മാത്രമായിരുന്നു ഷെഡ്യൂൾ ചെയ്തത്. ഒക്ടോബറിൽ ആരംഭിക്കുന്ന ലോകകപ്പിനായി ടീമിനെ വാർത്തെടുക്കാൻ മുന്നിലുള്ളതാവെട്ട ഏഴു മാസം മാത്രം.
വെല്ലുവിളി നിറഞ്ഞ ദൗത്യമേറ്റെടുത്തതിനു പിന്നാലെ 63കാരൻ ചെയ്തത് കൂടുതൽ മത്സരങ്ങൾ കളിക്കാനുള്ള അവസരമൊരുക്കുകയായിരുന്നു. മാർച്ചിൽ ഗോവയിൽ രണ്ടു മത്സരം കളിച്ചശേഷം ടീം നേരെ പറന്നത് നോർടെൻറ നാടായ പോർചുഗലിലേക്ക്.
ഏപ്രിലിൽ പോർചുഗലിൽ ബെൻഫിക ജൂനിയർ ടീം ഉൾപ്പെടെ ആറു മത്സരങ്ങൾ. അഞ്ചു തോൽവിയും ഒരു സമനിലയും. മേയിൽ ഫ്രാൻസിലും ഇറ്റലിയിലുമായി അഞ്ച് കളി. രണ്ടു ജയവും മൂന്നു സമനിലയുമായി ആത്മവിശ്വാസം വീണ്ടെടുത്തു. ഇതിൽ ഇറ്റലി ലിഗ പ്രൊ രണ്ട് ഇലവൻ ടീമിനെതിരെ 2-0ത്തിന് ജയവും. ജൂണിൽ സെർബിയ, മാഴ്സിഡോണിയ ഉൾപ്പെടെ ടീമുകൾക്കെതിരെ അഞ്ചു മത്സരങ്ങൾ. രണ്ട് ജയം, രണ്ട് സമനില, ഒരു തോൽവി. രണ്ട് അക്കാദമി ടീമുകൾക്കെതിരായ ജയം 12-2നും, 11-0ത്തിനും ആയിരുന്നു.
ഇൗ പര്യടനം അവസാനിച്ചതിനു പിന്നാലെ ടീം അമേരിക്ക, മെക്സികോ, ആസ്ട്രേലിയ രാജ്യങ്ങളിലേക്കായി പറന്നു. അമേരിക്കയിൽ സൗഹൃദ മത്സരങ്ങൾ, മെക്സികോയിൽ യൂത്ത് ടൂർണമെൻറ്. കൊളംബിയ, ചിലി തുടങ്ങിയ ലോകകപ്പിൽ കളിക്കുന്ന ടീമുകൾക്കെതിരെ ഇവിടെ കളിക്കും. തുടർന്നാണ് ആസ്ട്രേലിയൻ പര്യടനം. ഒാഷ്യാനിയയിൽനിന്ന് ലോകകപ്പ് യോഗ്യത നേടിയ ന്യൂസിലൻഡ്, ന്യൂകാലിഡോണിയ ടീമുകളെയും ഇവിടെ നേരിടും. തുടർച്ചയായി ഒമ്പതു മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ച ശേഷമായിരുന്നു ജൂൺ 29ന് അൽകോർകോൺ യൂത്ത് ടീമിനോട് 1-2ന് കീഴടങ്ങിയത്. മേയ് 16ന് ആരംഭിച്ച അപരാജിത കുതിപ്പിന് ബ്രേക്ക് വീണെങ്കിലും നോർടെൻറ ഇന്ത്യയുടെ ഗ്രാഫ് മുകളിലോട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.