ബാംഗാളിലെ ഗ്രാമീണ കാഴ്ച (ചിത്രം: ഫൈസൽ ചേലക്കുളം)

ബംഗാളിന്‍റെ ഉൾത്തുടിപ്പറിഞ്ഞ്​ ബംഗ്ലാദേശ്​ അതിർത്തിയിൽ

യാത്ര 14ാമത്തെ ദിവസത്തിലേക്ക്​ കടന്നിരിക്കുന്നു. കഴിഞ്ഞദിവസം ഹിമാലയത്തിനോട്​ വിടപറഞ്ഞതോടെ തിരിച്ചു മടക്കം തുടങ്ങുകയാണ്​. സിലിഗുരിയിൽ ഞങ്ങൾ തങ്ങിയ ഹോട്ടലിൽനിന്ന്​ ഭക്ഷണവും കഴിച്ച്​ യാത്ര തുടങ്ങി.

എട്ട്​ മണി ആയി​േട്ടയുള്ളൂ. അപ്പേ​ാഴേക്കും നഗരം തിരക്കിലേക്ക്​ വീണിട്ടുണ്ട്​. പശ്ചിമ ബംഗാളി​െൻറ മണ്ണിലൂടെ ദീർഘമായ സഞ്ചാരമാണ്​​ ഇന്ന്​​. അതിനൊപ്പം അയൽരാജ്യമായ ബംഗ്ലാദേശി​െൻറ അതിർത്തിയിലും ചെന്നെത്തണം.

കുട്ടികളുമായി പോകുന്ന വാഹനം

സിലിഗുരി നഗരം കഴിഞ്ഞതോടെ ഗ്രാമങ്ങളും കൃഷിയിടങ്ങളും സജീവമായി തുടങ്ങി. നാല്​ വരിയിൽ നീണ്ടുനിവർന്നുകിടക്കുന്ന ദേശീയപാതയിലൂടെ വാഹനം കുതിച്ചുപായുന്നു​. തലസ്​ഥാനമായ കൊൽക്കത്തയിലേക്ക്​ നീളുന്ന പാതയാണിത്​.

ഇതിനിടയിൽ ചില വിചിത്രമായ കാഴ്​ചയും ബംഗാൾ ഞങ്ങൾക്ക്​ സമ്മാനിച്ചു. ടാറ്റയുടെ എയ്​സ്​ പോലുള്ള ചെറിയ ട്രക്കുകളിലും ട്രാക്​ടറുകളിലും സ്​കൂൾ കുട്ടികളെ കുത്തിനിറച്ച്​ കൊണ്ടുപോകുന്നു. വാഹനത്തി​െൻറ അരികിൽ ഇരുമ്പുകമ്പികൾ​ കെട്ടിയിട്ടുണ്ടെങ്കിലും മുകൾവശവും പിൻഭാഗവും തുറന്നുതന്നെയാണ്​.

പാതയോട്​ ചേർന്ന തേയിലത്തോട്ടം

പിന്നിൽ യാതൊരു സുരക്ഷയുമില്ലാതെ നിൽക്കുന്ന വിദ്യാർഥികളെ കാണു​േമ്പാൾ നമ്മുടെ ച​െങ്കാന്ന്​ പിടയും. കേരളത്തിലാണെങ്കിൽ വണ്ടി എപ്പോഴേ പൊലീസ്​ പൊക്കിയിട്ടുണ്ടാകുമെന്ന്​ ഞങ്ങൾ ഒാർത്തു.

കഴിഞ്ഞ ദിവസങ്ങളിൽ​ കണ്ടതുപോലെ നിരപ്പായ സ്​ഥലങ്ങളിൽ തേയില കൃഷി മിക്കയിടത്തുമുണ്ട്​. തണുപ്പ്​ കാലമായതിനാൽ ആളുകൾ ജാക്കറ്റെല്ലാം അണിഞ്ഞാണ്​ കൃഷിയിടങ്ങളിൽ ജോലിക്കെത്തിയിരിക്കുന്നത്​.

മൂടിക്കെട്ടിയ അന്തരീക്ഷം

ആകാശത്തുനിന്ന്​ മൂടൽമഞ്ഞ്​ മാഞ്ഞുപോയിട്ടില്ല. ഇതിനിടയില​ൂടെ പുറത്തുവരാൻ സൂര്യനും മടിച്ചുനിൽക്കുന്നു. വെളിച്ചം ലഭിക്കാത്തതിനാൽ അന്തരീക്ഷത്തിന്​​​ വിഷാദഭാവമാണ്​.

ബംഗാളിലെ സ്​കൂൾ

70 കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ഇസ്​ലാംപുർ എന്ന നഗരത്തിലെത്തി. അവിടെനിന്ന്​ ഇടത്തോട്ട്​ തിരിയാൻ ഗൂഗ്​ൾ മാപ്പി​െൻറ നിർദേശം. ഇനിയങ്ങ്​ ബംഗാളി​െൻറ ​ഗ്രാമീണ വഴികളിലൂടെയാണ്​ യാത്ര. കാര്യമായ വികസനമൊന്നും എവിടെയും എത്തിനോക്കിയിട്ടില്ല. മണ്ണുതേച്ച ഒറ്റനില വീടുകൾ.

രാവിലെ ജോലിസ്​ഥലത്തേക്ക്​ പോകുന്നവർ

അതിന്​ മുന്നിൽ പശുക്കളും വൈക്കോൽ കൂനകളും. വിളവെടുപ്പ്​ കഴിഞ്ഞ വയലുകൾ. റോഡിൽ ടുക്​ ടുക്​ വണ്ടികളാണ്​ അധികവും. ആളുകളോടൊപ്പം ചരക്കുകളും ഇതിൽ കൊണ്ടുപോകുന്നു. ഇതിനെല്ലാം പുറമെ നമ്മളിപ്പോൾ ബംഗ്ലാദേശ്​​ അതിർത്തിയിൽനിന്ന്​ കിലോമീറ്ററുകൾ മാത്രം അകലെയാണെന്ന്​ മനസ്സിലാക്കാൻ ഗൂഗ്​ൾ മാപ്പ്​ വഴി സാധിച്ചു.

ബംഗാളിലെ കൃഷിയിടം

ഹാർമോണിയവും കൊൽക്കത്തൻ ബിരിയാണിയും

സമയം ഉച്ചയോടടുക്കാറായി. മഹാനദിക്കരയിൽ സ്​ഥിതിചെയ്യുന്ന മാൾഡ നഗരത്തിന്​ സമീപമെത്തിയിട്ടുണ്ട്​. വിശപ്പി​െൻറ വിളി തുടങ്ങിയതോടെ വഴിയോരത്തുകണ്ട ബിരിയാണി കടയിൽ തന്നെ കയറി.

വീടിന്​ മുന്നിൽ നിർത്തിയിട്ട കാറിന്​ മുകളിൽ സൂക്ഷിച്ച വൈക്കോലുകൾ

ചുവന്ന നിറത്തിലെ വലിയ ചെമ്പിൽ ബിരിയാണി നിറച്ചുവെച്ചിരിക്കുന്നു. കൊൽക്കത്ത ബിരിയാണിയാണ്​ ഒാർഡർ ചെയ്​തത്​. ചിക്കനും മുട്ടയും അതിനേക്കാൾ വലിപ്പമുള്ള ഉരുളക്കിഴങ്ങുമായി ബിരിയാണി​ ഞങ്ങളുടെ മുന്നിലെത്തി.

ഹോട്ടലിന്​ തൊട്ടടുത്ത്​ തന്നെ സംഗീത ഉപകരണങ്ങൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടയുണ്ട്​. പഴയ ഒരു ഹാർമോണിയം പരിശോധിക്കുന്ന തിരക്കിലായിരുന്നു കടയുടമ. അതിൽനിന്ന്​ സംഗീതം പൊഴിഞ്ഞുവീഴുന്നു. കാതുകളിലേക്ക്​ ഇമ്പമോടെ ഒഴുകിവന്ന മാന്ത്രിക ശബ്​ദത്തോടൊപ്പം ബിരിയാണിയും ഞങ്ങൾ അകത്താക്കി കഴിഞ്ഞിരുന്നു.

മാൾഡയിലെ ബിരിയാണിക്കട

ഭക്ഷണം കഴിച്ചശേഷം ആ കടയിൽ ഒന്ന്​ കയറി. ഗ്രാമ​േഫാണും ഹാർമോണിയവും തബലയുമെല്ലാം കുറഞ്ഞവിലക്കാണ്​ വിൽപ്പന. ഞങ്ങൾ കേരളത്തിൽനിന്നാണെന്ന്​ പറഞ്ഞപ്പോൾ പുള്ളിക്കും വലിയ സന്തോഷം. ഒരു ഹാർമോണിയത്തിലൂടെ വിരലോടിക്കാൻ അദ്ദേഹം അവസരവും നൽകി.

കടയുടമയോട്​ യാത്ര പറഞ്ഞ്​ പുറത്തിറങ്ങി. ബംഗ്ലാദേശി​െൻറ അതിർത്തിയാണ് ഇനി​ ലക്ഷ്യം. പാതയോരങ്ങളിൽ നിറയെ മാവുകൾ കാണാം. മൾഡക്ക്​ മാമ്പഴ നഗരമെന്ന പേര്​ കൂടിയുണ്ട്​. അത്​ അന്വർഥമാക്കുന്ന രീതിയിലാണ്​ വഴിയോര കാഴ്​ചകൾ. മൂന്ന്​ മണിയോടു കൂടി മഹാദിപുരിലെത്തി. ഇനി മുന്നോട്ടുപോകാനാവില്ല.

ഹാർമോണിയത്തിൽ വി​രലോടിച്ചപ്പോൾ

കാരണം മറ്റൊരു രാജ്യമാണ്​ മുന്നിൽ. ​റോഡിലാകെ ലോറികളുടെ ബഹളം​. ഇന്ത്യയിൽനിന്ന്​ ബംഗ്ലാദേശിലേക്ക്​ ചരക്കുമായി പോവുകയാണ്​ അവ. തിരിച്ചും ചരക്കുമായി വരുന്ന ലോറികൾ നിരവധി. ഞങ്ങൾ വണ്ടി ഒരിടത്ത്​ ഒതുക്കിനിർത്തി. മാൾഡയിൽനിന്നും 20 കിലോമീറ്റർ അകലെയാണ്​ ഇൗ അതിർത്തി.

ഇമി​ഗ്രേഷൻ ഒാഫിസിൽ നിരവധി പേർ അതിർത്തി കടക്കാനായി കാത്തിരിപ്പുണ്ട്​. അതിർത്തിയോട്​ ചേർന്ന്​ പുരാതന കെട്ടിടം നിലകൊള്ളുന്നത്​ കണ്ടു. അതിന്​ മുകളിൽനിന്നാൽ​ ബംഗ്ലാദേശ്​​ കാണാം. കെട്ടിടത്തിൽ​​ കയറുന്നതിന്​ മുമ്പ്​ ബി.എസ്​.എഫ്​ ചെക്​പോസ്​റ്റിൽ പേരും വിവരവും നൽകി.

കോട്​വാലി ദർവാസക്ക്​ മുകളിൽനിന്നുള്ള ബംഗ്ലാദേശിന്‍റെ കാഴ്ച

കെട്ടിടത്തിന്​ മുന്നിലെ നീല ബോർഡിൽ​ അതി​െൻറ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്​. കോട്​വാലി ദർവാസ എന്നാണ്​ പേര്​. എ.ഡി 1235ലാണ്​ ഇതി​െൻറ നിർമാണം. ഒരുപാട്​ രാജവംശങ്ങളുടെ തലസ്​ഥാനമായിരുന്ന ഗൗഡ സിറ്റിയുടെ തെക്ക്​ ഭാഗത്തെ പ്രവേശന കവാടമായിരുന്നു അത്​.

ഏഴാം നൂറ്റാണ്ടിൽ ശശാങ്കൻ രാജാവാണ്​ ഗൗഡ സാമ്രാജ്യം സ്​ഥാപിക്കുന്നത്​. അതിനുശേഷം ഒരുപാട്​ ഭരണങ്ങൾ മാറിമാറി വന്നു. ഡൽഹി സൂൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിയുടെ കാലത്താണ്​ കോട്​വാലി ദർവാസ നിർമിച്ചത്​​. കമാന രൂപത്തിലുള്ള കവാടമായിരുന്നു ഇതിനുണ്ടായിരുന്നത്​. ഇതി​െൻറ മുകൾ ഭാഗം പിന്നീട്​ തകർന്നു. അതിലൂടെയാണ്​ ഇപ്പോഴും വാഹനങ്ങൾ കടന്നുപോകുന്നത്​.

