ദുബൈയിലെ വിനോദ കേന്ദ്രങ്ങളുടെ പട്ടികയിലെ ഏറ്റവും ആഡംബര വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ‘ഡീപ് ഡൈവ് ദുബൈ’. സന്ദർശകരെ ആകർഷിക്കാനായി പുത്തൻ സംവിധാനങ്ങളും പരിപാടികളും ഒരുക്കിയാണ് ലോകത്തെ ഏറ്റവും ആഴമേറിയ ഡൈവിങ് സിമ്മിങ് പൂൾവേനൽകാലം ആഘോഷിക്കുന്നത്.
വെള്ളത്തിനടിയിലിരുന്ന് ചെസ് കളിക്കാനും മെഴ്സിഡസ് ബെൻസും ഡുകാട്ടി മോട്ടോർബൈക്കും ഡ്രൈവ് ചെയ്യാനുമൊക്കെയാണ് അവസരമൊരുക്കിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ച അന്താരാഷ്ട്ര ചെസ് ദിനത്തോട് അനുബന്ധിച്ച് യു.എ.ഇ ചെസ് ഫെഡറേഷനുമായി സഹകരിച്ച് അണ്ടർ വാട്ടർ ചെസ് ടൂർണമെന്റ് തന്നെ ഇവിടെയൊരുക്കി. വെള്ളത്തിനടിയിലെ ഡ്രൈവിങ് സാങ്കേതികമായി വളരെയേറെ പ്രതിബന്ധങ്ങളുള്ളതാണെങ്കിലും ശാസ്ത്രീയമായ സംവിധാനങ്ങളിലൂടെ ഇതിനും സാഹചര്യമൊരുക്കിയിട്ടുണ്ട്.
2021ലാണ് കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയത്. നഗരത്തിലെ നാദ് അൽ ഷെബ പ്രദേശത്താണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ച ആഴമേറിയ സ്വിമ്മിങ് പൂളുള്ളത്. 60.02മീറ്റർ ആഴമാണിതിനുള്ളത്. 14ദശലക്ഷം ലിറ്റർ വെള്ളമാണിത് നിറയാൻ ആവശ്യമായിട്ടുള്ളത്. deepdivedubai.com എന്ന വെബ്സൈറ്റ് വഴിയാണ് ഇവിടേക്ക് പ്രവേശനത്തിന് ബുക്കിങ് നടത്തേണ്ടത്. ഡൈവിങിനായുള്ള എല്ലാ ഉപകരണങ്ങളും ഇവിടെ ലഭ്യമായിരിക്കും. എല്ലാ ദിവസവും രാവിലെ 9മുതൽ വൈകുന്നേരം 6മണിവരെയാണ് പ്രവർത്തനം.
ആറ് ഒളിമ്പിക് സ്വിമ്മിങ് പൂളുകളുടെ വലുപ്പമാണിതിന് അവകാശപ്പെടുന്നത്. യു.എ.ഇയുടെ മുത്ത്-പവിഴ ഡൈവിങ് പൈതൃകത്തിന്റെ അടിസ്ഥാനത്തിൽ വലിയ ചിപ്പിയുടെ രൂപത്തിൽ 1500സ്ക്വയർ മീറ്ററിലാണിത് തയ്യറാക്കിയത്. ഡൈവ് ഷോപ്പ, ഗിഫ്റ്റ് ഷോപ്പ്, 80പേർക്കിരിക്കാവുന്ന റെസ്റ്ററൻറ്, എന്നിവയും ഇതിനനുബന്ധിച്ചുണ്ട്. അന്താരാഷ്ട്ര തലത്തിൽ പരിശീലനം നേടിയ ഡൈവർമാരുടെ മേൽനോട്ടത്തിലാണിവിടെ ഡൈവിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
വെള്ളത്തിനടിയിലെ ചെസും കഫെയും അടക്കം പലവിധങ്ങളായ വിനോദങ്ങൾ ഇതിലുൾപ്പെടും. തീർത്തും സുരക്ഷിതാമായ അന്തരീക്ഷത്തിലും സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ സുരക്ഷിതത്വം പരിഗണിച്ചും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നുണ്ട്. ഇതിലെ വെള്ളം ഒരോ ആറുമണിക്കൂറിലും ഫിൽറ്റർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഡൈവിങുമായി ബന്ധപ്പെട്ട പലതരം ആക്ടിവിറ്റികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നേരത്തെ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇവിടെ ഡൈവിങ് ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.