ഏറെ അഭ്യൂഹങ്ങൾക്ക് ഒടുവിലായിരുന്നു ഫേസ്ബുക് ഇൻകോർപറേറ്റീവിന്‍റെ പേരുമാറ്റം. ഫേസ്ബുക്ക് എന്നതിന് പകരം ഇനിമുതൽ 'മെറ്റ ഇന്‍കോർപറേറ്റീവ്' എന്നാണ് അറിയപ്പെടുക.
ഫേസ്ബുക് കണക്ട് ഓഗ്മെന്റഡ് ആൻഡ് വിർച്വൽ റിയാലിറ്റി കോൺഫറൻസിലായിരുന്നു സി.ഇ.ഒ മാർക് സക്കർബർഗിന്‍റെ പേരുമാറ്റ പ്രഖ്യാപനം. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് പുതിയ ലോഗോയും അനാഛാദനം ചെയ്തു.
മാർക്ക് സക്കർബർഗിന്‍റെ പേരുമാറ്റത്തെ ട്വിറ്റർ നിരവധി ട്രോളുകളോടെയാണ് നേരിട്ടത്. പേരുമാറ്റത്തെ പരിഹസിച്ചും കളിയാക്കിയും നിരവധിപേർ രംഗത്തെത്തി.
എന്നാൽ, ട്രോളുകൾ മാത്രമല്ല ഇപ്പോൾ കമ്പനി നേരിടുന്ന പ്രശ്നം. ഫേസ്ബുക് അവതരിപ്പിച്ച പുതിയ മെറ്റ ലോഗോ കോപ്പിയടിച്ചതാണെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ജർമൻ മൈഗ്രേൻ ആപ്പായ 'എം സെൻസ് മൈഗ്രേൻ' എന്നതിന്‍റെ ലോഗോക്ക് സമാനമാണ് മെറ്റ ലോഗോ. ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത് സ്റ്റാർട്ട് അപ്പാണ് എം സെൻസ് മൈഗ്രേൻ. തലവേദന, ൈമഗ്രേൻ തുടങ്ങിയവകൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് സഹായം വാഗ്ദാനം ചെയ്യുകയാണ് ലക്ഷ്യം. 2016ലാണ് ഇതിന്‍റെ രൂപീകരണം.
'ഞങ്ങളുടെ മൈഗ്രേൻ ആപ്പിൽനിന്ന് ഫേസ്ബുക്ക് പ്രചോദനം ഉൾക്കൊണ്ട് ലോഗോ നിർമിച്ചതിൽ അഭിമാനംകൊള്ളുന്നു. ഒരുപക്ഷേ അവർ ഞങ്ങളുടെ ഡേറ്റ സ്വകാര്യത നടപടിക്രമങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടേക്കാം' -കമ്പനി ട്വീറ്റ് ചെയ്തു.
റീബ്രാൻഡിങ്ങിനെ തുടർന്നുണ്ടായ തലവേദന പരിഹരിക്കാൻ സക്കർബർഗിനോട് എം സെൻസ് മൈേഗ്രൻ ആപ്പ് ഡൗൺലോഡ് ചെയ്യാൻ പറഞ്ഞ് കമ്പനി പരിഹസിക്കുകയും ചെയ്തു. മെറ്റക്കെതിരെ എംസെൻസ് നിയമനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.