കാലങ്ങളായി രാജ്യതലസ്ഥാനത്തെ ജനങ്ങൾ വായുമലിനീകരണമെന്ന ഭീകരതയുടെ പിടിയിലാണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന തോതിൽ വായുമലിനീകരണം നേരിടുന്ന നഗരങ്ങളുടെ പട്ടികയിൽ തുടർച്ചയായി ഒന്നാം സ്ഥാനം അലങ്കരിച്ചുവരികയാണ് ഡൽഹി.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2022 ലെ കണക്കുകൾ വിശകലനം ചെയ്ത് നാഷനൽ ക്ലീൻ എയർ പ്രോഗ്രാം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പിഎം 2.5 മലിനീകരണത്തോത് ഡൽഹിയിൽ 77 മൈക്രോഗ്രാം ആണ്. 40 മൈക്രോഗ്രാമിനു മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണെന്നത് ഓർക്കണം. കേരളത്തിൽ കൊച്ചിയിൽ (59) മാത്രമാണ് 40 മൈക്രോഗ്രാമിനു മുകളിൽ മലിനീകരണമുള്ളത്. ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല.
ഡൽഹി സമീപകാലത്തായി നേരിടുന്ന തണുത്ത കാലാവസ്ഥയും വായുമലിനീകരണവും നഗരവാസികളുടെ ജീവിതം അങ്ങേയറ്റം ദുഷ്‌കരമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തലസ്ഥാന നഗരിയിലെ മലിനീകരണ തോത് ഇതുപോലെ തുടരുകയാണെങ്കിൽ ഡൽഹിയുടെയും അവിടുത്തെ ജനങ്ങളുടെയും ഭാവി വരച്ചുകാട്ടിയിരിക്കുകയാണ് ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആർട്ടിസ്റ്റ്.
നിർമിത ബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ച ചിത്രങ്ങളിലൂടെയാണ് ‘ഭാവി ഡൽഹി’യുടെയും അവിടുത്തുകാരുടെ അപ്പോഴത്തെ ജീവിതത്തെയും കലാകാരൻ കാണിച്ചുതരുന്നത്. ട്വിറ്ററിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. ഡൽഹിയിൽ താമസിക്കുന്നവരും അല്ലാത്തവരും നഗരത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ചു.
AI ആർട്ടിസ്റ്റായ മാധവ് കോഹ്‌ലിയാണ് ട്വിറ്ററിൽ ചിത്രങ്ങളുടെ സീരീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. "ന്യൂ ഡൽഹിയും മലിനീകരണവുമായുള്ള യുദ്ധം ഭാവിയിൽ എങ്ങനെയായിരിക്കും? എ.ഐ ഉപയോഗിച്ച് ദൃശ്യവൽക്കരിച്ചത്." -ചിത്രങ്ങൾക്ക് അടിക്കുറിപ്പായി അദ്ദേഹം എഴുതി.
ഡൽഹി നിവാസികളുടെ ഭയാനകമായ ഭാവിയാണ് ചിത്രങ്ങൾ കാട്ടിത്തരുന്നത്. ചിത്രങ്ങളുടെ സീരീസിൽ മുതിർന്നവരും കുട്ടികളും മാസ്ക് ധരിച്ചിരിക്കുന്നതായി കാണാം. അവരുടെ മുഖത്ത് ഖേദവും ആശങ്കയും കലർന്ന ഭാവങ്ങളാണ് വിരിയുന്നത്. ഡൽഹി എന്ന നഗരത്തെ അലങ്കരിക്കുന്ന ചരിത്ര സ്മാരകങ്ങളും മറ്റും മലിനീകരണത്തിന്റെ പുതപ്പ് മൂടി നിൽക്കുന്ന ദയനീയ ചിത്രങ്ങളും പരമ്പരയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.