കുഞ്ഞന്‍ പി.സി നിരയിലേക്ക് ‘റീമിക്സ് മിനി’

ചെറിയ ഡി.വി.ഡി പ്ളെയറിന്‍െറ വലിപ്പമുള്ള കുഞ്ഞന്‍ പി.സി (പേഴ്സണല്‍ കമ്പ്യൂട്ടര്‍) കളാണ് ഇപ്പോള്‍ വിപണിയിലെ പുതുമ. മോണിട്ടറും കീബോര്‍ഡും മൗസും പ്രത്യേകം ഘടിപ്പിക്കേണ്ട ഉപകരണമാണ് മിനി പി.സിയെന്ന് ഓര്‍ക്കണം. ആപ്പിള്‍ മാക് മിനി, അസൂസ് വിവോ മിനി,  എച്ച്.പി പവലിയണ്‍ മിനി എന്നിവയാണ് വിപണിയിലെ മിനി കമ്പ്യൂട്ടര്‍ മുമ്പന്മാര്‍. ഇക്കൂട്ടത്തിലേക്ക് ചൈനീസ് കമ്പനി കൂടി എത്തുകയാണ്. ബെയ്ജിങ് ആസ്ഥാനമായ ജിഡെ ടെക് ആണ് ‘റീമിക്സ് മിനി’ എന്ന കുഞ്ഞന്‍ കമ്പ്യൂട്ടറിന്‍െറ ഉപജ്ഞാതാക്കള്‍. മറ്റുള്ളവക്ക് 30,000ന് മേല്‍ വില വരുമ്പോള്‍ വിലക്കുറവു തന്നെയാണ് റീമിക്സ് മിനിയുടെ പ്രധാന ആകര്‍ഷണം. ഒരു ജി.ബി റാം, എട്ട് ജി.ബി ഇന്‍േറണല്‍ സ്റ്റോറേജ് പതിപ്പിന് ഏകദേശം 1275രൂപയേ വരൂ. രണ്ട് ജി.ബി റാമും 16 ജി.ബി സ്റ്റോറേജും വേണമെങ്കില്‍ 2500 രൂപയുമാകും.

ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കി സൃഷ്ടിച്ച റീമിക്സ് ഒ.എസിലാണ് ഇത് ഓടുന്നത്. സംഗതി ആന്‍ഡ്രോയിഡ് ആണെങ്കിലും വലിയ സ്ക്രീന് പറ്റിയ മൗസും കീബോര്‍ഡും പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഒ.എസിനെ അടിമുടി മാറ്റിയിട്ടുണ്ട്. ടാസ്ക് ബാര്‍, ഒരേസമയം പലകാര്യങ്ങള്‍ ചെയ്യാന്‍ മള്‍ട്ടി വിന്‍ഡോ എന്നിവയുണ്ട്. അതേപോലെ ആന്‍ഡ്രോയിഡില്‍ മാറ്റങ്ങള്‍ വരുത്തി ഉണ്ടാക്കിയതായതിനാല്‍ ആന്‍ഡ്രോയിഡ് ആപ്പുകളും സുഖമായി ഉപയോഗിക്കാം. ടച്ച്സ്ക്രീനില്ളെങ്കിലും ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ കിട്ടുന്ന ഗെയിമുകളും കളിക്കാം. 1.2 ജിഗാഹെര്‍ട്സ് 64 ബിറ്റ് നാലുകോര്‍ പ്രോസസറാണ്. മെമ്മറി കൂടുതല്‍ വേണമെങ്കില്‍ യു.എസ്.ബി പോര്‍ട്ടില്‍ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്ക് ഘടിപ്പിക്കാം. മൈക്രോ എസ്.ഡി കാര്‍ഡ് പോര്‍ട്ടുമുണ്ട്. മോണിട്ടറോ എല്‍ഇഡി ടി.വിയോ കുത്താന്‍ എച്ച്ഡിഎംഐ പോര്‍ട്ടുമുണ്ട്. വൈ ഫൈ, നെറ്റ് കണക്ഷന് ഇതര്‍നെറ്റ് പോര്‍ട്ട്, സ്പീക്കറോ ഹെഡ്ഫോണോ കുത്താന്‍ 3.5 ഓഡിയോ ജാക് എന്നിവയാണ് മറ്റ് വിശേഷങ്ങള്‍. പൊതുജനങ്ങളില്‍നിന്ന് ഫണ്ട് സ്വരൂപിച്ച് നിര്‍മിക്കുന്ന കിക്സ്റ്റാര്‍ട്ടര്‍ പദ്ധതിയില്‍പെട്ട ഉല്‍പന്നമായതിനാല്‍ വിപണിയില്‍ എത്താന്‍ സമയമെടുക്കും.  ലോകമെമ്പാടും ഈ ഒക്ടോബറില്‍ വിപണിയില്‍ എത്തിക്കാനാണ് അണിയറ ശില്‍പികളുടെ ശ്രമം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.