ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ 12 പേർ മരിച്ചു, ആറ് ജില്ലകളിൽ റെഡ് അലർട്ട്



ഷിംല: ഹിമാചൽ പ്രദേശിൽ രാത്രി പെയ്ത കനത്ത മഴയിൽ 12 പേർ മരിക്കുകയും 400ലധികം റോഡുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഷിംല ഉൾപ്പെടെ സംസ്ഥാനത്തെ ആറു ജില്ലകളിൽ അതിശക്തമായ മഴ പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബുധനാഴ്ച റെഡ് അലർട്ട് പുറപ്പെടുവിച്ചു.സംസ്ഥാനത്ത് ആകെ 709 റോഡുകൾ അടച്ചിരിക്കുകയാണ്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിംഗ് സുഖു അഭ്യർത്ഥിച്ചു. ഷിംല, മാണ്ഡി, സോളൻ ജില്ലകളിലെ എല്ലാ സ്‌കൂളുകളും കോളേജുകളും ബുധനാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. 12 മരണങ്ങളിൽ ഏഴും മാണ്ഡിയിലും ഷിംലയിലും ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ്. കൂടാതെ, മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. മാണ്ഡി ജില്ലയിലെ സെറാജ് പ്രദേശത്തെ രണ്ട് ഗ്രാമങ്ങളിൽ മേഘസ്‌ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ അരിന്ദം ചൗധരി പി.ടി.ഐയോട് പറഞ്ഞു. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പ്രദേശത്തെ ഏതാനും വീടുകൾക്കും സ്‌കൂളിനും കേടുപാടുകൾ സംഭവിച്ചു. ഷിംല പട്ടണത്തെ കനത്ത മഴ സാരമായി ബാധിച്ചു, മണ്ണിടിച്ചിലുകളും മരങ്ങൾ വീണതിനാലും പ്രധാന കാർട്ട് റോഡ്, ഷിംല-മെഹ്‌ലി ബൈപാസ് എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. പല വീടുകളിലും വിള്ളലുണ്ടായതിനാൽ മുൻകരുതൽ നടപടിയായി താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. ഷിംല ജില്ലയിലെ ബാൽഡേയൻ പ്രദേശത്തെ താൽക്കാലിക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഷിംല പോലീസ് സൂപ്രണ്ട് സഞ്ജീവ് കുമാർ ഗാന്ധി പറഞ്ഞു. അതിനിടെ, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പോലീസ് താമസക്കാരോട് അഭ്യർത്ഥിച്ചു. ജൂൺ 24 ന് ഹിമാചൽ പ്രദേശിൽ മൺസൂൺ ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് 238 പേർ മരിക്കുകയും 40 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് സബത്തു മേഖലയിൽ ഏതാനും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.

സുരക്ഷാ മുൻകരുതലെന്ന നിലയിൽ, ഷിംല നഗരത്തിലെ പന്തഘാട്ടി, സഞ്ജൗലി പ്രദേശങ്ങളിൽ വീടുകൾ ഒഴിപ്പിച്ചതായും നഗരത്തിന്റെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലുകളും മരങ്ങൾ പിഴുതെടുക്കലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഷിംല ഡെപ്യൂട്ടി കമ്മീഷണർ ആദിത്യ നേഗി പറഞ്ഞു. അപകടം ഭയന്ന് ഷിംല നഗരത്തിൽ നിരവധി ആളുകൾ വീടുകൾ ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് മാറിയിരിക്കുകയാണ്. അതേസമയം, കാൻഗ്ര ജില്ലയിലെ കോട്‌ല പട്ടണത്തിൽ ബുധനാഴ്ച ഉച്ചയോടെയുണ്ടായ മേഘസ്‌ഫോടനത്തിൽ 30 ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടം പൂർണ സജ്ജമാണെന്ന് കാൻഗ്ര ഡെപ്യൂട്ടി കമ്മീഷണർ നിപുൺ ജിൻഡാൽ പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ കേന്ദ്രവുമായി 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. ഷിംലയിൽ 201 മില്ലീമീറ്ററും ബിലാസ്പൂരിൽ 181 മില്ലീമീറ്ററും, മാണ്ഡിയിലും ബെർത്തിനും 160 മില്ലീമീറ്ററും, നഹാൻ, സോളൻ എന്നിവിടങ്ങളിൽ 122 മില്ലീമീറ്ററും, സുന്ദർനഗർ 113 മില്ലീമീറ്ററും, പാലംപൂരിൽ 91 മില്ലീമീറ്ററും മഴ പെയ്തു. ഷിംല, സിർമൗർ, കംഗ്ര, ചമ്പ, മാണ്ഡി, ഹാമിർപൂർ, സോളൻ, ബിലാസ്പൂർ, കുളു ജില്ലകളിൽ ഉയർന്ന വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ചും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തകർന്ന പ്രവൃത്തികൾ പുനഃസ്ഥാപിക്കുന്നതിനായി 165.22 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി സുഖ്‍വീന്ദർ സിംഗ് സുഖു ബുധനാഴ്ച അറിയിച്ചു. കനത്ത മഴയിൽ സംസ്ഥാനത്തിന് ഇതുവരെ 10,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Heavy rains in Himachal Pradesh leave 12 dead, six districts on red alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.