കേഡാർകന്തയിലെ സൂര്യോദയം

നിറനിലാവിൽ പൊതിഞ്ഞ ആ രാത്രിയിൽ തണുപ്പേറെയായിരുന്നു. ഇരുട്ടിനെ വകഞ്ഞുമാറ്റി താഴ്‌വരകളിലേക്ക്‌ പടരുന്ന നിലാവിനെ ആസ്വദിക്കാൻ വിസമ്മതിച്ച് ശൈത്യം കാൽവിരലുകളിലേക്ക് അരിച്ചുകയറുന്നതറിഞ്ഞ്, രക്ഷതേടി കത്തുന്ന വിറകുകൂട്ടത്തിനരികിൽ ചെന്നിരുന്നു. തണുപ്പിൽ കോടിവിറച്ച് ചുവപ്പണിഞ്ഞ കൈവിരലുകൾ തീയിലേക്ക്‌ നീട്ടി ചൂടുപിടിക്കുന്നതിനിടയിലാണ്‌ പരിചയപ്പെടാനായി മാക്‌ അടുത്തെത്തുന്നത്‌. ഒട്ടും ഉയരമില്ലാത്ത ഒരു വലിയ മനുഷ്യൻ!

കേഡാർകന്തയിലെ ട്രക്കിങ് ക്യാമ്പിൽവെച്ചാണ്‌ മലയാളിയായ ഈ യാത്രക്കാരനെ പരിചയപ്പെടുന്നത്‌. കേരളത്തിൽനിന്ന് കേഡാർകന്ത സമ്മിറ്റ്‌ ചെയ്യാനായി പുറപ്പെട്ട ഒരുപറ്റം ചെറുപ്പക്കാർക്കൊപ്പമാണ്‌ എെൻറ യാത്ര. കോഴിക്കോട്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ പ്ലാനേഴ്സിന് ഒപ്പം 2021 ജനുവരിയിൽ ഒരു മുന്നൊരുക്കവുമില്ലാതെ കേവലം ആവേശത്തിെൻറ പുറത്താണ്‌ ഉത്തരാഖണ്ഡിലേക്ക്‌ െട്രയിൻ കയറുന്നത്‌.


ആദ്യമായി ഉത്തരേന്ത്യയിലേക്ക്‌ പോവുന്നതിെൻറ കൗതുകത്തിലും തീർത്തും അപരിചിതരായ ആർക്കൊക്കെയോ ഒപ്പം 13 ദിവസം കഴിച്ചുകൂട്ടുന്നതി​െൻറ ആശങ്കകളിലും കടുത്ത ശൈത്യത്തിലേക്കാണ്‌ നടന്നുകയറാനുള്ളതെന്നുപോലും ഞാൻ മറന്നുപോയിരുന്നു.


ഉത്തരാഖണ്ഡിന്‍റെ മനംകുളിർപ്പിക്കുന്ന തണുപ്പും ലോകത്തെവിടെയുമില്ലാത്ത ആത്മീയതയും തേടി യാത്രയാരംഭിച്ചപ്പോഴും കേഡാർകന്തയെക്കുറിച്ച്‌ ഗൂഗ്ളിൽ വായിച്ച ചുരുങ്ങിയ അറിവു മാത്രമേയുണ്ടായിരുന്നുള്ളൂ. ഇന്ത്യയിലെ അറിയപ്പെട്ട ട്രക്കിങ്ങുകളിൽ ഒന്നായ കേഡാർകന്ത ട്രക്കിങ് ആറുദിവസംകൊണ്ടാണ്‌ പൂർത്തിയാക്കുന്നത്‌.

ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലെ ഗോവിന്ദ്‌ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ഹിമാലയൻ പർവതത്തിെൻറ ഉയരം 12,500 അടിയാണ്‌. ശൈത്യകാലത്ത്‌ മൈനസ് 15 ഡിഗ്രി വരെ കുറയുന്ന താപനിലയോടൊപ്പം മണിക്കൂറിൽ 25-30 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന കാറ്റും ഇവിടത്തെ പ്രത്യേകതകളിലൊന്നാണ്‌.

വൈകുന്നേരം കോഴിക്കോട്ടുനിന്ന് നിസാമുദ്ദീനിലേക്കുള്ള മംഗള ലക്ഷദ്വീപ്‌ െട്രയിനിന്‍റെ രൂക്ഷഗന്ധമോ മാസ്ക്കുകൾ താടിയിലും നെറ്റിയിലും ഭദ്രമാക്കിവെച്ച്‌ തിടുക്കം കാട്ടിയ മുഷിഞ്ഞ മനുഷ്യരുടെ മുഖങ്ങളോ ഒന്നും പൊട്ടലും ചതവുമില്ലാതെ മാസങ്ങൾക്കിപ്പുറവും ഓർത്തെടുക്കാൻ സാധിക്കുമെന്ന് കരുതിയതല്ല.

എന്നാൽ, ഓർമകളിൽ തികട്ടിനിൽക്കുന്ന പല കഥകളെയും അവിസ്മരിപ്പിച്ച്, ഒരു മുഖം മായാതെ കിടക്കുന്നത്‌ ഞാനറിയുന്നു. അതാ ഉയരമില്ലാത്ത മനുഷ്യന്‍റെ ചിരി മായാത്ത മുഖമായിരുന്നു. ത​െൻറ ഉയരമില്ലായ്മയെ ഉയർത്തിക്കാട്ടി ഉയരങ്ങൾ ചാടിപ്പിടിച്ച് ജീവിതമൊരു സ്വർഗമാക്കിത്തീർത്തവെൻറ മുഖം.


കേഡാർകന്ത ട്രക്കിങ്ങിനായി ​െഡറാഡൂണിലെത്തിയപ്പോഴാണ് മാക്കും അവിടെയുണ്ടായിരുന്നുവെന്ന് അറിഞ്ഞത്‌. ​െഡറാഡൂണിൽനിന്ന് സാങ്ക്രിയിലുള്ള ട്രക്കിങ്ങിെൻറ ആദ്യ ക്യാമ്പ്സൈറ്റിലേക്കെത്താൻ ഏഴു മണിക്കൂറിലധികമെടുത്തു. താഴ്‌വാരങ്ങൾക്കിടയിലെ പൊട്ടിപ്പൊളിഞ്ഞ വളഞ്ഞുപുളഞ്ഞ റോഡുകളുടെ കൊള്ളരുതായ്മകൾ ചുറ്റിനുമുള്ള പ്രകൃതിരമണീയതയിൽ അലിഞ്ഞുപോയിരുന്നു. തലയെടുപ്പോടെ നിൽക്കുന്ന മലയിടുക്കുകൾക്കിടയിലൂടെ പൊടി തുപ്പിയും ഞരങ്ങിയും നീങ്ങിയ ഞങ്ങളുടെ വണ്ടിയുടെ തൊട്ടുപിറകിലത്തെ വണ്ടിയിലാണ്‌ മാക്‌ സാങ്ക്രിയിലെത്തിയത്‌. സാങ്ക്രിയിലെ ക്യാമ്പിൽ അത്താഴം കാത്തുനിന്ന് തണുപ്പടിച്ചപ്പോഴാണ്‌ കൂട്ടുമായി അയാളെത്തിയത്‌.

ട്രക്കിങ് തുടങ്ങുന്ന ദിവസം അതിരാവിലെ എഴുന്നേറ്റ്‌ ആവശ്യമായതെല്ലാം ഒരുക്കി ഞങ്ങൾ മലയിടുക്കുകൾക്കിടയിലെ വിജനമായ വന്യപ്രദേശത്ത്‌ ഒത്തുകൂടി. ട്രക്കിങ്ങിനിടയിൽ എന്ത് അപകടം സംഭവിച്ചാലും അധികൃതർ ഉത്തരവാദികളല്ലെന്നും സ്വന്തം താൽപര്യമാണെന്നും മുദ്രപത്രം എഴുതി ഒപ്പിടുമ്പോൾ പലരും ഒന്നു തരിച്ചുനിന്നു. വിറക്കുന്ന കൈകൾകൊണ്ട്‌ ഞാൻ ഒപ്പുവെക്കുമ്പോൾ മാക്‌ യാത്രതുടങ്ങാൻ വെമ്പൽ കൂട്ടുകയായിരുന്നു.

സാങ്ക്രിയിലെ ക്യാമ്പ്‌ സൈറ്റിൽനിന്ന് വനാന്തരങ്ങൾക്കിടയിലെ ചെങ്കുത്തായ ഇടവഴികളിലൂടെയുള്ള ട്രക്കിങ് അവസാനിക്കുന്നത് ഹർഗാഓൺ എന്ന മറ്റൊരു ക്യാമ്പ്‌ സൈറ്റിലാണ്. വെള്ളമോ വെളിച്ചമോ വൈദ്യുതിയോ ഇല്ലാത്ത വനഭൂമിയിൽ ഞങ്ങൾ അന്നുരാത്രി ടെൻറ് കെട്ടി ക്യാമ്പടിച്ചു. രാവിലെ തുടങ്ങിയ ട്രക്കിങ് വൈകുന്നേരത്തോടുകൂടി അവസാനിച്ചപ്പോൾ എെൻറ കണ്ണുകൾ പരതിയത്‌ ഉയരമില്ലാത്ത, എന്നാൽ, ഉയിരുള്ള ആ ചിരിയായിരുന്നു. എന്നാൽ ഓടിയും ചാടിയും ഞങ്ങൾക്കെല്ലാവർക്കും മുേമ്പ അയാൾ അവിടെ എത്തിയിരുന്നു.

അന്നു ജീവിതത്തിലാദ്യമായി ഞാൻ മഞ്ഞ് കണ്ടു. ആദ്യ ദർശനത്തിൽ തണുപ്പിൽ മരവിച്ച ശരീരത്തിെൻറ അതികഠിനമായ വേദനയോ കാലുകളിൽ തടിച്ചുവന്ന നീർക്കെട്ടോ എല്ലാം മറന്നുപോയി. നീന്താൻ പഠിച്ച താറാവ് കുഞ്ഞുങ്ങൾ ആദ്യമായി വെള്ളം കാണുന്നപോലെ, മഞ്ഞിലേക്ക്‌ എടുത്തുചാടി. അന്ന് രാത്രി ഉറങ്ങുമ്പോൾ അടുത്ത ദിവസത്തെ ട്രക്കിങ് ഇതിനെക്കാൾ കഠിനമാവുമെന്ന് കരുതിയതേയില്ല.




അടുത്ത ദിവസം മഞ്ഞുപൊതിഞ്ഞ മലകൾ മാത്രമായിരുന്നു കയറിയിറങ്ങാൻ ഉണ്ടായിരുന്നത്. ആറു ദിവസത്തേക്കുള്ള വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങുന്ന ബാഗുകളും ചുമലിലിട്ട് മഞ്ഞിൽ നടന്നുനീങ്ങുമ്പോൾ പലപ്പോഴും മുട്ടറ്റം വരെ മഞ്ഞിലാണ്ടുപോയി. തണുത്തുറച്ച കാലുകളെ വലിച്ചെടുത്ത് ഓരോ തവണയും നടത്തം തുടരുമ്പോഴും ഒരു പരാതിയുമില്ലാതെ പതിവിലേറെ ആവേശത്തിൽ, മാക്‌ കൂടെ ഉണ്ടായിരുന്നു.

ഉയരക്കുറവിനെ ന്യൂനതയാക്കി, തന്നെ മാറ്റിനിർത്തിയ സമൂഹത്തിനോടുള്ള ഒരു പ്രതികാരമായിരുന്നു മാക്കിന്‌ യാത്രകൾ. ഇന്ത്യ മുഴുവൻ കണ്ടുകഴിഞ്ഞ ആ യാത്രാഭ്രാന്തന്‍റെ സിരകളിലൊഴുകുന്നത്‌ എന്തെന്ന് ഞാൻ ഒരുവേള സംശയിച്ചുപോയി. ഓവർകോട്ട് മാത്രം ധരിച്ച് മാക്‌ വളരെ നിസ്സാരമായി നടന്നപ്പോൾ, തണുപ്പിെൻറ കുസൃതികളെ ഒഴിച്ചുനിർത്താൻ പറ്റാതെ പലരും ബുദ്ധിമുട്ടുകയായിരുന്നു. കൂട്ടത്തിലേറ്റവും ബുദ്ധിമുട്ടിയ ആൾ ഞാൻ തന്നെയായിരുന്നിരിക്കണം.

അന്ന് വൈകുന്നേരത്തോടുകൂടി കേഡാർകന്ത ബേസ്‌ ക്യാമ്പിലെത്തി. അടുത്തദിവസം രാവിലെ ഏഴോടെ സമ്മിറ്റ്‌ പൂർത്തിയാക്കേണ്ടതുണ്ട്. രാത്രി രണ്ടുമണിക്കാണ്‌ അവസാനഘട്ട ട്രക്കിങ് തുടങ്ങുന്നത്. മഞ്ഞുപൊതിഞ്ഞ 13 താഴ്‌വരകൾ താണ്ടി സൂര്യനുദിച്ചുയരുന്ന കാഴ്ചയിലേക്കാണ്‌ കിതച്ചുകയറേണ്ടത്‌. രണ്ടു മണിക്ക് ഞങ്ങൾ പുറപ്പെടാൻ തയാറാകുമ്പോൾ യാത്രയിലുടനീളം ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളെക്കുറിച്ച്‌ അധികൃതർ ഞങ്ങളെ ബോധവാന്മാരാക്കുമ്പോഴും മാക്‌ മുൻനിരയിൽതന്നെ ഉണ്ടായിരുന്നു.


തലയിൽ ടോർച്ചുകൾ കെട്ടിെവച്ച് വാക്കിങ് സ്റ്റിക്കുമായി ഞങ്ങൾ നടന്നുകയറുമ്പോൾ ഇരുട്ടും കാറ്റും വില്ലനായെത്തി. സമ്മിറ്റിനോടടുക്കുമ്പോഴുള്ള അവസാന മൂന്ന് മലനിരകളും പാറക്കെട്ടുകൾ നിറഞ്ഞതായിരുന്നു. ഉയർന്ന പാറക്കെട്ടുകളിൽ അള്ളിപിടിച്ചുകയറുമ്പോൾ പലപ്പോഴും തെന്നിത്തെറിച്ചു. മറിഞ്ഞുവീണു. കാലുകൾ വഴുതി. ഇരുട്ടിൽ എല്ലാം അവ്യക്തമായിരുന്നെങ്കിലും പതറാതെ പൊരുതിയ ആ ചിരി ഞാൻ തിരിച്ചറിഞ്ഞു. ഓരോ തവണ വീണപ്പോഴും അതിനെക്കാളും ഉന്മാദിയായി എണീറ്റോടിയ ആ ഉയരമില്ലാത്ത മനുഷ്യനെ പലപ്പോഴും വലിയ പാറക്കെട്ടുകൾ ചാടിക്കടക്കാൻ സഹയാത്രികർ സഹായിക്കുന്നുണ്ടായിരുന്നു.

സൂര്യോദയത്തോടുകൂടി സമ്മിറ്റ്‌ പൂർത്തിയാക്കി കേഡാർകന്തയുടെ മുകളിലെത്തിയപ്പോൾ ആദ്യം സമ്മിറ്റ്‌ പൂർത്തിയാക്കിയ ചുരുക്കം ചില ആളുകളിൽ ഒരാൾ മാക്‌ ആയിരുന്നു. ഉദിച്ചുയരുന്ന സൂര്യന്‍റെ ആയിരം കിരണങ്ങൾക്കൊപ്പം തെളിഞ്ഞുവന്ന വർണവിസ്മയങ്ങൾ കണ്ട്‌ തലമിന്നിയപ്പോൾ അറിയാതെ കണ്ണുകൾ നനഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ സാഹസികത പൂർത്തിയാക്കിയതിെൻറ ആനന്ദാശ്രുക്കളായിരുന്നില്ല അത്‌. എന്നാൽ, കൊഴിഞ്ഞുവീഴാറായ ശരീരത്തിൽനിന്നുമുയരുന്ന വേദനയുടെ പുതിയ കുമിളകളായിരുന്നു. ദേഹമാസകലം അതികഠിനമായ വേദന. പേശികൾ വലിഞ്ഞു മുറുകുന്നപോലെ. മരവിച്ചുകിടക്കുന്ന കാൽവിരലുകളിൽ അൽപമെങ്കിലും ജീവൻ ബാക്കിനിൽക്കുന്നുവോയെന്ന് ഞാൻ സംശയിച്ചു.


കേഡാർകന്തയുടെ മുകളിലിരുന്ന് വിജയഗാനങ്ങൾക്കിടയിലും ജയ്‌ വിളികൾക്കിടയിലും പൊട്ടിക്കരഞ്ഞു. ഞങ്ങൾ സമ്മിറ്റ്‌ കീഴടക്കിയ അന്നേക്ക്‌ നമ്മുടെ രാഷ്ട്രം റിപ്പബ്ലിക്കായിട്ട്‌ 72 വർഷം പിന്നിടുകയായിരുന്നു. അതി മനോഹരമായി സിഖുകാർ അവതരിപ്പിച്ച ദേശീയഗാനമില്ലായിരുന്നെങ്കിൽ കരച്ചിൽ നിർത്തി കേഡാർകന്തയുടെ പകരം വെക്കാനില്ലാത്ത സൗന്ദര്യത്തിലേക്ക്‌ മടങ്ങിവരില്ലായിരുന്നു. ദേശീയഗാനത്തിെൻറ അലയൊലികൾക്കൊപ്പം മരവിച്ചു വരണ്ട, രക്തം കട്ടപിടിച്ച ചുണ്ടുകൾ ചലിപ്പിക്കുമ്പോൾ ഒരു പാറയുടെ മുകളിൾ തന്നെക്കാൾ ഒരുപാട്‌ വലുപ്പമുള്ള ഒരു ദേശീയപതാകയുമേന്തി ആ ചെറിയ മനുഷ്യൻ നിൽപുണ്ടായിരുന്നു.

മൂന്നു ദിവസംകൊണ്ട്‌ കയറിത്തീർത്തതൊക്കെയും ഇറങ്ങണമല്ലോ എന്നാലോചിച്ചിരിക്കുന്ന എനിക്ക്‌ ഇനിയും കരയാൻ അർഹതയില്ല എന്ന് ആ നിമിഷം മനസ്സിലാക്കി. ഉയരമില്ലായ്മയെ ത​െൻറ ഉയരമാക്കി മാറ്റിയ ആ മനുഷ്യനൊക്കെ അവിടെനിന്നു മനസ്സറിഞ്ഞു ചിരിക്കുമ്പോൾ എന്തിെൻറ പേരിലാണ്‌ കരയേണ്ടത്‌?

Tags:    
News Summary - At the summit of Kedarkantha, across 13 snow-covered valleys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT