75 വർഷങ്ങൾക്കു മുമ്പ് നിലവിൽ വന്ന നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 14 മുതൽ 18 വരെ തുല്യതാവകാശങ്ങളുടെ മുദ്രാപത്രികയാണ്. ഇതു സമൂഹത്തിലെ നിഷേധാത്മകമായ എല്ലാ വിവേചനങ്ങളെയും നിരാകരിച്ചുകൊണ്ട് നീതി ഉറപ്പാക്കുന്ന ശക്തിസ്രോതസ്സായി മാറി. തൊട്ടുകൂടായ്മയും സാമ്പത്തിക-സാമൂഹിക ഉച്ചനീച പദവികളും ഇല്ലാതാക്കി സാമൂഹികനീതി ഉറപ്പാക്കുന്ന ഭരണഘടനയിലെ നീതിവാക്യങ്ങൾ അതുല്യമാണ്. എന്നാൽ, അതിനെ അപ്പാടെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നിയമനിർമാണ...
75 വർഷങ്ങൾക്കു മുമ്പ് നിലവിൽ വന്ന നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 14 മുതൽ 18 വരെ തുല്യതാവകാശങ്ങളുടെ മുദ്രാപത്രികയാണ്. ഇതു സമൂഹത്തിലെ നിഷേധാത്മകമായ എല്ലാ വിവേചനങ്ങളെയും നിരാകരിച്ചുകൊണ്ട് നീതി ഉറപ്പാക്കുന്ന ശക്തിസ്രോതസ്സായി മാറി. തൊട്ടുകൂടായ്മയും സാമ്പത്തിക-സാമൂഹിക ഉച്ചനീച പദവികളും ഇല്ലാതാക്കി സാമൂഹികനീതി ഉറപ്പാക്കുന്ന ഭരണഘടനയിലെ നീതിവാക്യങ്ങൾ അതുല്യമാണ്. എന്നാൽ, അതിനെ അപ്പാടെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നിയമനിർമാണ സഭയിലൂടെയും നീതിപീഠത്തിലൂടെയും എക്സിക്യുട്ടിവിലൂടെയും മാധ്യമങ്ങളെ ഉപയോഗിച്ച് പോലും നടക്കുന്നു. കേവലമൊരു മുറുമുറുപ്പുപോലെ ഉയർന്നിരുന്ന ഭരണഘടനയുടെ ആമുഖം മാറ്റിയെഴുതണം എന്ന ആവശ്യത്തിനുള്ള ശബ്ദത്തിന് ഇപ്പോൾ കനംവെച്ചിരിക്കുന്നു. സുപ്രീംകോടതി ആ ആവശ്യം തള്ളിയെങ്കിലും അതിനുവേണ്ടി ശ്രമിക്കുന്നവർ പിന്നോട്ടുപോകുമെന്ന് വിശ്വസിക്കാനാവില്ല. ഭരണഘടന മാറ്റിപ്പണിയാനുള്ള ചില നേതാക്കളുടെ ആഹ്വാനം 18ാം ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ നമ്മൾ കേട്ടതാണ്. അതിനെതിരെ ഉത്തർ പ്രദേശിലും ബിഹാറിലുമടക്കമുള്ള ഗ്രാമീണരും പിന്നാക്ക സമൂഹങ്ങളും പുലർത്തിയ ജാഗ്രതയാണ് 400 സീറ്റ് സ്വന്തമാക്കി അധികാരത്തിൽ വരാമെന്ന ഭരണകക്ഷിയുടെ മോഹങ്ങളെ തകർത്തുകളഞ്ഞത്. എന്നാൽ, വിവിധ കോണുകളിൽനിന്നുള്ള ഭീഷണികൾ തുടരുന്നു. ദലിത്-ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾക്കു നേരെ വെല്ലുവിളി സൃഷ്ടിക്കുന്ന 2024 ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധി, ഭരണഘടന പ്രസരിപ്പിക്കുന്ന നന്മയുടെ വെളിച്ചത്തിന് മങ്ങലേൽപിക്കാനുള്ള ശ്രമമായിരുന്നു.
സമത്വം എന്ന ജന്മാവകാശം
നൂറ്റാണ്ടുകളായി ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഇരകളാണ് രാജ്യത്തെ ദലിത്-ആദിവാസി സമൂഹങ്ങൾ. ജാതിവ്യവസ്ഥ എന്ന മനുഷ്യത്വരഹിത സംഹിതയാണ് ഇതിന്റെ മൂലകാരണം. അസ്പൃശ്യർ എന്ന് വിളിച്ച് ദലിതുകളെയും പട്ടികജാതി-വർഗ സമൂഹങ്ങളെയും ഏറ്റവും താഴ്ന്ന സാമൂഹികപദവിയിലേക്ക് തരംതാഴ്ത്തുകയും വിവേചനങ്ങൾക്കും ചൂഷണങ്ങൾക്കും ഒഴിവാക്കലിനും വിധേയരാക്കുകയും ചെയ്ത ജാതിശക്തികൾ ഇതിനെല്ലാം താത്വിക ന്യായീകരണങ്ങളും ചമച്ചിരുന്നു. അതുവഴി വിദ്യാഭ്യാസം, തൊഴിൽ, വിഭവങ്ങൾ, സമൂഹത്തിലെ പങ്കാളിത്തം എന്നിവയിലേക്കുള്ള പ്രവേശനം ദലിതുകൾക്ക് നിഷേധിക്കപ്പെട്ടു.
ചരിത്രപരമായ ഈ പോരായ്മ പട്ടിക ജാതിക്കാരെ മുഖ്യധാരാ സമൂഹത്തിലേക്ക് സമന്വയിപ്പിക്കുന്നതിൽ നിന്നും രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ജീവിതത്തിൽ തുല്യമായി പങ്കാളികളാക്കുന്നതിൽനിന്നും തടഞ്ഞു. പട്ടികജാതി വിഭാഗങ്ങൾക്ക് പരമ്പരാഗതമായി ഭൂമി, മൂലധനം, മറ്റു സാമ്പത്തിക വിഭവങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു, ഇത് അവരുടെ സാമ്പത്തിക അവസരങ്ങളും സമ്പത്ത് ശേഖരണവും പരിമിതപ്പെടുത്തി. സർക്കാർ, ജുഡീഷ്യറി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു സ്വാധീന മേഖലകൾ എന്നിവയിൽ പട്ടികജാതി വിഭാഗങ്ങൾക്ക് പ്രാതിനിധ്യം കുറവായിരുന്നു, ഇത് അവരുടെ പാർശ്വവത്കരണം ശാശ്വതമാക്കി. നൂറ്റാണ്ടുകളായി തുടരുന്ന ഈ ഒഴിവാക്കലുകൾ പരിഹരിക്കാനും പട്ടികജാതി-വർഗക്കാരുടെ സാമൂഹിക-സാമ്പത്തിക നില മെച്ചപ്പെടുത്താനുതകുംവിധത്തിൽ ന്യായമായ അവസരങ്ങൾ നൽകാനും ലക്ഷ്യമിട്ടാണ് ഭരണഘടന സംവരണങ്ങൾ മുന്നോട്ടുവെച്ചത്.
‘സമത്വം എല്ലാവർക്കും ജന്മാവകാശമാണ്’ എന്ന ഭരണഘടന ആശയം, അവരുടെ മോചനത്തിനുള്ള പ്രത്യാശയായാണ് നിലകൊണ്ടിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുമേഖലാ ജോലികളിലെയും സംവരണം പട്ടികജാതി വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങൾ ലഭ്യമാക്കുന്നതിനും നിയമനിർമാണ സ്ഥാപനങ്ങളിലെ സംവരണ സീറ്റുകൾ ഉൾപ്പെടെ സംവരണ നയം, തീരുമാനമെടുക്കൽ പ്രക്രിയകളിൽ പട്ടികജാതിക്കാർക്ക് മതിയായ പ്രാതിനിധ്യം ഉണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. എന്നാൽ, സംവരണത്തിനെതിരെ ചില ജാതിമേൽക്കോയ്മാ ശക്തികൾ നടത്തുന്ന കുതന്ത്രങ്ങൾ അവരുടെ അവകാശങ്ങൾക്ക് വീണ്ടും ഭീഷണിയായി മാറുകയാണ്.
ദലിത്-ആദിവാസികളുടെ ഉപജാതി വിഭജനത്തിലൂടെ അവരെ സാമ്പത്തിക തട്ടുകളാക്കി തിരിച്ച് സംവരണത്തെ അട്ടിമറിക്കാൻ വഴിവെക്കുന്ന സുപ്രീംകോടതിയുടെ 2024 ആഗസ്റ്റ് ഒന്നിലെ വിധി അവരുടെ ഐക്യത്തിനും ഭരണഘടനാപരമായ സംരക്ഷണങ്ങൾക്കും ഹാനി വരുത്തും.
ദലിത്-ആദിവാസി സംവരണം, ഭരണഘടനയാൽ ഉറപ്പാക്കിയ മൗലികാവകാശമാണ്. ഇതു ജാതി വ്യവസ്ഥക്ക് വിരുദ്ധമായി സമത്വത്തെ ഉയർത്തിപ്പിടിക്കുന്നു. എന്നാൽ, സമത്വത്തെ നിരസിക്കുന്ന ഇപ്പോഴത്തെ നീക്കങ്ങൾ ജാതിവ്യവസ്ഥയെ വീണ്ടും ശക്തിപ്പെടുത്താൻ വഴിയൊരുക്കുകയാണ്.
സാമൂഹികനീതി ഉറപ്പുവരുത്തുന്നതിനുള്ള പോരാട്ടം എന്നത് ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും ഇന്ത്യ എന്ന ആശയം നിലനിർത്തുന്നതിനുംവേണ്ടിയുള്ള പരിശ്രമമാണ്. ഭരണഘടനയെ അട്ടിമറിക്കാനും ജാതിവ്യവസ്ഥയുടെ പുസ്തകങ്ങളെ പ്രതിഷ്ഠിക്കാനുമുള്ള ശ്രമങ്ങൾ ഒരുഭാഗത്ത് കൊടുമ്പിരി കൊള്ളവെ സമത്വവും സാമൂഹിക നീതിയും വിളംബരം ചെയ്യുന്ന ഭരണഘടന സംരക്ഷിക്കുകയെന്നത് രാജ്യത്തെ പൗരജനങ്ങളുടെ ബാധ്യതയാണ്.
ഡോ.ബി.ആർ. അംബേദ്കറും ഭരണഘടനാ നിർമാണ സഭയിലെ മറ്റ് അംഗങ്ങളും വിഭാവനം ചെയ്തത് ജാതിമതഭേദമില്ലാതെ എല്ലാ പൗരന്മാർക്കും അന്തസ്സോടെയും സമത്വത്തോടെയും ജീവിക്കാൻ കഴിയുന്ന ഒരു ഇന്ത്യയാണ്. ചരിത്രപരമായ അനീതികൾ തിരുത്തി എല്ലാ പൗരർക്കും വിജയിക്കാൻ അവസരങ്ങളുള്ള ഒരു സമ്പൂർണ സമൂഹം സൃഷ്ടിക്കുകയായിരുന്നു അവരുടെ സ്വപ്നം. അതു സാധ്യവും സഫലവുമാക്കാൻ നാമേവരും മുന്നിട്ടിറങ്ങണം ഈ ഭരണഘടന ദിനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.