മനോഹരമായ കാഴ്ചകൾ ഒഴുകിപ്പരക്കുന്ന അന്‍റാലിയ ഒരു അത്ഭുതമായി തുടരുകയാണ്. യാത്രയുടെ രണ്ടാം നാൾ മഹാനഗരത്തിലൂടെയുള്ള നടത്തം, വെള്ളച്ചാട്ടങ്ങൾ കാണൽ തുടങ്ങിയവയായിരുന്നു പരിപാടികൾ. പ്രധാന ഇടങ്ങളിലും നിർത്തിയും ചിലയിടങ്ങളിൽ വേഗം കുറച്ചും ഗൈഡിന്‍റെ വിവരണങ്ങൾ കേട്ടും വാഹനം നീങ്ങി. ഇടവിട്ട ചാറ്റൽ മഴ നഗര നടത്തത്തിന് തടസ്സം നിന്നതിനാൽ ബസ്സിനകത്തിരുന്ന് തന്നെ പലസ്ഥലങ്ങളും കാണേണ്ടിവന്നു. മഴയുടെ കനം കുറഞ്ഞപ്പോൾ ബസ്സ് പലയിടത്തും നിർത്തി, ചിലയിടത്ത് ഇറങ്ങി നടന്നു ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി.
വലുതും ചെറുതുമായ ഒട്ടേറെ വെള്ളച്ചാട്ടങ്ങളും മെഡിറ്ററേനിയൻ കടൽത്തീരവും പുരാതന നിർമിതികളും ശിൽപങ്ങളും അടങ്ങുന്ന ഒരു പുരാതന റോമൻ ചരിത്ര നഗരമാണ് അന്‍റാലിയ. റോമൻ സാമ്രാജ്യത്തിന്‍റെ ഒത്തിരി അവശിഷ്ടങ്ങൾ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുണ്ട് ഈനഗരം. അതിൽ ഏറ്റവും സുന്ദരമായ ഒന്നാണ് അന്‍റാലിയയിലെ രണ്ടു വെള്ളച്ചാട്ടങ്ങൾ. കർപുസ്കൽ ദരൻലോവർ ഡ്യൂഡൻ വെള്ളച്ചാട്ടവും അപ്പർ ഡ്യൂഡൻ വെള്ളച്ചാട്ടവും. ചാറ്റൽ മഴയുടെ അകമ്പടിയോടെയാണ് ഇവിടെയെത്തിയത്. മഴക്കോട്ടണിഞ്ഞ് കുടയും പിടിച്ച് തണുത്തു വിറച്ച നടത്തം വല്ലാത്തൊരു അനുഭവമായിരുന്നു.
അന്‍റാലിയയിലെ ലാറ ജില്ലയിലെ ഡ്യൂഡൻ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഒരു അതുല്യമായ സൗന്ദര്യമാണ് അപ്പർ ഡ്യൂഡൻ വെള്ളച്ചാട്ടം. കടലിനോടും കരയോടും ചേർന്ന പാറക്കെട്ടിൽ നിന്നും പതിക്കുന്നു. മേൽഭാഗത്ത് ജലധാരയുടെ കുറുകെയും പരിസരത്തും കാഴ്ചക്കാർക്കായി നടപ്പാതകൾ നിർമിച്ചിട്ടുണ്ട്. നടപ്പാതയിൽ നിന്ന് മാത്രമല്ല, താഴെ മെഡിറ്ററെനിയൻ കടലിൽ ബോട്ടിൽ പോയി കണാനും കഴിയുന്ന ജലധാര ഏറെ ആകർഷണമാണ്. അപ്പർ ഡ്യൂഡൻ വെള്ളച്ചാട്ടത്തിന് പിന്നിലെ ഗുഹകൾ രസകരമായ നിർമിതിയാണ്. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച മനോഹരമായ ദൃശ്യം. ഉയരമുള്ള മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന ഒരു വലിയ പാർക്കിലൂടെയാണ് വെള്ളച്ചാട്ടം ഒഴുകി വരുന്നത്. ഗുഹയുടെ അന്തർ ഭാഗത്തേക്കു പോലും നടന്നു ചെന്ന് ഒരു ബാൽക്കണിയിൽ നിൽക്കുന്ന പോലെ ജലധാരയൊഴുകി താഴ്ച്ചയിലേക്ക് പതിക്കുന്നു. ചിലയിടങ്ങളിൽ ഗുഹാമുഖം ഒരു ജാലകം തുറന്നു വച്ചിരിക്കുന്നതായി തോന്നും. വെള്ളച്ചാട്ടത്തിനരികിലേക്ക് കടന്നു ചെന്ന് ആസ്വദിക്കാം. അണമുറിയാതെ ഒഴുകുന്ന വെള്ളത്തിന് പിന്നിലെ ഗുഹയിൽ നിന്നുള്ള വെള്ളച്ചാട്ടത്തിൽ പോക്കുവെയിൽ പതിക്കുമ്പോൾ മഴവില്ലുകൾ വിരിയും. പ്രകൃതി ദത്തമായ ഗുഹാ നിർമിതികളും കല്ലുപിടികളും, ജാലകങ്ങളിലൂടെ കാണുന്ന ജലധാരയും മനം മയക്കുന്ന കാഴ്ച്ചയാണ്.
അന്‍റാലിയയിൽ നിന്നും 250 കി.മി. ദൂരത്തുള്ള പമുക്കലെയും ഇടക്കുള്ള സഞ്ചാരകേന്ദ്രങ്ങളും കാണലായിരുന്നു അടുത്ത ദിവസത്തെ ലക്ഷ്യം. മഴ മാറിയ പകലിനെ കാണാൻ നല്ലചന്തം. വിശാലമായ നാലു വരിപ്പാതകൾ, ഇടവിട്ട് കാണുന്ന ചെറുപട്ടണങ്ങൾ, റോഡിന്‍റെ ഇരുവശങ്ങളിലായി കാണുന്ന വ്യത്യസ്തങ്ങളായ കൃഷിയിടങ്ങൾ, കണ്ണെത്താദൂരത്ത് പച്ചവിരിച്ചും മഞ്ഞിൻ പുതപ്പണിഞ്ഞും നിൽക്കുന്ന ചെറുതും വലുതുമായ മലനിരകൾ, ചെറുഗ്രാമങ്ങൾ, പണിശാലകൾ, പള്ളിക്കൂടങ്ങൾ? പുതിയ കാഴ്ച്ചകളുടെയും, അറിവുകളുടെയും, ആഹാരങ്ങളുടെയും ഓരം ചാരി ഓരോ നിമിഷങ്ങളും നീങ്ങുന്നത് ഏറെ സന്തോഷത്തോടെയും ആസ്വാദനത്തോടെയും ആയിരുന്നു.
ഉച്ചഭക്ഷണം ഒരു ടർക്കിഷ് ഭക്ഷണശാലയിലെ വിശാലമായ ഹാളിലായിരുന്നു. പുറംകാഴ്ച്ചകൾക്ക് സൗകര്യമൊരുക്കി ഗ്ളാസ്സുകൾ കൊണ്ട് ചുമരുകൾ നിർമിച്ച കെട്ടിടം. വിവിധ തരം സലാഡുകൾ, ഇറച്ചികൾ ചുട്ടതും കറിവച്ചതും, മത്സ്യം, പച്ചക്കറി, അരിയാഹരങ്ങൾ, മധുരപലഹാരങ്ങൾ, ജ്യൂസുകൾ തുടങ്ങിയ വിഭവങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന തരത്തിൽ അലങ്കരിച്ചു വെച്ചിരിക്കുന്ന ഭക്ഷണ മുറിയിലേക്ക് ഞങ്ങളെ സ്നേഹപൂർവം ഹോട്ടൽ മാനേജർ ക്ഷണിച്ചിരുത്തി. വഴിയാത്രക്കാർക്കുള്ള ഭോജനശാലയാണിത്. വിവിധ ദേശക്കാർക്കായി ഒരുക്കിയ മെനുവായതിനാൽ കഴിച്ചും കണ്ടും പരിചയമില്ലാത്ത രുചികൾ.
സാഹസികർക്കായി പരവതാനി വിരിച്ച നാട്
സാഹസികസഞ്ചാരം ഇഷ്ടമുള്ളവർക്കായി മലനാടിന്‍റെ ഭൂദൃശ്യങ്ങൾ ആകാശത്ത് പറന്നു നടന്നു കാണാൻ പാരാഗ്ളെഡിങ് പറക്കലിലൂടെ ഞങ്ങളിലെ കൂട്ടത്തിലെ മക്കൾക്ക് അവസരം കിട്ടി. പാമുക്കാലെ (Pamukkale) ആയിരുന്നു അടുത്ത ആകർഷണം. യുഎന്നിന്‍റെ പൈതൃക പട്ടികയിൽ ഇടം പിടിച്ച മറ്റൊരു പ്രകൃതി വിസ്മയം. കാൽസ്യം ഡെപ്പോസിറ്റ് അടിഞ്ഞുകൂടി പാറപോലെ കിടക്കുന്ന ഒരു വലിയ കുന്നിൻചെരിവ്. കാഴ്ച്ചയിൽ മഞ്ഞുറഞ്ഞ് കിടക്കുന്നതായി തോന്നുമെങ്കിലും, നൂറ്റാണ്ടുകളായി കാൽസ്യം അടിഞ്ഞുകൂടി രൂപപ്പെട്ട തിട്ടകളാണവ. പമുക്കാലെ എന്ന വാക്കിന്‍റെ ടർക്കിഷ് അർഥം പരുത്തിക്കോട്ട എന്നാണ്. ആ വാക്കിനെ അന്വർത്ഥമാക്കുന്ന ഒരു കോട്ടകൊത്തളത്തിന്‍റെ പ്രതീതി നമ്മിൽ ജനിപ്പിക്കുന്ന, ഭൂമിയിൽ പകരംവയ്ക്കാനില്ലാത്ത ഒരു അത്ഭുതലോകം. വെളുത്ത പരവതാനിവിരിച്ച പോലുള്ള പ്രദേശത്തേക്ക് സന്ദർശകർക്ക് നഗ്നപാദരായി പ്രവേശിക്കാം. നീലനിറത്തിലുള്ള താഴ്ച്ചയില്ലാത്ത ഒഴുക്കുള്ള ജലാശയങ്ങൾ അങ്ങിങ്ങ് കാണാം.
എ ഡി 17-ൽ, ഒരു വലിയ ഭൂകമ്പം നഗരത്തെ നശിപ്പിച്ചു. പിന്നീട് പല കാലങ്ങളിലായി ഉണ്ടായ ഭൂകമ്പങ്ങൾ ഈ പ്രദേശത്തെ ആകെ തകർത്ത് ജനജീവിതം അസാധ്യമാക്കി. വിനോദ സഞ്ചാരികൾ മാത്രമാണ് ഇപ്പോൾ ഇവിടെ ഉള്ളത്. രണ്ടായിരം വർഷങ്ങൾക്കിടയിൽ അനവധി തവണ ഭൂമികുലുക്കം നടന്നതിനാൽ പലശേഷിപ്പുകളും തർന്നടിഞ്ഞ്പോയി. അതെല്ലാം ഒരു പ്രേത നഗരിയിലെന്ന പോലെ നമുക്ക് നേരിൽ കാണാനാവും.
പ്രാതലിന് ശേഷം അടുത്ത യാത്രക്കായി ഒരുങ്ങിയിറങ്ങി, ബസ്സിലാണ് യാത്ര, കോന്യ(Konya) സന്ദർശിച്ച ശേഷം കപ്പഡോച്ചിയ പട്ടണത്തിലാണ് രണ്ടുദിവസം.
മഹാനായ പേർഷ്യൻ കവിയും ചിന്തകനുമായ മൗലാന ജലാലുദ്ധീൽ മുഹമ്മദ് റൂമി എന്ന സൂഫി വര്യന്‍റെ കബറിടവും മ്യൂസിയവും സ്ഥിതിചെയ്യുന്നത് കോന്യയിലാണ്. ഏതാനും മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ റൂമിയുടെ നാട്ടിലെത്തി. റൂമി (1207-1273) എന്ന ചുരുക്കപ്പേരിൽ ഇന്നും ലോകം ആരാധിക്കുന്ന ഈ സൂഫിവര്യൻ പതിമൂന്നാം നൂറ്റാണ്ടിൽ അഫ്ഗാനിസ്ഥാനിലുള്ള ബാൾക്ക് പ്രവിശ്യയിലാണ് ജനിച്ചത്. ജീവിതത്തിന്‍റെ ഏറിയ പങ്കും കോന്യയിലാണദ്ദേഹം ജീവിച്ചത്. നിശബ്ദതയും മൗന പ്രാർത്ഥനകളും സുഗന്ധദ്രവ്യങ്ങളുടെ മനംമയക്കുന്ന മണവും തളംകെട്ടിയ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരുവലിയ പ്രാർഥനാലയം, അതിനകത്ത് റൂമിയുടെ വചനങ്ങളും, സൂഫികളുടെ വസ്ത്രങ്ങളും, സൂഫിസത്തിന്‍റെ ചിഹ്നങ്ങളുമായി രൂപകൽപന ചെയ്ത ചെറുതും വലുതുമായ ഒത്തിരിമുറികളും വിശാലമായ ഹാളുകളുമുള്ള ഈ കെട്ടിട സമുച്ചയത്തിലാണ് റൂമി അന്തിയുറങ്ങുന്നത്. സൂഫിവര്യമാരുടെ ജീവൻ തുടിക്കുന്ന പ്രതിമകളും, നൃത്തരൂപങ്ങളും തിരുശേഷിപ്പുകളും, അടുക്കള, കിടപ്പുമുറി, അധ്യാപനമുറി, ധ്യാനകേന്ദ്രങ്ങൾ, മജ്ലിസ് തുടങ്ങിയ നിർമിതികളും സഞ്ചാരികളെ ചരിത്രത്തിലേക്കും നൂറ്റാണ്ടുകൾക്ക് പുറകിലേക്കും കൊണ്ടുപോകും. പാദരക്ഷകൾ അഴിച്ചിട്ട് കാലുറകൾ ധരിച്ച് അകത്തേക്ക് പ്രവേശിക്കാം. സന്ധ്യമയങ്ങും വരെ റൂമിയുടെ കബറിടവും പരിസര പ്രദേശങ്ങളും കണ്ടുനടന്നു.
കപ്പഡോച്ചിയയിലേക്ക്!
മൂന്ന്മണിക്കൂറിലധികം, ഏകദേശം 225 കിലോമീറ്റർദൂരെയാണ് കപ്പഡോച്ചിയ (Cappadocia). തുർക്കിയയിലെ പ്രധാന വിനോദകേന്ദ്രം. നൂറ്റാണ്ടുകൾക്കു മുൻപ് അഗ്നിപർവ്വതങ്ങൾ പൊട്ടിയൊഴുകിയ ലാവ മലനിരകളായി കാണുന്ന അത്ഭുതലോകം. ഈ മലകൾ തുരന്ന് റസ്റ്റാറന്‍റുകളും, ഹോട്ടൽമുറികളും, ഷോപ്പിങ് മാളുകളും പണിതിരിക്കുന്നു. രാത്രി പത്തിനുശേഷമാണ് ബസ് ഹോട്ടലിനു സമീപത്തെത്തിയത്. റിസപ്ഷനിലേക്ക് കടന്നപ്പോൾ ഒരു മായാ ലോകത്തെത്തിയ പ്രതീതി.
ഒരു വലിയ മലതുരന്ന ഗുഹാ മുഖത്തിലൂടെ കടന്നു റിസപ്ഷനിൽ എത്തിയാൽ പതിവു ഹോട്ടൽ കാഴ്ച്ചകളാൽ അലങ്കരിക്കാത്ത നിർമിതിയാണ് കാണുക. പുരാണ സിനിമകളെ ഓർമിപ്പിക്കുന്ന ചിത്രങ്ങളും ശിലാ രൂപങ്ങളും കൊത്തുപണികളും. അരണ്ടവെളിച്ചമുള്ള ഒരു വലിയ ഗുഹയിലെ ഇരിപ്പിടങ്ങളിൽ ഇരുന്നു. റിസപ്ഷൻ ഏരിയ മുഴുവൻ ഹീറ്ററിന്‍റെ സഹായത്താൽ സാമാന്യം തരക്കേടില്ലാത്ത ചൂട്പകർന്നത് ആശ്വാസമായി. ഹോട്ടൽ മാനേജർ ടോം സ്വയം പരിചയപ്പെടുത്തി. എല്ലാവരുടെയും പാസ്സ്പോർട്ട് വാങ്ങി പേര് പരിശോധിച്ച് ഉറപ്പ് വരുത്തി, ഓരോ കുടുംബത്തിനും മുറികൾ അനുവദിച്ചു ഹോട്ടലിനെ കുറിച്ചും സർവീസുകളെ കുറിച്ചും വിശദീകരിച്ചു. ഈഹോട്ടലിൽ റൂം സർവ്വീസില്ലത്രെ! അതിഥികൾക്ക് തങ്ങളുടെ മുറിയിലേക്കുള്ള താക്കോലിനൊപ്പം അടുക്കളയിലേക്കും റസ്റ്റാറിലേക്കും പ്രവേശിക്കാനുള്ള താക്കോലും തരും. അതിഥികൾക്ക് ആവശ്യമായ വെള്ളം, സാൻഡ്വിച്ച്, പഴങ്ങൾ, മദ്യം, ജ്യൂസ്, ചോക്കളേറ്റ് എന്നിവ സ്റ്റോറിൽ നിന്നും എടുത്ത് ഉപയോഗിക്കാം. ഇത്തരം നാല് നക്ഷത്ര ഹോട്ടലുകളാണ് കപഡോച്ചിയയിലെത്തുന്ന യാത്രക്കാരിൽ ഭൂരിപക്ഷവും തങ്ങുന്നത്.
ചക്രവാളങ്ങളോളം തലയുയർത്തി നിൽക്കുന്ന മിനാരങ്ങളുടെയും, പ്രൗഢ ഗംഭീരമായ നിർമിതികളുടെയും, ആഢ്യത്വം നിറഞ്ഞചരിത്രത്തിന്‍റെയും, സൂഫീഗാനങ്ങളുടെയും കലാരൂപങ്ങളുടെയും, സംസ്ക്കാരങ്ങളുടെയും നാടാണ് തുർക്കിയ. തുർക്കിയവിശേഷങ്ങൾ ഇവിടെയവസാനിക്കുന്നില്ല.
കണ്ട കാഴ്ചകളേക്കാൾ കാണാത്തവയാണ് നമ്മെ ഏറെ മോഹിപ്പിക്കാറ്. അങ്ങനെ കാണാൻ കൊതിക്കുന്ന ഒരുപാട് സ്ഥലങ്ങൾ കൂടിയുണ്ട് തുർക്കിയയിൽ. ആ കാഴ്ചയിലേക്ക് യാത്രകൾ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.