ഒഡീഷയിലെ സുന്ദർഗഢിലാണ് കഴിഞ്ഞദിവസം രാത്രി റൂമെടുത്തത്. പതിവുപോലെ ആറ് മണിക്ക് തന്നെ എണീറ്റു. ചായ കിട്ടുമോ എന്നറിയാൻ പുറത്തിറങ്ങിയതാണ്. ഡിസംബറിനെ പോലും തോൽപ്പിക്കുന്ന തണുപ്പുണ്ട്. തിരിച്ച് റൂമിൽ പോയി ജാക്കറ്റെടുത്ത് നടക്കാനിറങ്ങി. നഗരം ഉണരുന്നതേയുള്ളൂ. റോഡിൽ ജനങ്ങൾ കുറവാണ്. ഉള്ളവരിൽ പലരും തീ കായുന്നു. പിന്നെയുള്ളത് നായകളും പശുക്കളുമാണ്. ഒരു കുളത്തിന് സമീപം വരെ നടന്നുപോയി. എവിടെയും ചായക്കട കാണുന്നില്ല.
തിരിച്ചുവന്നപ്പോൾ റൂമിന് സമീപത്തെ പെട്ടിക്കട തുറന്നിട്ടുണ്ട്. രാവിലെ നടക്കാനിറങ്ങിയവരും ഇവിടെയെത്തി. ചായ തയാറാകുന്നത് വരെ അവർ തീകൂട്ടി ശരീരം ചൂടാക്കാൻ തുടങ്ങി. കൂടുതൽ ആളുകൾ തീയുടെ അടുത്തേക്ക് വന്നു. ആദ്യം കടക്ക് മുന്നിൽ ഞാനാണ് എത്തിയതെങ്കിലും നാട്ടുകാരെല്ലാം ഒാവർടേക്ക് ചെയ്ത് ചായ വാങ്ങി.
ഏഴ് മണിയോടെ വീണ്ടും വണ്ടിയിൽ കയറി യാത്ര പുനരാരംഭിച്ചു. ബിഹാറിെൻറ തലസ്ഥാനമായ പട്നയാണ് ഇന്നത്തെ ലക്ഷ്യം. സാംബൽപുർ-റൂർക്കേല ഹൈവേയിലൂടെയാണ് യാത്ര. റോഡിൽ മൂടൽമഞ്ഞ് മാറിയിട്ടില്ല. ഏകദേശം 50 കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കും ഇടത്തോട്ട് തിരിയാൻ ഗൂഗിൾ മാപ്പിെൻറ നിർദേശം.
കേരളത്തിൽനിന്ന് ഭൂട്ടാനിലേക്ക് കാറിൽ നടത്തിയ അവിസ്മരണീയ യാത്ര - റോഡ് ടു ഭൂട്ടാൻ: ഭാഗം രണ്ട്
പിന്നീടങ്ങോട്ടും തികച്ചും ഗ്രാമീണ പ്രദേശങ്ങളിലൂടെയാണ് യാത്ര. വീതികുറഞ്ഞ റോഡ്. മണ്ണ് കൊണ്ടുള്ള വീടുകൾ. പശുക്കൾ മേയുന്ന വയലുകൾ. സ്കൂളിൽ പഠിക്കുന്ന കാലത്ത് നോട്ടുബുക്കിൽ വരച്ച ഗ്രാമങ്ങളുടെ ചിത്രം മനസ്സിൽ തെളിഞ്ഞു.
മാഹുൽചപ്പാൽ എന്ന സ്ഥലം കഴിഞ്ഞതോടെ ഝാർഖണ്ഡിലേക്ക് വണ്ടി പ്രവേശിച്ചു. യാത്രയിെല ഒമ്പതാമത്തെ സംസ്ഥാനം. ഇതുവരെ സഞ്ചരിച്ചതിൽനിന്ന് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ് ഝാർഖണ്ഡ് ഒരുക്കിവെച്ചിരിക്കുന്നത്. കാടിന് നടുവിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഇടക്കിടക്ക് ആദിവാസി ഗ്രാമങ്ങൾ കാണാം. കൂടാതെ ആഴ്ചയിലൊരിക്കൽ ചന്ത നടക്കുന്ന സ്ഥലവും മണ്ണ് തേച്ച കടകളുമെല്ലാം പാതയോരത്ത് കാണാനിടയായി.
കേരളത്തിൽനിന്ന് ഭൂട്ടാനിലേക്ക് കാറിൽ നടത്തിയ അവിസ്മരണീയ യാത്ര - റോഡ് ടു ഭൂട്ടാൻ: ഭാഗം ഒന്ന്
ആധുനികതയുടെ കൃത്രിമത്വങ്ങൾ ഒന്നുമില്ലാത്ത ശുദ്ധവായുവും ശാന്തതയും പുൽകുന്ന ഇടങ്ങൾ. വണ്ടിയുടെ ഗ്ലാസെല്ലാം താഴ്ത്തിവെച്ച് കാടിെൻറ മർമരങ്ങൾ ആസ്വദിച്ചാണ് യാത്ര. ചിലയിടത്ത് അർധസൈനിക വിഭാഗം തോക്കുമേന്തി നിൽക്കുന്നുണ്ട്. തോക്കുകൾ കണ്ടതോടെ ചെറിയൊരു ഭയം മനസ്സിൽ കയറി. തികച്ചും വിജനമായ വഴികളിലൂടെയാണ് യാത്ര.
വല്ലതും സംഭവിച്ചാൽ, ഭാഷ പോലും അറിയാത്ത നാട്. മാവോവാദികളുടെ സാന്നിധ്യം ഏറെയുണ്ടായിരുന്ന കാടുകളാണിത്. ഇന്ത്യയിൽ തന്നെ മാവോവാദി സാന്നിധ്യമുള്ള ഏറ്റവും കൂടുതൽ ജില്ലകൾ സ്ഥിതിചെയ്യുന്നത് ഝാർഖണ്ഡിലാണ്.
അതേസമയം, തൊട്ടടുത്ത സംസ്ഥാനവും നമ്മൾ കഴിഞ്ഞദിവസം സഞ്ചരിച്ചതുമായ ഛത്തീസ്ഗഢിലാണ് നിലവിൽ മാവോവാദികളുടെ ഭീഷണിയും ആക്രമണങ്ങളും കൂടുതൽ ഉണ്ടാകുന്നത്. സമയം പത്ത് മണിയായിട്ടുണ്ട്. കാട്ടിലൂടെയുള്ള യാത്രയായതിനാൽ ഭക്ഷണമൊന്നും കിട്ടിയിട്ടില്ല.
ജൽദേഗ എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് ചെറിയ അങ്ങാടി കാണുന്നത്. അവിടെ വണ്ടി നിർത്തി. ചെറിയ കടകൾ മാത്രമേയുള്ളൂ എങ്ങും. ജങ്ഷനോട് ചേർന്ന് മരംകൊണ്ട് ഒരുക്കിയ കടയുണ്ട്. പക്കവട, വട എന്നിവ പോലുള്ള നാടൻ വിഭവങ്ങളാണുള്ളത്.
അത് ഒാർഡർ ചെയ്തു. വിഭവങ്ങൾ തയാറാക്കുന്ന നേരം കൊണ്ട് പുറത്തിറങ്ങി വീഡിയോ എടുക്കാമെന്ന് കരുതി. കടയുടെ മുന്നിൽ ടാക്സികൾ കാത്തുനിൽക്കുന്നുണ്ട് ആളുകൾ.
വീഡിയോ എടുക്കുന്നത് കണ്ടതോടെ നാട്ടുകാർ ഇതുവരെ കേൾക്കാത്ത ഭാഷയിൽ ചോദ്യവുമായെത്തി. മാവോവാദി മേഖലയായതിനാൽ പുറത്തുനിന്ന് ആര് വന്നാലും അവർക്ക് സംശയമാണ്.
നാട് കാണാനിറങ്ങിയ സഞ്ചാരികളാണെന്ന കാര്യം ഒരുവിധം പറഞ്ഞൊപ്പിച്ചു. തിരിച്ച് കടയിൽ എത്തിയപ്പോഴേക്കും സാധനങ്ങൾ റെഡിയായിരുന്നു. പാലില്ലാത്തതിനാൽ കട്ടൻചായയാണ്. പിന്നെ പക്കവടക്കൊപ്പം കറിയുമുണ്ട്. മോഹൻ മുണ്ടു എന്നയാളാണ് കടയുടെ ഉടമ. അയാളുടെ ഭാര്യയും അവിടെ ജോലിക്കുണ്ട്. യാത്ര തുടങ്ങിയിട്ട് ആദ്യമായിട്ടാണ് ഇതുപോലെയൊരു ബ്രേക്ക്ഫാസ്റ്റ്. അതിഗംഭീരം.
ജൽദേഗ കഴിഞ്ഞതോടെ പിന്നെ നാട്ടിൻപുറങ്ങൾ ദൃശ്യമായിത്തുടങ്ങി. ദേശീയ പാതയാണെങ്കിലും റോഡിന് വീതി കുറവാണ്. അതിലൂടെ കൂറ്റൻ ലോറികളെല്ലാം പോകുന്നുണ്ട്. ടാറ്റയുടെ ആസ്ഥാനമായ ജംഷഡ്പുർ, ധൻബാദ് പോലുള്ള വ്യവസായ നഗങ്ങളെല്ലാം ഝാർഖണ്ഡിലാണ്. അവിടെനിന്ന് ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലേക്ക് ചരക്കുമായി പോകുന്ന ലോറികളാകുമെന്ന് ഞങ്ങൾ ഉൗഹിച്ചു. ഗ്രാമങ്ങൾ പിന്നിട്ട് ഉച്ചയോടെ ഝാർഖണ്ഡിെൻറ തലസ്ഥാനമായ റാഞ്ചിയിലെത്തി.
പ്രധാന നഗരത്തിൽ കയറാതെ റിംഗ് േറാഡ് വഴിയാണ് യാത്ര. റാഞ്ചിയെത്തിയപ്പോഴാണ് ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയെക്കുറിച്ച് ഒാർമ വന്നത്. ഗൂഗിളിൽ തപ്പിയപ്പോൾ നമുക്ക് പോകാനുള്ള വഴിയിൽ തന്നെയാണ് അദ്ദേഹത്തിെൻറ വീടെന്ന് മനസ്സിലായി. ഇത്രയും ദൂരം വന്നിട്ട് പുറത്തുനിന്നെങ്കിലും വീട് കാണാതെ പോകുന്നത് മോശമല്ലേ. എന്തായാലും നാട്ടുകാരുടെയും ഗൂഗിൾ മാപ്പിെൻറയെല്ലാം സഹായത്തോടെ വീടിന് മുന്നിലെത്തി.
വര സിമാലിയ എന്ന സ്ഥലത്താണ് അദ്ദേഹത്തിെൻറ വീട്. കൂറ്റൻ മതിലും ഗേറ്റും മാത്രമാണ് ആദ്യം കാണുക. ഗേറ്റ് കടന്ന് ഒരുകിലോമീറ്റർ ഉള്ളിലേക്ക് പോകേണ്ടി വരും വീടിന് മുമ്പിലെത്താൻ. ഗേറ്റിെൻറ വിടവിലൂടെ നോക്കിയപ്പോൾ സുരക്ഷ ജീവനക്കാരൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. പട്ടാളക്കാരനാണ്. കൈയിൽ തോക്കെല്ലാം ഉണ്ട്.
അകത്തേക്ക് ആരെയും കടത്തിവിടില്ല എന്ന് പറഞ്ഞ് ഞങ്ങളോട് പോകാൻ പറഞ്ഞു. മതിലിെൻറ സൈഡിൽനിന്ന് വീട് ദൂരെ കാണാം. കൈലാശപതി എന്നാണ് വീടിെൻറ പേര്. ധോണി ഇന്ത്യൻ ടീമിലെത്തുന്നതിന് മുമ്പ് റാഞ്ചിയിലെ സാധാരണ വീട്ടിലായിരുന്നു താമസം. പിന്നീടാണ് ഇൗ ഫാം ഹൗസിലേക്ക് താമസം മാറ്റിയത്. എന്തായാലും വീടിന് മുന്നിൽനിന്ന് സെൽഫിയെല്ലാം എടുത്ത് വീണ്ടും വണ്ടിയിൽ കയറി.
രണ്ട് മണിയോടെ രാംഗഢ് എന്ന നഗരത്തിന് സമീപം ഉച്ചഭക്ഷണത്തിനായി ഇറങ്ങി. ഒരു പള്ളിയുടെ സമീപത്തെ ചെറിയ ബിരിയാണിക്കടയാണ്. നീളമുള്ള ബസ്മതി അരികൊണ്ടാണ് ബിരിയാണി തയാറക്കിയിരിക്കുന്നത്. വെള്ളയും മഞ്ഞയും നിറത്തിലാണ് ബിരിയാണി. കാണാൻ നല്ല രസമുണ്ടെങ്കിലും രുചി ശരാശരിയേയുള്ളൂ. ബിരിയാണിയും കഴിച്ച് മുന്നോട്ടുനീങ്ങി.
ഗ്രാമങ്ങളും കൃഷിയിടങ്ങളും നഗരങ്ങളുമെല്ലാം ഇടക്കിടക്ക് വരുന്നുണ്ട്. നഗരങ്ങൾക്ക് വലിയ പ്രൗഢിയൊന്നുമില്ല. ഇഷ്ടികകൊണ്ട് നിർമിച്ച് തേക്കാത്ത ചെറിയ കെട്ടിടങ്ങളാണുള്ളത്.
നഗരത്തിനേക്കാളെല്ലാം യാത്രക്ക് നല്ലത് ഗ്രാമങ്ങൾ തന്നെയാണ്. വല്ലാത്തൊരു ഉണർവാണ് ഗ്രാമങ്ങൾ നൽകുന്നത്. പോകുന്ന വഴിയിൽ ചെറിയ മഞ്ഞപൂക്കൾ വിരിഞ്ഞുനിൽക്കുന്ന വയൽ കണ്ടു.
സംഗതി മനസ്സിലാക്കാനായി ഒന്ന് ഇറങ്ങി നോക്കി. കടുക് പാടമാണ്. മണ്ണ് തേച്ച വീടിന് മുന്നിലെ സ്ഥലത്താണ് കടുക് പാടമുള്ളത്. അവിടെയുണ്ടായിരുന്ന സ്ത്രീകളോട് വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ പറയുന്നത് അവർക്കും അവർ പറയുന്നത് ഞങ്ങൾക്കും മനസ്സിലാകാത്ത അവസ്ഥ. ഒരു രാജ്യക്കാർ ആണെങ്കിലും ഇടയിൽ ഭാഷയുടെ വൻമതിൽ കെട്ടിയത് പോെല.
ഝാർഖണ്ഡിനോട് വിടപറഞ്ഞ് ബിഹാറിലെ ബോധ്ഗയയിൽ എത്തുേമ്പാൾ ആകാശത്ത് ഇരുട്ട് പകരാൻ തുടങ്ങിരുന്നു. ബുദ്ധമത സ്ഥാപകനായ ഗൗതമബുദ്ധന് ബോധോദയം ലഭിച്ച സ്ഥലമെന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നത്. മഹാബോധി ക്ഷേത്ര സമുച്ചയത്തിന് രണ്ട് കിലോമീറ്റർ അകലെ വാഹനം പാർക്ക് ചെയ്തു. അവിടെനിന്ന് ക്ഷേത്രത്തിന് അടുത്തേക്ക് പോകാൻ ഇലക്ട്രിക് റിക്ഷയിൽ കയറി. റോഡിന് ഇരുവശവും ധാരാളം കച്ചവട സ്ഥാപനങ്ങളുണ്ട്. അധികവും ബുദ്ധമതവുമായി ബന്ധപ്പെട്ട സാധനങ്ങൾ വിൽക്കുന്ന കടയാണ്.
റോഡും മരങ്ങളുമെല്ലാം ദീപങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. റിക്ഷയിൽനിന്ന് ഇറങ്ങി ടിക്കറ്റ് കൗണ്ടറിന് അടുത്തേക്ക് നടന്നു. മൊബൈൽ ഫോണുകൾ അവിടെ ലോക്കറിൽ സൂക്ഷിക്കണം. ഡിജിറ്റൽ കാമറകൾ മാത്രമേ അകത്തേക്ക് കൊണ്ടുപോകാനാകൂ. ക്ഷേത്രത്തിലേക്കുള്ള വഴിയിലെല്ലാം നല്ല തിരക്കാണ്. ഞങ്ങൾ പോകുന്ന സമയത്ത് കൊറോണ ഭീതിയുടെ ആരംഭകാലമാണ്. അതുകൊണ്ട് തന്നെ പല ബുദ്ധസന്യാസികളും മാസ്ക്കെല്ലാം ധരിച്ചിട്ടുണ്ട്. ഞങ്ങൾ അപ്പോഴെന്നും മാസ്ക് തന്നെ കണ്ടിട്ടില്ല. കർശന പരിശോധനകൾക്ക് ശേഷമാണ് ക്ഷേത്ര സമുച്ചയത്തിലേക്ക് കടക്കാനാവുക.
ലഡാക്കിലും സിക്കിമിലുമെല്ലാം നിരവധി ബുദ്ധക്ഷേത്രങ്ങൾ മുമ്പ് സന്ദർശിച്ചിട്ടുണ്ട്. എന്നാൽ, അതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായ അനുഭവമാണ് ബോധ്ഗയ നൽകുക. ബുദ്ധമതക്കാരുടെ 'മക്ക' എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. തായ്ലാൻഡ്, ജപ്പാൻ, ഭൂട്ടാൻ, ശ്രീലങ്ക, കംബോഡിയ, തിബറ്റ് തുടങ്ങി ബുദ്ധമതമുള്ള രാജ്യങ്ങളിൽനിന്നെല്ലാം ജനങ്ങൾ ഇവിടേക്ക് വരുന്നു.
വിശ്വാസത്തിലെ വ്യത്യസ്ത ധാരകൾ നമുക്ക് ബുദ്ധസന്യാസികളുടെ വസ്ത്രങ്ങളിൽനിന്ന് തന്നെ മനസ്സിലാക്കാം. കൂടാതെ ലഡാക്ക് പോലുള്ള സ്ഥലങ്ങളിൽ കാണുന്ന ഫ്ലാഗുകളിൽനിന്ന് തികച്ചും വിഭിന്നമാണ് ഇവിടുത്തെ കൊടിതോരണങ്ങൾ. ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചതും അവിടെയുള്ള ഗൈഡ് അടുത്തേക്ക് വന്നു. ക്ഷേത്രം മുഴുവൻ ചുറ്റിക്കാണിക്കാമെന്നും സവിശേഷതകൾ പറഞ്ഞുതരാമെന്നും അദ്ദേഹം പറഞ്ഞു. 300 രൂപയാണ് അയാളുടെ ചാർജ്. മുമ്പ് കൊട്ടാരങ്ങളടക്കമുള്ള സ്ഥലങ്ങളിൽ പോകുേമ്പാൾ ഗൈഡ് ഇല്ലാത്തതിെൻറ ദോഷം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അശോക് എന്നാണ് ഗൈഡിെൻറ പേര്. അദ്ദേഹം ചരിത്രം ഒാരോന്നായി വിവരിക്കാൻ തുടങ്ങി.
ബിഹാറിലെ ഗയ ജില്ലയിൽ സ്ഥിതിചെയ്യുന്ന പുണ്യകേന്ദ്രമാണ് ബോധ്ഗയ അഥവ ബുദ്ധഗയ. ഇവിടെയുള്ള ബോധി വൃക്ഷച്ചുവട്ടിൽവെച്ചാണ് ഗൗതമബുദ്ധൻ ബോധോദയം പ്രാപിച്ചത്. ബുദ്ധമതസ്ഥരുടെ നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ബോധ് ഗയ.
ബി.സി 563ലാണ് ബുദ്ധൻ ജനിക്കുന്നത്. തന്നെ അലട്ടിയ ചോദ്യങ്ങൾക്ക് ഉത്തരം തേടി അദ്ദേഹം തെൻറ 29ാമത്തെ വയസ്സിൽ വീട് വിട്ടിറങ്ങി. പിന്നീടുള്ള ആറു വർഷം സത്യം തേടിയുള്ള അലച്ചിലായിരുന്നു.
ഒടുവിലാണ് ബോധി വൃക്ഷത്തിെൻറ ചുവട്ടിൽ തപസ്സിരിക്കുന്നത്. അന്നത്തെ ആ വൃക്ഷത്തിെൻറ അഞ്ചാമത്തെയോ ആറാമത്തെയോ പിൻഗാമിയാണ് ഇന്നുള്ള വൃക്ഷം എന്നാണ് കരുതപ്പെടുന്നത്. ജ്ഞാനോദയം ഉണ്ടായ ശേഷം ഏഴ് ആഴ്ചകളിൽ വിവിധ സ്ഥലങ്ങളിലായി അദ്ദേഹം ചെലവഴിച്ചു. അതെല്ലാം ഇവിടെ എഴുതി വെച്ചിട്ടുണ്ട്.
ബി.സി 250ൽ അശോചക്രവർത്തി ബോധ്ഗയ സന്ദർശിച്ചുവെന്നാണ് കരുതുന്നത്. ഇവിടെ എത്തിയ അദ്ദേഹം ഒട്ടേറെ ക്ഷേത്രങ്ങളും ആശ്രമങ്ങളും സ്ഥാപിച്ചു. അതിെൻറ ശേഷിപ്പുകൾ ഇന്നും ഇവിടെ കാണാം. 12ാം നൂറ്റാണ്ടിൽ ഇന്ത്യ ഭരിച്ച ചക്രവർത്തിമാർ ബുദ്ധമതം ഇല്ലാതാക്കി. അതോടെ ബോധ്ഗയയും ഇല്ലാതായി. കാടുപിടിച്ച ഇൗ പ്രദേശം 18ാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരണാണ് പുറത്തുകൊണ്ടുവന്നത്.
ബോധ് ഗയയിലെ മഹാബോധി ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ക്ഷേത്രത്തിെൻറ നടുഭാഗത്തായുള്ള സ്തൂപത്തിന് 55 മീറ്റര്‍ ഉയരമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇത് നവീകരിച്ചു. വലിയ സ്തൂപത്തിെൻറ സമാന മാതൃകയില്‍ നാല് ചെറിയ സ്തൂപങ്ങളെ ഇതിന് ചുറ്റുമായി കാണാം. അകത്തെ ബുദ്ധെൻറ പ്രതിമ ദർശിക്കാനായി നീണ്ട വരിയാണുള്ളത്.
കൂടാതെ ക്ഷേത്ര പരിസരമാകെ പൂക്കൾകൊണ്ട് നിറഞ്ഞിരിക്കുന്നു. ബുദ്ധന് സമർപ്പിക്കാനുള്ളതാണീ പൂക്കൾ. തികച്ചും ഭക്തിനിർഭരമായ അന്തരീക്ഷമാണ് എങ്ങും. വിവിധ മരങ്ങളുടെ ചുവട്ടിലിരുന്ന് ആളുകൾ ഉച്ചരിക്കുന്ന ബുദ്ധമന്ത്രങ്ങൾ പരിസരമാകെ മുഴങ്ങിേകൾക്കാം.
രണ്ട് മണിക്കൂർ ബുദ്ധെൻറ സന്നിധിയിൽ ചെലവഴിച്ചശേഷം പുറത്തിറങ്ങി. തിരിച്ച് സൈക്കിൾ റിക്ഷയിലാണ് കാറിന് അടുത്തേക്ക് മടങ്ങിയത്. വിദേശത്തുനിന്ന് വരുന്നവർക്കുള്ള സഹായം നൽകാൻ അതാത് രാജ്യങ്ങളുടെ ഓഫിസുകളും ഇവിടെ കാണാൻ സാധിച്ചു. കൂടാതെ വഴിയിൽ ശ്രീലങ്കൻ പ്രസിഡൻറിന് അഭിവാദ്യമർപ്പിച്ചുള്ള ഫെക്ല്സുകൾ വരെയുണ്ട്. തിരിച്ച് വണ്ടിയിൽ കയറി യാത്ര തുടങ്ങി. സമയം ഒമ്പത് മണിയായിട്ടുണ്ട്. വിദേശികൾ ധാരാളം വരുന്നതിനാൽ ബോധ്ഗയയിൽ റൂമിന് തരക്കേടില്ലാത്ത നിരക്കാണ്. കുറഞ്ഞ തുകക്കുള്ളവക്ക് മുന്നിൽ പാർക്കിങ് സൗകര്യവുമില്ല.
അതുകൊണ്ട് തന്നെ മുന്നോട്ടുപോകാൻ തീരുമാനിച്ചു. വഴിയിൽ റൂം കണ്ടാൽ തങ്ങാമെന്നായിരുന്നു കരുതിയത്. ബിഹാറിെൻറ തനി ഗ്രാമീണ വഴികളിലൂടെയാണ് യാത്ര. ചുറ്റും ഇരുട്ട് മാത്രമേയുള്ളൂ. ഒരു നഗരം പോലും എവിടെയും കാണാനില്ല. നല്ല വിശപ്പുമുണ്ട്. അവസാനം 100 കിലോമീറ്റർ സഞ്ചരിച്ചുകാണും.
അപ്പോഴാണ് ഭക്ഷണം കിട്ടിയത്. ബോധ്ഗയയിൽനിന്നും ബിഹാർ ഷരീഫിൽനിന്നും വരുന്ന റോഡ് കൂടിച്ചേരുന്ന ഇടമാണ്. ദനിയാവാൻ എന്നാണ് സ്ഥലപ്പേര്. േലാറിക്കാരെ പ്രതീക്ഷിച്ചാണ് കാര്യമായും ഹോട്ടലുകളുളളത്. ചപ്പാത്തിയും മീൻ കറിയും കഴിച്ച് റൂം തപ്പി വണ്ടയെടുത്തു. അവസാനം പട്നക്ക് സമീപം താമസിക്കാനൊരു ഹോട്ടൽ ലഭിക്കുേമ്പാൾ സമയം 12 മണിയായിട്ടുണ്ട്. 19 മണിക്കൂർ നീണ്ടുനിന്ന അലച്ചിൽ അതോടെ അവസാനിച്ചു.
(തുടരും)
vkshameem@gmail.com
Itinerary
Day 5:
Sundergarh to Patna (Bihar) - 600 KM
Route: Kolebira, Ranchi, Hazaribagh, Bodh Gaya
Journey Time: 7.00 AM - 12.00 AM (17 hrs)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.