യാത്ര മൂന്നാമത്തെ ദിവസത്തിലേക്ക് കടന്നിരിക്കുന്നു. ശനിയാഴ്ച പുലർച്ച ആറിന് ഉണരുേമ്പാൾ ഹൈദരാബാദ് നഗരം തണുത്ത് വിറച്ച് നിൽക്കുകയാണ്. ചൂടുവെള്ളത്തിൽ കുളിച്ച് ഞങ്ങൾ മൂന്നുപേരും ഫ്രഷായി. റൂമിൽനിന്ന് ഭാണ്ഡക്കെട്ടുകളെല്ലാം എടുത്ത് വണ്ടിയുടെ ഡിക്കിയിൽ വെച്ചു. ഏഴ് മണിയോടെ ഫോർച്യൂണറിലേറി പ്രയാണം തുടങ്ങി. നാഗ്പൂർ റോഡിലൂടെയാണ് യാത്ര. മുന്നോട്ടുപോകും തോറും നഗരത്തിെൻറ വലിപ്പം കുറഞ്ഞുവരുന്നു. ഒപ്പം കൃഷിയിടങ്ങളും കണ്ണിന് വിരുന്നൂട്ടി എത്താൻ തുടങ്ങി. റോഡിലാകെ ലോറിക്കാരുടെ ബഹളമാണ്.
ടോൾ ബൂത്തുകളെല്ലാം ഇവരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതിനിടയിൽ ഞങ്ങളുടെ വാഹനത്തിലെ ഫാസ്ടാഗിന് ചെറിയ പ്രശ്നം സംഭവിച്ചു. ഫാസ്ടാഗ് അക്കൗണ്ടിലെ പൈസയെല്ലാം കഴിഞ്ഞദിവസം തീർന്നിരുന്നു. ഇന്ന് അതിരാവിലെ എണീറ്റപ്പോൾ തന്നെ ഓൺലൈൻ വഴി റീചാർജ് ചെയ്തിരുന്നുവെങ്കിലും അക്കൗണ്ടിൽ കയറിയിട്ടില്ല. അതുകൊണ്ട് തന്നെ ടോൾ ബൂത്തുകളിൽ ലോറിക്കാരുടെ ഇടയിൽ ഞെരുങ്ങിയമരാനായിരുന്നു വിധി. ഫാസ്ടാഗ് ഉണ്ടെങ്കിൽ ഓട്ടോമാറ്റിക്കായി പണം പിടിച്ച് ദേശീയ പാതയിലെ ടോൾബൂത്തുകൾ കടക്കാനാവും.
രണ്ട് മണിക്കൂർ സഞ്ചരിച്ചപ്പോഴേക്കും തെലങ്കാനയിലെ ഒരു ഗ്രാമത്തിൽ ഭക്ഷണം കഴിക്കാൻ നിർത്തി. പൂരിയും സബ്ജിയുമാണ് ആവശ്യപ്പെട്ടത്. ഒരു രക്ഷയുമില്ലാത്ത കിടുക്കൻ പൂരി. ഭക്ഷണത്തിെൻറ മഹിമ കൊണ്ട് തന്നെയാകാം, ഹോട്ടലിൽ നല്ല തിരക്കാണ്. ഒരു േപ്ലറ്റ് പൂരി കഴിഞ്ഞ് അടുത്തത് ഓർഡർ ചെയ്താൽ സാധനം കിട്ടാൻ 15 മിനുറ്റ് വരെ കാത്തിരിക്കണം. അത്രക്കും തിരക്കാണ്.
നന്ദി ഹിൽസും പാവങ്ങളുടെ ഗ്രാൻഡ് കാന്യണും - റോഡ് ടു ഭൂട്ടാൻ: ഭാഗം ഒന്ന്
എന്നാൽ, ഭക്ഷണത്തിെൻറ സ്വാദ് കാരണം എത്ര സമയം കാത്തിരിക്കാനും ഞങ്ങൾ തയാറായിരുന്നു. ഹോട്ടലിന് തൊട്ടുപിറകിലായി വിശാലമായ നെൽപ്പാടമാണ്. ഒരു ഗ്ലാസ് ചായയുമായി വയലോരത്ത് പോയിനിൽക്കുേമ്പാൾ ഓർമകളിൽ കുട്ടനാടൻ കാഴ്ചകളാണ് നിറഞ്ഞുനിന്നത്. വീണ്ടും നാലുവരി പാതയിൽ കയറി. ശരാശരി 100 കിലോമീറ്റർ വേഗതയിൽ വണ്ടി കുതിക്കുകയാണ്.
നിസാമാബാദ്, നിർമൽ, ആദിലാബാദ് തുടങ്ങിയ നഗരങ്ങളൊക്കെ പിന്നിട്ട് ദൊല്ലാരയിൽവെച്ച് പൈൻഗംഗ നദി മുറിച്ചുകടന്ന് മഹാരാഷ്ട്രയിലേക്ക് പ്രവേശിച്ചു. സമയം 12 മണിയായിട്ടുണ്ട്. നട്ടുച്ചയാണെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമാണ് എങ്ങും. ആകാശത്തിന് എപ്പോഴും മൂകഭാവം. അതുകൊണ്ട് തന്നെ കാഴ്ചകൾക്കൊന്നും തെളിച്ചമില്ലാത്ത പോലെ. മഹാരാഷ്ട്രയിലെ വട്കിയിലെത്തിയപ്പോൾ വണ്ടി സൈഡാക്കി. അപ്പോഴേക്കും 380 കിലോമീറ്റർ സഞ്ചരിച്ചിരുന്നു. ചെറിയ മാർക്കറ്റ് കണ്ട് ഇറങ്ങിയതാണ്. യാത്രക്കിടെ കഴിക്കാൻ അൽപ്പം പഴങ്ങൾ വാങ്ങണം.
മാർക്കറ്റിന് സമീപത്തെ ഇടുങ്ങിയ ഗല്ലികൾ വല്ലാതെ ആകർഷിച്ചു. അതിലൂടെ ഒന്ന് നടന്നാലോ എന്നായി ചിന്ത. വഴിയുടെ രണ്ട് ഭാഗത്തും ചെറിയ വീടുകളുണ്ട്. ഒറ്റനിലയിൽ രണ്ട് മുറികളാണ് മിക്കവയിലും. ഇടക്ക് മണ്ണ് തേച്ച വീടുകളുമുണ്ട്. കൂടാതെ ഇവക്ക് മുന്നിൽ പശുക്കളെയും കാണാം. ഗ്രാമീണ ഇന്ത്യയിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ് പശു. ചില വീടുകളുടെ മുമ്പിൽ തന്നെയാണ് തൊഴുത്ത് ഒരുക്കിയിട്ടുള്ളത്. വഴിയിലെല്ലാം ചാണകമുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ പണിപാളും.
പലരും വീടിന് സമീപമിരുന്ന് വിവിധ ജോലികൾ ചെയ്യുന്നുണ്ട്. കൊട്ട നെയ്യുന്നവർ, കിടക്കകൾ തയാറാക്കുന്നവർ... അങ്ങനെ നിരവധി പേർ ആ ഗല്ലികളെ സജീവമാക്കുന്നു. തെരുവെല്ലാം ചുറ്റിക്കറങ്ങി തിരിച്ച് നഗരത്തിലേക്ക് തന്നെയെത്തി. മാർക്കറ്റിൽനിന്ന് അൽപ്പം ഒാറഞ്ചും വാങ്ങി. സമീപം നല്ല ഹോട്ടൽ തപ്പിയെങ്കിലും നിരാശയായിരുന്നു ഫലം. ഏതാനും ബേക്കറികൾ മാത്രമാണ് അവിടെയുള്ളത്. വണ്ടിയെടുത്ത് ദേശീപായതയിലേക്ക് കയറി.
10 കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കും ഇടതുഭാഗത്തായി പഞ്ചാബി ധാബ കണ്ടു. അവിടെ കർണാടകയിൽനിന്ന് മധ്യപ്രദേശിലേക്ക് കാറിൽ പോകുന്ന ഏതാനും സഞ്ചാരികളും ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടതോടെ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. മൈസൂരുവിൽ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവരായിരുന്നു അവർ. രണ്ട് കാറിലാണ് അവർ വന്നിട്ടുള്ളത്. മൈസൂരിലുള്ളവർ ആയതിനാൽ കേരളവും മലപ്പുറവുമെല്ലാം അവർക്ക് പരിചിതമായിരുന്നു.
റൊട്ടിയും ദാൽ ഫ്രൈയുമാണ് ധാബയിലുള്ളത്. അൽപ്പസമയം പിടിക്കും ഭക്ഷണം തയാറാകാൻ. ഹോട്ടലിന് സമീപം പരുത്തിപ്പാടങ്ങളുണ്ട്. അവിടെപ്പോയി ഫോട്ടോയെല്ലാം എടുത്ത് വന്നപ്പോഴേക്കും ഭക്ഷണം റെഡിയായി. കട്ടിൽ പോലുള്ള ഇരിപ്പിടമാണുള്ളത്. അതിന് നടുവിലെ പലകയിലാണ് പാത്രങ്ങൾ വെക്കുക. എന്നിട്ട് ചമ്രം പടിഞ്ഞിരുന്ന് വേണം ഭക്ഷണം കഴിക്കാൻ. മുന്നിലെ പാത്രങ്ങളെല്ലാം കാലിയായതോടെ വീണ്ടും യാത്ര.
ഏകദേശം 20 കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും നാഗ്പുരിലേക്കുള്ള ദേശീയപാതയിൽനിന്ന് സ്റ്റീയറിങ് തിരിച്ചു. ഞങ്ങൾക്ക് പോകാനുള്ളത് വർദയിലേക്കാണ്. വൈകുന്നേരമാകുേമ്പാഴേക്കും അവിടെ എത്താനാണ് പ്ലാൻ. നാലുവരി പാതയെല്ലാം മാറി ചെറുറോഡുകൾ വരാൻ തുടങ്ങി. പലയിടത്തും പ്രവൃത്തി നടക്കുന്നതിനാൽ കുലുങ്ങികുലുങ്ങിയാണ് യാത്ര.
ഗൂഗിൾ മാപ്പ് ഇടക്കിടക്ക് എളുപ്പവഴികൾ കാണിച്ചുതരുന്നുണ്ട്. ഇടുങ്ങിയ വഴികൾ ആണെങ്കിലും വിശാലമായ കാഴ്ചകളാണ് ഇരുവശത്തും. വ്യത്യസ്തമായ കൃഷികൾ പാതയോരത്ത് നിറഞ്ഞുനിൽപ്പുണ്ട്.
പരുത്തിയാണ് കൂടുതലും. ഇടക്കൊരു പച്ചപ്പ് കണ്ടു. സംഗതി എന്താണെന്ന് മനസ്സിലാക്കാനായി വണ്ടിയിൽനിന്ന് ഇറങ്ങി. വിളഞ്ഞുനിൽക്കുന്ന ഗോതമ്പാണ് മുന്നിലുള്ളത്. റോഡിെൻറ ഒരുഭാഗത്ത് പരുത്തിയും മറുഭാഗത്ത് ഗോതമ്പും. വയലിന് നടുവിൽ കർഷകരുടെ വീടുകളും കാണാം.
കർഷക ഗ്രാമങ്ങളിലൂടെയുള്ള വഴികൾ പിന്നിട്ട് വർദക്ക് സമീപത്തെ സേവാഗ്രാമിൽ എത്തുേമ്പാൾ സമയം അഞ്ച് മണിയായിട്ടുണ്ട്. രാഷ്ട്രപിതാവ് ഗാന്ധിജി വർഷങ്ങൾ താമസിച്ച ആശ്രമത്തിന് മുന്നിലാണുള്ളത്. ചരിത്രപ്രധാന സ്ഥലമായിട്ടും അതിെൻറ ബഹളമോ തിരക്കോ കാര്യമായിട്ടില്ല. ആശ്രമത്തിെൻറ പ്രധാന ഗേറ്റിലൂടെ അകത്തേക്ക് കയറി. സൂര്യോദയം മുതൽ വൈകുന്നേരത്തെ പ്രാർഥന വരെയാണ് പ്രവേശന സമയം. കയറിച്ചെല്ലുേമ്പാൾ ആദ്യം തന്നെ വലത് ഭാഗത്തായി കാണുക ചെറിയ സ്റ്റോറാണ്.
ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകവും വസ്ത്രങ്ങളും മറ്റു ഉൽപ്പന്നങ്ങളുമെല്ലാം ഇവിടെ ലഭിക്കും. മുന്നോട്ടുപോകുേമ്പാൾ ചെറിയ കുടിലുകൾ ദൃശ്യമായിത്തുടങ്ങി. ആദി നിവാസ് ആണ് ആദ്യം കണ്ണിലുടക്കുക. ഇവിടെയാണ് ആദ്യം ഗാന്ധിജി താമസിച്ചിരുന്നത്. അത് കഴിഞ്ഞാൽ പിന്നെ ബാ കുടി കാണാം.
ഇവിടെയായിരുന്നു ഭാര്യ കസ്തൂർബ ഗാന്ധിയുടെ താമസം. ഇതിന് മുമ്പിലായി സർവമത പ്രാർഥന നടക്കുന്ന മൈതാനമുണ്ട്. ഇവിടെ വെച്ചായിരുന്നു എന്നും വൈകുന്നേരങ്ങളിൽ ഗാന്ധിജി ആളുകളുമായി സംസാരിച്ചിരുന്നത്. അതിന് മുമ്പിലൂടെ നടന്നാൽ ബാപു കുടിയുടെ മുന്നിലെത്തും.
ഇതാണ് ഗാന്ധിജി ഏറെ നാൾ താമസിച്ച വസതി. അകത്ത് അദ്ദേഹം ഉപയോഗിച്ച കട്ടിലടക്കമുള്ള വസ്തുക്കൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. മണ്ണ് തേച്ച്, ഓട് മേഞ്ഞ, ഉയരം കുറഞ്ഞ ചെറിയ കുടിലിലായിരുന്നു ഇന്ത്യയുടെ രാഷ്ട്രപിതാവ് താമസിച്ചിരുന്നത്. ഒരുപാട് രാഷ്ട്രനേതാക്കാളുമായി ഇൗ കുടിലിൽവെച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ചരിത്രപരമായ ഒരുപാട് തീരുമാനങ്ങൾക്കും സാക്ഷിയായ കുടിലാണിത്. 1942ലെ ക്വിറ്റ് ഇന്ത്യ മൂവ്മെൻറിെൻറ ആദ്യ യോഗം നടന്നത് സേവാഗ്രാമിലായിരുന്നു.കുടിലിൽനിന്ന് ഇറങ്ങി വീണ്ടും നടന്നു. വളരെ ശാന്തസുന്ദരമായ അന്തരീക്ഷം. എങ്ങും നിശ്ശബ്ദത തളംകെട്ടിനിൽക്കുന്നു. കൂട്ടിന് നല്ല തണുപ്പും. തണൽ വിരിച്ച് ധാരാളം മരങ്ങൾ ആശ്രമത്തിലുണ്ട്. അതിൽ പലതും നട്ടത് ഗാന്ധിജി തന്നെ. വഴിയിലുടനീളം അദ്ദേഹത്തിന്‍റെ മഹത്വചനങ്ങൾ എഴുതിവെച്ച ബോർഡുകൾ കാണാം.
സെക്രട്ടറിയേറ്റ് എന്ന കെട്ടിടത്തിലായിരുന്നു ഗാന്ധിജിയുടെ ഒാഫിസ്. ഒരുപാട് ജീവനക്കാർ ഇവിടെ ഉണ്ടായിരുന്നു. കൂടാതെ ടെലഫോണും ടൈപ്പ് റൈറ്ററുമെല്ലാം ഇവർ ഉപയോഗിച്ചു. ഗാന്ധിജിയുമായി കാര്യങ്ങൾ ചർച്ചചെയ്യാൻ ബ്രിട്ടീഷുകാരാണ് ഫോൺ നൽകിയത്. സ്ത്രീകൾക്ക് താമസിക്കാനുള്ള ഗൗരി ഭവൻ, ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കൻ സുഹൃത്ത് ജൽഭായ് താമസിച്ച രുസ്തം ഭവൻ, ഗസ്റ്റ് ഹൗസ്, ഗാന്ധിജി സേവാഗ്രാമിലെ അവസാന നാളുകളിൽ താമസിച്ച ആഖ്രി നിവാസ് എന്നിവയെല്ലാം ആശ്രമത്തിലുണ്ട്. കൂടാതെ ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട മ്യൂസിയവും ഇവിടെ സ്ഥിതി ചെയ്യുന്നു. സേവാഗ്രാമിൽ എത്തുന്നവർക്ക് രാത്രി താമസിക്കാനുള്ള സൗകര്യവും ലഭിക്കും.
എല്ലായിടത്തും കയറിയിറങ്ങി തിരിച്ച് പ്രാർഥന മൈതാനത്തിന് മുന്നിലെത്തി. ആറ് മണിക്കാണ് പ്രാർഥന തുടങ്ങുക. ഏതാനും സമയം കൂടിയുണ്ട്. സമീപത്ത് ആശ്രമത്തിെൻറ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന ബോർഡ് കാണാം. അതിലൂടെ ഒന്ന് കണ്ണോടിച്ച് വരാമെന്ന് കരുതി. 1936 മുതൽ 1948ൽ മരണം വരെ ഇതായിരുന്നു ഗാന്ധിജിയുടെ ആശ്രമം.
ഇദ്ദേഹത്തിെൻറ ശിഷ്യനായ വർധയിലെ സേത്ത് ജംനാലാൽ ബജാജ് 300 ഏക്കർ ഭൂമിയിലാണ് ആശ്രമം നിർമിച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധി 1930ൽ ഗുജറാത്തിലെ സബർമതി ആശ്രമത്തിൽനിന്ന് ഉപ്പ് സത്യാഗ്രഹത്തിനായി ദണ്ഡിയിലേക്ക് പദയാത്ര ആരംഭിച്ചപ്പോൾ, ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതുവരെ സബർമതിയിലേക്ക് മടങ്ങില്ലെന്ന് അദ്ദേഹം തീരുമാനിച്ചു.
അതിനുശേഷം ഗാന്ധി രണ്ട് കൊല്ലത്തോളം തടവിൽ കഴിഞ്ഞു. ജയിലിൽനിന്ന് മോചിതനായ ശേഷം അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. തുടർന്ന് മധ്യഇന്ത്യയിൽ ഒരു ഗ്രാമം സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ജംനാലാൽ ബജാജ് ക്ഷണിച്ചതുപ്രകാരം 1934ൽ വാർധയിലെത്തിയ ഗാന്ധിജി അദ്ദേഹത്തിെൻറ ബംഗ്ലാവിൽ മഹിള ആശ്രമത്തിലെ പ്രാർഥന ക്ഷേത്രത്തിലെ മുറിയിൽ താമസിച്ചു.
1936 ഏപ്രിലിലാണ് സേവാഗ്രാം സ്ഥാപിക്കുന്നത്. ഇവിടെ എത്തുേമ്പാൾ ഗാന്ധിജിക്ക് 67 വയസ്സായിരുന്നു. ഗാന്ധിജിയും ഭാര്യയും അനുയായികളും എല്ലാം ഇവിടെയാണ് കഴിഞ്ഞിരുന്നത്. 1946ൽ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി. പിന്നീട് തിരിച്ചുവരാൻ സാധിച്ചില്ല. ചരിത്രം വായിച്ച് കഴിഞ്ഞപ്പോഴേക്കും പ്രാർഥനക്ക് സമയമായി.
ആശ്രമത്തിലെ ജീവനക്കാരടക്കം കഷ്ടിച്ച് 20 പേരെയുള്ളൂ പ്രാർഥനക്ക്. 20 മിനിറ്റ് നീളുന്ന സർവമത പ്രാർഥനയാണ്. നിലത്ത് പായവിരിച്ചാണ് എല്ലാവരും ഇരിക്കുന്നത്. ജപ്പാനീസ് ബുദ്ധിസ്റ്റ് പ്രാർഥനയാണ് ആദ്യം. അത് കഴിഞ്ഞാൽ ഭഗവത് ഗീത, ഉപനിഷത്തുകൾ, ഖുർആൻ, ബൈബിൾ തുടങ്ങിയ വിവിധ മതഗ്രന്ഥങ്ങളിൽനിന്നുള്ള പ്രാർഥനകളാൽ പരിസരം ധാന്യനിരതമാകും. എല്ലാവിഭാഗം ജനങ്ങളും ഒന്നാണെന്ന് ഒാർമിപ്പിക്കുകയാണ് സേവാഗ്രാമിലെ പ്രാർഥന.
രാഷ്ട്രപിതാവ് താമസിച്ച ആശ്രമത്തിൽ അന്തിയുറങ്ങണമെന്ന ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ദൂരം ഒരുപാട് പിന്നിടാനുള്ളതിനാൽ സമയം അനുവദിച്ചില്ല. ഗാന്ധിജിയുടെ ഒാർമകൾ മനസ്സിൽ സൂക്ഷിച്ച് വീണ്ടും വണ്ടിയിൽ കയറി. നാഗ്പുർ പിന്നിട്ട് മൗദയിലെത്തുേമ്പാൾ ഒമ്പത് മണി. 570 കിലോമീറ്റർ ഇന്ന് സഞ്ചരിച്ചു. വഴിയോരത്ത് നല്ലൊരു ലോഡ്ജ് കണ്ടതോടെ യാത്ര അവസാനിപ്പിച്ചു. അശോക എന്നാണ് ഹോട്ടലിെൻറ പേര്.
കഴിഞ്ഞദിവസങ്ങളിൽ താമസിച്ചതിനേക്കാൾ മികച്ച റൂമാണ്. ഇവിടത്തെ റിസപ്ഷനിൽ കൗതുകകരമായ ഒരു നോട്ടിസുണ്ട്. ഓയോ എന്ന ആപ്പ് വഴിയുള്ള ബുക്കിങ് എടുക്കില്ല എന്നാണ് പറയുന്നത്. ആരെങ്കിലും ആപ്പ് വഴി ബുക്ക് ചെയ്ത് വന്നാലും റൂം തരില്ല. ഉത്തരേന്ത്യയിൽ മിക്കയിടത്തും 'ഓയോ'യുടെ അവസ്ഥ ഇപ്പോൾ ഇതാണ്. ഹോട്ടലുകാർക്ക് കമ്പനി പണം കൊടുക്കുന്നില്ല എന്നതാണ് പ്രശ്നം. അതേസമയം, മറ്റു ആപ്പുകളുടെ ബുക്കിങ് ഇവർ സ്വീകരിക്കുന്നുമുണ്ട്.
അടുത്തദിവസം ആറ് മണിക്ക് തന്നെ എണീറ്റു. തണുപ്പിന് യാതൊരു കുറവുമില്ല. പുറത്തിറങ്ങി കാലിച്ചായ കുടിക്കാൻ പോയി. ഹോട്ടലിന് മുന്നിൽ ഹൈവേയുടെ ഒാരത്തായി ചെറിയ ചായക്കടയുണ്ട്. അടുപ്പിൽ വെള്ളം തിളക്കുന്നതേയുള്ളൂ. ഏതാനും പേർ അവിടെ മറാത്തയിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. പത്രം വായിച്ച് രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യുകയാണെന്ന് തോന്നുന്നു. കടക്കാരനും അവരുടെ കൂടെ കൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു ഗ്ലാസ് ചായ കിട്ടാൻ പത്ത് മിനിറ്റ് കാത്തിരിക്കേണ്ടി വന്നു.
