ഷാ​ർ​ജ നി​ക്ഷേ​പ​വി​ക​സ​ന​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ തു​റ​ക്കു​ന്ന പാ​രാ​​ഗ്ലൈ​ഡി​ങ് കേ​ന്ദ്ര​ത്തി​ലെ പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ

സാഹസികരെ ഷാർജ വിളിക്കുന്നു; ഷാർജ ‘സ്കൈ അഡ്വഞ്ചേഴ്സ്’ നാളെ തുറക്കും

ഷാർജ: സാഹസീകർക്ക് പരവതാനി വിരിക്കുന്ന നാടാണ് യു.എ.ഇ. സാഹസിക വിനോദ സഞ്ചാരം ഇഷ്ടപ്പെടുന്നവർക്ക് ആവേശം പകരാനൊരുങ്ങുകയാണ് ഷാർജ ‘സ്കൈ അഡ്വഞ്ചേഴ്സ്’. യു.എ.ഇയിൽ തന്നെ ആദ്യത്തെ ഔദ്യോഗിക ലൈസൻസുള്ള പാരാഗ്ലൈഡിങ് കേന്ദ്രം തിങ്കളാഴ്ച മുതൽ സന്ദർശകർക്കായി തുറക്കും. ഷാർജ നിക്ഷേപവികസനവകുപ്പിന്‍റെ (ഷുറൂഖ്) നേതൃത്വത്തിലാണ് കേന്ദ്രം തുറക്കുന്നത്. ഷാർജയുടെ മധ്യമേഖലയിൽ അൽ ഫയ റിട്രീറ്റിന് സമീപമായാണ് പുതിയ വിനോദകേന്ദ്രം. സാഹസിക സഞ്ചാരികളുടെ മനം നിറക്കാൻ പാകത്തിലുള്ള മനോഹരമായ മരുഭൂ കാഴ്ചകൾ ആകാശത്ത് പറന്നുനടന്ന് കാണാൻ അവസരമൊരുക്കുന്ന സ്കൈ അഡ്വഞ്ചേഴ്സ് മേഖലയിൽ നിരവധി കച്ചവട-നിക്ഷേപ സാധ്യതകൾക്കും വഴിവയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

വിവിധ തലങ്ങളിലുള്ള സാഹസികാനുഭവങ്ങൾ പകരുന്ന മൂന്ന് പാക്കേജുകളും അംഗത്വ ഓപ്ഷനുകളുമാണ് നിലവിൽ ‘സ്കൈ അഡ്വഞ്ചേഴ്സി‘ലുള്ളത്. പരിചയസമ്പന്നരായ പ്രൊഫഷനലുകളോടൊപ്പം ആകാശക്കാഴ്ച കാണാൻ സാധിക്കുന്ന ടാൻഡം പാരാഗ്ലൈഡിങ്, സ്വന്തമായി എങ്ങനെ പാരാഗ്ലൈഡ് ചെയ്യാമെന്നും രാജ്യാന്തര പാരാഗ്ലൈഡിംഗ് ലൈസൻസ് നേടാമെന്നും പഠിക്കുന്നതിന് വിദഗ്ധരുടെ നേതൃത്വത്തിലുള്ള കോഴ്‌സ്, നിലവിൽ ലൈസൻസുള്ള പാരാഗ്ലൈഡർമാർക്ക് ഗൈഡഡ് ഫ്ലൈറ്റുകൾ എന്നിവയാണ് പാക്കേജുകൾ.

പാരാഗ്ലൈഡിങ്ങിൽ ഒരു പരിചയവുമില്ലാത്തവർക്കും കാഴ്ചകൾ കാണാൻ അവസരമൊരുക്കുന്നതാണ് ടാൻഡം പാരാഗ്ലൈഡിങ്. വിദഗ്ദ പരിശീലനം നേടിയ ട്രെയിനറോടൊപ്പമായിരിക്കും ഈ പറക്കൽ. കേന്ദ്രത്തിൽ നിന്ന് ബഗ്ഗിയിൽ മരുഭൂമിയിലൂടെ അൽ ഫായ പർവതനിരകളോട് ചേർന്നു കിടക്കുന്ന ടേക്ക് ഓഫ് പോയിന്‍റിലേക്ക് യാത്ര ചെയ്യുന്നത് മുതൽ അവിസ്മരണീയമായ ധാരാളം നിമിഷങ്ങൾ സന്ദർശകരെ കാത്തിരിക്കുന്നു. 15 മിനിറ്റ് നീണ്ടുനിൽക്കുന്ന പറക്കലാണ് ഈ പാക്കേജിലുണ്ടാവുക.

സ്വന്തമായി പാരാഗ്ലൈഡിങ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് നാല് ദിവസത്തെ കോഴ്സും സ്കൈ അഡ്വഞ്ചേഴ്സിൽ ഒരുക്കിയിട്ടുണ്ട്. ദിവസേന മൂന്ന് മണിക്കൂർ വീതം നീണ്ടു നിൽക്കുന്ന വിദഗ്ധ പരിശീലനത്തിനൊടുവിൽ അഞ്ചു പ്രാവശ്യം ഒറ്റയ്ക്ക് പറക്കാൻ അവസരമുണ്ടാവും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് രാജ്യാന്തര തലത്തിൽ അംഗീകാരമുള്ള പാരാഗ്ലൈഡിങ് ലൈസൻസിന് അപേക്ഷിക്കാം. നിലവിൽ പാരാഗ്ലൈഡിങ് ലൈസൻസുള്ളവർക്ക് 5000 അടി വരെ ഉയരത്തിൽ പറക്കാനും ഫ്ലൈയിങ് ടൈം വർധിപ്പിക്കാനുമുള്ള പാക്കേജും ഇവിടെയുണ്ട്. സ്ഥിരമായി പാരാഗ്ലൈഡിങ് ചെയ്യാൻ താൽപര്യമുള്ളവർക്ക് ഒരു മാസം, മൂന്ന് മാസം, ഒരു വർഷം എന്നിങ്ങനെ മൂന്നു വിഭാഗത്തിലായി മെമ്പർഷിപ്പ് സൗകര്യവുമുണ്ടാവും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി https://sky-adventures.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

ഷാർജ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഇസാം അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു പുതിയ കേന്ദ്രത്തിന്‍റെ പ്രഖ്യാപനം. ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മുഅല്ല, ഷുറൂഖ് ആക്ടിങ് സി.ഇ.ഒ അഹമ്മദ് ഉബൈദ് അൽ ഖസീർ, മുഹമ്മദ് യൂസഫ് അബ്ദുൽ റഹ്മാൻ, എമിറേറ്റ്സ് ഏയറോ സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്‍റ നാസർ ഹമൂദ അൽ നെയാദി, ഫെഡറേഷൻ വൈസ് പ്രസിഡന്‍റ് യൂസഫ് ഹസ്സൻ അൽ ഹമ്മാദി, ഷാർജ ടൂറിസം ആൻഡ് കൊമേഴ്‌സ് ഡെവലപ്‌മെന്‍റ് അതോറിറ്റി (എസ്‌.സി.ടി.ഡി.എ) ചെയർമാൻ ഖാലിദ് അൽ മിദ്ഫ, ഷാർജ സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഈസ ഹിലാൽ അൽ ഹസാമി എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Sharjah Sky Adventures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT