എന്തിനും ഐപാഡ് പ്രോ, ഒപ്പം ആപ്പിള്‍ പെന്‍സിലും

12.9 ഇഞ്ച് സ്ക്രീനുള്ള വലിയ ഐപാഡ് പ്രോക്കൊപ്പം വരയ്ക്കാനും എഴുതാനും കഴിയുന്ന സ്മാര്‍ട്ട് പേനയായ ആപ്പിള്‍ പെന്‍സിലും രംഗത്തിറക്കി. 2732x2048 പിക്സല്‍ റസലൂഷനുള്ള സ്ക്രീനാണ്. ഒരു ഇഞ്ചില്‍ 264 പിക്സലാണ് വ്യക്തത. 6.9 മില്ലീമീറ്ററാണ് കനം. ഐപാഡ് എയര്‍ രണ്ടിലേക്കാള്‍ 1.8 മടങ്ങ് വേഗമുള്ള ആപ്പിളിന്‍െറ മൂന്നാം തലമുറ 64 ബിറ്റ് എ9എക്സ് പ്രോസസറും എം9 മോഷന്‍ പ്രോസസറുമുണ്ട്. രണ്ട് ജി.ബിയാണ് റാം. ഐഒഎസ് 9 ആണ് ഒ.എസ്.  10 മണിക്കൂര്‍ നില്‍ക്കുന്ന 38.5 Wh ബാറ്ററിയാണ്.

പിടിക്കുന്ന വശത്തിനനുസരിച്ച് (വലത്തും ഇടത്തും) ശബ്ദം ക്രമീകരിക്കുന്ന നാല് സ്പീക്കറുകളുണ്ട്. ഹോം ബട്ടണില്‍ വിരലടയാള സെന്‍സര്‍, എട്ട് മെഗാപിക്സലുള്ള പിന്‍കാമറ, എച്ച്.ഡി റെക്കോര്‍ഡിങ്ങുള്ള 1.2 മെഗാപിക്സല്‍ മുന്‍കാമറ, 713 ഗ്രാം ഭാരം, വൈ ഫൈ, ബ്ളൂടൂത്ത് 4.2, ജി.പി.എസ് എന്നിവയുണ്ട്. സില്‍വര്‍, ഗോള്‍ഡ്, ഗ്രേ നിറങ്ങളിലാണ് ലഭിക്കുക. 
32 ജി.ബി വൈ ഫൈ മോഡലിന് 799 ഡോളറും 128 ജി.ബി വൈ ഫൈക്ക് 949 ഡോളറും സിമ്മിടാവുന്ന 128 ജി.ബി ഫോര്‍ജി മോഡലിന് 1079 ഡോളറുമാണ് വില.

 

കീബോര്‍ഡ് 
ഐപാഡ് പ്രോക്കൊപ്പം ഉപയോഗിക്കാവുന്ന പൂര്‍ണ കീബോര്‍ഡിന് 169 ഡോളറും നല്‍കണം. കീബോര്‍ഡ് ഘടിപ്പിക്കാന്‍ ഐപാഡ് പ്രോയില്‍ മാഗ്നറ്റിക് കണക്ടറുണ്ട്. രണ്ടും നവംബറില്‍ വിപണിയില്‍ ഇറങ്ങും. 

 

ആപ്പിള്‍ പെന്‍സില്‍
പേപ്പറില്‍ സാദാ പെന്‍സില്‍ കൊണ്ടെന്നപോലെ ഐപാഡില്‍ കുറിപ്പെഴുതാനും വരക്കാനും ഉപയോഗിക്കാവുന്ന മിടുക്കന്‍ പെന്‍സിലുമായാണ് ആപ്പിള്‍ ഇത്തവണത്തെ വരവ് ശ്രദ്ധേയമാക്കിയത്. എട്ടുവര്‍ഷം മുമ്പ് ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് ശക്തമായി എതിര്‍ത്ത സ്റ്റൈലസ് എന്ന സ്മാര്‍ട്ട് പേനയാണ് ഇപ്പോള്‍ ആപ്പിള്‍ പെന്‍സിലായി വരുന്നത്. ഐപാഡ് പ്രോയുടെ സ്ക്രീനിന് തിരിച്ചറിയപ്പെടാത്ത വിരല്‍സ്പര്‍ശങ്ങളുണ്ട്. ഇവിടെയാണ് പെന്‍സില്‍ സഹായകരമാവുന്നത്. പെന്‍സിലിന്‍െറയും വിരലിന്‍െറയും സ്പര്‍ശവ്യത്യാസം തിരിച്ചറിയാനും ഐപാഡ് പ്രോയ്ക്ക് കഴിയും. ആപ്പിളിന്‍െറ ആപ്പുകളില്‍ മാത്രമല്ല, മറ്റ് ആപ്പുകളിലും പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് രൂപകല്‍പന. വരയ്ക്കാനും എഴുതാനും കഴിയുന്ന ആപ്പിളിന്‍െറ നോട്ട് ആപ്പില്‍ പെന്‍സിലുപയോഗിക്കാം. അമര്‍ത്തി വരച്ചാല്‍ കട്ടികൂടിയ വരയും പതിയെവരച്ചാല്‍ നേര്‍ത്ത വരയുമാണ് വരിക. പെന്‍സിലിന്‍െറ ഉപയോഗരീതി തിരിച്ചറിയാന്‍ ഐപാഡ് പ്രോക്ക് കഴിയും. 12 മണിക്കൂര്‍ ചാര്‍ജ് നില്‍ക്കും. ഇനി തീര്‍ന്നാല്‍ ഐപാഡ് പ്രോയുടെ ലൈറ്റ്നിങ് കണക്ടറില്‍ 15 സെക്കന്‍ഡ് കുത്തിയാല്‍ അരമണിക്കൂര്‍ പ്രവര്‍ത്തിക്കും. ആപ്പിള്‍ പെന്‍സിലിന് 99 ഡോളര്‍ (ഏകദേശം 7,000 രൂപ) ആണ് വില. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.