അതിർത്തി കടന്നുപോകുന്ന ലോറികൾ

കോട്​വാലി ദർവാസക്ക്​ അരികിലെ ചെറിയ നടവഴിയിലൂടെ മുകളി​േലക്ക്​ കയറി. അതിർത്തി കടക്കാൻ കാത്തുനിൽക്കുന്ന ലോറികളാണ്​ ആദ്യം കണ്ണിലുടക്കുക. അതിനിടയിലൂടെ പെട്ടിയും വലിച്ച്​ ഇന്ത്യയിലേക്ക്​ പ്രവാസ ജീവിതം നയിക്കാൻ വരുന്ന മനുഷ്യരെ കാണാം. ദൂരെയായി 'ബംഗ്ല​ാദേശിലേക്ക്​ സ്വാഗതം' എന്ന ബോർഡും എഴുതിവെച്ചിട്ടിണ്ട്​.

അന്യരാജ്യത്ത്​ കാലു​ കുത്താൻ കഴിഞ്ഞില്ലെങ്കിലും അടുത്തുനിന്ന്​ കാഴ്​ചകൾ കണ്ട്​​ നിർവൃതിയടഞ്ഞു. ഇൗ യാ​ത്രയിൽ ഞങ്ങളെത്തുന്ന നാലാമത്തെ രാജ്യാതിർത്തി​. ഭൂട്ടാനിലും നേപ്പാളിലും കാറിൽ തന്നെ സഞ്ചരിച്ചു. കിഴക്കൻ സിക്കിമിലെ യാത്ര ചൈനയുടെ തൊട്ടടുത്തുകൂടിയായിരുന്നു. മൊബൈലിൽ ചൈനയിൽനിന്നുള്ള സിഗ്​നൽ വരെ ലഭിച്ച സംഭവമുണ്ടായി. ഇവിടെ ബംഗ്ലാദേശി​െൻറ അതിർത്തികൂടി കാണു​േമ്പാൾ ഇൗ യാത്ര സാഫല്യമായതായി മനസ്സ്​ പറയുന്നു.

ലോട്ടൻ മസ്​ജിദ്​

ബി.എസ്​.എഫ്​ ഉദ്യോഗസ്​ഥ മൊബൈൽ പൊക്കി

തിരിച്ച്​ അവിടെനിന്ന്​ ഇറങ്ങി പോകു​േമ്പാൾ ​ഡ്യൂട്ടിയിലുണ്ടായിരുന്ന ബി.എസ്​.എഫ്​ ഉദ്യോഗസ്​ഥ അടുത്തേക്ക്​ വിളിച്ചു. എന്തിനാണ്​ അതിർത്തിയിൽവെച്ച്​ ​േഫാ​േട്ടാകൾ എടുത്തതെന്നായിരുന്നു അവരുടെ ചോദ്യം. ഞങ്ങൾ ദീർഘദൂര യാത്രയുടെ ഭാഗമായാണ്​ ഇവിടെ എത്തിയതെന്നും അതി​െൻറ ഒാർമക്കായി ഫോ​േട്ടാകൾ എടുത്തതാണെന്നും പറഞ്ഞു. പക്ഷെ, അത്​ അവർ ഉൾക്കൊണ്ടില്ല. അവിടെയുള്ള ഉന്നത ഉദ്യോഗസ്​ഥരുടെ അടുത്തേക്ക്​ ഞങ്ങളെ കൊണ്ടുപോയി.

അവരോട്​ ഞങ്ങൾ കാര്യങ്ങൾ വിശദീകരിച്ചു. ഫോ​േട്ടാകളും വിഡിയോകളും കാണിച്ചുകൊടുത്തു. അസ്വാഭാവികമായി അവർക്ക്​ ഒന്നും തോന്നിയില്ല. വനിത ഉദ്യോഗസ്​ഥ അവ ഡിലീറ്റ്​ ചെയ്യണമെന്ന്​ വാശിപിടിച്ചു. അല്ലാത്തപക്ഷം മൊബൈൽ തരില്ല എന്നായി അവർ. എന്നാൽ, കാര്യം മനസ്സിലാക്കിയ ആ ഉദ്യോഗസ്​ഥരുടെ കാരുണ്യത്താൽ ഞങ്ങൾക്ക്​ അവിടെനിന്ന്​ പ്രശ്​നമൊന്നും കൂടാതെ​ തിരിച്ചുപോരാനായി.

ലുകോചുരി ദർവാസ

മുന്നോട്ടുള്ള യാത്രയിൽ ഗൗഡ സാമ്രാജ്യത്തി​െൻറ അവശേഷിപ്പുകൾ വീണ്ടും കൺമുന്നിലെത്തുന്നു​. ​പ്രധാന റോഡിനോട്​ ചേർന്ന്​ തന്നെ മനോഹരമായ നിർമിതിയുണ്ട്​. 1475ൽ സുൽത്താൻ യൂസുഫ്​ ഷായുടെ കാലത്ത്​ നിർമിച്ച ലോട്ടൻ മസ്​ജിദാണത്​. ചുവന്ന കല്ലുകളിൽ തീർത്ത മസ്​ജിദ്​ കൊത്തുപണികളാൽ അലങ്കരിച്ചിട്ടുണ്ട്​.

ഇൗ സാമ്രാജ്യത്തി​െൻറ ചരിത്രശേഷിപ്പുകൾ ഇനിയും ബാക്കിയുണ്ട്​. അവ കാണാനായി പ്ര​ധാന റോഡിൽനിന്ന്​ ഇടത്തോട്ട്​ തിരിഞ്ഞു. 17ാം നൂറ്റാണ്ടിൽ നിർമിച്ച ലുകോചുരി ദർവാസയുടെ അകത്തുകൂടിയാണ്​ വാഹനം മുന്നോട്ടുപോയത്​. കവാടം കടക്കു​േമ്പാൾ വലത്​ ഭാഗത്തായി കാണാനാവുക കദം റസൂൽ മോസ്​ക്​ ആണ്​. 1500കളിൽ സുൽത്താൻ നസ്​റുദ്ദീൻ നുസ്​റത്ത്​ ഷായാണ്​ ഇൗ പള്ളി നിർമിക്കുന്നത്​.

കദം റസൂൽ മോസ്​ക്

പള്ളിയിൽ സൂക്ഷിച്ച കല്ലിൽ മുഹമ്മദ് നബിയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടെന്നാണ്​ വിശ്വാസം. മക്കയിൽ നിന്നാണ്​ ആ കല്ല്​ എത്തിച്ചിട്ടുള്ളതെന്നും പറയപ്പെടുന്നു. പള്ളിയുടെ നാല്​ ഭാഗങ്ങളിലായി കറുത്ത മാർബിൾകൊണ്ട്​ തീർത്ത മിനാരങ്ങളുണ്ട്​. ഇതി​െൻറ എതിർവശത്താണ്​ ഒൗറംഗസേബ്​ ആർമിയിലെ കമാൻഡറായിരുന്ന ഫത്തേഹ്​ ഖാ​െൻറ ശവകുടീരം.

വീണ്ടും മുന്നോട്ടുനീങ്ങു​േമ്പാൾ ഉയർന്നുനിൽക്കുന്ന ഒരു ഗോപുരം കാണാം. ഫിറോസ്​ മിനാർ എന്നാണതി​െൻറ പേര്​. തുഗ്ലക്ക്​ ശൈലിയിലെ വാസ്തുവിദ്യയിൽ അഞ്ച്​ നിലയിൽ നിർമിച്ച ഗോപുരം​. 1485നും 1489നും ഇടയിൽ ഹബ്​ഷി രാജവംശത്തിലെ സുൽത്താൻ സൈഫുദ്ദീൻ ഫിറോസ് ഷായാണ് ഇത് നിർമിച്ചത്. ആദ്യത്തെ മൂന്ന് നിലകൾക്ക്​ ചുറ്റും 12 വശങ്ങളു​ണ്ടെങ്കിൽ അവസാനത്തെ രണ്ടെണ്ണം വൃത്താകൃതിയിലാണ്. യുദ്ധങ്ങളുടെ വിജയസ്​മരണക്കാണ്​ ഇത്​ നിർമിച്ചിട്ടുള്ളത്​. ഡൽഹിയിലെ ഖുത്​ബ്​ മിനാറി​നെ ഒാർമിപ്പിക്കുന്ന ഇൗ നിർമിതിക്ക്​ 26 മീറ്ററാണ്​ ഉയരം.

കായലിന്​ സമീപത്തുകൂടിയുള്ള റോഡ്​

പിന്നീടുള്ള യാത്ര കുട്ടനാട്ടിലൂടെയാണോ എന്ന്​ തോന്നിപ്പോകും. റോഡി​െൻറ ഇരുവശത്തും കായലുകളാണ്​. ചൂണ്ടയിട്ട്​ മീൻപിടിക്കുന്നവരെയും തോണി തുഴഞ്ഞ്​ പോകുന്നവരെയും കാണാം. പഗ്​ല നദിയുടെ സാന്നിധ്യമാണ്​ ഇൗ ജലശേഖരങ്ങൾക്ക്​ കാരണം. വെള്ളമ​ുണ്ടെങ്കിലും എവിടെയും പച്ചപ്പ്​ കാണാനാവില്ല. ആകെ പൊടിപിടിച്ച്​ കിടക്കുന്ന അവസ്​ഥ. റോഡും മരങ്ങളുമെല്ലാം പൊടിയിൽ മുങ്ങിയിരിക്കുന്നു.

റോഡ്​ അവസാനിക്കുന്നത്​ മറ്റൊരു ച​രിത്ര നിർമിതിക്ക്​ മുമ്പിലാണ്, ദാഖിൽ ദർവാസ. കായലുകൾക്ക്​ നടുവിലെ മനോഹരമായ നിർമിതി​. പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായിരുന്ന കോട്ടയുടെ പ്രവേശന കവാടമാണിത്​. ബാർബാക്​ ഷായാണ്​ ഇത്​ നിർമിച്ചതെന്ന്​ കരുതുന്നു.

ദാഖിൽ ദർവാസ

കളിമണ്ണിൽ ചു​െട്ടടുത്ത കല്ലുകൾ കൊണ്ടാണ്​ ഇതി​െൻറ നിർമിതി. ഇരുട്ട്​ നിറഞ്ഞ മുറികളാണ്​ അകത്ത്​. മുകളിൽ ഒളിച്ചുനിൽക്കുന്ന വവ്വാലുകൾ നമ്മെ പേടിപ്പെടുത്തും. പണ്ടുകാലത്ത്​ ഇവിടേക്ക്​ വരുന്ന വിശിഷ്​ട അതിഥികളെ പീരങ്കി ഉപ​േയാഗിച്ച് വെടിയൊച്ച മുഴക്കിയാണ്​​ സ്വീകരിക്കാറ്​​. അതിനാൽ തന്നെ സലാമി ദർവാസ എന്ന പേരും ഇതിനുണ്ട്​.

ഒരുപാട്​ പടയോട്ടങ്ങൾക്ക്​ സാക്ഷിയായ കോട്ടകൊത്തളങ്ങൾക്ക്​ മുന്നിലൂടെയാണ്​ ഇത്രയും നേരം സഞ്ചരിച്ചത്​. വിവിധ സാമ്രാജ്യങ്ങൾ വ്യത്യസ്​ത കാലങ്ങളിലായി ഒരുക്കിയ അതിഗംഭീര നിർമിതികൾ. അതിൽ പലതും തകർന്ന്​ നാമേവശേഷമായി. ബാക്കിയുള്ള പലതും ഇന്ന് അതിർത്തിക്കപ്പുറം​ ബംഗ്ലാദേശി​െൻറ കൈവശമാണ്​​.

ദാഖിൽ ദർവാസക്ക്​ സമീപത്തെ കച്ചവടക്കാർ

ഗംഗയുടെ തീരത്ത്​

ചരിത്രത്തിൽനിന്ന്​ ആവേശം കൊണ്ട്​​ ഞങ്ങളുടെ പ്രയാണം പുനരാരംഭിച്ചു. ദേശീയപാതയിൽ​ എത്തിയതോടെ അതിഭീകരമായ ഗതാഗതക്കുരുക്കാണ്​ എതി​രേറ്റത്​. ഇത്രയുംദിവസത്തെ യാത്രയിൽ ഇതുപോലെയൊരു തിരക്ക്​ കണ്ടിട്ടില്ല. ലോറിക്കാരുടെ നീണ്ട വരിയാണ്​ എവിടെയും. ചെറുവണ്ടികൾക്ക്​ പലപ്പോഴും എതിർദിശയിലൂടെ പോകേണ്ട അവസ്​ഥ. റോഡിലെ കുഴികളും ഇൗ തിരക്കിന്​ ആക്കംകൂട്ടി.

ചരിത്രപ്രധാനമായ മറ്റൊരു റോഡാണിത്​. ബാദ്​ഷാഹി റോഡ്​ (റോയൽ റോഡ്​) എന്നാണ്​ ഇതി​െൻറ പേര്​. ബി.സി 300 മുതൽ ഇതുവഴി സഞ്ചാരമുണ്ടെന്ന്​ ചരിത്രരേഖകൾ പറയുന്നു. നൂറ്റാണ്ടുകൾക്ക്​ മുമ്പ്​ ഉത്തരേന്ത്യയെ ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രവുമായി ബന്ധിപ്പിച്ചിരുന്നതും ഇൗ റോഡിലൂടെയാണ്​.

ഫറാഖ പാലം

സൂര്യൻ ചുവന്ന പൊട്ടായി അസ്​തമിക്കാൻ ​ഒരുങ്ങ​​വയേണ്​​ വലിയ ഒരു പാലത്തിലേക്ക്​ പ്രവേശിക്കുന്നത്​. താഴെ ഒഴുകുന്നത്​ സാക്ഷാൽ ഗംഗയാണ്​. ഇൗ യാത്രയിൽ രണ്ടാമത്തെ തവണയാണ്​ ഗംഗയെന്ന പുണ്യനദിയെ മുറിച്ചുകടക്കുന്നത്​. ആദ്യം ബിഹാറിലെ പട്​നയിൽ​െവച്ചായിരുന്നു ഗംഗ നമ്മെ എതിരേറ്റത്​. അവിടെ നദിയിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഇത്തവണ എന്തായാലും അത്​ സാധിപ്പിക്കണമെന്ന്​ ഉറപ്പിച്ചു.

മുർഷിദാബാദ്​ ജില്ലയിൽ 50 വർഷങ്ങൾക്ക്​ മുമ്പ്​ 2.5 കിലോമീറ്റർ നീളത്തിൽ നിർമിച്ച ഫറാഖ പാലമാണിത്​. കാർഷിക-കുടിവെള്ള ആവശ്യങ്ങൾക്കായി ഇവിടെ​ തടയണയും നിർമിച്ചിട്ടുണ്ട്​. പാലം കഴിഞ്ഞതോടെ ഇടത്​ വശത്തേക്ക്​​ ചെറിയ റോഡ്​ കണ്ടു. അതിലൂടെ ഞങ്ങൾ വണ്ടിവിട്ടു. ചെറിയ ഒരു ഗ്രാമത്തിലാണ്​ ചെന്നെത്തിയത്​. ഗംഗയിലേക്ക്​ എങ്ങനെ പോകാമെന്ന് നാട്ടുകാരോട്​​ അന്വേഷിച്ചു. വീടുകൾക്കിടയില​ൂടെയുള്ള ഒരു നടവഴി കാണിച്ചുതന്നു അവർ.

ഗംഗയുടെ തീരത്തെ ഗ്രാമം

ആ വഴിയിലൂടെ നടന്നെത്തിയത്​ നിറയെ മരങ്ങൾ നിറഞ്ഞ പാർക്കിലേക്കാണ്​. 200 മീറ്റർ കൂടി നടന്നതോടെ നദിക്കരയിലെത്തി. കരയിടിയാതിരിക്കാനാണെന്ന്​ തോന്നുന്നു, കിലോമീറ്റർ നീളത്തിൽ​ കരിങ്കല്ലുകൾ കൂട്ടിയിട്ടിട്ടുണ്ട്​. ആ കല്ലുകളിലൂടെ സൂക്ഷിച്ച്​ താഴോട്ടിറങ്ങി. അതിവിശാലമായി ഗംഗയങ്ങനെ ഒഴുകുകയാണ്​. തറയിലൂടെ ഉറുമ്പുകൾ അരിക്കുന്നതുപോലെ തോണികളിൽ മീൻപിടിത്തുകാർ നീങ്ങുന്നത്​ ദൂരങ്ങളിൽ കാണാം.

ഗംഗയിലെ വെള്ളം കൈകളിൽ കോരിയെടുത്തു. തണുത്ത നല്ല ശുദ്ധമായ ജലം. സൂര്യൻ അസ്​തമിക്കുന്നത്​ വരെ നദിയുടെ തീരത്ത്​ കാഴ്​ചകൾ കണ്ടാസ്വാദിച്ച്​ ഇരുന്നു. ഇവിടെനിന്ന്​ ഒഴുകുന്ന ഗംഗ ബംഗ്ലാദേശിലെത്തി പദ്​മ നദിയെന്ന പേരിലാണ്​ ബംഗാൾ ഉൾ​ക്കടലിൽ ചെന്നുചേരുക.

