യൂട്യൂബ് വിഡിയോകളുടെ തുടക്കത്തിലും ഇടയിലും അവസാനത്തിലും പരസ്യങ്ങൾ കണ്ട് കണ്ട് നിങ്ങൾ മടുത്തോ..? എങ്കിൽ, ഞെട്ടാൻ തയ്യാറായിക്കോളൂ.. ഗൂഗിളിന്റെ ജനപ്രിയ വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോം നിങ്ങളെ കൂടുതൽ പരസ്യങ്ങൾ കാണിക്കാനുള്ള വഴി വെട്ടിക്കൊണ്ടിരിക്കുകയാണ്.
വിഡിയോ കാണുന്നതിനിടെ ഒന്ന് റെസ്റ്റെടുക്കാനായി വിഡിയോ പൗസ് ചെയ്താലും ഇനി പരസ്യങ്ങൾ കാണേണ്ടിവരും. അതെ, പൗസ് ചെയ്ത വിഡിയോകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് യൂട്യൂബ് നിലവിൽ. വരും ആഴ്ചകളിൽ തന്നെ ‘പൗസ് ആഡ്സ്’ യൂട്യൂബിൽ നിങ്ങൾ കണ്ട് തുടങ്ങിയേക്കും.
കഴിഞ്ഞ വർഷം യൂട്യൂബിൻ്റെ ബ്രാൻഡ്‌കാസ്റ്റ് ഇവൻ്റിൽ പ്രഖ്യാപിച്ചത് പ്രകാരം സ്മാർട്ട് ടിവികളിലെ യൂട്യൂബ് ആപ്പിൽ പൗസ് പരസ്യങ്ങൾ പൈലറ്റ് ടെസ്റ്റിങ്ങിലാണ്. പൗസ് പരസ്യങ്ങളുടെ ടെസ്റ്റിങ് വിജയകരമാണെന്നും അത് കമ്പനിക്ക് ഏറെ ഗുണം ചെയ്തതായും ശ്രദ്ധയാകർഷിക്കുകയും ചെയ്തതായി ഗൂഗിളിൻ്റെ വൈസ് പ്രസിഡൻ്റ് ഫിലിപ്പ് ഷിൻഡ്‌ലർ അഭിപ്രായപ്പെട്ടു.
നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന വിഡിയോ താൽക്കാലികമായി നിർത്തുമ്പോഴായിരിക്കും ഈ പരസ്യങ്ങൾ കാണിക്കുക. വിഡിയോ പൗസ് ചെയ്യുമ്പോൾ വിഡിയോ ചുരുങ്ങുകയും പരസ്യങ്ങൾ പ്ലെയറിൽ നിറയുകയും ചെയ്യും. വിഡിയോ കാണുന്നത് പുനരാരംഭിക്കുന്നതിന് ‘പൗസ് പരസ്യം’ നിങ്ങൾ സ്കിപ് ചെയ്യേണ്ടതായി വരും.
പൗസ് ആഡ്സ്’ എല്ലാവരിലേക്കും എപ്പോഴാണ് എത്തുക എന്നതുമായി ബന്ധപ്പെട്ട് ഗൂഗിൾ നിലവിൽ സൂചനകളൊന്നും നൽകിയിട്ടില്ല. പരീക്ഷണങ്ങൾ വിജയിച്ചതിനാൽ, വരും ദിവസങ്ങളിൽ തന്നെ പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം സ്കിപ് ചെയ്യാൻ കഴിയാത്ത 30 സെക്കൻഡ് പരസ്യങ്ങൾ അവതരിപ്പിച്ച് യൂസർമരെ കുഴക്കിയ യൂട്യൂബ് പരസ്യങ്ങൾ പ്രദർശിപ്പിക്കാനായി പുതിയ മേച്ചിൽപുറങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്.
ആഡ് ബ്ലോക്കറുകൾക്കും പരസ്യങ്ങളില്ലാതെ വിഡിയോ കാണാൻ കഴിയുന്ന തേർഡ് പാർട്ടി ആപ്പുകൾക്കും നിലവിൽ യൂട്യൂബ് കടിഞ്ഞാണിട്ടിരിക്കുകയാണ്. ഇനി പരസ്യങ്ങളിൽ നിന്ന് രക്ഷനേടാനായി യൂട്യൂബ് പ്രീമിയം തന്നെ എടുക്കേണ്ടിന്നേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.