അതിർത്തിയിലെ സൈനിക ക്യാമ്പ്​ മുതൽ ആഫ്രിക്കയിലെ സ്വർണഖനികൾ വരെ; സാൻറപ്പൻെറ സാഹസങ്ങൾ തുടരുകയാണ്​

രാജ്യത്ത്​ പൊടിപൊടിക്കുകയാണ്​ 75ാം സ്വാതന്ത്ര്യ വാർഷികാഘോഷം. ധീരദേശാഭിമാനികൾ പടവെട്ടിയും ജീവൻവെടിഞ്ഞും നേടിയെടുത്ത സ്വാതന്ത്ര്യം. അതി​െൻറ കാവലാളുകളാണ്​ നമ്മുടെ ജവാൻമാർ. മഞ്ഞും കൊടുചൂടുമെല്ലാം തരണം ചെയ്​ത്​ അതിർത്തികളിൽ അവരുണ്ട്​. ആ കാവൽ ജീവിതം അടുത്തറിയാൻ പക്ഷെ, അപൂർവം പേർക്ക്​ മാത്രമേ സാധിച്ചിട്ടുണ്ടാകൂ.

അവരുടെ ജീവിത കാഴ്​ചകളിലേക്ക് ഇറങ്ങിച്ചെന്ന് കാമറയിൽ ചിത്രീകരിക്കാൻ അവസരം ലഭിക്കുക ജീവിതത്തിലെ അസുലഭമായ നിമിഷം തന്നെ. തൃശൂർ സ്വദേശിയ സാേൻറാ തോമസ് എന്ന സാൻറപ്പന്​ കിട്ടിയിട്ടുണ്ട്​ അത്തരമൊരു അവസരം. ഇന്ത്യയിൽ തന്നെ മറ്റൊരു യൂട്യൂബർക്കും ലഭിക്കാത്തൊരു സൗഭാഗ്യം.

സാ​േൻറാ തേ ാമസ് പട്ടാളക്കാർക്കൊപ്പം

വർഷങ്ങളായി 'പവർ വരട്ടെ' എന്ന മന്ത്രവുമായി ഇത്തരം അപൂർവ കാഴ്​ചകൾ തേടിയുള്ള സാഹസിക യാത്രയിലാണ് ഇദ്ദേഹം. ട്രാവലിസ്​റ്റ (Travelista by santos) എന്ന യൂട്യൂബ് ചാനലിൽ അഞ്ച് ലക്ഷത്തിനടുത്ത് സബ്സ്ക്രൈബർമാരുണ്ട്​. സാൻറപ്പൻ അവസാനമായി പോയത് ആഫ്രിക്കയിലൂടെയാണ്​. ഇവിടെനിന്ന് പകർത്തിയ അനുഭവങ്ങൾ ശ്വാസം അടക്കിപ്പിടിച്ചുവേണം കാണാൻ. ഇദ്ദേഹത്തിൻെറ തൃശൂർ ഭാഷയിലുള്ള സംസാരവും കിടിലൻ വിഡിയോകളും ചാനലിനെ വ്യതസ്​തമാക്കുന്നു.

ലോക്​ഡൗണിൽ തുടങ്ങിയ ​വോഗ്ലിങ്​

തൃശൂർ പുല്ലഴി സ്വദേശിയാണ് സാന്റോ തോമസ്. 2020ലെ ലോക്​ഡൗണാണ് ഈ 32കാരനെ ​വോഗ്ലിങ്ങിലേക്ക് നയിച്ചത്. പ്രമുഖ സിനിമാതാരങ്ങളുടെ വീടുകളിലേക്കു സൈക്കിളിലായിരുന്ന ആദ്യ യാത്രകൾ. കലാഭവൻ മണിയുടെ 'പാടി'യിലേക്കടക്കം സൈക്കിൾ ചവിട്ടിയെത്തി. അതു ഗ്രാമങ്ങളിലേക്കും ഭക്ഷണങ്ങളിലേക്കും നീണ്ടു. സംഭവം യൂട്യൂബിൽ സൂപ്പർഹിറ്റായി. ഇതിന് മുമ്പ് ശ്രീലങ്ക, തായ്​ലാൻഡ് പോലുള്ള രാജ്യങ്ങളിലേക്ക് നടത്തിയ യാത്രകളും യൂട്യൂബിൽ അപ്ലോഡ് ചെയ്​തിരുന്നു. മർച്ചൻറ് നേവിയിൽ ജോലി ചെയ്യുേമ്പാഴും നിരവധി രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചു.

