‘‘എെൻറ കളിക്കാർ ശരിയായി കളിച്ചില്ലെങ്കിൽ ഞാൻ ക്ഷമിക്കും. പക്ഷേ, അവർ അധ്വാനിക്കാതെ മടിയന്മാരായാൽ എെൻറ ക്ഷമ നശിക്കും.’’ കഠിനാധ്വാനമാണ് പെപ് ഗ്വാർഡിയോളയെന്ന പരിശീലകെൻറ വിജയ രഹസ്യം. ബാഴ്സലോണയിൽ മൂന്ന് ലാ ലിഗ കിരീടവും രണ്ട് ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ 14 കിരീടം സമ്മാനിച്ച് സൂപ്പർ കോച്ചായി ഗ്വാർഡിയോള പടിയിറങ്ങിയ സമയം. കുടുംബത്തിനൊപ്പം കഴിയാൻ അമേരിക്കയിലേക്കായിരുന്നു അദ്ദേഹം നേരെ പറന്നത്. പെപ്പിെൻറ അടുത്ത നിയോഗം എവിടെയെന്ന് ഉൗഹാപോഹങ്ങൾ നിറഞ്ഞ കാലമായിരുന്നു അത്.
ഇതിനിടെ, ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കുമായി അദ്ദേഹം കരാറിൽ ഒപ്പിട്ടു. പിന്നെയും നീണ്ട വനവാസം. മ്യൂണിക്കിൽ പെപ് വരുന്നതും കാത്തിരിക്കുകയായിരുന്നു മാധ്യമങ്ങൾ. സ്പാനിഷ്, ഇംഗ്ലീഷ്, കറ്റാലൻ ഭാഷകൾ സംസാരിക്കുന്ന പെപ് ജർമൻകാരോട് ഏത് ഭാഷയിൽ സംസാരിക്കുമെന്നറിയാനായിരുന്നു താൽപര്യം. ബയേണിെൻറ പ്രീമാച്ച് കോൺഫറൻസിനായി മാധ്യമപ്പടയും പരിഭാഷകരും തമ്പടിച്ചു. പക്ഷേ, ടീം മാനേജ്മെൻറിനെ പോലും അമ്പരപ്പിച്ച് പെപ് മണിമണിപോലെ ജർമനിൽ തന്നെ പറഞ്ഞുതുടങ്ങി. അടുത്ത ദിവസം മ്യൂണിക്കിലെ മാധ്യമങ്ങളുടെ വിശേഷ വാർത്തയും പെപ്പിെൻറ ജർമനായിരുന്നു. പിന്നീട് അദ്ദേഹം തെൻറ ജർമൻ സീക്രട്ട് വെളിപ്പെടുത്തി. ബയേൺ മ്യൂണിക്കുമായി കരാറിൽ ഒപ്പിട്ട ശേഷം പ്രധാന പണി ജർമൻ പഠനം. പ്രത്യേക അധ്യാപകനു കീഴിൽ ദിവസവും നാല്-അഞ്ച് മണിക്കൂർ ഇതിനായി നീക്കിവെക്കും. അങ്ങനെ മ്യൂണിക്കിൽ കാലുകുത്തുംമുേമ്പ പെപ് ജർമനിയെ ഉള്ളംകൈയിലാക്കി.
ഇതാണ് പെപ് ഗ്വാർഡിയോള സ്റ്റൈൽ. ലക്ഷ്യത്തിലേക്കുള്ള കഠിനാധ്വാനം. തെൻറ സംഘത്തിൽനിന്ന് നൂറുശതമാനം അധ്വാനവും ആത്മാർഥതയും ആവശ്യപ്പെടുന്ന പരിശീലകൻ. അഞ്ചു കളി ബാക്കിനിൽക്കെ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലണ്ടിലെ ചാമ്പ്യന്മാരായപ്പോഴും തിളങ്ങുന്നത് പെപ് എന്ന കോച്ചും അദ്ദേഹത്തിെൻറ കഠിനാധ്വാനവുമാണ്. നിലവിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുനൈറ്റഡുമായി 16 പോയൻറ് ലീഡുള്ള സിറ്റിയുടെ അടുത്ത ലക്ഷ്യം ഇംഗ്ലണ്ടിലെ റെക്കോഡ് പോയൻറ് വേട്ടയാണ്. ബാക്കിയുള്ള അഞ്ചിൽ മൂന്നു കളിയെങ്കിലും ജയിച്ചാൽ മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ 95 പോയൻറ് എന്ന റെക്കോഡ് മറികടക്കാം. 33 കളിയിൽ 87 പോയൻറാണ് സിറ്റിക്കുള്ളത്.
പെയിനിലും ജർമനിയിലും നടത്തിയ ജൈത്രയാത്ര ഇംഗ്ലണ്ടിലും തുടരുേമ്പാൾ പെപ്പിന് സ്വന്തമായൊരു വിന്നിങ് ഫോർമുലയുണ്ട്. കാലെടുത്തുവെച്ച രണ്ടാം സീസണിൽ തന്നെ കിരീടമണിഞ്ഞ സ്പാനിഷ് താരത്തിെൻറ പടയൊരുക്കത്തിലുമുണ്ട് ആ രഹസ്യം. പെപ്പിെൻറ വിചിത്രമായ വിജയ രഹസ്യങ്ങളെ തേടുകയാണ് ഫുട്ബാൾ ലോകം.
-ഡൈനിങ് ടേബ്ളിലെ ഒരുമ കളിക്കാരുടെ ഭക്ഷണത്തിലൊന്നും ക്ലബുകൾ ഇടപെടാറില്ല. പക്ഷേ, സിറ്റിയിൽ അങ്ങനെയല്ല. ദിവസവും രണ്ടു നേരത്തെ ഭക്ഷണം ഒരുമിച്ച് ഒരു ടേബ്ളിൽ എന്നാണ് ഗ്വാർഡിയോളയുടെ ശൈലി. പരിശീലനത്തിന് മുമ്പ് പ്രാതലും പരിശീലനം കഴിഞ്ഞാൽ ഉച്ചഭക്ഷണവും. കളിക്കാർ, മാനേജർ, കോച്ചിങ് സ്റ്റാഫ് എന്നിവരെല്ലാം ഒന്നിച്ചിരുന്നുള്ള തീറ്റ. കളിക്കാർക്കിടയിലെ മനപ്പൊരുത്തം ഇവിടെ തുടങ്ങുന്നുവെന്ന പെപ് സ്റ്റൈൽ.
-കഠിനാധ്വാനം വിജയ രഹസ്യം നിർദേശം നൽകി മാറിനിൽക്കുകയല്ല, കളിക്കാർക്കൊപ്പം പരിശീലിക്കുകയാണ് ഗ്വാർഡിയോളയുടെ രീതി. പരിശീലന സമയത്തിന് മുേമ്പ അദ്ദേഹം ഗ്രൗണ്ടിലെത്തും. മൈതാനത്തെ പുല്ലിെൻറ അളവ് മുതൽ വെളിച്ചത്തിൽ വരെ ഇടപെടും. ദിവസവും 10 മണിക്കൂർ. ആഴ്ചയിൽ ആറോ ഏഴോ ദിവസം വരെ പരിശീലനം.
-വിശ്രമം, ഗോൾഫ് സിറ്റി കിരീടമണിഞ്ഞ മാഞ്ചസ്റ്റർ-വെസ്റ്റ്ബ്രോം മത്സരം ടി.വിയിൽ പോലും ഗ്വാർഡിയോള കാണാനിരുന്നില്ല. ഗോൾഫ് കളിച്ചും കുട്ടികൾക്കൊപ്പം ടി.വി സീരിയലും സിനിമയും കണ്ടും കളിയുടെ സമ്മർദം കളയുന്നു.
-സിനിമ, ഗെയിം ഇടവേളയിലും മത്സരത്തിെൻറ പിരിമുറുക്കത്തിനിടയിലും ടീം അംഗങ്ങൾക്കൊപ്പം ഒരു സിനിമ. അല്ലെങ്കിൽ പെയിൻറ്ബാളിങ് ഗെയിം.
-കളിയും കുടുംബവും മത്സര ദിവസങ്ങൾക്കു മുമ്പ് കളിക്കാരെ ടീം ഹോട്ടലിലാണ് പലകോച്ചുമാരും താമസിപ്പിക്കുന്നത്. എന്നാൽ, മത്സരത്തിന് തലേന്ന് ഗ്വാർഡിയോള താരങ്ങളെ കുടുംബത്തിനൊപ്പം വിടും. തലേരാത്രി കുടുംബത്തിനൊപ്പം കഴിഞ്ഞ് രാവിലെ പരിശീലനത്തിനെത്താനാണ് നിർദേശം. ഗ്വാർഡിയും ഒരു പൂർണ ഫാമിലി മാൻ.
-ഫ്രീ സാനെ, സ്റ്റർലിങ് കഴിഞ്ഞ സീസണിലെ പിഴവുകളിൽനിന്ന് പാഠം പഠിച്ചാണ് ഗ്വാർഡിയോള ഇൗ സീസണിൽ കളിയൊരുക്കിയത്. കെയ്ൽ വാകർ, ബെഞ്ചമിൻ മെൻഡി എന്നിവരെയെത്തിച്ച് പ്രതിരോധം ശക്തമാക്കി. റഹിം സ്റ്റർലിങ്, ലെറോയ് സാനെ എന്നിവർക്ക് ആക്രമിച്ച് കയറാൻ സ്വാതന്ത്ര്യവും നൽകി. കഴിഞ്ഞ സീസണിൽ 12 ഗോൾ മാത്രം നേടിയ സ്റ്റർലിങ് ഇൗ വർഷം 22 ഗോളടിച്ചു. സാനെ ഏഴിൽനിന്ന് 13 ഗോളും 14 അസിസ്റ്റുമായി ഏറെ മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.