ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയാണ് ക്രിക്കറ്റ് ലോകത്ത് 'ഹെലികോപ്റ്റർ ഷോട്ട്' ജനപ്രിയമാക്കിയത്. അദ്ദേഹമിപ്പോൾ 'ഡ്രോണി' എന്ന പേരിലുള്ള ക്വാഡ്‌കോപ്റ്റർ കൺസ്യൂമർ ക്യാമറ ഡ്രോൺ പുറത്തിറക്കിയിരിക്കുകയാണ്. മികച്ച ഫീച്ചറുകളുമായെത്തുന്ന ഡ്രോണി ചെന്നൈയിൽ നടന്ന ഒരു ചടങ്ങിൽ വെച്ചാണ് ലോഞ്ച് ചെയ്തത്. എംഎസ് ധോണി ബ്രാൻഡ് അംബാസഡറായ ഗരുഡ എയ്‌റോസ്‌പേസ് ആണ് നൂതന ഫീച്ചറുകളുള്ള മെയ്ഡ് ഇൻ ഇന്ത്യ ഡ്രോൺ ക്യാമറ നിർമ്മിച്ചിരിക്കുന്നത്. അദ്ദേഹത്തിന് കമ്പനിയിൽ നിക്ഷേപവുമുണ്ട്.
കാർഷിക രംഗത്ത് കീടനാശിനി തളിക്കാനും, സോളാർ പാനൽ വൃത്തിയാക്കാനും, ഇൻഡസ്ട്രിയൽ പൈപ്പ്‌ലൈൻ പരിശോധനകൾ, മാപ്പിങ്, സർവേ, പൊതു അറിയിപ്പുകൾ, ഡെലിവറി സേവനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം 'ഡ്രോൺ പരിഹാരങ്ങൾ' വാഗ്ദാനം ചെയ്തുകൊണ്ട് ഗരുഡ എയ്‌റോസ്‌പേസ് ഇപ്പോൾ രാജ്യത്ത് സ്വന്തമായി ഒരു ഇടം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ ഡ്രോണി എന്ന പേരിൽ പുതിയ കൺസ്യൂമർ ഡ്രോണുമായാണ് വിപണിയിൽ എത്തിയിരിക്കുന്നത്. 2022 അവസാനത്തോടെ ഉൽപ്പന്നം വിപണിയിൽ ലഭ്യമാകുമെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ അഗ്നീശ്വർ ജയപ്രകാശ് പറഞ്ഞു.
ക്വാഡ്കോപ്റ്ററായ ഡ്രോണി, ഫോട്ടോഗ്രഫി, വിഡിയോഗ്രഫിക്കുമായി വേണ്ടി നിർമിച്ചതാണ്. 20 മെഗാ പിക്‌സൽ കാമറ, മൂന്ന് കി.മീറ്റർ വരെ ദൂരക്കാഴ്ചയുള്ള വിഷ്വൽ ലൈൻ ഓഫ് സൈറ്റ്(വി.എൽ.ഒ.എസ്), വിഘാതങ്ങൾ തടയാനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം ഡ്രോണിയിലുണ്ടാകും.
കാർഷിക മേഖലയെ ലക്ഷ്യമിട്ടുള്ള പുതിയ 'കിസാൻ ഡ്രോൺ' പുറത്തിറക്കുന്നതിനും ചെന്നൈയിൽ നടന്ന പരിപാടി സാക്ഷ്യം വഹിച്ചു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ ഡ്രോണിന് പ്രതിദിനം 30 ഏക്കർ സ്ഥലത്ത് കാർഷിക കീടനാശിനി തളിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.