ട്രൂടോണ്‍ തെളിച്ചവുമായി മെലിഞ്ഞ് ഐപാഡ് പ്രോ 9.7

വലിപ്പം കുറഞ്ഞ 9.7 ഇഞ്ച് ഐപാഡ് പ്രോയും ആപ്പിള്‍ രംഗത്തിറക്കി. കഴിഞ്ഞവര്‍ഷം ഇറങ്ങിയ 12.9 ഇഞ്ച് ഐപാഡ് പ്രോയുടെ കുഞ്ഞന്‍ രൂപമാണിത്. സ്ക്രീനില്‍ വരക്കാനും എഴുതാനും കഴിയുന്ന ആപ്പിള്‍ പെന്‍സില്‍ എന്ന സ്റ്റൈലസ് ഇതില്‍ ഉപയോഗിക്കാം. സ്മാര്‍ട്ട് കീബോര്‍ഡും ഘടിപ്പിക്കാം. പ്രോയുടെ 12 ഇഞ്ച് വലിപ്പം ഇഷ്ടപ്പെടാത്തവരെ പരിഗണിച്ചാണ് ആപ്പിള്‍ 9.7 ഇഞ്ചില്‍ ഐപാഡ് ഇറക്കിയത്. 2048 x 1536 പിക്സല്‍ റസലൂഷനും ഒരു ഇഞ്ചില്‍ 264 പിക്സല്‍ വ്യക്തതയുമുള്ള ഡിസ്പ്ളേയാണ്. ഐപാഡ് എയര്‍ 2വിനേക്കാള്‍ 25 ശതമാനം കൂടുതല്‍ തെളിച്ചമുള്ള സ്ക്രീനാണ്.  

ബ്രൈറ്റ്നസും സൂര്യപ്രകാശത്തിന്‍െറ തോതും തിരിച്ചറിഞ്ഞ് കണ്ണിന് സൗകര്യപ്രദമായ കാഴ്ച നല്‍കുന്ന ട്രൂ ടോണ്‍ സാങ്കേതികവിദ്യയാണ് പ്രത്യേകത.  ഫോര്‍കെ വീഡിയോ റെക്കോഡ് ചെയ്യാവുന്ന 12 മെഗാപിക്സല്‍ ഐ സൈറ്റ് പിന്‍കാമറ, പുതിയ ഇമേജ് സിഗ്നല്‍ പ്രോസസര്‍, 12.9 ഇഞ്ച് ഐപാഡ് പ്രോയില്‍ കണ്ട 2.26 ജിഗാഹെര്‍ട്സ് രണ്ടുകോര്‍ A9X പ്രോസസര്‍, ഐഒഎസ് 9.3 ഒ.എസ്, നാല് ജി.ബി റാം,  തെളിച്ചമുള്ള സെല്‍ഫിക്കായി റെറ്റിന ഫ്ളാഷ് സൗകര്യമുള്ള അഞ്ച് മെഗാപിക്സല്‍ ഫേസ്ടൈം മുന്‍കാമറ, ലൈവ് ഫോട്ടോസ് സൗകര്യം, ടച്ച് ഐഡി വിരലടയാള സെന്‍സര്‍, നാല് സ്പീക്കറുകള്‍, 10 മണിക്കൂര്‍ നില്‍ക്കുന്ന 27.5 വാട്ട് അവര്‍ ബാറ്ററി, വൈ ഫൈ, ബ്ളൂടൂത്ത് 4.2, എന്‍എഫ്സി, 437 ഗ്രാം ഭാരം എന്നിവയുണ്ട്.

വൈ ഫൈ മാത്രമുള്ള 32 ജി.ബി പതിപ്പിന് 599 ഡോളറും 128 ജി.ബിക്ക് 749 ഡോളറും 256 ജി.ബിക്ക് 899 ഡോളറുമാണ് വില. ആദ്യമായാണ് ഐപാഡില്‍ 256 ജി.ബി മെമ്മറി കൊണ്ടുവരുന്നത്. സിമ്മിടാവുന്ന പതിപ്പിന്‍െറ വില അറിവായിട്ടില്ല. സ്പേസ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളിലാണ് ലഭിക്കുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.