ജനാലകൾക്കിടയിലൂടെ അരിച്ചിറങ്ങിയ വെള്ളിവെളിച്ചം മുഖത്ത് തട്ടുേമ്പാഴാണ് ഉണരുന്നത്. സമയം ആറ് മണിയേ ആയിട്ടുള്ളൂ. വെസ്റ്റ് ബംഗാളിെൻറ വടക്ക് ഭാഗത്ത് നാഗാർകാട്ട എന്ന സ്ഥലത്താണുള്ളത്. ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗമായതിനാൽ വളരെ നേരത്തെതന്നെ സൂര്യൻ ഉദിച്ചിട്ടുണ്ട്. റൂമിൽനിന്ന് പുറത്തിറങ്ങി. നല്ല തണുപ്പാണ്. കഴിഞ്ഞദിവസം രാത്രിയാണ് ഇവിടെയെത്തിയത്.
അതുകൊണ്ട് തന്നെ റിസോർട്ടും സമീപ പ്രദേശങ്ങളൊന്നും കാണാൻ സാധിച്ചിരുന്നില്ല. ശാന്തി ബോൺ എന്നാണ് റിസോർട്ടിെൻറ പേര്. ഏതാനും കോേട്ടജുകളാണ് ഇതിനകത്തുള്ളത്. പിന്നെ ടെൻറടിച്ച് താമസിക്കാൻ സൗകര്യവുമുണ്ട്. ചുറ്റും വിശാലമായ നെൽപ്പാടങ്ങൾ.
കൊയ്ത്ത് കഴിഞ്ഞ പാടത്ത് കുട്ടികൾ കളിക്കുന്നു. തീറ്റ നൽകാൻ പശുക്കളെയും കൊണ്ട് കർഷകർ വരുന്നു. ചെറിയ വീടുകളാണ് ഗ്രാമത്തിൽ എവിടെയും. അകലെ ജൽദാക നദിയിലൂടെ കുത്തിയൊഴുകുന്ന വെള്ളത്തിെൻറ ശബ്ദവും കാതിൽ മുഴങ്ങുന്നുണ്ട്. രാത്രി വന്നപ്പോൾ റിസോർട്ടിൽ കെ.എൽ രജിസ്ട്രേഷനിലുള്ള കാർ ഉണ്ടായിരുന്നു. മലയാളികൾ ആരെങ്കിലുമാകുമെന്ന് കരുതി രാവിലെ ആളെ അന്വേഷിച്ചു.
കേരളത്തിൽനിന്ന് ഭൂട്ടാനിലേക്ക് കാറിൽ നടത്തിയ അവിസ്മരണീയ യാത്ര - റോഡ് ടു ഭൂട്ടാൻ: ഭാഗം നാല്
ജയ് എന്നയാളാണ് ആ വണ്ടിയിൽ വന്നിരുന്നത്. അദ്ദേഹം ഇന്നാട്ടുകാരനാണ്. മലയാള സിനിമയിൽ സ്റ്റണ്ട് അസിസ്റ്റൻറ് ആയി ജോലി ചെയ്യുന്നുണ്ട്. അങ്ങനെയാണ് സുഹൃത്തിെൻറ കാറുമായി ഇവിടേക്ക് എത്തിയത്.മലയാളികളും യാത്രക്കാരുമാണെന്ന് അറിഞ്ഞപ്പോൾ ഞങ്ങളോട് വലിയ മതിപ്പായി. അദ്ദേഹത്തിെൻറ സുഹൃത്തിെൻറ റിസോർട്ടാണിത്. അതുകൊണ്ട് തന്നെ റൂമിെൻറ വാടകയിനത്തിൽ നല്ലൊരു ഇളവ് കിട്ടി.
എട്ട് മണിയോടെ വണ്ടിയുമെടുത്ത് പുറത്തിറങ്ങി. വയലിനോട് ചേർന്നുള്ള ടാറിടാത്ത റോഡാണ്. രണ്ട് കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും ദേശീയപാതയിലെത്തി. സിലിഗുരിക്ക് സമീപത്തെ സെവോകിൽനിന്ന് തുടങ്ങി അസമിെൻറ തലസ്ഥാനമായ ഗുവാഹത്തി വരെയുള്ള എൻ.എച്ച് 17ലൂടെയാണ് യാത്ര. ലക്ഷ്യസ്ഥാനമായ ഭൂട്ടാെൻറ അതിർത്തി കടക്കാൻ ഇനി 80 കിലോമീറ്റർ കൂടിയുള്ളൂ.
കഴിഞ്ഞദിവസങ്ങളിൽനിന്ന് കണ്ടതിൽനിന്നും വ്യത്യസ്തമായ ഭൂപ്രകൃതിയാണുള്ളത്. അതിന് പ്രധാന കാരണം കൃഷിയിലെ മാറ്റമാണ്. തേയിലയാണ് റോഡിന് ഇരുവശത്തുമുള്ളത്. നമ്മുടെ നാടുകളിൽ കുന്നിൻചെരുവുകളിലാണ് തേയിലയെങ്കിൽ ഇവിടെ സമതല പ്രദേശത്താണ്. ഏക്കർ കണക്കിന് തേയില തോട്ടങ്ങളാണുള്ളത്.
പിന്നെ വാഴയും തേക്കുമെല്ലാം കാണാം. പക്ഷെ, പച്ചപ്പിന് ലേശം കുറവുള്ളത് പോലെ. അത്യാവശ്യം വീടുകളും നഗരങ്ങളുമെല്ലാം ഇടക്കിടക്ക് കടന്നുവരുന്നുണ്ട്. യാത്രക്കിടെ രണ്ട് പുഴകളും മുറിച്ചുകടന്നു. പുഴയിലെല്ലാം മണൽ വാരൽ തകൃതിയായി നടക്കുന്നുണ്ട്.
ലോറികൾ പുഴയിലിറക്കിയാണ് മണൽ കൊണ്ടുപോകുന്നത്. ഹാസിമാര എന്ന സ്ഥലത്തുവെച്ച് ഭക്ഷണത്തിനായി വണ്ടി നിർത്തി. പൂരിയും കടലക്കറിയും ഒാർഡൾ ചെയ്തു. മുറ്റത്ത് തയാറാക്കിയ സീറ്റിലിരുന്നാണ് ഭക്ഷണം കഴിച്ചത്. ഹോട്ടലിെൻറ ഒരുഭാഗത്ത് ആരുടെയോ ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കമെല്ലാം നടക്കുന്നു.
വീണ്ടും യാത്ര തുടരുേമ്പാൾ മുന്നിൽ വലിയ മലനിരകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഭൂട്ടാനാണ് ആ കാണുന്നത്. അതെ, ഞങ്ങൾ സ്വപ്നം കണ്ട നാട് അടുത്തെത്തിയിരിക്കുന്നു. 11 മണിയോടെ ജയ്ഗാഒാൻ എന്ന ഇന്ത്യൻ നഗരത്തിലെത്തി. അവിടെനിന്ന് വലത്തോട്ട് തിരിഞ്ഞതോടെ ഭൂട്ടാനിെൻറ കവാടത്തിന് മുന്നിലേക്ക്. ചൈനയിൽ മാത്രം കൊറോണ വ്യാപിച്ച സമയമാണ്. ഇന്നത്തെ േപാലെ മറ്റുരാജ്യങ്ങളിൽ പ്രശ്നം രൂക്ഷമായിട്ടില്ല.
കവാടത്തിന് മുന്നിൽ താപനില പരിശോധിക്കുന്നുണ്ട്. വണ്ടികളെല്ലാം കാത്തുനിൽക്കുകയാണ്. പരിശോധനയും കഴിഞ്ഞ് മന്ദം മന്ദം ഞങ്ങൾ ഭൂട്ടാനിലേക്ക് പ്രവേശിച്ചു. വലിയൊരു ആഗ്രഹം പൂവണിഞ്ഞ നിമിഷമായിരുന്നു അത്. ആ സന്തോഷം എങ്ങനെ പറഞ്ഞറിയിക്കയണമെന്ന് അറിയില്ല. കേരളത്തിൽനിന്ന് തുടങ്ങി മറ്റൊരു രാജ്യത്തേക്ക് വണ്ടിയോടിച്ച് പോവുക. ഒരുപാട് നാളെത്തെ ആഗ്രഹമായിരുന്നു. ബംബർ ലോട്ടറിയടിച്ച ഫീൽ. കഴിഞ്ഞദിവസം രാത്രി നേപ്പാൾ കടന്നു. ഇന്ന് ഉച്ചയാകുേമ്പാഴേക്കും ഭൂട്ടാനും.
ഫുൻഷോലിങ് എന്ന നഗരത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. 100 മീറ്റർ അപ്പുറത്തുള്ള ഇന്ത്യയേക്കാൾ എത്ര മനോഹരമാണ് ആ നഗരം. ഒറ്റനോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടും. രൂപകൽപന കൊണ്ട് വൈവിധ്യം തീർക്കുന്ന കെട്ടിടങ്ങൾ, ബഹളങ്ങളില്ലാത്ത തെരുവുകൾ... സമാധാനാവും സൗന്ദര്യവും ഒരുമിച്ച് ചേർന്ന നാട്.
വണ്ടി പാർക്കിങിൽ ഏരിയയിൽ നിർത്തി. അപ്പോഴേക്കും എവിടെനിന്നോ ഒരു ട്രാവൽ ഏജൻറ് ഞങ്ങളുടെ മുന്നിലേക്ക് ഒാടിയെത്തി. യാത്രക്കാർക്കും വാഹനത്തിനും പെർമിറ്റ് റെഡിയാക്കിത്തരാമെന്ന് അയാൾ പറഞ്ഞു. ഒാഫിസുകളിലെ നൂലാമാലകൾ ഒഴിവാക്കാൻ അങ്ങനെത്തന്നെ ആയിക്കോെട്ട എന്ന് ഞങ്ങളും വിചാരിച്ചു. ആദ്യം അവരുടെ ഒാഫിസിൽ പോയി.
എന്നിട്ട് പെർമിറ്റിനുള്ള അപേക്ഷയിൽ പൂരിപ്പിക്കാൻ വ്യക്തിഗത വിവരങ്ങൾ നൽകി. പാസ്പോർട്ട് ഉണ്ടായിരുന്നത് കൊണ്ട് അതിെൻറ കോപ്പി എടുത്തു. പിന്നെ പാസ്പോർട്ട് സൈസ് ഫോേട്ടായും വേണം. അതുകൂടാതെ ഭൂട്ടാനിലെ ഹോട്ടലിെൻറ ബുക്കിങ് കൂടി ആവശ്യമുണ്ട് പെർമിറ്റ് കിട്ടാൻ. തലസ്ഥാനമായ തിംഫുവിലുള്ള ഹോട്ടലിെൻറ ബുക്കിങ്ങും ഏജൻറ് എടുത്ത് തന്നു. ഇതോടൊപ്പം ഭൂട്ടാനിലൂടെയുള്ള ഞങ്ങളുടെ യാത്രാപ്ലാനും വെള്ളപേപ്പറിൽ എഴുതികൊടുക്കണം.
ഇതെല്ലാം തയാറാക്കി ഇമിഗ്രേഷൻ ഒാഫിസിൽ പോയി. നല്ല തിരക്കുണ്ട്. കാത്തുനിന്നപ്പോഴേക്കും സമയം ഒരു മണിയായി. ഇനി രണ്ട് മണിക്കേ കൗണ്ടറുകൾ തുറക്കൂ. പുറത്തിറങ്ങി നഗരത്തിലൂടെ നടന്നു. വിശപ്പില്ലാത്തതിനാൽ ജ്യൂസിലൊതുക്കി ലഞ്ച്. ട്രാവൽ ഏജൻസി ഒാഫിസിെൻറ അടുത്ത് തന്നെ സിം കാർഡ് ലഭിക്കുന്ന സ്ഥലമുണ്ട്. അവിടെനിന്ന് 350 രൂപ കൊടുത്ത് ഭൂട്ടാൻ ടെലികോമിെൻറ സിം എടുത്തു.
