ഇരമ്പിയാർക്കുന്ന കൊടുങ്കാറ്റുകളെ കീറിമുറിച്ച്, ഉയർന്നു പൊന്തുന്ന തിരമാലകളെ പിന്നിലാക്കി, അരനൂറ്റാണ്ടിലേറെ പഴക്കമുള്ള സാങ്കേതിക വിദ്യകൾ മാത്രം ഉപയോഗിച്ച് കടലിനെ കീഴടക്കാനിറങ്ങിയ ഒരാൾ. 235 ദിവസം കരകാണാതെയുള്ള പായ് വഞ്ചിയിലെ ഏകാന്ത യാത്ര. ഇന്ത്യൻ മഹാസമുദ്രം, അറ്റ്‌ലാന്റിക്, ശാന്തസമുദ്രം, തെക്കൻ സമുദ്രം; അങ്ങനെ 48,000 കി.മീ. ദൂരത്തോളം ചുറ്റി, ഗോൾഡൻ ഗ്ലോബ് റേസിൽ വിജയതീരത്തേക്ക് കുതിച്ചുകയറിയ മലയാളി നാവികൻ. കമാൻഡർ അഭിലാഷ് ടോമി. അദ്ദേഹവുമായി ‘മീഡിയ വൺ’ ഡൽഹി ബ്യൂറോ ബ്രോഡ്‌കാസ്റ്റ് ജേണലിസ്റ്റ് തൗഫീഖ് അസ്‌ലം സാറ്റലൈറ്റ് ഫോൺ വഴി നടത്തിയ അഭിമുഖം
ലോക ചരിത്രത്തിൽതന്നെ വളരെക്കുറച്ച് ആളുകൾ പങ്കെടുക്കുന്ന കടൽ സാഹസിക വിനോദമാണ് പായ് വഞ്ചിയിൽ ലോകം ചുറ്റുക എന്നത്. ആ ദൗത്യം വിജയകരമായി അഭിലാഷ് പൂർത്തിയാക്കിയിരിക്കുകയാണ്. എന്തു തോന്നുന്നു?
ഒരു നാവികൻ എന്ന നിലയിൽ വളരെയധികം സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. വലിയ പ്രതീക്ഷയോടെയായിരുന്നു രണ്ടാം തവണ മത്സരത്തിൽ എത്തിയത്. ഒരു നാവികനെന്ന നിലയിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷമുണ്ട്. മത്സരം ആരംഭിച്ചതുമുതൽ വലിയ സാഹസികത നിറഞ്ഞ ദിവസങ്ങളായിരുന്നു.
സമുദ്രസാഹസികതയുടെ എവറസ്റ്റ് കീഴടക്കി ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് വലിയൊരു ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നത്?
ഈ മത്സരത്തിന്റെ പ്രത്യേകതകൾ കൊണ്ടാണ് ഇത് ചരിത്രമായി മാറുന്നത്. നോർത്ത് അറ്റ്ലാന്റിക്കിന്റെ കരയിലെ പടിഞ്ഞാറൻ ഫ്രഞ്ച് തുറമുഖമായ ലെ സാബ്‌ലെ ദെലോനിൽനിന്നാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ നാലിന് ഈ യാത്ര തുടങ്ങിയത്. ഈ മത്സരത്തിന്റ നിബന്ധനകൾ എടുത്തുപറയേണ്ടതാണ്. 1968ൽ നടന്ന ഗോൾഡൻ ഗ്ലോബ് റേസിന്റെ അതേ മാതൃകയിലാണ് കഴിഞ്ഞ വർഷം ആരംഭിച്ച ഈ റേസും സംഘാടകർ നടത്തിയത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള സാങ്കേതിക വിദ്യകൾ മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. മത്സരത്തിന് ഉപയോഗിക്കുന്ന ബോട്ടുകളും അക്കാലത്തെ ഡിസൈൻ ഉപയോഗിച്ച് നിർമിച്ചവയാകണം. പുതിയ ആശയ വിനിമയ സംവിധാനങ്ങൾ ഒന്നും ഉപയോഗിക്കാൻ അനുമതിയില്ല. സാറ്റലൈറ്റ് ഫോൺ ആണ് ആകെയുള്ളത്. അതിൽനിന്ന് വിളിക്കുന്നതിനും നിബന്ധനകളുണ്ട്. കുടുംബത്തോട് പോലും സംസാരിക്കാൻ അവസരം ഉണ്ടാകില്ല. വീട്ടിലെ അവസ്ഥകൾ എന്താണെന്നോ അവർക്ക് പൈസയുടെ ആവശ്യമുണ്ടോയെന്നൊന്നും അറിയാൻ യാത്രക്കിടെ ഒരു വഴിയുമില്ലായിരുന്നു.
കഴിഞ്ഞ തവണ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന യാത്രയാണ് ഇത്തവണ പൂർത്തിയാക്കിയത്. ഇതൊരു ലക്ഷ്യമായിരുന്നോ?
തീർച്ചയായും. കഴിഞ്ഞ തവണ അപകടത്തിൽപെട്ട് ആശുപത്രിയിൽ കിടന്നപ്പോൾ ഒരേയൊരു ചിന്ത മാത്രമാണ് ഉണ്ടായിരുന്നത്. ഈ യാത്ര എങ്ങനെയും പൂർത്തിയാക്കുക. ആശുപത്രിക്കിടക്കയിൽനിന്ന് തിരിച്ച് കടലിൽ പോകണമെന്ന് തീരുമാനിച്ചിരുന്നു. ആംസ്റ്റർ ഡാം ഐലൻഡ് ആശുപത്രിയിൽ കിടന്നപ്പോൾ പ്രധാനമന്ത്രി വിളിച്ചിരുന്നു. അന്ന് പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു, നടക്കാൻ പറ്റിയാൽ ഈ റേസിലേക്ക് തിരികെ വരുമെന്ന്. ഇതെല്ലാംകൊണ്ടാണ് വീണ്ടും ഈ മത്സരത്തിലേക്ക് എത്തിയത്.
ഒരിക്കൽ സഞ്ചരിച്ച കടലിലൂടെ വീണ്ടും പോയപ്പോൾ ശ്രദ്ധിച്ച കാര്യങ്ങൾ എന്തൊക്കെയാണ്?
2018ലെ മത്സരത്തിനിടെയാണ് അപകടം സംഭവിച്ചത്. അതുകൊണ്ട് ആ യാത്രയിൽനിന്ന് കുറേയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. കടലിനെ അറിയാനും മാറിമറിയുന്ന കാറ്റിന്റെ ദിശ മനസ്സിലാക്കാനും കഴിഞ്ഞു. കടലിൽ കാലാവസ്ഥമാറ്റം പ്രകടമാണ്. ചൂട് വളരെ കൂടിയിട്ടുണ്ട്. ആൽബട്രോസ് പക്ഷികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ യാത്രയിൽ പലയിടത്തും തണുപ്പുണ്ടായിരുന്നു. എന്നാൽ, ഇത്തവണ ആ സ്ഥലങ്ങളിൽ എനിക്ക് ചൂടാണ് അനുഭവപ്പെട്ടത്. വളരെ ശ്രദ്ധയോടെയായിരുന്നു വഞ്ചി മുന്നോട്ട് നീക്കിയിരുന്നത്. എപ്പോൾ വേണമെങ്കിലും അപകടത്തിൽപെടാം. രക്ഷപ്പെടുകയെന്നത് അത്ര എളുപ്പമല്ല. എന്നിട്ടും രണ്ടുതവണ ബോട്ട് മറിഞ്ഞു.
മത്സരം സാഹസികത നിറഞ്ഞതായിരുന്നല്ലോ. 16 പേരായി തുടങ്ങിയ മത്സരത്തിൽ മൂന്നുപേരാണ് ഒടുവിൽ അവശേഷിച്ചത്?
ഇതൊരു കഠിന യാത്രയാണ്. കുറെ പരിശീലനവും മുൻ പരിചയവും ആവശ്യമാണ്. 2012ലെ സാഗർപരിക്രമ –2 ഏകാന്ത പ്രയാണത്തേക്കാൾ 10 ഇരട്ടി കഠിനമായിരുന്നു ഈ യാത്ര. ജി.പി.എസ്, മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഡിജിറ്റൽ വാച്ച് തുടങ്ങിയവ ഒന്നും ഉപയോഗിച്ചുകൂടാ. അതിനാൽ, ഈ യാത്രയിൽ എന്ത് വേണമെങ്കിലും സംഭവിക്കാം. കാറ്റിന്റെ സഞ്ചാരദിശ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന വിൻഡ്‌വെയ്ൻ തകരാറിലായിരുന്നു. പകരം ഉപയോഗിക്കാൻ കൈയിലുണ്ടായിരുന്നത് തീർന്നു. അവസാനം, വഞ്ചിയിലെ ടോയ്‌ലറ്റിന്റെ വാതിൽ അറുത്തെടുത്ത് വിൻഡ്‌വെയ്ൻ ഉണ്ടാക്കി. ഇക്കാര്യം സംഘാടകരോട് സാറ്റലൈറ്റ് ഫോണിലൂടെ പങ്കുവെച്ചിരുന്നു.
യാത്രയുടെ ചെലവുകൾ ഭാരിച്ചതായിരുന്നല്ലോ? നല്ല സ്‌പോൺസറെ കിട്ടിയിരുന്നോ?
തീർച്ചയായും. യാത്രയുടെ ചെലവുകൾ താങ്ങാൻ നിരവധി സ്ഥാപനങ്ങളെ ഞാൻ സമീപിച്ചിരുന്നു. എന്നാൽ, ഇതിന്റെ പങ്കാളികളാകാൻ ആരും തയാറായില്ല. ഇന്ത്യയിലെ പലരുമായും ബന്ധപ്പെട്ടിരുന്നു. എന്നാൽ, നിരാശയായിരുന്നു ഫലം. ഒടുവിൽ, യു.എ.ഇ ആസ്ഥാനമായ ബയാനത്ത് ഗ്രൂപ് സ്‌പോൺസറാകാൻ തയാറായി. വലിയ താൽപര്യത്തോടെയാണ് അവർ മുന്നോട്ടുവന്നത്. അതിനാൽ ‘ബയാനത്ത്’ എന്ന പായ്‌വഞ്ചിയിലായിരുന്നു യാത്ര. ഇന്ത്യയിൽനിന്നുള്ള ഏക സഹ സ്പോൺസർ കോഴിക്കാട് ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സാണ്.
അഭിലാഷിന്റെ ഈ യാത്ര പുതിയ പായ് വഞ്ചി യാത്രികർക്ക് ഒരു മാതൃകയാണല്ലോ?
പെട്ടെന്ന് ഒരുദിനം ബോട്ട് എടുത്ത് കടലിൽ ഇറങ്ങിയുള്ള മത്സരമല്ല ഇത്. എന്റെ യാത്ര അങ്ങനെയായിരുന്നുവെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവരുണ്ട്. എന്നാൽ, 1997 മുതൽ സെയ്ൽ ചെയ്യുന്ന ആളാണ്. 25 വർഷത്തിലധികം മുൻപരിചയമുണ്ട്. അതിനുശേഷമാണ് ഇത്തരം മത്സരങ്ങളിലേക്ക് എത്തിയത്. പുതിയ ആളുകളോട് എനിക്ക് പറയാനുള്ളത്, കൂടുതൽ പരിശീലനം നേടിയ ശേഷം മാത്രം മത്സരങ്ങളിൽ പങ്കെടുക്കാൻ ശ്രമിക്കുക. കൂടുതൽ നാവികർ ഉണ്ടാകുന്നത് രാജ്യത്തിന് അഭിമാനം തന്നെയാണ്.
കടലിൽവെച്ച് മലയാളികൾ ആരെങ്കിലുമായി സംസാരിച്ചിരുന്നോ?
ഇത്തവണ സൗത്ത് അറ്റ്ലാന്റിക്കിൽ വെച്ച് എറണാകുളം സ്വദേശിയായ അൽഫാസ് എന്നയാളുമായി സംസാരിച്ചിരുന്നു. ഒരു ചരക്കുകപ്പലിലെ ഉദ്യോഗസ്ഥനായിരുന്നു അൽഫാസ്. അൽഫാസിന്റെ ഫോൺ വഴി ഭാര്യക്ക് ഒരു വോയ്സ് മെസ്സേജ് അയക്കാൻ സാധിച്ചിരുന്നു. കൂടാതെ ചിലരെക്കൂടി കണ്ടുമുട്ടി. 2018ൽ പെരുമ്പാവൂർ പുല്ലുവഴി സ്വദേശി മാർട്ടിൻ മാർക്കോസുമായി സംസാരിച്ചിരുന്നു.
തിരികെയെത്തിക്കഴിഞ്ഞാൽ എന്തൊക്കെയാണ് പ്ലാൻ?
പ്രത്യേകിച്ച് പ്ലാനുകൾ ഒന്നുമില്ല. ഫ്രാൻസിൽ എത്തിയശേഷം ഒരാഴ്ച അവിടെ നിൽക്കും. ഈ ബോട്ട് എന്റേതല്ല. സ്‌പോൺസറുടെയാണ്, വൃത്തിയാക്കി അവർക്ക് തിരികെ കൊടുക്കണം. അതിനുശേഷം ഗോവയിലേക്ക് വരും. ഭാര്യ ഉർമിമാലയും മക്കളായ വേദാന്തും അഭ്രനീലും ഗോവയിലെ വീട്ടിലാണ്. അതിനുശേഷം അച്ഛനെയും അമ്മയെയും കാണാൻ എറണാകുളത്തേക്ക് വരും. വേറെ യാത്രകൾ ഒന്നും ഉടൻ ഇല്ല. വിമാനത്തിൽ ലോകം ചുറ്റാൻ ഒരു പദ്ധതി ഉണ്ടായിരുന്നു. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ അത് നടക്കില്ല. ഇനിയൊരു ജോലി നേടണം. കല്യാണം കഴിഞ്ഞ് രണ്ടുമാസം തികയുന്നതിനുമുമ്പാണ് 2018ൽ യാത്ര നടത്തിയത്.
ഗോൾഡൻ ഗ്ലോബ് റേസ്
2022 സെപ്റ്റംബർ നാലിന് ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോൻ തുറമുഖത്തുനിന്ന് ആരംഭിച്ച്, ഒറ്റക്ക്, ഒരിടത്തും നിർത്താതെ കടലിലൂടെ 48,000 കി.മീ. ദൂരത്തോളം ചുറ്റി തുടങ്ങിയിടത്തുതന്നെ തിരികെയെത്തുന്നതാണ് ഗോൾഡൻ ഗ്ലോബ് റേസ് മത്സരം. പരിമിതമായ വാർത്താവിനിമയ- കടൽപര്യവേക്ഷണ സംവിധാനങ്ങൾ മാത്രമാണ് ഉള്ളത്. ബ്രിട്ടീഷ് നാവികനായ സർ റോബിൻ നോക്സ് ജോൺസ്റ്റൻ എന്നയാളായിരുന്നു 1968ലെ ജേതാവ്. അദ്ദേഹത്തിന്റെ കാലത്തെ അതേ സംവിധാനങ്ങളാണ് മത്സരത്തിൽ ഉപയോഗിക്കുക. എസി ബനായത് എന്നാണ് അഭിലാഷിന്റെ പായ് വഞ്ചിയുടെ പേര്. 16 നാവികരായിരുന്നു ഇത്തവണത്തെ മത്സരത്തിന്റെ തുടക്കത്തിൽ. മൂന്നുപേരാണ് മത്സരത്തിന്റെ അവസാനമുണ്ടായിരുന്നത്. രണ്ടാം സ്ഥാനത്തായാണ് അഭിലാഷ് യാത്ര പൂർത്തിയാക്കിയത്. മത്സരത്തിലെ ഏക വനിതയായ ദക്ഷിണാഫ്രിക്കന്‍ താരം കിര്‍സ്റ്റൻ ന്യൂഷാഫറിനാണ് ആദ്യം കരതൊട്ടത്. മൂന്നാമത് ഓസ്‌ട്രിയയുടെ മൈക്കൽ ഗുഗൻ ബെർജറാണ്.
