ഇച്ഛാശക്തിയും മനോധൈര്യവുമുള്ളവർക്ക് ഈ ലോകത്ത് അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് ആദിൽ തെലി എന്ന കശ്മീരി യുവാവ്. ഗിന്നസ് വേൾഡ് റെക്കോഡിലേക്കാണ് ഈ 23കാരൻ സൈക്കിൾ ചവിട്ടിക്കയറിയത്. കശ്മീരിൽനിന്ന് കന്യാകുമാരിയിലേക്ക് എട്ട് ദിവസവും ഒരു മണിക്കൂറും 37 മിനുറ്റും കൊണ്ട് ഇദ്ദേഹം സൈക്കിൾ ചവിട്ടിയെത്തി. 17കാരനായ ഓം മഹാജൻ എട്ട് ദിവസം, 7 മണിക്കൂർ, 38 മിനുറ്റ് കൊണ്ട് തീർത്ത റെക്കോഡാണ് ആദിൽ മറികടന്നത്. 2020 നവംബറിലായിരുന്നു ഓം മഹാജന്‍റെ റെക്കോർഡ് പ്രകടനം.
മുമ്പും ആദിൽ റെക്കോഡ് പ്രകടനം പുറത്തെടുത്തിട്ടുണ്ട്. 440 കിലോമീറ്റർ ദൂരം വരുന്ന ശ്രീനഗർ-ലേ പാത 26 മണിക്കൂർ 30 മിനുറ്റ് കൊണ്ട് കീഴടക്കിയാണ് റെക്കോർഡ് സ്ഥാപിച്ചത്. ബുഡ്ഗാമിലെ നർബൽ ജില്ലയിൽ നിന്നുള്ള സൈക്ലിസ്റ്റാണ് ആദിൽ.
2021 മാർച്ച് 22 ന് ശ്രീനഗറിലെ ലാൽചൗക്കിൽനിന്ന് രാവിലെ ഏഴ് മണിക്കാണ് ആദിൽ കന്യാകുമാരി യാത്ര ആരംഭിച്ചത്. എട്ട് ദിവസത്തിനുള്ളിൽ 3600 കിലോമീറ്ററാണ് പിന്നിട്ടത്. ഇതിനായി മാസങ്ങളുടെ തയാറെടുപ്പുകളും കഠിനാധ്വാനവും എടുക്കേണ്ടി വന്നു. അമൃത്സറിലായിരുന്നു ആദിൽ പരിശീലനം നേടിയത്. യാത്രയിലുടനീളം ആദിലിനെ നയിക്കാൻ പരിശീലകൻ കൂടെയുണ്ടായിരുന്നു. ഡൽഹി, ആഗ്ര, ഗ്വാളിയർ, ഹൈദരാബാദ്, മധുര എന്നിവിടങ്ങളിലൂടെ സന്ദർശിച്ചാണ് ഇന്ത്യയുടെ തെക്കേ അറ്റത്ത് എത്തുന്നത്.
ശ്രീനഗർ - ലേ യാത്ര ആദിലിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ വഴിത്തിരിവായിരുന്നു. കൂടുതൽ ലക്ഷ്യങ്ങൾ കൈപിടിയിലൊതുക്കാൻ ഇത് ഉത്തേജനം നൽകി. ലോക റെക്കോഡ് സ്ഥാപിച്ചശേഷം ആദിൽ മാധ്യമങ്ങളെ കാണുകയും തന്‍റെ സ്പോൺസർമാർക്കും ഗൈഡുകൾക്കും അഭ്യുദയാകാംക്ഷികൾക്കും നന്ദി പറയുകയും ചെയ്തു.
Never give up#cycling #motivation #passion #Adilteli pic.twitter.com/jZOAELMmfy
— Adil Teli (@ImAdilteli) February 7, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.