കാസ്​പെർസ്കിക്ക് നിരോധനമേർപ്പെടുത്തി യു.എസ്

വാഷിങ്ടൺ: ആന്റിവൈറസ് സോഫ്റ്റ്​വെയറായ കാസ്​പെർസ്കിക്ക് നിരോധനവുമായി യു.എസ്. റഷ്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൈബർ സുരക്ഷ കമ്പനിയാണ് സോഫ്റ്റ്​വെയർ നിർമിക്കുന്നത്. സുരക്ഷക്ക് ഭീഷണിയാണെന്ന് അറിയിച്ചാണ് കാസ്​പെർസ്കിക്ക് യു.എസ് നിരോധന​മേർപ്പെടുത്തിയിരിക്കുന്നത്.

റഷ്യൻ സർക്കാറിന്റെ ​സൈബർ രംഗത്തെ നേട്ടങ്ങളും കാസ്​പെർസ്കിയെ നിയന്ത്രിക്കാനുള്ള കഴിവും മുൻനിർത്തിയാണ് സോഫ്റ്റ്​വെയറിന് നിരോധനമേർപ്പെടുത്തുന്നതെന്ന് യു.എസ് വിശദീകരിച്ചു. യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സാണ് നിരോധനമേർപ്പെടുത്തി ​കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. യു.എസിൽ ഇനി മുതൽ കമ്പനിക്ക് സോഫ്റ്റ്​വെയർ വിൽക്കാനാവില്ല. എന്നാൽ, നിലവിൽ വിറ്റിട്ടുള്ള സോഫ്റ്റ്​വെയറുകൾക്ക് അപ്ഡേറ്റ് നൽകാമെന്നും യു.എസ് വ്യക്തമാക്കി.

പ്രൊഫഷണലുകൾ കാസ്​പെർസ്കി ആന്റി വൈറസ് സോഫ്റ്റ്​വെയറിന് പകരം ബദലുകൾ ഉപയോഗിക്കണമെന്നും യു.എസ് നിർദേശിച്ചിട്ടുണ്ട്. കാസ്​പെർസ്കി പോലുള്ള കമ്പനികളെ ചൂഷണം ചെയ്ത് യു.എസിൽ നിന്നും വിവരങ്ങൾ ചോർത്താൻ കഴിയുമെന്ന് റഷ്യ തെളിയിച്ചിട്ടുണ്ട്. ഇനിയും ഇത്തരം സോഫ്റ്റ്​വെയറുകൾ ഉപയോഗിക്കുക വഴി യു.എസിന്റെ ദേശസുരക്ഷയെയാണ് അപകടത്തിലാക്കുന്നതെന്നും അതുകൊണ്ടാണ് ഇത് ഒഴിവാക്കുന്നതെന്നും യു.എസ് സെക്രട്ടറി ഓഫ് കോമേഴ്സ് ജിന റായ്മോണ്ടോ പറഞ്ഞു.

ജൂലൈ 20 മുതലായിരിക്കും സോഫ്റ്റ്​വെയറിന്റെ വിൽപനക്ക് യു.എസിൽ നിരോധനം വരിക. സെപ്റ്റംബർ 29 വരെ നിലവിലുള്ള ഉപഭോക്താക്കൾക്ക് സോഫ്റ്റ്​വെയർ കമ്പനിക്ക് അപ്ഡേറ്റ് നൽകാം. 2017 മുതൽ യു.എസ് സർക്കാറിന്റെ ഉപ​കരണങ്ങളിൽ കാസ്​പെർസ്കിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.  

Tags:    
News Summary - US bans Russian company Kaspersky’s software over security concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.