ഗംഗ നദി

വഴിയോരത്തെ​ കബാബ്​ ചിക്കൻ

ആകാശത്ത്​ ഇരുട്ടുവീണതോടെ ഗംഗയോട്​ വിടപറഞ്ഞു. മുർഷിദാബാദ്​ ജില്ലയിലെ ഗ്രാമങ്ങളും​ കൊച്ചുപട്ടണങ്ങളും താണ്ടി രാത്രി എട്ട്​ മണിയോടെ ബ്രഹ്​മാപുരിലെത്തി. ഭക്ഷണം തപ്പി നടക്കു​േമ്പാഴാണ്​ വഴിയോരത്തെ ഉന്തുവണ്ടിയിൽ കബാബി​െൻറ ചിത്രം കണ്ടത്​. ദമ്പതികളാണ്​ കട നടത്തുന്നത്​. പലരീതിയിലുള്ള കബാബും ചിക്കൻ വിഭവങ്ങളും അവിടെ ഒരുക്കിവെച്ചിരിക്കുന്നു​.

ഒാരോന്നായിട്ട്​ ഞങ്ങളുടെ ​േപ്ലറ്റിലും പിന്നീട്​ വയറിലേക്കുമെത്തി. ദീർഘയാത്രയുടെ ക്ഷീണം മാറ്റുന്നതായിരുന്നു അതി​െൻറ രുചി. മാത്രമല്ല, രണ്ട്​ മണിക്കൂർ കൂടി യാത്ര ചെയ്യാനുള്ള ഉൗർജം ഞങ്ങളിലേക്ക്​ അത്​ പകർന്നേകുകയും ചെയ്​തു.

ഗംഗയിലൂടെ വഞ്ചിയിൽ പോകുന്ന മീൻപിടുത്തക്കാർ

വീണ്ടും വണ്ടിയിൽ കയറി. കൊൽക്കത്ത എത്തുന്നതിന്​ 50 കിലോമീറ്റർ മുമ്പ്​ യാത്ര അവസാനിപ്പിക്കണമെന്നാണ്​ പ്ലാൻ. ഏകദേശം രണ്ട്​ മണിക്കൂർ കൊണ്ട്​ 100 കിലോമീറ്റർ താണ്ടണം എന്നായിരുന്നു മനസ്സിൽ. പക്ഷെ, ഹൈവേയിൽ എത്തിയതോടെ വീണ്ടും പ്രശ്​നങ്ങൾ തന്നെ. അഴിച്ചെടുക്കാനാവാത്ത രീതിയിലെ ഗതാഗതക്കുരുക്ക്​.​

ലോറികളുടെ നീണ്ടനിര ഞങ്ങളെ നോക്കി വെല്ലുവിളിക്കുന്നു. ഇതിനെല്ലാം പുറമെ റോഡി​െൻറ അവസ്​ഥയും മോശം. ഒരു മണിക്കൂർ കഴിഞ്ഞ​പ്പോഴേക്കും ഞങ്ങളുടെ ഉൗർജമൊക്കെ തീർന്നു.

ബ്രഹ്​മാപുരിലെ കബാബ്​

അടുത്ത്​ റൂം വല്ലതും ഉണ്ടോ എന്ന്​ പരതി. ചെറിയ കവല പോലും കാണാനില്ല. ഗൂഗ്​ളിൽ തപ്പി ​ഒരു ഹോട്ടൽ കണ്ടുപിടിച്ചു. അവിടെ എത്തു​േമ്പാൾ ആരെയും കാണാനില്ല. അടുത്തുണ്ടായിരുന്ന നായ ഒാടിച്ചുവിട്ടു എന്നത്​ മിച്ചം. വീണ്ടും മനസ്സില്ലാമനസ്സോടെ വണ്ടിയിൽ കയറി. ​േലാറികൾ മുന്നിൽ വിലങ്ങുതടിയാകുന്നു. ഒടുവിൽ പുലർ​െച്ച ഒരു മണിയായിട്ടുണ്ട്​ റണാഘട്ട്​ എന്ന സ്​ഥലത്തെത്തി റൂം ലഭിക്കു​േമ്പാൾ. അപ്പോഴേക്കും അന്ന്​ 500 കിലോമീറ്റർ പിന്നിട്ടിരുന്നു.

(തുടരും)
vkshameem@gmail.com


Itinerary
Day 14:
Siliguri to Ranaghat (West Bengal) 520 KM
Route: Islampur, Malda, Mahadipur, Berhampore
Journey Time: 8.00 AM - 1.00 AM (17 hrs)
Tags:    
News Summary - On the Bangladesh border, with the intrusion of Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.