അടിയന്തര സാഹചര്യങ്ങളിൽ 5ജി കണക്ഷൻ; പുതിയ പദ്ധതിയുമായി ടെലികോം മന്ത്രാലയം

ന്യൂഡല്‍ഹി: അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും മൊബൈൽ കവറേജ് നൽകുന്നതിനും ഇന്റര്‍നെറ്റ് കണക്ടിവിറ്റി അതിവേഗം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്ര ടെലികോം മന്ത്രാലയം. ഇതിന്റെ ഭാഗമായി ടെതർ ചെയ്ത ബലൂണുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള താൽകാലിക 5ജി നെറ്റ്‌വർക്ക് എത്തിക്കുന്നതിനുള്ള ആദ്യ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ നുര്‍മതി ഗ്രാമത്തിലാണ് കഴിഞ്ഞമാസം ബലൂണ്‍ ഉപയോഗിച്ചുള്ള 5ജി കണക്ടിവിറ്റി പരീക്ഷിച്ചത്. 5ജി റൂട്ടറുകളും ഇന്റര്‍നെറ്റ് കണ്‍ട്രോള്‍ യൂണിറ്റുകളും ഉപയോഗിച്ചായിരുന്നു പരീക്ഷണം. ബലൂണുകളിലെ നെറ്റ് വര്‍ക്ക് റൂട്ടറുകളും നെറ്റ് വര്‍ക്ക് കണ്‍ട്രോള്‍ യൂണിറ്റുകളും വഴിയാണ് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സെക്കന്റില്‍ 10 മെഗാബിറ്റ് വേഗത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കിയത്. ഡാറ്റാ കൈമാറ്റത്തിനും കമ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന 5ജി ബേസ് സ്‌റ്റേഷനാണ് ജി.എൻ.ബി. ബലൂണില്‍ സ്ഥാപിച്ച ജി.എൻ.ബി ആന്റിനകൾക്കും അനുബന്ധ ഉപകരണങ്ങൾക്കുമുൾപ്പെടെ 10 മുതല്‍ 15 കിലോഗ്രാം വരെ ഭാരമുണ്ട്.

പുതിയ മൊബൈൽ സൈറ്റുകൾ സ്ഥാപിക്കുന്നതിനെ അപേക്ഷിച്ച് ദുരന്തസമയത്ത് ടെലികോം കണക്റ്റിവിറ്റിക്കായി ഡ്രോണുകളും ബലൂണുകളും ഉപയോഗിക്കുന്നത് കൂടുതൽ സൗകര്യപ്രദമായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ദുരന്തസമയത്തും അതിനുശേഷവും ടെലികോം കണക്റ്റിവിറ്റി ഉറപ്പുനൽകുന്നതിനുള്ള ഉത്തരവാദിത്തം ഡിസാസ്റ്റർ മാനേജ്മെൻ്റ് യൂണിറ്റിനാണ്. കണക്ടിവിറ്റി ആവശ്യകതകൾ പരിഹരിക്കുന്നതിന് പുറമേ മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുകയും ഓട്ടോമേറ്റഡ് മുൻഗണനാ കോൾ റൂട്ടിങ് നടപ്പിലാക്കുകയും ചെയ്യുന്നു.

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (ടി.ഐ.എഫ്.ആര്‍), സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡോട്ട്) എന്നിവരുമായി സഹകരിച്ചാണ് ബലൂണ്‍ പരീക്ഷണം നടത്തിയത്. അടുത്ത ഘട്ടത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണം നടത്താനാണ് പദ്ധതി. ഇതിന്റെ ഭാഗമായി അഞ്ചോളം ഡ്രോണ്‍ കമ്പനികളെ ബന്ധപ്പെടാനാണ് ടെലികോം വകുപ്പ് ലക്ഷ്യമിടുന്നത്.

Tags:    
News Summary - 5G connection in emergency situations; Ministry of Telecom with new plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.