10,000 അടി ഉയരത്തിലേക്ക് വിമാനത്തിൽ പോയി അവിടെനിന്ന് താഴേക്ക് പാരച്യൂട്ടിന്‍റെ സഹായത്തോടെ ചാടുക. എന്നിട്ട് പക്ഷികപ്പോലെ വായുവിൽ പറന്നുല്ലസിക്കുക. ഒരൽപ്പം സാഹസികതയും മനക്കരുത്തുമുള്ളവർ പരീക്ഷിക്കുന്ന സാഹസിക വിനോദമാണ് സ്കൈ ഡൈവിങ്. ഈ സാഹസിക പ്രവർത്തിക്കായി മിക്കവരും ഇന്ത്യക്ക് പുറത്ത് പോവാറാണ് പതിവ്. പ്രത്യേകിച്ച് ദുബൈയിൽ.
എന്നാൽ, ഇവിടങ്ങളിലെല്ലാം ഉയർന്നതുകയാണ് ചെലവ് വരിക. ഇത്രയും പണം ചെലവഴിക്കാൻ കഴിയാത്തവർക്കായി ഒരു കിടിലൻ അവസരം വന്നിരിക്കുകയാണ്. അടുത്തമാസം മധ്യപ്രദേശിൽ ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ സ്കൈ ഡൈവിങ് ഒരുക്കുന്നു.
ആദ്യമായാണ് സ്വകാര്യ സംരംഭകരുമായി സഹകരിച്ച് സ്കൈ ഡൈവിംഗ് സൗകര്യം ഒരുക്കാൻ മധ്യപ്രദേശ് ടൂറിസം വകുപ്പ് തീരുമാനിക്കുന്നത്. വിനോദസഞ്ചാരവും സാഹസികതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ഒരുക്കുന്നത്.
ആകാശത്ത് പക്ഷികളെപ്പോലെ പറക്കുന്നതിന്റെ ത്രിൽ അനുഭവിക്കാൻ ഇനി ഭോപ്പാലിലും ഉജ്ജയിനിലും സ്കൈ ഡൈവിങ്ങിന്റെ സുവർണാവസരം ലഭ്യമാകുമെന്ന് ടൂറിസം ആൻഡ് കൾച്ചർ പ്രിൻസിപ്പൽ സെക്രട്ടറി ഷിയോ ശേഖർ ശുക്ലയും മധ്യപ്രദേശ് ടൂറിസം ബോർഡ് എം.ഡിയും പറഞ്ഞു. അലീഗഢിലെ പയനിയർ ഫ്ലയിങ് അക്കാദമിയുമായി സഹകരിച്ചാണ് പരിപാടി. മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ ഭോപ്പാലിലും മാർച്ച് മൂന്ന് മുതൽ ആറ് വരെ ഉജ്ജയിനിലുമാണ് സ്കൈ ഡൈവിങ് സംഘടിപ്പിക്കുന്നത്.
ഭോപ്പാലിലെ രാജാഭോജ് എയർപോർട്ടിനും ഉജ്ജയിനിലെ എയർസ്ട്രിപ്പിനും സമീപം ക്യാമ്പുകൾ സ്ഥാപിക്കും. ഇവിടെനിന്ന് ചെറുവിമാനത്തിൽ 10,000 അടി ഉയരത്തിലേക്ക് സഞ്ചാരികളെ കൊണ്ടുപോകും. തുടർന്നാകും സ്കൈ ഡൈവിങ് നടത്തുക. 31,272 രൂപയാണ് ഒരാളുടെ നിരക്ക്. വിദേശ രാജ്യങ്ങളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്.
ഹരിയാനയിലെ നർനൗളിൽ നിലവിൽ സ്കൈ ഡൈവിങ് സൗകര്യമുണ്ട്. കുറഞ്ഞ നിരക്കിൽ ഏറ്റവും ഉയർന്ന സുരക്ഷാ നടപടികളോടെയാണ് വിനോദസഞ്ചാരികൾക്ക് സ്കൈ ഡൈവിങ് സൗകര്യം ഒരുക്കുന്നതെന്ന് മധ്യപ്രദേശ് ടൂറിസം ബോർഡ് അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനിൽ രജിസ്റ്റർ ചെയ്ത വിമാനം ആയിരിക്കും ഇതിനായി ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.