ന്യൂഡൽഹി: രാജ്യത്തിനകത്തും വിദേശത്തും മത്സരങ്ങൾക്കെത്തുന്ന പെൺ അത്‌ലറ്റുകൾക്കൊപ്പം വനിത കോച്ചിനെയും നിർബന്ധമാക്കി സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്). രണ്ട് വനിത താരങ്ങൾ തങ്ങളുടെ പരിശീലകർക്കെതിരെ പീഡന പരാതികൾ ഉന്നയിച്ചതിനെത്തുടർന്നാണ് ദേശീയ കായിക സംഘടനകൾക്ക് സായ് നിർദേശം നൽകിയത്. സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ, പുതിയ പ്രോട്ടോകോളുകൾ ചർച്ച ചെയ്യുന്നതിനായി ഡയറക്ടർ ജനറൽ സന്ദീപ് പ്രധാൻ, അടുത്ത കോമൺവെൽത്ത് ഗെയിംസിൽ അത്‌ലറ്റുകളെ കളത്തിലിറക്കുന്ന 15ലധികം കായിക സംഘടനകളുടെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയിരുന്നു. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളിൽ വനിത അത്‌ലറ്റുകളോടൊപ്പം നിർബന്ധമായും വനിത കോച്ച് വേണം. എല്ലാ ദേശീയ പരിശീലന ക്യാമ്പുകളിലും വിദേശ പര്യടനത്തിലും കംപ്ലൈൻസ് ഓഫിസറെ (പുരുഷനും സ്ത്രീയും) നിയമിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അത്‌ലറ്റുകളുമായും മറ്റുള്ളവരുമായും പതിവായി ആശയവിനിമയം നടത്തൽ, മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ, കായികരംഗത്തെ ലൈംഗിക പീഡനം തടയുന്നതിനുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കൽ തുടങ്ങിയവ കംപ്ലൈൻസ് ഓഫിസറുടെ ഉത്തരവാദിത്തമാണ്. ലംഘനമുണ്ടായാൽ അധികാരികളെ എത്രയും വേഗം അറിയിക്കണം. വനിത സൈക്ലിസ്റ്റ് ഈയിടെ മുഖ്യപരിശീലകൻ ആർ.കെ. ശർമക്കെതിരെ സ്ലൊവീനിയയിൽ വെച്ചുണ്ടായ മോശം പെരുമാറ്റം സംബന്ധിച്ച് പരാതി നൽകിയിരുന്നു. ഇയാളെ പുറത്താക്കിയിട്ടുണ്ട്. ജർമനിയിൽ പരിശീലന യാത്രക്കിടെ പരിശീലകനിൽനിന്ന് മാനസിക പീഡനമുണ്ടായതായി സെയിലിങ് വനിത ദേശീയ താരവും പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.