ബ്രിസ്ബേൻ: മുൻനിരയെ മൊത്തം കരക്കിരുത്തിയ പരിക്കും കംഗാരുക്കളുടെ പുറംകളിയും വില്ലൻവേഷം കെട്ടിയാടിയിട്ടും ആദ്യം ശുഭ്മാൻ ഗില്ലും പിന്നെ ഋഷഭ് പന്തും തേരുതെളിച്ച ഗാബ മൈതാനത്ത് വലിയ ടോട്ടൽ അനായാസം കടന്ന് ഇന്ത്യക്ക് ചരിത്ര വിജയം. അവസാന 20 ഓവറിൽ 100 റൺസ് ആവശ്യമായിരുന്ന കളിയിൽ അതിവേഗം ബാറ്റുവീശി പന്തും കൂട്ടുകാരും ഇന്ത്യയെ വിജയ തീരത്തെത്തിക്കുകയായിരുന്നു. ചരിത്ര വിജയത്തോടെ ഇന്ത്യ ബോർഡർ ഗവാസ്കർ ട്രോഫി നിലനിർത്തി.
സ്കോർ ആസ്ട്രേലിയ 369, 294, ഇന്ത്യ 336, 329/7.
വിധി നിർണയിക്കുന്ന ഓസീസ്- ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിെൻറ അവസാന നാളിൽ നാട്ടുകാരായ താരങ്ങളെയും കാണികളെയും ഒന്നിച്ച് നിശ്ശബ്ദമാക്കിയായിരുന്നു ഇന്ത്യൻ ബാറ്റിങ് ചരിത്രം തൊട്ടത്. പുറത്താകാതെ 89 റൺസുമായി അജയ്യനായി നിന്ന ഋഷഭ് ലക്ഷ്യത്തിലേക്ക് മൂന്നു റൺസ് മാത്രമിരിക്കേ, പന്തിനെ അതിർവരയിലേക്ക് പായിച്ചാണ് ആഘോഷ ജയം എത്തിപ്പിടിച്ചത്. ഇതോടെ കംഗാരു മണ്ണിൽ ഇന്ത്യ നേടിയത് 2-1െൻറ തുടർച്ചയായ രണ്ടാം പരമ്പര വിജയം. 2018-19ലായിരുന്നു നേരത്തെ പരമ്പര പിടിച്ചത്. മറുവശത്ത് ഗാബ മൈതാനത്ത് മൂന്നു പതിറ്റാണ്ടിനിടെ ടെസ്റ്റിൽ ആദ്യ പരാജയമായി ആതിഥേയർക്ക്. ഋഷഭ് പന്തിനു പുറമെ വാഷിങ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ, ഷാർദുൽ താക്കൂർ, സെയ്നി എന്നീ ഇളമുറക്കാർക്കും അവകാശപ്പെട്ടതാണ് ഗാബയിലെ പുതുചരിത്രമെന്നതും സവിശേഷത.
ചൊവ്വാഴ്ച വലിയ സ്കോർ ലക്ഷ്യമിട്ട് രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർക്കായി ശുഭ്മാൻ ഗിൽ മുന്നിൽനിന്ന് നയിച്ച ദിനത്തിൽ താരം സെഞ്ച്വറിക്കരികെ ലിയോണിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. രണ്ടാം ഇന്നിങ്സിൽ 21 പന്ത് നേരിട്ട് ഏഴു റൺസുമായി രോഹിത് ശർമ നേരത്തെ മടങ്ങിയിട്ടും പതറാതെ നിലയുറപ്പിച്ച ഓപണർ ശുഭ്മാൻ ഗിൽ നങ്കൂരമിട്ട് കളിച്ച് 91 റൺസെടുത്തു. 146 പന്ത് നേരിട്ടായിരുന്നു മാസ്മരിക പ്രകടനം. വൺഡൗണായി എത്തിയ ചേതേശ്വർ പൂജാരയും നാലാമനായി പാഡുകെട്ടിയ നായകൻ അജിൻക്യ രഹാനെയും മികച്ച കൂട്ടുകെട്ടുമായി അനായാസം ഓസീസ് ബൗളിങ്ങിനെതിരെ ചെറുത്തുനിന്നത് ഇന്ത്യ കാത്തുനിൽക്കുന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന പ്രതീക്ഷ നൽകി. 211 പന്ത് നേരിട്ട പൂജാര അർധ സെഞ്ച്വറി നേടിയപ്പോൾ ഏകദിന ശൈലിയിൽ ബാറ്റുവീശിയ രഹാനെ 22 പന്തിൽ 24 റൺസ് എടുത്ത് മടങ്ങി.
ഓസീസ് നിരയിൽ പാറ്റ് കമ്മിൻസ് നാലും നഥാൻ ലിയോൺ ഒന്നും വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്സിൽ ഓസീസ് 294 റൺസിന് എല്ലാവരും പുറത്തായിരുന്നു. 55 റൺസുമായി മുൻ നായകൻ സ്റ്റീവ് സ്മിത്ത് മാത്രമാണ് കാര്യമായി ഇന്ത്യൻ ബൗളിങ്ങിനെതിരെ പിടിച്ചുനിന്നത്. സിറാജ് അഞ്ചും ഷാർദുൽ താക്കൂർ നാലും വിക്കറ്റെടുത്തു. വാഷിങ്ടൺ സുന്ദറിനായിരുന്നു ശേഷിച്ച വിക്കറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.