1. എവറസ്റ്റിന് മുകളിൽ ഷെയ്ഖ് ഹസൻ ഖാൻ (വലത്തേയറ്റം) 2. ഷെയ്ഖ് ഹസൻ ഖാൻ

എവറസ്റ്റിന് മുകളിൽ ഷെയ്ഖ് ഹസൻ ഖാൻ

ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ ഇഷ്ടമില്ലാത്തതായി ആരുമുണ്ടാവില്ല. ലോകത്ത് ഏറ്റവും ഉയരം താണ്ടുന്നവരാണ് പർവതാരോഹകർ. അതിൽത​െന്ന ഏറ്റവും വലിയ സ്വപ്നമാവും ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുക എന്നത്. എവറസ്റ്റ് കീഴടക്കി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഇപ്പോൾ ഷെയ്ഖ് ഹസൻ ഖാൻ. ചൈന, നേപ്പാൾ അതിർത്തികളിലായി ഹിമാലയൻ പർവതനിരകളിലാണ് എവറസ്റ്റ് കൊടുമുടി.

ഇന്ത്യൻ പതാകയേന്തി കൊടുമുടിയിൽ

സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ വലിയൊരു ദേശീയപതാക എവറസ്റ്റ് കൊടുമുടിയിൽ പാറിപ്പറപ്പിച്ച് ഷെയ്ഖ് ഹസൻ ഖാൻ എന്ന 35കാരൻ. സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പ് സീനിയർ ഗ്രേഡ് അസിസ്റ്റന്റാണ് ഷെയ്ഖ്. എവറസ്റ്റ് കീഴടക്കാനിറങ്ങിയ സംഘത്തിലെ ഏക മലയാളികൂടിയായിരുന്നു അദ്ദേഹം. 30 അടി നീളവും 20 അടി വീതിയുമുള്ള വലിയ പതാകയായിരുന്നു എവറസ്റ്റിന് മുകളിലേക്ക് ഷെയ്ഖ് കൊണ്ടുപോയത്. ശക്തമായ കൊടുങ്കാറ്റിൽ പക്ഷേ അത് ഉയർത്താൻ സാധിച്ചില്ല. പിന്നീട് 26,000 അടി ഉയരത്തിലെ ക്യാമ്പ് ഫോറിൽ (സൗത്ത് കോൾ) പതാക ഉയർത്തി. 13 പേരടങ്ങിയ സംഘത്തിൽ ഏഴുപേരാണ് എവറസ്റ്റ് ദൗത്യം പൂർത്തിയാക്കിയത്.

തോൽവിയിൽനിന്ന് വിജയത്തിലേക്ക്

''ക്യാമ്പ് രണ്ടിലെത്തിയപ്പോൾ കടുത്ത ചുമ യാത്രക്ക് തടസ്സമായി. കഫത്തിൽ രക്തം കണ്ടെത്തിയതോടെ താഴേക്ക് തിരിച്ചിറങ്ങാൻ തീരുമാനിച്ചു. 3440 അടിയിൽ നാംച്ചേ ബസാറിൽ അഞ്ചുദിവസം താമസിക്കേണ്ടിവന്നു. അവിടെ ചികിത്സക്കു ശേഷമാണ് വീണ്ടും മലകയറിയത്. ചുമ മുഴുവനായി മാറിയില്ലെങ്കിലും ബസ് ക്യാമ്പിലെത്തി. അവിടെനിന്ന് വീണ്ടും കയറി, കൊടുമുടിക്കു മുകളിൽവരെ. പോകുന്ന വഴിക്ക് ആരോഗ്യപരമായ ഒട്ടേറെ ബുദ്ധിമുട്ടുകളും അലട്ടി. ഒരു ക്യാമ്പിൽനിന്ന് മറ്റൊന്നിലേക്ക് പോകുമ്പോൾ ജീവൻതന്നെ അപായപ്പെട്ടേക്കാവുന്ന അനുഭവങ്ങളായിരുന്നു.

ഒരു ചുവട് വെക്കാൻ മൂന്ന് പ്രാവശ്യം ശ്വാസമെടുക്കണം. യാത്രക്കിടെ കൈവശമുണ്ടായിരുന്ന ഓക്സിജൻ തീർന്നു. ശേഷം 15 മിനിറ്റോളം ഓക്സിജനില്ലാതെ 70 ഡിഗ്രി ചരിവുള്ള മഞ്ഞുമലയിൽ പിടിച്ചിരുന്നു. പലരോടും ഓക്സിജൻ ചോദിച്ചിട്ടും കിട്ടാത്ത അവസ്ഥ. പിന്നീട് ഒരു ഷെർപ വന്ന് ഓക്സിജൻ തന്നു. എവറസ്റ്റി​ലേക്ക് യാത്രികരെ എത്തിക്കുന്നവരാണ് ​െഷർപകൾ. 

വീട്ടിലെത്തിയപ്പോൾ മകൾ ജഹനാര മറിയം ചുംബനം നൽകുന്നു. ഭാര്യ: ഖദീജ റാണി, പിതാവ് അലി അഹമ്മദ് ഖാൻ എന്നിവർ സമീപം

അതിമനോഹരം എവറസ്റ്റ്

''അതിമനോഹരമാണ് എവറസ്റ്റിന് മുകളിൽ നിന്നുള്ള കാഴ്ച. ചുറ്റും മലനിരകൾ, തിബത്ത്, നേപ്പാൾ മലനിരകൾ കാണാം. ചൈന, യു.എസ്.എ, യു.കെ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, ക്രൊയേഷ്യ, ചെക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവർ സംഘത്തിൽ ഉണ്ടായിരുന്നു. ഇന്ത്യക്കാരായ ഡോ. ഇന്ദ്രജിത്ത്, അഷ്മിത ദോർജെ എന്നിവരും കൂട്ടത്തിലുണ്ടായിരുന്നെങ്കിലും ഇവർക്ക് ദൗത്യം പൂർത്തിയാക്കാനായില്ല'' ഷെയ്ഖ് പറയുന്നു.

ഉയരങ്ങളെയും യാത്രയെയും പ്രണയിച്ച ഷെയ്ഖ് ഹസൻ ഖാൻ മുമ്പ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഉയരം കൂടിയ കൊടുമുടി കിളിമഞ്ചാരോ കീഴടക്കിയിട്ടുണ്ട്. സിയാച്ചിനിലെ മഞ്ഞുപാളികൾ മുതൽ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ വരെയും ഗുജറാത്തിലെ ദ്വാരക മുതൽ അരുണാചലിലെ ആദ്യ സൂര്യ രശ്മികൾ പതിക്കുന്ന ഡോങ് ഗ്രാമത്തിൽ വരെയും ഷെയ്ഖ് ഹസൻ ഖാൻ യാത്ര ചെയ്യിട്ടുണ്ട്. ഫോട്ടോഗ്രഫിയിൽ കമ്പമുണ്ടായിരുന്നതിനാൽ രാജ്യത്തെ ദേശീയ ഉദ്യോനങ്ങൾ സന്ദർശിക്കുന്നത് ഹോബിയായി. പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഉത്തര കാശിയിലെ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ്ങിൽനിന്ന് ഏറ്റവും ഉയർന്ന ഗ്രേഡായ ആൽഫ ഗ്രേഡിൽ മൗണ്ടനീറിങ് കോഴ്സ് പാസായി.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗത യോഗ്യമായ റോഡ് ഖർദൂങ് ലാ ചുരത്തിലൂടെ ബുള്ളറ്റിൽ യാത്ര ചെയ്തു. ഹിമാചൽ പ്രദേശിലെ മണാലിക്ക് അടുത്തുള്ള ഫ്രണ്ട്ഷിപ് പീക്കും (5289 മീറ്റർ) കയറിയിട്ടുണ്ട്. എഴു ഭൂഖണ്ഡങ്ങളിലുമുള്ള ഉയരം കൂടിയ ഏഴ് കൊടുമുടികളും കീഴടക്ക​ണമെന്നായിരുന്നു ഖാന്റെ ഉറച്ച തീരുമാനം. എവറസ്റ്റ് കീഴടക്കാനുള്ള പരിശീലനം ലഡാക്കിലെ 7135 മീ. ഉയരമുള്ള മൗണ്ട് നൂണിലായിരുന്നു. 30 ലക്ഷം രൂപയോളം ചെലവ് വന്നു ഖാന് എവറസ്റ്റ് കീഴടക്കാൻ. ഏത് യാത്രക്കും പിന്തുണയുമായി പിതാവ് അലി അഹമ്മദ് ഖാനും മാതാവ് ഷാഹിദ ഖാനും ഭാര്യ ഖദീജ റാണിയും മകൾ ജഹതാര മറിയവും ഒപ്പമുണ്ട്.

Tags:    
News Summary - Everest Mountaineering by Malayali Sheikh Hasan Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT