ബൈജു കന്യാകുമാരി - ലഡാക്ക്​ യാത്രക്കിടെ കശ്​മീരിൽ 

അടൽ തുരങ്കത്തിലൂടെ ആദ്യമായി സൈക്കിളിൽ സഞ്ചരിച്ച മലയാളി; പച്ചത്തുള്ള​െൻറ സാഹസങ്ങൾ തുടരുകയാണ്​

നാലാഴ്​ച മുമ്പ്​ ഹിമാചൽ പ്രദേശിലെ ഹിമാലയ മലനിരകളിൽ മഞ്ഞുപുതച്ചുറങ്ങുന്ന കൊച്ചുപട്ടണമായ സീസുവിൽ വെച്ച്​ ത​െൻറ കന്യാകുമാരി-ലഡാക്ക്​ സൈക്കിൾ യാത്ര അവസാനിപ്പിക്കേണ്ടി വന്നു ബൈജു കീഴറക്ക്​. അപ്പോഴേക്കും മണാലി-ലേ ഹൈവേയിൽ മഞ്ഞുപൊഴിഞ്ഞു തുടങ്ങിയിരുന്നു. കോവിഡ്​ കാലമായതിനാൽ സഞ്ചാരികൾ ഇല്ല.

മഞ്ഞുമൂടിയ റോഡിലൂടെ ത​െൻറ ഗിയറില്ലാത്ത സൈക്കിളിൽ ലഡാക്ക്​ ലക്ഷ്യമിടാൻ മടിയൊന്നുമില്ല ബൈജുവിന്​. പക്ഷെ, വഴിയിലെ ഇടത്താവളങ്ങളെല്ലാം അടച്ചു. ഭക്ഷണം കിട്ടാൻ പോലും വഴിയില്ലെന്ന്​ വന്നതോടെ തിരികെ മണാലിക്ക്​ സമീപത്തെ അടൽ തുരങ്കം വഴി സൈക്കിൾ തിരികെ ചവിട്ടി ബൈജു.

ഫെബ്രുവരിയിൽ ഇന്ത്യ സൈക്കിൾ യാത്രക്കിടെ ബൈജു ഡൽഹി ഹൈവേയിൽ

അതെ, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നീളമേറിയ തുരങ്കത്തിലൂടെ ആദ്യമായി സൈക്കിളിൽ സഞ്ചരിച്ച മലയാളിയെന്ന വിശേഷണവുമായി. ട്രെയിനിൽ നാട്ടിലെത്തി കണ്ണൂർ ചെറുകുന്നം കീഴറയിൽ ത​െൻറ നേച്ചർ ക്യാമ്പി​െൻറ തിരക്കിനിടെ ബൈജുവിനോട്​ ചോദിച്ചു, എന്നു തുടങ്ങി ഈ യാത്ര ഭ്രമമെന്ന്​. മറുപടിയായി വലിയൊരു കഥ പറഞ്ഞു, ഈ കൂലിപ്പണിക്കാര​െൻറ ഒട്ടും അതിശയം കലരാത്ത യാത്രാ വിശേഷങ്ങൾ...

പത്രമിടാൻ ചവിട്ടിയ ദൂരങ്ങൾ

17​ കൊല്ലം മുമ്പ്​ എട്ടാം വയസ്സിൽ പത്രവിതരണം ചെയ്യാൻ സൈക്കിളിൽ കയറിയതാണ്​ ബൈജു. ദിവസം 10 കിലോമീറ്ററോളം സൈക്കിൾ ചവിട്ടിയിരുന്നു. അന്ന് തെയ്യം കാണാനും ഉത്സവങ്ങളിൽ പങ്കെടുക്കലുമൊക്കെയാണ്​ ഹരം. രാത്രി കണ്ണൂർ, കാസർകോട് ജില്ലകളിൽ പലയിടങ്ങളിലും സൈക്കിൾ ചവിട്ടി പോയിട്ടുണ്ട്​. അന്നുമുതലേ സൈക്കിളും യാത്രകളും ജീവിതത്തിലെ ഭാഗം തന്നെയായി.

ഒക്​ടോബറിൽ മണാലിയിലേക്കുള്ള വഴിയിൽ ബൈജുവി​െൻറ സൈക്കിൾ അടൽ തുരങ്കത്തിൽ

2014ൽ ആദ്യമായി ഒരു ഇന്ത്യയൊട്ടാകെ സഞ്ചരിക്കാൻ പുറപ്പെട്ടു. ബൈക്കിൽ ലേഹിലേക്കായിരുന്നു യാത്ര. തിരിച്ചുവന്ന്​ അധികം കഴിയും മു​േമ്പ വീണ്ടും മനസ്സ്​​ യാത്രക്ക്​ തുടികൊട്ടി. ഇക്കുറി സൈക്കിൾ ചവിട്ടി പോകണം എന്നായിരുന്നു ആഗ്രഹം. അങ്ങനെ അതേവർഷം തന്നെ തന്നെ കണ്ണൂരിൽനിന്ന് ഊട്ടിയിലേക്ക് സൈക്കിൾ ചവിട്ടി. അതോടെ, ഇനി എവിടേക്കും സൈക്കിൾ ചവിട്ടാമെന്ന്​ വിശ്വാസവുമായി.

രാജ്യം ചുറ്റി, പലവട്ടം സൈക്കിളിൽ

2015ലാണ്​ സൈക്കിളിൽ ആദ്യ അഖിലേന്ത്യ യാത്ര. കന്യാകുമാരിയിൽ നിന്ന് ലഡാക്കിൽ ഏറ്റവും ഉയരത്തിൽ റോഡ്​ സ്​ഥിതി ചെയ്യുന്ന ഖർദുങ്‌ലയിലേക്ക്. 29 ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കി. ഗിയർ സൈക്കിളിൽ ചവിട്ടിയത്​ 4500 കിലോമീറ്റർ. പിന്നെയും അകലങ്ങൾ വിളിച്ചുകൊണ്ടേയിരുന്നു. അതുകേട്ട്​, 2016 നവംബറിൽ കണ്ണൂരിൽനിന്ന് ഇന്ത്യ-ഭൂട്ടാൻ അതിർത്തിയായ ജൈഗോൺ വരെ സൈക്കിൾ ചവിട്ടി. 14 ദിവസം കൊണ്ട് 3000 കിലോമീറ്റർ.

മണാലിയിലെ മഞ്ഞിൽ ബൈജുവി​െൻറ സൈക്കിൾ

വീണ്ടും 2017ൽ കന്യാകുമാരിയിൽനിന്ന് ഒരു റെക്കോർഡ് യാത്രക്ക്​ തുടക്കമിട്ടു. കശ്​മീർ ലക്ഷ്യമിട്ട ആ യാത്രക്കിടെ ഹൈദരാബാദിൽ എത്തിയപ്പോൾ ഒരു അപകടം പറ്റി. വൺവേ റോഡിൽ ഗതാഗതം തെറ്റിച്ചുകൊണ്ട് എതിരെ വന്ന വാഹനമാണ് ഇടിച്ചിട്ടത്. കാലൊടിഞ്ഞ് ഒന്നര മാസത്തോളം കിടപ്പിലായി. റെക്കോർഡ് ലക്ഷ്യമിട്ടുള്ള യാത്രയായതിനാൽ ബൈക്കിൽ രണ്ടു സുഹൃത്തുക്കളെ പിന്തുണക്കായി കൂട്ടിയിരുന്നു. ദിവസം 240 കിലോമീറ്റർ ദൂരം മറികടക്കാൻ ലക്ഷ്യമിട്ട്​ ഗിയറില്ലാത്ത സൈക്കിൾ ചവിട്ടി മുന്നേറു​േമ്പാഴാണ്​ അപ്രതീക്ഷിത മടക്കം.

നേടി യാത്രക്ക്​ ഒരു റെക്കോർഡ്​

2018 ജനുവരി 23ന്​ കന്യാകുമാരിയിൽ നിന്ന്​ വീണ്ടും സൈക്കിളിൽ കയറി. ഇക്കുറി കശ്​മീർ ലക്ഷ്യമിട്ട്​ ഒറ്റക്കായിരുന്നു യാത്ര. സാധാരണ സൈക്കിളിൽ. 18 ദിവസവും രണ്ടര മണിക്കൂറും കൊണ്ട് 3600 കിലോമീറ്റർ സൈക്കിൾ ചവിട്ടി കശ്​മീരിൽ എത്തി. ഫെബ്രുവരി പത്തിന്​ വൈകുന്നേരം അഞ്ചുമണിക്ക്​. ഇത് നിലവിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംപിടിച്ചിരിക്കുകയാണ്​. ഏഷ്യയിൽ തന്നെ സാധാരണ സൈക്കിളിൽ കുറഞ്ഞ ദിവസം കൊണ്ട് ഇത്രയും ദൂരം യാത്ര ചെയ്തയാൾ ഇല്ലെന്നാണ് അറിവ്. എങ്കിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇതുവരെ അപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.

മഞ്ഞുമൂടിയ മണാലിയുടെ ദൃശ്യങ്ങൾ

ആ വർഷം തന്നെ ഖർദുങ്​ലയിൽ നിന്ന് ലേഹിലേക്കും സൈക്കിൾ ചവിട്ടി. അത് ഗിയറുള്ള സൈക്കിളിൽ. അതും റെക്കോർഡ് ലക്ഷ്യമാക്കിയാണ്​ നടത്തിയതെങ്കിലും ഫലംചെയ്​തില്ല. സപ്പോർട്ടിങിന്​ കൂടെ വന്നവർക്ക് ഓക്സിജൻ കുറവ് കൊണ്ട് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ അവർ ഇടക്ക് വച്ച് മടങ്ങിയതാണ്​ കാരണം.

കോവിഡ്​ കാലത്ത്​ വീണ്ടും മണാലിയിൽ

ഇക്കുറി ഒക്​ടോബർ പത്തിന്​ വീണ്ടും സൈക്കിളിൽ കയറി. കന്യാകുമാരിയിൽനിന്ന് ലഡാക്ക്​ ലക്ഷ്യമിട്ട്​ യാത്ര തുടങ്ങി. തെലങ്കാനയിലെ പ്രളയവും കോവിഡുമൊക്കെ അതിജീവിച്ച്​ ആ സൈക്കിൾ മണാലിയിൽനിന്ന്​ ​ലേഹിലേക്കുള്ള അടൽ തുരങ്കവും കടന്ന്​ മുന്നേറി. 2020 ഒക്​ടോബർ മൂന്നിനാണ്​​ ഈ തുരങ്കം തുറന്നത്​. പക്ഷെ, സീസുവിൽ എത്തിയപ്പോഴേക്കും മഞ്ഞുവീഴ്ച കടുത്തു. വർഷത്തിൽ ആറുമാസം മാത്രമേ മണാലി-ലേ ഹൈവേ തുറക്കൂ. സാധാരണ ജൂൺ മുതൽ ഒക്ടോബർ വരെയാണ് യാത്രക്ക്​ പറ്റിയ സമയം. കാലാവസ്ഥ മാറുന്നതിന്​ അനുസരിച്ച് മാറ്റം വരും.

ഹിമാലയത്തിലെ മഞ്ഞുമൂടിയ ഗ്രാമങ്ങൾ

വഴിയിലെ ഇടത്താവളങ്ങളിൽ ടെൻറ്​ അടിക്കാൻ സൗകര്യം ലഭിക്കുമായിരുന്നു. 60 -70 കിലോമീറ്റർ ഇടവെട്ടാണ് ഈ സൗകര്യം. ചിലയിടത്ത് 80 കിലോമീറ്ററോളം സഞ്ചരിക്കണം. ഹിമാലയത്തിൽ മറ്റ്​ ഭാഗത്ത്​ യാത്രക്കാർക്ക്​ ഒരു സൗകര്യവും ലഭിക്കില്ല. കിലോമീറ്ററുകളോളം മലനിരകൾ മാത്രമാണ് കാണാൻ കഴിയുക. ഇക്കുറി കോവിഡായതിനാൽ യാത്രക്കാർ കുറവായി. അതോടെ ഇടത്താവളങ്ങളും അടഞ്ഞതിനാൽ സീസുവിൽ നിന്ന്​ മടങ്ങി. മണാലിയിലെ ജിന്ന്​ ബാബുക്കയെയും ആപ്പിൾ മരങ്ങളെയും കണ്ടുകൊണ്ടായിരുന്നു യാത്ര​.

യാത്രയിലെല്ലാം കണ്ടത്​ ജീവിതം

യാത്രയിൽ ഉടനീളം ലഭിച്ചത്​ നല്ല അനുഭവങ്ങൾ മാത്രം​. നോർത്തിന്ത്യയിലാകെ വലിയ പ്രശ്​നമാണെന്ന്​ പലരും പറയാറുണ്ട്​. ആ പ്രശ്​നങ്ങൾ​ എവിടെയായാലും ഉണ്ടാകും. യാത്രയിൽ ഒരുദിവസം എവിടെയാണ്​ എത്തുന്നത്​ അവിടെയാണ്​ എ​െൻറ താമസം. കൃത്യമായ ഒരു പ്ലാനുമില്ല. വൈകുന്നേരം അഞ്ചരക്ക്​ എവിടെയാണോ എത്തുന്നത്​ അവിടെ സൗകര്യപ്രദമായ സ്ഥലത്ത്​ അന്ന്​ രാത്രി കഴിച്ചുകൂട്ടും.

മണാലിയിൽ വെച്ച്​ മലയാളി ട്രാവലർമാരെ ബൈജു കണ്ടുമുട്ടിയപ്പോൾ

കൈയിൽ കുറച്ച് മാത്രം​ പണം കരുതും. അത് തീർന്നാൽ സുഹൃത്തുക്കൾ വഴി പണം സംഘടിപ്പിക്കും. സൈക്കിൾ യാത്രയിൽ എല്ലാം താമസിക്കാൻ കൂടുതലും ടെൻറാണ്​ ഉപയോഗിച്ചത്​. യാത്രയിലെ 21 ദിവസത്തിൽ 17 ദിവസവും ടെൻറിൽ കിടന്നു. പെട്രോൾ പമ്പുകൾ, ധാബകൾ എന്നിവിടങ്ങളിൽ​ ടെൻറ്​ അടിച്ചു. ടെൻറി​െൻറ ഉള്ളിൽ വിരിക്കേണ്ട ബെഡ്​ ഷീറ്റ്​, പുതപ്പ്​, രണ്ടുജോടി ഡ്രസ്​, സൈക്കിളിന്​ രണ്ട്​ എക്​സ്​ട്രാ ട്യൂബ്​ എന്നിവയാണ്​ പ്രധാനമായി കൊണ്ടുനടക്കുന്നത്​.

ഇനി പോകണം സിംഗപ്പൂരിലേക്ക്​

എല്ലാം കൂട്ടിയാൽ വലിയ യാത്രകളിലായി ഇതുവരെ 18,000 കിലോമീറ്റർ സൈക്കിൾ ചവിട്ടി. വീട്ടിൽ അച്​ഛനും അമ്മയുമുണ്ട്​. സഹോദരിമാരുടെ കല്യാണം കഴിഞ്ഞു. ബൈക്ക്​, ട്രെയിൻ, സൈക്കിൾ എന്നിങ്ങനെയായി ഇതുവരെ ഇന്ത്യയാകെ 26 തവണ ചുറ്റി. ഇനി സൈക്കിളുമായി സിങ്കപ്പൂർ യാത്രയാണ്​ മനസ്സിൽ. സാമ്പത്തികമായി ഒന്നു ശരിയാകണം​. എല്ലാ യാത്രകളും മൊബൈൽ ​ഫോണിൽ പകർത്തി, യാത്രാ പ്രേമികൾക്കായി പോസ്​റ്റ്​ ചെയ്യുന്നുണ്ട്​. pachathullan keezhara എന്ന യൂട്യൂബ്​ ചാനലിൽ.

ബൈജു കീഴറ

എല്ലാ മാസവും കണ്ണൂർ നെസ്​റ്റ്​ നടത്തുന്ന നേച്ചർ ക്യാമ്പ്​ കോവിഡ് കാരണം മുടങ്ങിയത്​ ഇക്കുറി നടത്തി. പൈതൽമലയിലേക്ക്​ സഞ്ചാരികളുമായി ബൈജു കീഴറയെന്ന പച്ചതുള്ളൻ നടന്നുകയറി. ഒരിക്കലും മടുക്കാത്ത, ആർക്കും അനുകരിക്കാൻ പോലും കഴിയാത്ത സഞ്ചാര സ്വപ്​നങ്ങളുമായി...

Tags:    
News Summary - The first Malayalee to cycle through the Atal tunnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT