വായുവിലൂടെ പാറിനടക്കാൻ കൊതിക്കാത്തവർ കുറവായിരിക്കും. ഇത്തരം സ്വപ്നങ്ങൾ കാണുന്നവർക്കുള്ളതാണ് സ്കൈഡൈവിങ്. വിമാനത്തിൽ ഉയരത്തിലേക്ക് പോയി പാരച്യൂട്ടിന്റെ സഹായത്തോടെ താഴോട്ട് ചാടുന്നതിന്റെ ഹരം ഒന്നുവേറെ തന്നെയാണ്. എന്നാൽ, എല്ലാവർക്കും ഇതിന് സാധിച്ചെന്ന് വരില്ല. അമിത ചെലവ്, ശാരീരികമായ പ്രശ്നങ്ങൾ എന്നിവയെല്ലാം പ്രതികൂലമായി ബാധിച്ചേക്കാം. ഇതിനെല്ലാം പുറമെ മനസ്സിനും നല്ല കരുത്ത് വേണം.
ഈ പ്രതിബദ്ധങ്ങളൊന്നും ഇല്ലാതെ സിംപിളായിട്ട് സ്കൈഡൈവിങ് ചെയ്യാൻ അവസരം കൈവന്നിരിക്കുകയാണ്. ഹൈദരാബാദിലെ ഗണ്ടിപേട്ടിൽ ഗ്രാവിറ്റിസിപ്പ് എന്ന കമ്പനി രാജ്യത്തെ ആദ്യ ഇൻഡോർ സ്കൈഡൈവിങ് സൗകര്യം ഒരുക്കിയിരിക്കുന്നു.
പ്രത്യേകമായി ഒരുക്കിയ സിലിണ്ടർ ടണലിൽ വെച്ചാണ് സ്കൈഡൈവിങ്ങിന്റെ അനുഭവം ആസ്വദിക്കാനാവുക. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഡൈവിങ്ങിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 2000 മുതൽ 3000 രൂപ വരെയാണ് നിരക്ക്.
സുരക്ഷിതവും അടച്ചതും നിയന്ത്രിതവുമായ അന്തരീക്ഷത്തിലാണ് സ്കൈഡൈവിങ് നടത്തുക. താരതമ്യേന നല്ല ആരോഗ്യമുള്ള ആർക്കും ഇൻഡോർ സ്കൈ ഡൈവിങ് ആസ്വദിക്കാമെന്ന് ഗ്രാവിറ്റിസിപ്പ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഇൻഡോർ സ്കൈഡൈവിങ് എന്ന അത്ഭുതകരമായ കായികവിനോദം അനുഭവിക്കാൻ ആളുകളെ സഹായിക്കുന്നതിന് തങ്ങളാൽ കഴിയുന്നിടത്തോളം ചെയ്യുമെന്നും അര ഏക്കറിൽ താഴെയുള്ള സ്ഥലത്താണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
200 മുതൽ 400 കിലോമീറ്റർ വേഗതയിൽ കാറ്റ് സൃഷ്ടിച്ചാണ് സ്കൈഡൈവിങ് സാധ്യമാക്കുക. ഇതിനായി രണ്ട് ടർബൈനുകൾ 800 കിലോവാട്ട് വൈദ്യുതിയിൽ പ്രവർത്തിക്കും. പങ്കെടുക്കുന്നവർ നൈലോൺ, സ്പാൻഡെക്സ്, കോട്ടൺ എന്നിവകൊണ്ട് നിർമിച്ച ജംപ്‌സ്യൂട്ടും ഹെൽമെറ്റും ലേസ്-അപ്പ് ഷൂസും ധരിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.