തിരിച്ച് റൂമിലെത്തി സാധനങ്ങളെല്ലാം എടുത്ത് പുറത്തിറങ്ങി. മുംബൈ-കൊൽക്കത്ത ഹൈവേയിലൂടെയാണ് യാത്ര. റോഡ് പലപ്പോഴും രണ്ട് വരി മാത്രമാണ്. വലിയ തിരക്കൊന്നുമില്ലാത്തതിനാൽ മിന്നിച്ചുപോവുകയാണ്. കൃഷി തന്നെയാണ് എങ്ങും. ഇടക്ക് കാടെല്ലാം കയറിവന്നു. പക്ഷെ, മൃഗങ്ങളൊന്നും കാണാനില്ല. കാട് കഴിഞ്ഞതോടെ വീണ്ടും നാലുവരി പാതയെത്തി. സമയം ഒമ്പത് മണിയായിട്ടുണ്ട്. വിശക്കാൻ തുടങ്ങി.
കൊഹാമാര എന്ന സ്ഥലമെത്തിയപ്പോൾ പഞ്ചാബി ധാബ കണ്ടു. ഹൈവേയിൽ ഇത്തരം ധാബകൾ ധാരാളം കാണാം. കാര്യമായിട്ടും ലോറിക്കാരെ ഉദ്ദേശിച്ചാണ് ഇത്തരം ഹോട്ടലുകൾ തുറന്നിട്ടുള്ളത്. ഡ്രൈവർമാർക്ക് കുളിക്കാനും അലക്കാനും വിശ്രമിക്കാനുമെല്ലാമുള്ള സൗകര്യം ഇവിടെയുണ്ട്. കഴിഞ്ഞദിവസം രാത്രി നല്ല മഴയായിരുന്നു ഇവിടെ. അതുകൊണ്ട് തന്നെ ചളി നിറഞ്ഞിട്ടുണ്ട് ധാബക്ക് മുന്നിൽ. ചളിയിൽ കുടുങ്ങില്ലെന്ന വിശ്വാസത്തോടെ വണ്ടി ഹോട്ടലിന് മുന്നിലേക്ക് കയറ്റി.
ആലൂ പറാത്തയാണ് ഓർഡർ ചെയ്തത്. ഹോട്ടലിന് മുന്നിൽവെച്ച് തന്നെയാണ് ഭക്ഷണം തയാറാക്കുന്നത്. ഏതാനും ലോറി ഡ്രൈവർമാരും ധാബയിലുണ്ട്. അധികവും പഞ്ചാബികൾ. ഭക്ഷണം തയാറാക്കുന്നയാളും പഞ്ചാബിയാണ്. ധാബക്ക് പിറകിൽ വിശലാമായ കൃഷിയിടവും ഗ്രാമവുമെല്ലാമുണ്ട്. മുന്നിൽ കനത്ത കാടും. മികച്ച പരിസരം. ഭക്ഷണം കഴിച്ച് ലോറിക്കാരെപ്പോലെ അവിടെത്തന്നെ കൂടാൻ തോന്നി. പക്ഷെ, ഇന്നിനിയും അഞ്ഞൂറിലേറെ കിലോമീറ്റർ സഞ്ചരിക്കാനുണ്ട്. വീണ്ടും വണ്ടിയിൽ കയറി. നേരത്തെ വന്ന വഴിയിൽ ഒരു ലോറി വന്ന് നിർത്തിയിട്ടുണ്ട്. പിന്നെ ചളിയിലൂടെ വേണം പോകാൻ. െപട്ടുപോയോ എന്നൊരു പേടി.
രണ്ടും കൽപ്പിച്ച് വണ്ടിയെടുത്തു. ഫോർച്യൂണറിന് ഫോർവീലില്ല. പിന്നെ ഓട്ടോമാറ്റിക്കുമാണ്. ടയറിന് കൂടുതൽ പിടുത്തം കിട്ടുന്ന എൽ2 മോഡിലേക്ക് ഗിയർ മാറ്റി ആക്സിലേറ്റർ കൊടുത്തു. ആദ്യം ടയർ ചളിയിൽ കിടന്ന് കറങ്ങി. പിന്നെ പതിയെ പതിയെ മുന്നോട്ടുവരാൻ തുടങ്ങി. വീണ്ടും റോഡിലേക്ക് കയറി.
കാടും നഗരവും ഗ്രാമവുമെല്ലാം ചില്ലുജാലകത്തിലൂടെ മാറിമാറി വരുന്നു. അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും മഹാരാഷ്ട്രയിൽനിന്ന് പുറത്തിറങ്ങി. ഇനിയങ്ങോട്ട് ഛത്തീസ്ഗഢിലൂടെയാണ്. സംസ്ഥാനം മാറിയെങ്കിലും കാഴ്ചകൾക്കൊന്നും കാര്യമായ വ്യത്യാസമില്ല. അതിനിടയിൽ രജൻദഗാഓൻ എന്ന നഗരത്തിലെത്തി. പലയിടത്തും മേൽപ്പാലത്തിെൻറ പണികൾ നടക്കുന്നു. അതുകാരണം ഒടുക്കത്തെ േബ്ലാക്കാണ് ടൗണിൽ.
ഒരു മണിക്കൂർ സമയമെടുത്തു ടൗൺ കഴിഞ്ഞ് കിട്ടാൻ. വീണ്ടും വണ്ടി കുതിക്കാൻ തുടങ്ങി. തലസ്ഥാനമായ റായ്പുർ എത്തിയതോടെ ഇരുഭാഗത്തും വലിയ കെട്ടിടങ്ങളെല്ലാം ഉയർന്നുവരാൻ തുടങ്ങി. നഗരത്തിന് പുറത്തുകൂടിയാണ് ഹൈവേ പോകുന്നത്. അതുകൊണ്ട് തന്നെ തലസ്ഥാന നഗരിയിലുണ്ടാകാറുള്ള മനം മടുപ്പിക്കുന്ന േബ്ലാക്കിലൊന്നും കുടുങ്ങാതെ രക്ഷപ്പെട്ടു.
2000ൽ മധ്യപ്രദേശ് വിഭജിച്ചാണ് ഛത്തീസ്ഗഢ് രൂപവത്കരിക്കുന്നത്. പുതിയ സംസ്ഥാനമാണെങ്കിലും വലിപ്പത്തിൽ ഒമ്പതാം സ്ഥാനത്തുണ്ട്. മധ്യപ്രദേശിലെ ഛത്തീസ്ഗഢി ഭാഷ സംസാരിക്കുന്ന 10 ജില്ലകളും ഗോണ്ടി ഭാഷ സംസാരിക്കുന്ന ആറ് ജില്ലകളും ചേർത്താണ് പുതിയ സംസ്ഥാനം രൂപവത്കരിച്ചത്.
കൽക്കരിയും സ്റ്റീലും വൈദ്യുതിയുമെല്ലാമാണ് ഛത്തീസ്ഗഢിെൻറ പ്രധാന വരുമാനമാർഗം. പിത്തോറ എന്ന ഗ്രാമത്തിൽവെച്ച് ഉച്ചഭക്ഷണവും കഴിച്ച് മുന്നോട്ടു നീങ്ങി. ഏകദേശം 300 കിലോമീറ്റർ ഛത്തീസ്ഗഢിലൂടെ നീളത്തിൽ വര വരച്ചതുപോലെയുള്ള സഞ്ചാരം കഴിഞ്ഞതോടെ ഒഡീഷയിലേക്ക് പ്രവേശിച്ചു.
മഹാനദിക്ക് മുകളിലൂടെയുള്ള പാലം കയറി സാംബൽപുരിലെത്തി. അവിടെനിന്ന് ഇടത്തോട്ട് തിരിഞ്ഞുവേണം ഹിരാകുഡിലേക്ക് പോകാൻ. ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് ലക്ഷ്യമാക്കിയാണ് യാത്ര. ഇന്ന് സഞ്ചരിച്ച ഹൈവേകൾക്ക് വ്യത്യസ്തമായി റോഡിന് ഇരുവശവും ധാരാളം വീടുകളും കെട്ടിടങ്ങളുമെല്ലാമുണ്ട്. ഹിരാകുഡിൽ എത്തുേമ്പാൾ സമയം അഞ്ച് മണി കഴിഞ്ഞിട്ടുണ്ട്.
പാർക്കിങ് ഏരിയയിൽ വണ്ടി ഒതുക്കിനിർത്തി നടക്കാനിറങ്ങി. ഞായറാഴ്ചയായതിനാൽ നല്ല തിരക്കുണ്ട്. തലക്ക് മുകളിലൂടെ റോപ്വേയിൽ ആളുകൾ പോകുന്നു. ഡാമിന് സമീപത്തെ ഉദ്യാനത്തിൽനിന്നാണ് റോപ്വേ തുടങ്ങുന്നത്. സമയം കഴിഞ്ഞതിനാൽ ഉദ്യാനത്തിലേക്ക് കടക്കാൻ ഞങ്ങളെ അനുവദിച്ചില്ല. ഡാം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. പത്ത് മിനിറ്റ് നടന്നപ്പോഴേക്കും ഡാമിന് അടുത്തെത്തി.പക്ഷെ, അവിടെയുണ്ടായിരുന്ന സുരക്ഷ ജീവനക്കാർ ഫോേട്ടായും വീഡിയോയും എടുക്കാൻ അനുവദിച്ചില്ല. അവരുടെ തീരുമാനത്തിൽ കുറച്ചൊന്നുമല്ല നിരാശ തോന്നിയത്. അതേയസമയം, ആകാശത്ത് സിന്ദൂരക്കുറിയിട്ട് അസ്തമയത്തിന് ഒരുങ്ങുന്ന സൂര്യനും വെള്ളത്തിൽ പ്രതിഫലിപ്പിക്കുന്ന ചുവപ്പ് നിറവുമെല്ലാം ആ നിരാശ മാറ്റിക്കളയുന്നതായിരുന്നു.
4.8 കിലോമീറ്ററാണ് ഇൗ അണക്കെട്ടിെൻറ നീളം. ലോകത്തിലെ ഏറ്റവും നീളമുള്ള നാലമത്തെ അണക്കെട്ടാണിത്. ഒഡീഷയിൽ സാംബൽപുർ ജില്ലയിൽ മഹാനദിക്ക് കുറുകെയാണ് അണക്കെട്ട് നിർമിച്ചിരിക്കുന്നത്. 1957ൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് ഇതിെൻറ ഉദ്‌ഘാടനം നിർവഹിച്ചത്. പ്രധാന അണക്കെട്ടിന് പുറമെ 21 കിലോമീറ്റർ നീളമുള്ള തടയണയും ഇതിനോട് ചേർന്നുണ്ട്. വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ രണ്ട് പവർ ഹൗസും ഇവിടെ സ്ഥിതിചെയ്യുന്നു. അണക്കെട്ടിെൻറ സമീപത്തുകൂടി കുന്നിന് മുകളിലേക്കുള്ള റോഡുണ്ട്. അതുവഴി രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുക ഗാന്ധി മിനാർ എന്ന വ്യൂപോയിൻറിലേക്കാണ്. ഇവിടെ നിന്നാൽ ഡാമും അതിെൻറ വൃഷ്ടിപ്രദേശങ്ങളുമെല്ലാം ഒറ്റ ഫ്രെയിമിൽ ഒപ്പിയെടുക്കാം. പക്ഷെ, സമയം അതിക്രമിച്ചതിനാൽ അങ്ങോട്ടും ഞങ്ങളെ കയറ്റിവിട്ടില്ല. നേരത്തെ കണ്ട റോപ്പ്വേകളും ഇവിടേക്കാണ് സർവിസ് നടത്തുന്നത്.
അണക്കെട്ട് കണ്ട് തിരിച്ചിറങ്ങി. മുകളിൽനിന്ന് വിഡിയോ എടുക്കാൻ പറ്റാത്തതിെൻറ നിരാശ മാറ്റാൻ അണക്കെട്ടിെൻറ പിറകുവശത്ത് പോയി ദൃശ്യങ്ങൾ പകർത്തി. ഡാമിെൻറ ഷട്ടറുകൾ അടച്ചതിനാൽ ഇൗ ഭാഗം വരണ്ടുണങ്ങി നിൽക്കുകയാണ്. പ്രദേശത്ത് ഇരുട്ട് കയറാൻ തുടങ്ങിയതോടെ മടക്കയാത്ര തുടങ്ങി. ഹിരാകുഡ് ടൗൺ വഴിയാണ് മടക്കം. ആദിത്യ ബിർല ഗ്രൂപ്പിന് കീഴിലെ ഹിൻഡാൽകോ എന്ന കമ്പനി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ടൗണിെൻറ നല്ലൊരും ഭാഗവും ഹിൻഡാൽകോയുടെ കെട്ടിടങ്ങളും ജീവനക്കാരുടെ താമസസ്ഥലങ്ങളുമെല്ലാമാണ്. അലൂമിനിയം, ചെമ്പ് എന്നിവ ഉപേയാഗിച്ചുള്ള ഉൽപ്പന്നങ്ങളാണ് ഇവിടെ നിർമിക്കുന്നത്. ഇവിടെനിന്ന് 100 കിലോമീറ്റർ അകലെയുള്ള സുന്ദർഗഢ് എന്ന നഗരത്തിലെത്തുേമ്പാൾ സമയം പത്ത് മണിയായിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലൂടെയായി 600 കിലോമീറ്ററാണ് ഇന്ന് താണ്ടിയത്. അതുകൊണ്ട് തന്നെ സുന്ദർഗഢിൽ അന്നത്തെ യാത്ര അവസാനിപ്പിച്ചു.
(തുടരും)
vkshameem@gmail.com
Itinerary
Day 3:
Hyderabad to Mauda (Maharashtra) - 570 KM
Route: Nizamabad, Adliabad, Wardha (Sevagram), Nagpur.
Journey Time: 7.00 AM - 9.00 PM (14 hrs)Day 4:
Mauda to Sundergarh (Odisha) - 605 KM
Route: Rajnandagaon, Raipur, Sambalpur, Hirakud.
Journey Time: 7.00 AM - 10.00 PM (15 hrs)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.