കാമ്പർവാൻ യാത്രക്കിടയിൽ 

കോവിഡ് കാലത്ത് എല്ലാവരും യാത്ര ചെയ്യാൻ മടിച്ചുനിൽക്കുേമ്പാഴാണ് സാൻറപ്പൻ അടുത്ത യാത്ര തുടങ്ങുന്നത്. ഹോട്ടലുകളിലെ താമസവും ഭക്ഷണവും സുരക്ഷിതമല്ല എന്ന ചിന്തയിൽനിന്നാണ് വാൻലൈഫിലേക്ക് എത്തുന്നത്. 10 ലക്ഷം രൂപ മുടക്കി സ്വന്തമായി ട്രാവലർ തന്നെയെടുത്തു. വിദേശ യാത്രകളിൽ നിരവധി വാൻലൈഫുകാരെയും ഓവർലാൻഡിങ് യാത്രികരെയും കാണാൻ സാധിച്ചിട്ടുണ്ട്.

അന്നുമുതൽ മനസ്സിൽ കൂടിയതായിരുന്നു ഈ ആഗ്രഹം. നാല് ലക്ഷം രൂപ ചെലവഴിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി വാഹനത്തെ കാമ്പർ വാനാക്കി മാറ്റി. താമസം, പാചകം, ബാത്ത് റൂം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുത്തി. ശരിക്കും സഞ്ചരിക്കുന്ന ഒരു വീടായിരുന്നു ഇവരുടെ കപ്പിത്താൻ എന്ന വാഹനം.

ഇന്ത്യൻ സൈനിക ക്യാമ്പിൽ

കാമ്പർവാനായി ഉപയോഗിക്കാനുള്ള ഔദ്യോഗിക അനുമതിയും ലഭിച്ചതോടെ 2020 ഒക്ടോബറിൽ ഇവർ യാത്ര ആരംഭിച്ചു. മാതൃരാജ്യത്തിൻറെ കാണാകാഴ്​ചകൾ തേടിയുള്ള യാത്രയിൽ കൂട്ടിനുണ്ടായിരുന്നത് സുഹൃത്തുക്കളായ ബിനോയ്, ലിഷോയ് എന്നിവരാണ്. ഡ്രൈവിങ് മുതൽ എഡിറ്റിങ് വരെയുള്ള പ്രവൃത്തികളിൽ ഇവർ കട്ടക്ക് നിന്നതോടെ യാത്ര ഈസിയായി. 70 ദിവസം കപ്പിത്താൻ ഇവരുമായി ഇന്ത്യയുടെ പലഭാഗങ്ങളും ചുറ്റിസഞ്ചരിച്ചു. ഹൈദരാബാദ്, നാഗ്​പൂർ, ആഗ്ര, ഡൽഹി, ഡെറാഡൂൺ, ഷിംല, ധരംശാല, ജമ്മു വഴി ശ്രീനഗറിലെത്തി. അവിടെനിന്ന് ജയ്​പുർ, മുംബൈ വഴിയായിരുന്നു മടക്കം.

പട്ടാളക്കാരനാകാൻ മോഹിച്ച ബാല്യം

ഏതൊരാളെപ്പോലെ സാൻറപ്പനും ഒരിക്കലും പട്ടാളക്കാരനാകാൻ മോഹിച്ചിരുന്നു. എന്നാൽ, ജീവിത യാത്രയിൽ എത്തിപ്പെട്ടത് മറ്റു വഴികളിൽ. ഇന്ത്യ കാണാനുള്ള യാത്രയിലാണ് സാൻറപ്പൻെറ പഴയ മോഹം വീണ്ടും പുറത്തുവരുന്നത്. അതിന് നിമിത്തമായത് ഹൈദരാബാദിൽ കണ്ടുമുട്ടിയ സൈനികനും. കശ്​മീരിലെ പട്ടാള ക്യാമ്പും അവർ കാവൽനിക്കുന്ന അതിർത്തിയും സന്ദർശിക്കാൻ കഴിയുമോ എന്ന ഇവരുടെ ചോദ്യത്തിന് അദ്ദേഹം നിരാശാജനകമായ മറുപടിയാണ് നൽകിയത്. എന്നാലും സാൻറപ്പൻ വിട്ടുകൊടുത്തില്ല.

ഇൻറർനെറ്റിൽനിന്ന് ലഭിച്ച പ്രതിരോധ മന്ത്രാലയത്തിൻെറ ഇ-മെയിലിലേക്ക് രണ്ട് തവണ അപേക്ഷ അയച്ചു. പുറമെ ചാനൽ സബ്സ്ക്രൈബറുടെ ഭാഗത്തുനിന്നും ഇതിനായി സഹായം ലഭിച്ചു. ഒടുവിൽ 40 ദിവസത്തിന് ശേഷം അനുമതി ലഭിച്ചതായുള്ള മറുപടി കിട്ടി. ജമ്മുവിൽനിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്കിടയിലാണ് ഈ വിവരം അറിയുന്നത്. തികച്ചും അപ്രതീക്ഷിതം. മൂന്നുപേരും മതിമറന്ന് ആഘോഷിച്ച നിമിഷം.

ഇന്ത്യൻ സൈനിക ക്യാമ്പിൽ 

പട്ടാള ക്യാമ്പിലേക്ക്​ വിളിയെത്തി

അനുമതി ലഭിച്ചതോടെ ശ്രീനഗറിലുള്ള സൈനിക ഉദ്യോഗസ്ഥൻ ഇവരെ ബന്ധപ്പെട്ട്​ ക്യാമ്പിലേക്ക് ക്ഷണിച്ചു. ആകാംക്ഷയും ഭയവും സന്തോഷവുമെല്ലാം ഒരേസമയം നിറഞ്ഞുനിന്ന അവസ്ഥ. ക്യാമ്പിലേക്ക് കയറുേമ്പാൾ വണ്ടിയും യാത്രക്കാരെയും അരിച്ചുപൊറുക്കി. അതിവിശാലമായിരുന്നു ക്യാമ്പ്​. ട്രെയിനിങ് സെൻററും റൺവേയുമടക്കം സകല സംവിധാനങ്ങളും ഇവിടെയുണ്ട്. ക്യാമ്പിൽ ഇവർക്ക് ചെറിയ റൂമും അനുവദിച്ചു. രണ്ടാം ദിവസം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചക്ക് വിളിച്ചു. കൂട്ടത്തിൽ മലയാളിയായ ഉദ്യോഗസ്ഥനും. പാകിസ്​താൻ അതിർത്തിയിലേക്ക് പോകുന്നതിന് മുമ്പുള്ള കാര്യങ്ങൾ വിശദീകരിക്കാനായിരുന്നു ആ യോഗം. അവിടേക്ക് പോകുേമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റു പ്രത്യേകതകളും അവർ വിവരിച്ചു. എന്തെല്ലാം ഷൂട്ട് ചെയ്യാം, പകർത്താൻ പാടില്ലാത്ത കാര്യങ്ങൾ എന്നിവയെല്ലാം അവർ വിശദീകരിച്ചു.

ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തി ഇവരിൽനിന്ന് ഒപ്പിട്ട് വാങ്ങി. വിഡിയോ അപ്​ലോഡ് ചെയ്യുന്നതിന് മുമ്പ് അത് കാണിച്ച് ഒരിക്കൽ കൂടി അനുമതി വാങ്ങണം. അല്ലെങ്കിൽ രാജ്യദ്രോഹ കുറ്റത്തിന് വരെ പിടിച്ച് അകത്തിടാൻ സാധ്യതയുണ്ട്. മൂന്നുപേരുടെയും മനസ്സിൽ വീണ്ടും ഭയം വന്നെങ്കിലും പുതിയ അനുഭവങ്ങൾ തേടിയുള്ള ആകാംക്ഷ അതിനും മുകളിലായിരുന്നു.

കാത്തിരുന്ന്​ അതിർത്തിയിലേക്ക്​

ക്യാമ്പിലെത്തിയതിൻെറ നാലാമത്തെ ദിവസം മലയാളി ഓഫിസറെയും കൂട്ടി യാത്ര തുടങ്ങി. സാധാരണക്കാർക്ക് പ്രവേശനമില്ലാത്ത വഴികളിലൂടെയാണ് യാത്ര. ഡിസംബർ മാസമാണ്. വഴികളും മലകളും മഞ്ഞുപൊതിഞ്ഞിരിക്കുന്നു. മണിക്കൂറുകൾ താണ്ടി അതിർത്തിയിലെത്തി. മിലിറ്ററി ട്രക്കുകളും ക്യാമ്പുകളും നിറഞ്ഞയിടം. ഒരു യുദ്ധഭൂമിയിൽ ചെന്നിറങ്ങിയ ഫീൽ. അവിടെനിന്ന് രണ്ട് മലയാളി ജവാൻമാരെ കൂടി പരിചയപ്പെട്ടു. അവരും ഒപ്പം കൂടി. അങ്ങനെ സീറോ ലൈനിലൂടെ കപ്പിത്താനിൽ പട്രോളിങ്ങിന് പോയി. സ്ഥിരം പ്രശ്നമുണ്ടാകുന്ന മേഖലയാണിത്. അതിനാൽ സുരക്ഷക്കായി ഒപ്പം പട്ടാള വാഹനങ്ങളുമുണ്ട്.

സൈനിക വാഹനത്തിൽ

മൈനസ് 15 ആയിരുന്നു അന്നത്തെ താപനില. ഏറെ പ്രതിസന്ധികൾ തരണം ചെയ്​താണ് പട്ടാളക്കാർ രാജ്യത്തെയും പൗരൻമാരെയും കാക്കുന്നതെന്ന് നേരിട്ട് ബോധ്യപ്പെട്ട ദിനമായിരുന്നുവത്. അവരുടെ ദിനചര്യകളും പ്രവർത്തനങ്ങളുമെല്ലാം മനസ്സിലാക്കാൻ സാധിച്ചു. അവർക്ക് എത്ര സല്യൂട്ട് നൽകിയാലും മതിവരില്ലെന്ന് ഈ യാത്ര ഇവരെ പഠിപ്പിച്ചു.

അന്ന് രാത്രിയോടെ മലയിറങ്ങി ശ്രീനഗറിൽ തിരിച്ചെത്തി. വിഡിയോകൾ എല്ലാം എഡിറ്റ് ചെയ്ത് ഉദ്യോഗസ്ഥരെ കാണിച്ചു. പലതിലും അവർ വീണ്ടും കത്രികവെച്ചു. പല കാര്യങ്ങളും ഒഴിവാക്കിയപ്പോൾ നിരാശ തോന്നിയെങ്കിലും യാത്രയിൽ ലഭിച്ച അനുഭവങ്ങൾ അതിനെ മറികടക്കുന്നതായിരുന്നു. നാല് എപ്പിസോഡിനുള്ള വിഡിയോകളാണ് അവിടെനിന്ന് ഷൂട്ട് ചെയ്​തത്. അതിൽ മൂന്നെണ്ണം ചാനലിൽ ആദ്യം അപ്​ലോഡ് ചെയ്തു. അവസാന വിഡിയോ ആഗസ്റ്റ്​​ 15ന് പട്ടാളക്കാർക്കുള്ള ആദരമായി സമർപ്പിച്ച് പുറത്തിറക്കി.

വാനിൽ അന്തിയുറങ്ങിയ കുട്ടികൾ

ജമ്മു കശ്​മീരിൽ വെച്ച്​ തന്നെയാണ്​ ഇവർക്ക്​ മറക്കാനാവാത്ത മറ്റൊരു അനുഭവമുണ്ടായത്​. ​ശ്രീനഗറിൽനിന്ന്​ ജമ്മുവിലേക്ക്​ വരു​േമ്പാൾ മണ്ണുവീഴ്​ച കാരണം 18 മണിക്കൂറോളം ഗതാഗതം മുടങ്ങി. മുന്നിലും പിന്നിലും ധാരാളം വാഹനങ്ങളുണ്ട്​. ഒപ്പം ഡിസംബറിലെ തണുപ്പും. രാത്രി രണ്ട്​ മണിയോടെ അടുത്തള്ള ജീപ്പിൽനിന്ന്​ കൊച്ചുകുട്ടികളുടെ കരച്ചിൽ കേൾക്കാനിടയായി.

തണുപ്പിനെ പ്രതിരോധിക്കാനാവാതെ ആ കുട്ടികൾ ആർത്തുവിളിക്കുകയാണ്​. വാഹനത്തിൽ മാതാപിതാക്കളടക്കം പത്തോളം പേരുണ്ട്​. അവരുടെ നിസ്സഹായാവസ്​ഥ മനസ്സിലാതോടെ​ ആ കുട്ടികളെയും മാതാവിനെയും കപ്പിത്താനിൽ കയറ്റി. പകരം ഇവർ ആ സുമോയിൽ കഴിഞ്ഞു. പിറ്റേന്ന്​ സാൻറപ്പനെയും കൂട്ടുകാരെയും അനുഗ്രഹിച്ചാണ്​ അവർ യാത്രയായത്​. 

സാ​േൻറാ തേ ാമസ് ആഫ്രിക്കൻ യാത്രക്കിടയിൽ

ആഫ്രിക്കയിലെ അനുഭവഖനികൾ

നാട്ടിലെത്തി രണ്ടാഴ്​ച കഴിഞ്ഞപ്പോഴേക്കും അടുത്ത യാത്രക്കായി വീടുവിട്ടിറങ്ങി. ഡൽഹി - ദുബൈ വഴി റഷ്യയായിരുന്നു ലക്ഷ്യം. റഷ്യയിലേക്ക് വിസയെടുത്തെങ്കിലും അതിശൈത്യമായതിനാൽ അവിടേക്കുള്ള യാത്ര ഒഴിവാക്കി. പകരം ആഫ്രിക്കയായിരുന്നു ലക്ഷ്യസ്ഥാനം. ഇതിനിടയിൽ യു.എ.ഇയും ഒന്നു കറങ്ങി. 2021 ഫെബ്രുവരി 26ന് സാൻറപ്പൻ സിംബാബ്​വെയിൽ കാലുകുത്തി.

ആറ് മാസം നീണ്ടുനിന്നു ആഫ്രിക്കൻ യാത്ര. എട്ട് രാജ്യങ്ങൾ വിശദമായി തന്നെ കണ്ടു. ഒരു മാസം സിംബാബ്​വെ ചുറ്റിക്കറങ്ങി. പിന്നീട് സാംബിയ, സൗത്ത് ആഫ്രിക്ക, ലസോതോ , മൊസംബിക്, സ്വാസിലാൻഡ്, നമീബിയ, ബോട്ട്സോന എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. ദക്ഷിണാഫ്രിക്കയിലെ കാപ്​ടൗണിൽ നിന്ന് വണ്ടിയെടുത്താണ് നമീബിയിലേക്ക് പോകുന്നത്.

അംേഗാള അതിർത്തി വരെ ചെന്ന് ഹിംബ ഗ്രോത്ര വിഭാഗക്കാരെ നേരിൽകണ്ടു. പിന്നീട് ബോട്ട്സോനയിലെത്തി. നിരവധി അദ്ഭുതങ്ങൾ താണ്ടിയായിരുന്നു ഈ യാത്ര. ലോകത്തിലെ ഏറ്റവും മികച്ച റോഡ് ട്രിപ്പായി അറിയപ്പെടുന്ന റൂട്ടാണിത്. ആദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരൻ ഇതിലൂടെ ഡ്രൈവ് ചെയ്​ത്​ പോകുന്നതെന്ന് സാൻറപ്പൻ പറയുന്നു. 15 ദിവസത്തേക്കായിരുന്നു ഈ റോഡ്​ ട്രിപ്പ്​.

സാ​േൻറാ തേ ാമസ് ആഫ്രിക്കൻ യാത്രക്കിടയിൽ

സ്വർണ ഖനികളിലേക്ക്​

ആഫ്രിക്കയിലെ മലയാളികൾ പലപ്പോഴും സാൻറപ്പൻെറ സഹായത്തിനായി എത്തിയിരുന്നു. ഇതുകൊണ്ട് തന്നെ സ്വർണവും മരതകവും കുഴിച്ചെടുക്കുന്ന ഖനികളിലെല്ലാം കാമറുമായി ഇദ്ദേഹത്തിന് എത്താൻ കഴിഞ്ഞു. പല യാത്രകളും ജീവൻ പണയംവെച്ചു തന്നെ. സിംബാബ്​വെയിലെ ഹരാരെയിൽ നിന്ന് 300 കിലോമീറ്ററുണ്ട് സ്വർണം കുഴിച്ചെടുക്കുന്ന ഗ്രാമത്തിലേക്ക്. ഇവിടേക്ക്​ കടക്കാൻ ഗ്രാമമുഖ്യന്റെ അനുമതിക്കായി അപേക്ഷിച്ചു. ഇതിനായി ഹരാരെയിൽ മലയാളി സുഹൃത്ത്​ ജിനോയുടെ വീട്ടിൽ നാല്​ ദിവസം കഴിച്ചുകൂട്ടി. അനുമതി ലഭിച്ചതോടെ ജിനോക്കൊപ്പം യാ​ത്ര തുടങ്ങി.

200 കിലോമീറ്റർ നല്ല റോഡാണ്. 100 കിലോമീറ്റർ ഓഫ്റോഡും. വഴിയിൽ വെച്ച് വണ്ടി മാറി. പാതി തുറന്ന ബൊലേറോയിലായി യാത്ര. ഇതിനിടെ ഒരു മലയാളി കൂടി ഒപ്പം കൂടി, സിജോ. അനധികൃതമായി സ്വർണം കുഴിച്ചെടുക്കുന്നവരുമായി സിജോക്ക്​ പരിചയമുണ്ട്. സ്വർണക്കുഴികളിലെ വെള്ളം പമ്പു ചെയ്യാനുള്ള മോട്ടർ നന്നാക്കുന്നതു ഇദ്ദേഹമാണ്​.

മെയിൻ റോഡ് വിട്ട്, ഓഫ് റോഡിലേക്കു കയറി. ഒരു മുന്നറിയിപ്പു കൂടി സാൻറപ്പനു ലഭിച്ചു, ഇവിടത്തുകാർ നല്ലവരാണ്, സ്നേഹമുള്ളവരാണ്. പക്ഷേ, നമ്മൾ പോകുന്നത് അനധികൃതമായി സ്വർണം കുഴിച്ചെടുക്കുന്ന ഗ്രാമത്തിലേക്കാണ്. ഏതു സമയത്താണു സ്വഭാവം മാറുകയെന്നു പറയാൻ പറ്റില്ല. സംശയം തോന്നിയാൽ ആക്രമണം ഉറപ്പ്. കാബൽറ്റ് എന്ന തെറ്റാലിയാണു പ്രധാന ആയുധം. കല്ലുകൾ വെടിയുണ്ട പോലെ വന്നേക്കാം.

ആഫ്രിക്കയിൽ യാത്രക്ക് ഉപയോഗിച്ച വാഹനത്തിനൊപ്പം

സിംബാബ്‌വെയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നടക്കുന്ന അനധികൃത സ്വർണഖനനം ഇവർ നേരിൽ കണ്ടു. ഗ്രാമങ്ങളിലെ ഓരോ പറമ്പിലുമെന്നോണം ആളുകൾ കുഴിക്കുകയാണ്. അതും ചെറിയ കുഴിയല്ല, 100 മീറ്ററോളം ആഴത്തിൽ. ഒരാൾക്ക് ഇറങ്ങാൻ മാത്രം വ്യാസമുള്ള കുഴിയാണിത്. സ്വർണാംശമുള്ള, കരിങ്കല്ലിനു സമാനമായ കല്ലുകൾ പൊട്ടിച്ചെടുത്തു പാത്രത്തിലാക്കി മുകളിലേക്കു വലിച്ചു കയറ്റും. ആഴത്തിലുള്ള കുഴിയിൽനിന്ന്​ വെള്ളം മോട്ടർ ഉപയോഗിച്ച്​ പുറത്തേക്കു പമ്പ് ചെയ്തു നീക്കും.

അപകടത്തിനു സാധ്യത പലതാണ്. കുഴി കുത്തനെയല്ല, അൽപ്പം ചെരിഞ്ഞാണ്. ഏതു നിമിഷവും ഇടിയാം. കല്ലുകളുമായി മുകളിലേക്കുയരുന്ന കുട്ടയുടെ കയർ പൊട്ടിയാൽ, അതു വീഴുന്നതു താഴെയുള്ളവരുടെ തലയിലേക്കായിരിക്കും. അപകടങ്ങൾ പലതും നടന്നിട്ടുണ്ടിവിടെ. ചില ഇടങ്ങളിൽ സ്വർണാംശമുള്ള കല്ല് കുഴിച്ചെടുക്കൽ മാത്രമല്ല, സ്വർണമാക്കിയെടുക്കലുമുണ്ട്​. ഇവിടങ്ങളിലേക്കു തിരിഞ്ഞുനോക്കാൻ പോലും പറ്റില്ല.

അടുത്ത ദിവസം ഇവരെത്തിയത്​ മലയാളിയുടെ സ്വർണോൽപ്പാദന ഫാക്ടറിയിലാണ്​. ഇവിടത്തെ സൂപ്പർവൈസറും മലയാളിയാണ്, ശ്യാം. ഗ്രാമങ്ങളിൽനിന്നു കുഴിച്ചെടുത്ത കല്ലും മണ്ണും ഫാക്ടറിയുടെ പല ഭാഗത്തായി കൂട്ടിയിട്ടിട്ടുണ്ട്. കല്ലുകൾ നന്നായി ഇടിച്ചുപൊടിക്കും. ഇതിനൊപ്പം വെള്ളം ചേർക്കും. സോപ്പു പൊടി ചേർത്തു പതപ്പിച്ചു ബ്ലാങ്കറ്റുപയോഗിച്ച് അരിച്ചെടുക്കും. പകുതിയോളം സ്വർണം ഇതിലൂടെ അരിച്ചെടുക്കാൻ കഴിയും. ഇതിൽ ആസിഡും മെർക്കുറിയുമൊക്കെ ചേർത്തും പിന്നീട് ഉരുക്കിയുമാണു സ്വർണം വേർതിരിച്ചെടുക്കുന്നത്.

ആഫ്രിക്കൻ യാത്രക്കിടയിൽ

ബാക്കിയാകുന്ന ചെളിവെള്ളം വെറുതേ കളയില്ല. അത്​ പ്രത്യേക ടാങ്കിൽ ശേഖരിച്ച് കോസ്റ്റിക് സോഡയും സയനൈഡും ചേർക്കും. പിന്നീട്, കൽക്കരി പാനലിലൂടെ കടത്തിവിട്ട് അരിച്ചെടുക്കും. കൽക്കരിയിൽ ശേഖരിക്കുന്ന സ്വർണം പിന്നീട് രാസപ്രക്രിയയിലൂടെ വേർതിരിച്ചെടുക്കും. പണിക്കാരോളമുണ്ട്, അവരെ നിരീക്ഷിക്കാൻ നിർത്തിയ കാവൽക്കാരുടെ എണ്ണം. സ്വർണ അയിരടങ്ങിയ കല്ലും മണ്ണും കുഴിച്ചെടുക്കുന്നതും അതു കൂട്ടിയിട്ടുണ്ടായ ചെറിയ കുന്നുകളും വേർതിരിച്ചെടുത്ത പച്ചയായ സ്വർണവും നേരിട്ടു കണ്ടാണ് സാൻറപ്പൻ ആ സുവർണ ഗ്രാമത്തിൽനിന്ന്​ മടങ്ങിയത്.

ഇനി​ നോർത്ത്​ ഈസ്​റ്റ്​

ആഫ്രിക്കയിൽനിന്ന് തിരിച്ചെത്തി കപ്പിത്താനുമായി അടുത്ത യാത്രക്കുള്ള ഒരുക്കത്തിലാണ് സാൻറപ്പനും കൂട്ടുകാരും. നോർത്ത് ഈസ്​റ്റ്​ സംസ്ഥാനങ്ങളാണ് ലക്ഷ്യം. സെ്റ്റംബറിൽ തുടങ്ങും. യാത്രക്ക് പുറമെ കായിക പ്രേമി കൂടിയാണ് സാൻറപ്പൻ. 2016ൽ മർച്ചൻറ് നേവിയിലെ ജോലി ഉപേക്ഷിച്ച് വീടിനോട് ചേർന്ന് സ്വന്തമായി സ്പോർട്​സ്​ കോംപ്ലക്​സ്​ നിർമിച്ചു.

ബാഡ്മിൻറൺ, ഫുട്ബാൾ, ടേബിൾ ടെന്നിസ്, കരാട്ട, ബോക്സിങ് എന്നിവക്ക് ഇവിടെ സൗകര്യമുണ്ട്. 70ാളം കുട്ടികൾക്ക് പരിശീലനവും നൽകുന്നു. സാൻറപ്പൻെറ യാത്രകൾക്ക് കുടുംബം എന്നും പിന്തുണയേകുന്നുണ്ട്. പിതാവ് തോമസ് പ്രവാസിയായിരുന്നു. ഓമനയാണ് മാതാവ്. ഭാര്യ: ഫെമി. മക്കൾ: സാൻ ആബ്രോംസ് ലൂക്ക്, സാൻ ലൂഥർ പോപ്പ്.

Full View

പട്ടാളക്കാരുടെ ഒപ്പം യുദ്ധഭൂമിയിൽ - വിഡിയോ
Tags:    
News Summary - story about travelista youtube channel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT