തിറാനിൽ ചിറകറ്റുവീണ കടൽപ്പക്ഷി

അമേരിക്കയിലെ വ്യവസായിയായിരുന്ന തോമസ് കാൻറലിന് ഒരാഗ്രഹം, ലോകം മുഴുവനും സ്വന്തമായി ഒരു സീ പ്ലെയിൻ എടുത്ത് കറങ്ങണം. ഒരുവർഷം നീണ്ടുനിൽക്കുന്ന ഒരു യാത്ര. അതിനായി അദ്ദേഹം അമേരിക്കൻ മിലിറ്ററിയുടെ പി.ബി.വൈ 5 -എ എന്ന മോഡൽ സീപ്ലെയിൻ വിലകൊടുത്ത്​ വാങ്ങിച്ചു.

1930ൽ യു.എസ് നേവിക്കുവേണ്ടി നിർമിക്കപ്പെട്ടതായിരുന്നു കാറ്റലിന എന്ന ഈ സീപ്ലെയിൻ. സ്വരുക്കൂട്ടി വെച്ച് യാത്രാ സ്വപ്​നങ്ങൾക്ക് മികവേകാൻ അതിൻെറ അകം പൊളിച്ചു പണിത്​ ആഡംബരങ്ങൾ നിറച്ചു. ഭാര്യയും കുട്ടികളും സെക്രട്ടറിയും അവരുടെ കുട്ടിയുമടങ്ങുന്ന ഒരു സംഘത്തോടൊപ്പം ഒരു ശിശിര കാലത്താണ്​ ആ യാത്ര തുടങ്ങുന്നത്​.

കുന്നും കടലും മലയും ഭൂഖണ്ഡങ്ങളും താണ്ടി യാത്ര തുടർന്നുകൊണ്ടേയിരുന്നു. അന്ന് ലോകത്തിലെ എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന മനുഷ്യ നിർമിത അത്ഭുതങ്ങളിലൊന്നായ സൂയസ് കനാലിൻെറ പരിസരത്ത് വെച്ച് യാത്രാ സംഘത്തെയും കാറ്റലിനയെയും 'ലൈഫ്' മാഗസിൻ ഫോട്ടോഗ്രാഫർ ഡേവിഡ് ലീസ് കണ്ടുമുട്ടുന്നുണ്ട്. കൈറോ നഗരം ചുറ്റി, പിരമിഡുകൾക്ക് മുകളിലൂടെ പറന്ന്​ സൂയസിനരികിൽ വിശ്രമിക്കുകയായിരുന്നു അപ്പോൾ.


ഒരുപക്ഷേ, സൂയസ് മുറിച്ചുകടന്നു പറന്നശേഷം അടുത്ത സ്റ്റോപ്പ് ആയിട്ടാകും തിറാനിൽ എത്തിയിട്ടുണ്ടാവുക. അതായത് കാറ്റലിന അവസാനമായി പറന്നിറങ്ങിയ സ്ഥലം. ഒരു അതിഗംഭീര യാത്രക്ക്​ പൂർണവിരാമമിട്ട തീരം.

ചെങ്കടലിനെയും അഖബ കടലിടുക്കിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന സ്ഥലത്താണ് തിറാൻ ദ്വീപ് സ്ഥിതി ചെയ്യുന്നത്. അതിനോടു ചേർന്നു കിടക്കുന്ന സൗദിയുടെ പടിഞ്ഞാറെ മുനമ്പിലാണ് കാറ്റലിന ഇന്ന് തകർന്നു കിടക്കുന്നത്.

വളരെ മനോഹരമായ പ്രദേശം. അതിലുമപ്പുറം അതീവ തന്ത്രപ്രധാനമായ പ്രദേശം. അഖബ കടലിടുക്കിലേക്ക് തിറാൻ, സനാഫിർ ദ്വീപുകൾക്കിടയിലെ ചെറിയ പാതയിലൂടെയാണ് ചെങ്കടലിൽനിന്ന് ജോർദാനിലെ അഖബ തുറമുഖത്തേക്കും ഇസ്രായേലിലെ ഈലാത്ത് തുറമുഖത്തേക്കുമുള്ള കപ്പലുകൾ കടന്നുപോകുന്നത്.


ഈ രണ്ടു രാജ്യങ്ങളെ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു പാതയാണിത്. 1967ലെ ആറു ദിവസത്തെ യുദ്ധത്തിൽ തിറാൻ ദീപ് ഈജിപ്​തിൽനിന്ന് ഇസ്രായേൽ പിടിച്ചെടുത്തിരുന്നു. 1987ലാണ് സമാധാന കരാറിൻെറ ഭാഗമായി ഈജിപ്​തിന്​ തിരിച്ചുകിട്ടിയത്. പിന്നീടത് 2017ൽ മാത്രമാണ് സൗദിക്ക് കൈമാറിയത്. തിറാനിനോട് ചേർന്നുകിടക്കുന്ന സൗദി മെയിൻ ലാൻഡിലെ ഈ സ്ഥലം അറിയപ്പെടുന്നത് റാസ് അൽ ശൈഖ് അമീദ് എന്നാണ്. ഇവിടെ നിന്നാൽ സീനായ് പർവത നിര അഖബക്ക് സമാന്തരമായി നീണ്ടുനിവർന്ന്​ കിടക്കുന്നത് വ്യക്തമായി കാണാം.

ഈജിപ്​തിലെ പ്രശസ്​തമായ ഡൈവിംഗ് ബീച്ചായ ഷറം അൽ ശൈഖിലേക്ക് ഇവിടെന്നുള്ള ദൂരം 30 കിലോമീറ്റർ മാത്രമാണ്. നിർദിഷ്​ഠ സൗദി-ഈജിപ്​ത്​ കോസ്‌വെ ഈ രണ്ടു ദ്വീപുകളും ബന്ധിച്ചാണ് കടന്നുപോവുക.

കഥയിലേക്ക് തന്നെ വരാം. കെൻറൽ അനുമതിയില്ലാതെയാണ് സൗദിയുടെ തീരത്ത് കാറ്റലിനയെയിറക്കിയത്. അന്ന് രാത്രി തീരത്തെ തണുത്ത കാറ്റേറ്റ് അവിടെ ടെൻറ്​ കെട്ടി താമസിച്ചു. പിറ്റേന്ന്, അതായത്​ 1960 മാർച്ച് 23ന് വൈകുന്നേരം പെടുന്നനെ ഒരു വെടിയൊച്ച കേട്ടു. അതത്ര കാര്യമാക്കിയില്ല. അൽപ്പസമയത്തിനകം തന്നെ മെഷീൻ ഗൺ അടക്കമുള്ള ആയുധങ്ങളുമായി ഒരു വലിയ സംഘം കാറ്റലിനെയെ വളഞ്ഞു തുരുതുരാ നിറയൊഴിച്ചു.

ബീച്ചിൽ കളിക്കുകയായിരുന്ന കുട്ടികൾ വിമാനത്തിലേക്ക് നീന്തിക്കയറി. വെടികൊണ്ട് പരിക്കേറ്റെങ്കിലും കെൻറൽ വിമാനം പറത്താൻ ശ്രമിച്ചു. 800 മീറ്ററിലധികം പറന്നുയർന്നെങ്കിലും കെൻറലിനും സെക്രട്ടറിക്കും വെടിയേറ്റതോടെ വിമാനം പവിഴപ്പുറ്റുകൾക്കിടയിലേക്ക് തകർന്നുവീണു.


30 മുതൽ 40 മിനിറ്റുകൾ വരെ തുടർന്ന ആക്രമണത്തിൽ മുന്നൂറിലധികം വെടിയുണ്ടകളാണ് ആ ചെറിയ എയർക്രാഫ്റ്റിനെ തുളച്ചുകൊണ്ട് കടന്നുപോയത്. ഇന്ധന ടാങ്ക് തകർന്ന് 400 ലിറ്റർ ഒലിച്ചുപോയി. ഭാഗ്യവശാൽ തീപിടുത്തം ഉണ്ടായില്ല. കടലിൽ ആ ഭാഗങ്ങളിൽ ആഴം ഒരു മീറ്ററോ ഒന്നര മീറ്ററോ ഒക്കെ ആയതിനാൽ തകർന്ന വിമാനത്തിൽനിന്ന് തീരത്തെത്താൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല.

മേഖലയിൽ സംഘർഷങ്ങൾ നിലനിൽക്കുന്ന കാലം. അറബ് - ഇസ്രായേൽ യുദ്ധമൊക്കെ നടക്കുന്നതിന്നതിനു മുമ്പുള്ള സമയമാണിത്​. സൗദി സേനയിലെ ബഡോയിൻ വിഭാഗമാണ് ഇവരെ നേരിട്ടത്. ഇസ്രായേലി കമൻഡോകളാണ് എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. പിന്നീട് കാര്യം മനസ്സിലായപ്പോൾ ഇവർക്ക് രാജകീയ പരിചരണം ലഭിച്ചു. അമേരിക്കൻ അംബാസിഡറും സൗദി ഭരണകൂടവും ഇടപ്പെട്ടു.


ജിദ്ദയിലെത്തിച്ച് മികച്ച ചികിത്സ ലഭ്യമാക്കി അമേരിക്കയിലേക്ക് തിരിച്ചയച്ചു. തകർന്ന വിമാനം തിരിച്ചു കൊണ്ടുപോകാനോ നഷ്​ടപരിഹാരം സ്വീകരിക്കാനോ അമേരിക്ക തയാറായില്ല.

ഒരു അതിസാഹസിക യാത്രയുടെ ഓർമയായി കാറ്റലിന ഇന്നും ഈ തീരത്ത് വിശ്രമിക്കുന്നു. ഇപ്പോൾ സൗദിയുടെ അഭിമാന പദ്ധതിയായ നിയോമിൻെറ ഹിസ്റ്റോറിക് ആൻഡ് ടൂറിസം സ്പോട്ട് വിഭാഗത്തിൽ പെടുത്തി ഒരു ഓപ്പൺ മ്യൂസിയം പോലെ ആ യാത്രയുടെയും ചരിത്രത്തിലെ സംഘർഷം നിറഞ്ഞ ഒരു കാലത്തിൻെറയും ഒർമയായി തിറാനിൽനിന്ന് അടിച്ചുവീശുന്ന കാറ്റേറ്റ് കിടക്കുന്നു കാറ്റലിന.

Tags:    
News Summary - A seabird with its wings outstretched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT