ഷെയ്ഖ് ഹസൻ ഖാൻ എന്ന സർക്കാർ ഉദ്യോഗസ്ഥന് സാഹസികത വിട്ടൊരു കളിയില്ല. ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ കേരളത്തിൽനിന്നുള്ള ആദ്യ സിവിലിയനെന്ന ബഹുമതി സ്വന്തമാക്കിയ ഈ യുവാവ് ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോയും കീഴടക്കിയ ശേഷം വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ യു.എസിലെ മൗണ്ട് ദെനാലിയും കാൽക്കീഴിലാക്കിയിരിക്കുകയാണ്. ഇന്ത്യ സ്വതന്ത്രമായി 75 വർഷം പിന്നിട്ടതിന്റെ ആഘോഷമെന്നോണം ലോകത്തെ വലിയ കൊടുമുടികളിലെല്ലാം മൂവർണക്കൊടി പാറിക്കുകയെന്ന ലക്ഷ്യവുമായാണ് പത്തനംതിട്ട പന്തളം സ്വദേശിയായ യുവാവ് സാഹസിക യാത്രക്ക് ഇറങ്ങിത്തിരിച്ചത്.
21 ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ഷെയ്ഖ് ഹസൻ ഖാൻ മൗണ്ട് ദെനാലിയിൽ ഇന്ത്യൻ പതാക പാറിച്ചത്. സമുദ്ര നിരപ്പിൽനിന്ന് 20,310 അടി ഉയരത്തിലാണ് പർവതം സ്ഥിതിചെയ്യുന്നത്. 51 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുന്ന ദെനാലി ലോകത്തെ ഏറ്റവും തണുപ്പുള്ള പർവതങ്ങളിലൊന്നാണ്. തനിക്ക് അഞ്ച് മിനിറ്റിൽ കൂടുതൽ അവിടെ നിൽക്കാനായില്ലെന്ന് ഖാൻ പറയുന്നു.
കേരള സർക്കാറിന്റെ ധനകാര്യ വകുപ്പിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസറായ ഖാൻ 2017 മുതലാണ് സാഹസിക യാത്രകൾ കാര്യമായെടുക്കുന്നത്. ഉത്തരാഖണ്ഡ്, ഡാർജീലിങ് എന്നിവിടങ്ങളിൽനിന്ന് മലകയറ്റവുമായി ബന്ധപ്പെട്ട കോഴ്സ് പഠിച്ചിട്ടുണ്ട്. സർക്കാർ സർവിസിലെ പരിമിതമായ അവധികൾ തന്റെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ പര്യാപ്തമല്ലെന്നും രണ്ട് മാസം ശമ്പളമില്ലാതെ അവധിയെടുത്താണ് ദെനാലിയിലേക്ക് പുറപ്പെട്ടതെന്നും ഖാൻ വെളിപ്പെടുത്തുന്നു. 18 ലക്ഷം രൂപ ചെലവ് വരുന്ന ദൗത്യത്തിന്റെ ഒരു ഭാഗം സപോൺസർ ചെയ്തത് ബി.ടെക് പഠിച്ച പത്തനംതിട്ട മുസലിയാർ കോളജാണ്. കൊടുമുടിയിൽ ഉയർത്താനുള്ള ഇന്ത്യൻ ദേശീയ പതാക കൈമാറിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആയിരുന്നു. ഇന്ത്യ-യു.എസ് ഫ്രണ്ട്ഷിപ്പ് എക്സ്പെഡിഷൻ എന്ന് പേരിട്ടിരിക്കുന്ന പർവതാരോഹണ ദൗത്യ സംഘത്തിൽ ഖാനും യു.എസിൽ നിന്നുള്ള മൂന്നുപേരുമാണുണ്ടായിരുന്നത്. മേയ് 15ന് ഡൽഹിയിൽനിന്ന് യാത്ര തിരിച്ച് 22ന് അലാസ്കയിലെ തൽക്കീത്നയിൽ നിന്നാണ് സാഹസിക ദൗത്യം ആരംഭിച്ചത്. ജൂൺ 22ന് ഡൽഹിയിൽ തിരിച്ചെത്തും.
2021ൽ നടത്തിയ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കിളിമഞ്ചാരോ ദൗത്യത്തോടെയാണ് ഖാൻ പർവതാരോഹകനാകുന്നത്. കഴിഞ്ഞ വർഷമാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രൂസ് എക്സെപഡിഷനാണ് അടുത്ത ദൗത്യം. അഞ്ച് വർഷം കൊണ്ട് ഏഴു ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികളിലും 195 രാജ്യങ്ങളിലെ ഉയരം കൂടിയ കൊടുമുടികളിലും ദേശീയ പതാക ഉയർത്തുക എന്നതാണ് ഖാന്‍റെ ദൗത്യം.
പന്തളം കൂട്ടംവെട്ടിയിൽ അലി അഹ്മദ് ഖാന്‍റെയും ഷാഹിദയുടെയും മകനാണ്. ഖദീജ റാണി ഹമീദാണ് ഭാര്യ. മകൾ: ജഹനാര മറിയം ഷെയ്ഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.