അള്‍ട്രാ എച്ച്.ഡി ബ്ളൂറേ പ്ളെയറും സ്ളീപ് ട്രാക്കറുമായി സാംസങ്

അള്‍ട്രാ ഹൈ ഡെഫനിഷന്‍ (ഫോര്‍ കെ) ബ്ളൂ റേ പ്ളെയറും സ്വസ്ഥമായ ഉറക്കത്തിന് സഹായിക്കുന്ന സ്ളീപ് ട്രാക്കറുമായി സാംസങ് വന്നു. എല്ലാം ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വീടുകള്‍ എന്ന സങ്കല്‍പത്തിലേക്ക് ഒരു പടി കൂടി കടക്കുകയാണ് ‘സ്ളീപ് സെന്‍സ്’ എന്ന സ്ളീപ് ട്രാക്കറുമായി സാംസങ്. ഈ സ്ളീപ് ട്രാക്കര്‍ സാംസങ്ങിന്‍െറ സ്മാര്‍ട്ട് ടി.വിയടക്കമുള്ള മറ്റ് സ്മാര്‍ട്ട് വീട്ടുപകരണങ്ങളുമായി ബന്ധിപ്പിച്ചാല്‍ തനിയെ ഓഫാക്കാനും ഓണാക്കാനും കഴിയും.  മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച സ്ളീപ് ട്രാക്കര്‍ മത്തെക്കടിയില്‍ വെച്ചാല്‍ നിങ്ങളുടെ ഉറക്കം വിലയിരുത്തി ഉറക്കത്തിന്‍െറ തോത് അപ്പപ്പോള്‍ അറിയിക്കും. ആകെ ഉറങ്ങിയ സമയം, ഉറക്കത്തിലേക്ക് വഴുതി വീഴാനെടുത്ത സമയം, ഉറക്കമുണര്‍ന്ന തവണകള്‍, കിടക്ക വിട് പുറത്തുപോയ സമയങ്ങള്‍, ഗാഡനിദ്രയുടെ സമയം തുടങ്ങിയവ ഇത് വിലയിരുത്തും.  ഹൃദയമിടിപ്പ്, ശ്വസനം എന്നിവയുടെ നിരക്കും വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കും. അതിനാല്‍ രോഗികളുടെയും വൃദ്ധരുടെയും അവസ്ഥ അറിയാന്‍ ഈ ഉപകരണം ഉപയോഗിക്കാം. ഫാമിലി കെയര്‍ സംവിധാനം ഉള്ള ഇതിന്‍െറ മൊബൈല്‍ ആപ് കുടുംബത്തിലെ അംഗത്തിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇ-മെയില്‍ വഴി അയക്കും. എന്ന് പുറത്തിങ്ങുമെന്നോ വിലയെന്താകുമെന്നോ സൂചനയില്ല. 


സാധാരണ ബ്ളൂറേ പ്ളെയറുകളേക്കാള്‍ നാലുമടങ്ങ് റസലൂഷനും 64 മടങ്ങ് നിറപ്പൊലിമയുമുള്ള അള്‍ട്രാ എച്ച്.ഡി ബ്ളൂറേ പ്ളെയര്‍ കമ്പനിയുടെ ഇത്തരത്തിലുള്ള ആദ്യ ഉപകരണമാണ്. ഏത് സീഡിയിട്ടാലും അള്‍ട്രാ എച്ച്.ഡി റസലൂഷനില്‍ അപ്സ്കെയില്‍ ചെയ്ത് കാട്ടിത്തരും. UBSK8500 എന്നാണ് മോഡല്‍ നമ്പര്‍. എച്ച്.ഡി.എം.ഐ 2.0 പോര്‍ട്ടു വഴി ഹൈ ഡൈനാമിക് റേഞ്ചിലുള്ള (എച്ച്.ഡി.ആര്‍) ചിത്രങ്ങളെയും പിന്തുണക്കും. ഡോള്‍ബി അറ്റ്മോസ്, ഡി.ടി.എസ് എക്സ് ശബ്ദവിന്യാസവും പ്രത്യേകതയാണ്. അടുത്തവര്‍ഷം അമേരിക്കയിലും യൂറോപ്പിലും ഇറങ്ങും. 30,000 രൂപയോളം ആകുമെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.