ന്യൂഡൽഹി: ഓൺലൈൻ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇന്ത്യയിലെ 20ലക്ഷം അക്കൗണ്ടുകൾ പൂട്ടിയതായി സമൂഹമാധ്യമ ഭീമൻമാരായ വാട്സ്ആപ്.
മേയ് 15നും ജൂൺ15നും ഇടയിലാണ് 20 ലക്ഷം അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നും കമ്പനി അറിയിച്ചു.
രാജ്യത്തെ പുതിയ ഐ.ടി നിയമപ്രകാരം സമൂഹമാധ്യമങ്ങളായ ട്വിറ്റർ, വാട്സ്ആപ് തുടങ്ങിയവ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു.
'ഞങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സാങ്കേതിക വിദ്യയിൽ നിരന്തരം നിേക്ഷപം നടത്തുന്നുണ്ട്. ദോഷകരമായ അല്ലെങ്കിൽ അനാവശ്യ സന്ദേശങ്ങൾ തടയുകയാണ് ലക്ഷ്യം. ഇത്തരത്തിൽ അസാധാരണമായ സന്ദേശങ്ങൾ തടയുന്നതിനായി വിപുലമായ സാങ്കേതിക വിദ്യകൾ ഉറപ്പുവരുത്തുന്നു. ഇതോടെ മേയ് 15 മുതൽ ജൂൺ 15വരെ ഇന്ത്യയിൽ 20 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചു' -വാട്സ്ആപ് പറയുന്നു.
പുതിയ ഐ.ടി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന റിപ്പോർട്ട് വാട്സ്ആപ് നൽകിയെങ്കിലും, പുതിയ ഐ.ടി നിയമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാറിനെതിരെ പരാതി നൽകിയിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കാൻ അനുശാസിക്കുന്നതാണ് നിയമമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇന്ത്യയിൽ 40കോടി ഉപയോക്താക്കളാണ് വാട്സ്ആപിനുള്ളത്. വാട്സ്ആപിനെ കൂടാതെ മാതൃ കമ്പനിയായ ഫേസ്ബുക്കും ഗൂഗ്ളും ട്വിറ്ററും പുതിയ ഐ.ടി നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.