കോപൻഹേഗൻ (ഡെന്മാർക്): ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ്. പ്രണോയിക്കും ലക്ഷ്യ സെന്നിനും ജയം. പുരുഷ സിംഗ്ൾസിൽ പ്രണോയ് ഫിൻലൻഡിന്റെ കല്ലേ കോൽജോനെനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപിച്ചത്. സ്കോർ: 24-22, 21-10. മൊറീഷ്യസിന്റെ ജോർജസ് ജൂലിയൻ പോളിനെ നേരിട്ടുള്ള ഗെയിമുകൾക്ക് ലക്ഷ്യയും പരാജയപ്പെടുത്തി. സ്കോർ: 21-12, 21-7. ജയത്തോടെ ഇരുവരും രണ്ടാം റൗണ്ടിലെത്തി.
മലേഷ്യ ഓപൺ ജേതാവായ പ്രണോയിക്ക് കടുപ്പമേറിയ തുടക്കമായിരുന്നു. ലോക 77ാം റാങ്കുകാരനായ കോൽജോനെനെതിരെ തിരുവനന്തപുരം സ്വദേശിക്ക് പലപ്പോഴും വിയർക്കേണ്ടിവന്നു. ആദ്യ ഗെയിമിൽ കൊൽജോനെനോട് 4-8ന് പിറകിലായശേഷമാണ് ലോക ഒമ്പതാം നമ്പറുകാരൻ ഉജ്ജ്വലമായി തിരിച്ചുവന്നത്. ഇഞ്ചോടിഞ്ച് പോരാടി ഒന്നാം ഗെയിം നേടി.
രണ്ടാം ഗെയിം ഒരു ഘട്ടത്തിൽ 6-5ലെത്തിക്കാൻ കൊൽജോനെന് കഴിഞ്ഞെങ്കിലും പ്രണോയ് അനായാസം ജയത്തിലേക്കു കുതിച്ചു. ലക്ഷ്യക്കാവട്ടെ എളുപ്പമായിരുന്നു കാര്യങ്ങൾ. അതേസമയം, മിക്സഡ് ഡബ്ൾസിൽ ഇന്ത്യയുടെ സിക്കി റെഡ്ഡി-രോഹൻ കപൂർ സഖ്യം സ്കോട്ട്ലൻഡിന്റെ ആഡം ഹാൾ-ജൂലി മക്ഫേഴ്സൺ ജോടിയോട് 14-21, 22-20, 18-21ന് തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.