എന്നാൽ, ആദ്യം ഫിനിഷ് ചെയ്യുന്നയാൾ ജേതാവാകുമെന്ന വ്യവസ്ഥയില്ല. വഞ്ചി അനുവദനീയമായ സഞ്ചാരപാതയിൽനിന്ന് മാറി സഞ്ചരിക്കുകയോ അനുവദനീയമായതിലും കൂടുതൽ അളവിൽ ഡീസൽ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് സംഘാടകർ പരിശോധിക്കും. ഇതിനുശേഷമാകും വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
യാത്ര സുഖകരമല്ല
നാവികർക്ക് പേടിസ്വപ്നമായ സാഹചര്യങ്ങൾ ഉണ്ടെങ്കിലും അതൊന്നും ഒരിക്കലും ഒരുനാവികനെ തളർത്തുകയോ അവന്റെ ലക്ഷ്യത്തിന് വിള്ളൽ വീഴ്ത്തുകയോ ചെയ്യാറില്ല. കപ്പൽ യാത്രപോലും സുരക്ഷിതമല്ലാത്ത ആഴക്കടലിൽ പായ്‌ക്കപ്പലിൽ ഒറ്റക്കുള്ള യാത്ര അത്ര സുഖകരമാണോയെന്ന് ചിന്തിച്ചുനോക്കേണ്ട ഒന്നാണ്. കാറ്റിനനുസരിച്ച് സെയിലിനെ ക്രമീകരിക്കുക, കൂടാതെ വെല്ലുവിളികളായി എത്തുന്ന കൊടുക്കാറ്റ്, മൂടൽമഞ്ഞ്, മഴ, ഹിമാനികൾ, ഉയർന്നുപൊങ്ങുന്ന തിരമാലകൾ, തിമിംഗലങ്ങൾ ഇതെല്ലാം യാത്രക്കാരന്റെ ജീവൻ കവരാവുന്ന സാഹചര്യങ്ങളാണ്. അസാമാന്യ ധൈര്യമുള്ളവർക്ക് മാത്രമേ ഇതെല്ലാം നിഷ്പ്രയാസം തരണം ചെയ്യാൻ സാധിക്കൂ. കടൽ യാത്രയിൽ ഏതുനിമിഷവും പായകൾ കീറാൻ സാധ്യത കൂടുതലാണ്.
2018ൽ സംഭവിച്ചത്
2018ലെ ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് പങ്കെടുത്തിരുന്നു. എന്നാൽ, യാത്ര പൂർത്തീകരിക്കാൻ സാധിച്ചില്ല. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ അഭിലാഷിന്റെ വഞ്ചി തകർന്നു. കടൽക്കലിയിൽ ബോട്ടിൽ നടുവിടിച്ച് വീണ അഭിലാഷിനെ ഒരു ഫ്രഞ്ച് മീൻപിടിത്തക്കപ്പൽ രക്ഷപ്പെടുത്തി. പരസഹായമില്ലാതെ നടക്കാൻ കഴിയാതിരുന്ന അഭിലാഷ് ശസ്ത്രക്രിയക്ക് വിധേയനായി. നട്ടെല്ലിന് പരിക്കേറ്റു. പിന്നീട് അഭിലാഷ് പതിയെ നടന്നുതുടങ്ങി. തുടർന്നാണ് പാതിവഴിയിൽ അവസാനിച്ച ആ യാത്ര പൂർത്തിയാക്കാൻ വീണ്ടും ഇറങ്ങിയത്. 2012ൽ ഒറ്റക്ക് ഒരിടത്തും നിർത്താതെ കടലിലൂടെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോഡ് ഇതിനകം തന്നെയുണ്ട്. ഇന്ത്യൻ നാവികസേനയുടെ സാഗർ പരിക്രമ-2 ആണ് ആ റെക്കോഡ് സമ്മാനിച്ചത്.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.