കുവൈത്ത് സിറ്റി: ശനിയാഴ്ച റിയാദിൽ നടക്കുന്ന അസാധാരണ അറബ്, ഇസ്ലാമിക ഉച്ചകോടികളിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പങ്കെടുക്കും. ഇതിനായി ശനിയാഴ്ച കിരീടാവകാശി സൗദി അറേബ്യയിലേക്ക് തിരിക്കും.
ഉച്ചകോടിയിൽ കുവൈത്ത് പ്രതിനിധി സംഘത്തെ നയിക്കുക കിരീടാവകാശിയാകും. ഗസ്സയിലെ ഇസ്രായേൽ ആക്രമണം തുടരുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അറബ് ലീഗ് അടിയന്തര യോഗം ചേരുന്നത്. ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും. ഗസ്സയിലെ ഇസ്രായേൽ അധിനിവേശ ആക്രമണത്തെക്കുറിച്ചുള്ള കരട് പ്രമേയം യോഗത്തിൽ തയാറാക്കും. ഇത് അറബ് നേതാക്കൾക്ക് സമർപ്പിക്കുമെന്ന് അറബ് ലീഗ് അസി. സെക്രട്ടറി ജനറൽ ഹുസാം സാക്കി അറിയിച്ചു. ഇസ്രായേൽ ആക്രമണം, അത് തടയാനുള്ള അറബ് രാജ്യങ്ങളുടെ പ്രവർത്തനം, ഇസ്രായേൽ കുറ്റകൃത്യങ്ങളെ അപലപിക്കൽ എന്നിവയിൽ അറബ് നേതാക്കൾക്ക് ഏകീകൃത നിലപാടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയുടെ മുന്നോടിയായി അറബ് വിദേശകാര്യ മന്ത്രിമാർ വ്യാഴാഴ്ച തയാറെടുപ്പ് യോഗം നടത്തിയിരുന്നു. വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.