ഇന്ത്യയിലെ ഒരു സിമ്മും ഇവിടെ പ്രവർത്തിക്കില്ല. 350 രൂപക്ക് ഒരു മാസത്തേക്ക് രണ്ട് ജി.ബി നെറ്റും അൺലിമിറ്റഡ് കാളുമാണ് ലഭിച്ചത്. ഭൂട്ടാനിലെ കറൻസി 'ങൾട്രം' ആണ്. അതും ഇന്ത്യൻ രൂപയും ഒരേമൂല്യം. ഭൂട്ടാനിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും രണ്ട് കറൻസിയും സ്വീകരിക്കും. സിം ഫോണിലിട്ടതോെട സമയം മാറി. ഇന്ത്യൻ സമയത്തേക്കാൾ 30 മിനുറ്റ് മുമ്പിലാണ് ഭൂട്ടാൻ.
രണ്ട് മണി ആയതോടെ വീണ്ടും ഏജൻറിനോടൊപ്പം ഇമിഗ്രേഷൻ ഒാഫിസിൽ പോയി. കൗണ്ടറിൽ കണ്ണും വിരലടായളവുമെല്ലാം പതിച്ചുനൽകി. തുടർന്ന് പാസ്പോർട്ടിൽ ഒരാഴ്ചത്തേക്ക് എൻട്രി പെർമിറ്റ് അടിച്ചുതന്നു. ഇന്ത്യയിൽനിന്ന് വരുന്നവർക്ക് ആധാർ ഒഴിച്ചുള്ള െഎ.ഡി കാർഡുകൾ ഉണ്ടെങ്കിലും പെർമിറ്റ് കിട്ടും. വിസക്ക് സമാനമാണ് ഇൗ പെർമിറ്റ്. ശനിയും ഞായറും പൊതുഅവധി ദിവസങ്ങളിലും ഇമിഗ്രേഷൻ ഒാഫിസ് തുറക്കില്ല. തിംഫു, പാറോ എന്നിവിടങ്ങളിലേക്കുള്ള പെർമിറ്റ് മാത്രമാണ് ഫുൻഷോലിങ്ങിൽനിന്ന് ലഭിക്കുക.
ഇമിഗ്രേഷൻ ഒാഫിസിൽനിന്ന് വണ്ടിയിൽ കയറി വാഹനത്തിെൻറ പെർമിറ്റ് ശരിയാക്കാൻ ആർ.എസ്.ടി.എ ഒാഫിസിലേക്കാണ് പോയത്. ഒരു കിലോമീറ്റർ ദൂരമുണ്ട് അവിടേക്ക്. ഒാഫിസിനുള്ളിലേക്ക് ഞങ്ങൾ പോയില്ല. ഏജൻറ് വണ്ടിയുടെ രേഖകളും ഞങ്ങളുടെ പെർമിറ്റുമായി അകത്തേക്ക് പോയി. നേപ്പാളും ഭൂട്ടാനും സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് പാസ്പോർട്ട് ആവശ്യമില്ലാത്തത് പോലെത്തന്നെ ഇൗ രാജ്യങ്ങളിലൂടെ വാഹനവുമായി വലിയ ചെലവില്ലാതെ സഞ്ചരിക്കാനും സാധിക്കും. മറ്റു രാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് വാഹനവുമായി പോകണമെങ്കിൽ കാർനെറ്റ് എന്നൊരു പെർമിറ്റിെൻറ ആവശ്യമുണ്ട്. ഇതിന് ഏകദേശം ഒരു ലക്ഷം രൂപയുടെ മുകളിൽ ചെലവ് വരും.
അര മണിക്കൂർ കൊണ്ട് ഏജൻറ് പെർമിറ്റ് എടുത്ത് തിരിച്ചുവന്നു. ഏഴ് ദിവസത്തേക്ക് വാഹനത്തിെൻറ പെർമിറ്റിന് 1400 'ങൾട്രാ'മാണ് ചെലവ് വന്നത്. ഇമിഗ്രേഷൻ ഒാഫിസിൽ പെർമിറ്റ് ലഭിക്കാൻ പൈസയൊന്നും ആവശ്യം വന്നിട്ടില്ല. എന്നാൽ, ഏജൻറിന് 1300 രൂപ കമീഷനായി നൽകി. പെർമിറ്റെല്ലാം ലഭിച്ചതോടെ തിംഫു ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തിരിച്ചു. ഡീസലടിക്കാൻ വഴിയിൽ കണ്ട പമ്പിൽ കയറി. ഇന്ത്യൻ ഒായിലിെൻറ പമ്പാണ്. അതിർത്തിക്കപ്പുറത്തുനിന്നാണ് ഇവിടേക്ക് ഡീസലും പെട്രോളും വരുന്നത്. പക്ഷെ, നികുതി കുറവായതിനാൽ നമ്മുടെ നാട്ടിലേക്കാൾ ഏകദേശം പത്ത് രൂപ കുറവാണ്. ആ സന്തോഷത്തിൽ ഫുൾ ടാങ്ക് തന്നെയടിച്ചു. ഫോർച്യൂണർ ഹിമാലയത്തിലെ മലനിരകൾ കയറാൻ തുടങ്ങി. 150 കിലോമീറ്റർ ദൂരമുണ്ട് തലസ്ഥാന നഗരിയിലേക്ക്.
ഇന്ത്യയിലിൽനിന്ന് ചരക്കുമായി വരുന്ന ലോറികൾ വഴിയിലുടനീളം കാണാം. ഭൂട്ടാെൻറ പ്രധാന ആശ്രയം ഇന്ത്യയാണ്. റോഡ് വഴി ഇന്ത്യയിലേക്ക് മാത്രമാണ് കടക്കാൻ കഴിയുക. വടക്ക് ഭാഗം ചൈനയുടെ അതിർത്തിയാണെങ്കിലും അങ്ങോട്ട് റോഡില്ല. പിന്നെ രണ്ട് രാജ്യങ്ങളും തമ്മിൽ അത്രക്ക് സ്വരചേർച്ചയുമില്ല. ടൂറിസ്റ്റ് സീസൺ അല്ലാത്തതിനാൽ റോഡിൽ സഞ്ചാരികൾ കുറവാണ്. സീസണുകളിൽ ഇൗ റോഡിൽ യാത്രക്കാരുടെ ഒഴുക്കായിരിക്കും.
അതേസമയം, പൊതുവെ സമാധാന പ്രിയരായ ഭൂട്ടാനികൾ ടൂറിസ്റ്റുകളെ കൊണ്ട് വലഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യക്കാരെക്കൊണ്ട്. 2019ൽ മഹാരാഷ്ട്രയിൽനിന്ന് വന്ന റൈഡർമാർ ബുദ്ധസ്തൂപത്തിന് മുകളിൽ കയറി ഫോേട്ടായെടുത്തത് ഏറെ വിവാദമായിരുന്നു. അതിനുേശഷം ബൈക്കിൽ വരുന്നവർക്ക് ഒരുപാട് നിയന്ത്രണങ്ങൾ കൊണ്ടുവന്നു.
ബൈക്കിൽ പോകുന്നവർ ഭൂട്ടാനിൽനിന്ന് ഒരു ടാക്സി കാർ വാടകക്കെടുത്ത് അതിൽ ഗൈഡിനെയും കൂട്ടണമെന്നാണ് നിയമം. കൂടാതെ ഇനി ഇന്ത്യക്കാർക്ക് ഒരുദിവസത്തിന് 1200 രൂപ ഫീസും ഇൗടാക്കുമെന്നാണ് കേൾക്കുന്നത്. വാഹനങ്ങൾക്കും ഉയർന്ന ഫീസ് ഇൗടാക്കാൻ പദ്ധതിയുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് ഭൂട്ടാൻ ഇനി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ ആകുമോ എന്ന കാര്യം സംശയമാണ്.
20 കിലോമീറ്റർ കഴിഞ്ഞപ്പോൾ ചെക്ക്പോസ്റ്റിൽ പെർമിറ്റെല്ലാം കാണിച്ച് യാത്ര തുടർന്നു. വർണവൈവിധ്യങ്ങളുടെ കാൻവാസിൽ തീർത്ത ഹിമാലയത്തിെൻറ മടിത്തട്ടിലൂടെയുള്ള റോഡ് മുകളിലേക്കും താഴേക്കുമായി ഒഴുകിനീങ്ങുന്നു. ബുദ്ധമത ആചാരപ്രകാരമുള്ള കൊടിതോരണങ്ങളും സ്തൂപങ്ങളുമെല്ലാം വഴിയിലുടനീളം കാണാം.
രാജ്യത്തെ 99 ശതമാനം ജനങ്ങളും ബുദ്ധമത വിശ്വാസികളാണ്. ൈവകീട്ട് അഞ്ച് മണിയാകുേമ്പാൾ മലഞ്ചെരുവിൽ കണ്ട ഹോട്ടലിന് മുന്നിൽ വണ്ടിനിർത്തി. കോടമഞ്ഞ് വന്ന് ശരീരമാകെ പൊതിയുന്നു. ഐസ് പോലെയായിരിക്കുന്നു ഹോട്ടലിലെ വെള്ളം. കാര്യമായ ഭക്ഷണവിഭവങ്ങളൊന്നുമില്ല അവിടെ. ന്യൂഡിൽസും ചായയും കഴിച്ച് വീണ്ടും യാത്ര തന്നെ.
ഇരുട്ട് വീണ് തുടങ്ങിയിട്ടുണ്ട്. ഒരു ചെക്ക്പോസ്റ്റിൽ കൂടി പെർമിറ്റെല്ലാം കാണിക്കേണ്ടി വന്നു. റോഡിൽ തിരക്ക് ഒട്ടുമില്ല. പക്ഷെ, മലനിരകളിലൂടെ ചുറ്റിപ്പോകുന്ന വഴിയാതിനാൽ പതുക്കെയാണ് യാത്ര. തിംഫുവിൽ ബുക്ക് ചെയ്ത ഹോട്ടലിന് മുന്നിൽ എത്തുേമ്പാൾ രാത്രി എട്ട് മണി.
ബാഗെല്ലാം റൂമിൽ വെച്ച് ഭക്ഷണത്തിനായി പുറത്തിറങ്ങി. ഹോട്ടലിൽ തന്നെ റെസ്റ്റോറൻറ് ഉണ്ടെങ്കിലും സമയം വൈകിയതിനാൽ അടച്ചിരുന്നു. നല്ല തണുപ്പുണ്ട്. പത്ത് ഡിഗ്രിക്ക് താഴെയാണ് താപനില. നഗരത്തിലെ ഹോട്ടലിൽ കയറി ഫ്രൈഡ് റൈസും മോമോയുമെല്ലാം കഴിച്ച് ശരീരമൊന്ന് ചൂടക്കി.
ഭൂട്ടാനിലെ രണ്ടാമത്തെ ദിനമാണ്. ഇന്ന് ഉച്ചവരെ കാര്യമായ പ്ലാനിങ്ങൊന്നും ഇല്ല. പതിവിൽനിന്ന് വ്യത്യസ്തമായി രാവിലെ കുറച്ച് വൈകിയാണ് എണീറ്റത്. ഒരാഴ്ചയായി നിർത്താതെയുള്ള ഒാട്ടമായിരുന്നു. മൂവായിരത്തിലേറെ കിലോമീറ്റർ പിന്നിട്ടിരിക്കുന്നു. അൽപ്പം വിശ്രമിക്കാമെന്ന് കരുതി. രാവിലെ ഹോട്ടലിലെ റെസ്റ്റോറൻറിൽ പോയി ഭക്ഷണം കഴിച്ചു. ഇന്ത്യൻ ഭക്ഷണമാണ് കാര്യമായിട്ടും അവിടെയുള്ളത്. വനിതകളാണ് ഹോട്ടലിെൻറ ചുമതലക്കാരെല്ലാം.
റിസപ്ഷനിൽ രാജാവിെൻറയും രാജ്ഞിയുടെയും ഫോേട്ടായുണ്ട്. ഭൂട്ടാനിൽ രാജഭരണമാണ്. എവിടെപ്പോയാലും രാജാവിെൻറ ഫോട്ടോയെല്ലാം കാണാം. ഭൂട്ടാനിലെ അഞ്ചാമത്തെയും ഇപ്പോൾ അധികാരത്തിലിരിക്കുന്നതുമായ രാജാവായ ജിഗ്മെ ഖേസർ നാംഗ്യെൽ വാങ്ചുകിെൻറയും പത്നിയുടെയും ഫോേട്ടായാണ് അവിടെയുള്ളത്. മുൻ രാജാവ് ജിഗ്മേ സിംഗ്യേ വാങ്ചുകിെൻറ പുത്രനാണ് ഇദ്ദേഹം.
2006 ഡിസംബർ ഒമ്പതിനാണ് അധികാരത്തിലേറിയത്. ഭൂട്ടാൻ രാജഭരണ പ്രദേശമാണെങ്കിലും തെരഞ്ഞെടുത്ത ഭരണകൂടം ഇവിടെ നിലവിലുണ്ട്. 2005 ഡിസംബറിലാണ് ആദ്യത്തെ ദേശീയ തെരഞ്ഞെടുപ്പ് നടന്നത്. അതിനുശേഷം പുതിയ ഭരണഘടന നിലവിൽ വന്നു.
റിസപ്ഷനിൽ ഭൂട്ടാെൻറ വലിയ ഒരു മാപ്പും ഉണ്ട്. അതിൽനിന്ന് അടുത്തദിവസങ്ങളിൽ പോകേണ്ട സ്ഥലങ്ങളുടെ റൂട്ട്മാപ്പ് മനസ്സിലാക്കി. വീണ്ടും റൂമിൽ തിരിച്ചെത്തി. ഒരാഴ്ചത്തെ വസ്ത്രമല്ലൊം അലക്കാനുണ്ട്. വിശാലമായ റൂമാണ്. മൂന്ന് ദിവസത്തിനാണ് റൂം എടുത്തിരിക്കുന്നത്. നാട്ടിൽനിന്ന് വരുേമ്പാൾ തന്നെ പ്ലാസ്റ്റിക് കയർ വണ്ടിയിൽ എടുത്തുവെച്ചിരുന്നു.
അത് റൂമിെൻറ നാല് ഭാഗത്തുമായി കെട്ടി. എന്നിട്ട് അലക്കിയ വസ്ത്രമെല്ലാം അതിനുമേൽ കൊണ്ടുവന്നിട്ടു. തുടർന്ന് ഞങ്ങളുടെ പെർമിറ്റ് നീട്ടിലഭിക്കാൻ തിംഫുവിലുള്ള ട്രാവൽ ഏജൻറിനെ വിളിച്ചു. ഫോബ്ജിക, പുനാക്ക പോലുള്ള സ്ഥലങ്ങൾ കൂടി പോകാൻ ഉദ്ദേശിക്കുന്നുണ്ട്. രേഖകളെല്ലാം ഏജൻറിനെ ഏൽപ്പിച്ചു.
മറ്റുള്ളവർ അലക്കുന്നതിനിടെ ഞാൻ കാമറയുമെടുത്ത് പുറത്തിറങ്ങി. നാലുഭാഗത്തും മലനിരകളാണ്. മഞ്ഞുകാലം കഴിഞ്ഞിേട്ടയുള്ളൂ. അതുകൊണ്ട് തന്നെ ഇലപൊഴിഞ്ഞ് വരണ്ട അവസ്ഥയാണ് മലകൾക്ക്. മഴക്കാലമാകുേമ്പാൾ ഇൗ മലനിരകളെല്ലാം പച്ചെപാതിയും. അപ്പോൾ തിംഫുവിനും ഭൂട്ടാനും ഒന്നുകൂടി ഭംഗി വരും. മലഞ്ചെരുവിൽ ഒരുപാട് കെട്ടിടങ്ങളുണ്ട്. എല്ലാറ്റിനും ഒരേ നിർമാണ രീതി. അങ്ങനെയാണ് ഇവിടത്തെ നിയമം.
നടന്ന് ഒരു പുഴയുടെ അടുത്തെത്തി. തിംഫു നദിയെന്നാണ് അതിെൻറ പേര്. നല്ല തെളിനീര് പോലെ ഹിമാലയത്തിൽനിന്ന് വരുന്ന വെള്ളം. പുഴയുടെ അക്കരെ പച്ചവിരിച്ച രണ്ട് ഗ്രൗണ്ടുകളുണ്ട്. ധാരാളം കുട്ടികൾ അവിടെ ഫുട്ബാൾ കളിക്കുന്നു. വഴിയരികിൽവെച്ച് ഒരു സ്വദേശി വയോധികനെ പരിചയപ്പെട്ടു.
കേരളത്തിൽനിന്നാണ് വരുന്നതെന്ന് അറിഞ്ഞപ്പോൾ സന്തോഷം. സർക്കാർ ജോലിക്കാരനായിരുന്നു അദ്ദേഹം. ഇപ്പോൾ വിരമിച്ചു. അദ്ദേഹത്തെ സ്കൂളിൽ മലയാളി അധ്യാപകർ പഠിപ്പിച്ചിരുന്നുവത്രെ. ഇപ്പോഴും ധാരാളം മലയാളികൾ ഇവിടെ സ്കൂളുകളിൽ ജേലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താഴേക്കുള്ള വഴിയിലൂടെ മുന്നോട്ടുനടന്നു. കളികഴിഞ്ഞ് കുട്ടികൾ പുഴയിൽ വന്ന് നീരാടുന്നു. മുന്നോട്ടുനടന്നപ്പോൾ കുറെപേർ ഭൂട്ടാനീസ് വസ്ത്രമെല്ലാം അണിഞ്ഞ് കൂടിനിൽക്കുന്നത് കണ്ടു. അവർ എന്തോ കളിയിൽ ഏർപ്പെട്ടിരിക്കുകയാണ്. അടുത്തേക്ക് ചെന്നപ്പോഴാണ് മനസ്സിലായത് അെമ്പയ്ത്ത് മത്സരമാണെന്ന്. ഖുരു എന്നാണ് അതിെൻറ പേര്. 10 പേരടങ്ങുന്ന ടീമായിട്ടാണ് മത്സരം.
20 മീറ്റർ അകലെനിന്നാണ് അെമ്പയ്യുക. വനിതകൾക്കും പുരുഷൻമാർക്കും വെവ്വേറെയാണ് മത്സരം. പുരുഷൻമാർ ഭൂട്ടാെൻറ ദേശീയ വസ്ത്രമായ 'ഖോ'യും വനിതകൾ 'കിര'യുമാണ് ധരിച്ചിരിക്കുന്നത്. അതെല്ലാം കണ്ട് റൂമിലേക്ക് തിരിച്ചുനടന്നു. ഇതിനിടെ ഏജൻറ് പുതിയ സ്ഥലങ്ങളിലേക്കുള്ള പെർമിറ്റുമായി വന്നിരുന്നു.
കണ്ടുപഠിക്കണം, ഈ ട്രാഫിക് മര്യാദ
ഫൈസലും സഹീറുമെല്ലാം അലക്കിക്കഴിഞ്ഞ് റെഡിയായിട്ടുണ്ട്. തിംഫു നഗരം കാണാൻ വണ്ടിയെടുത്ത് പുറത്തിറങ്ങി. നല്ല വീതിയുള്ള റോഡ്. യൂറോപ്യൻ നഗരങ്ങളിലൂടെ യാത്ര ചെയ്യുന്ന പ്രതീതി. ട്രാഫിക് സംസ്കാരവും അടിപൊളി. ആരും ഹോണടിക്കുന്നില്ല. ഒാവർടേക്ക് ചെയ്യുേമ്പാഴെല്ലാം എന്തൊരു മര്യാദ. അന്താരാഷ്ട്ര ട്രാഫിക് നിയമങ്ങൾ അനുസരിച്ചാണ് ഡ്രൈവിങ്. ഓവർടേക്ക് ചെയ്യാൻ സമ്മതമാണെന്ന് അറിയിച്ച് മുന്നിലെ വാഹനം ഇടത്തോട്ട് ഇൻഡിക്കേറ്ററിട്ട് കാണിച്ചുതരും. എന്നിട്ട് അവർ വേഗത കുറച്ച് ചെറുതായി ഒതുക്കിത്തരും.
ഒാവർടേക്ക് ചെയ്യരുത് എന്ന് കാണിക്കാൻ വലത്തോട്ട് ഇൻഡിക്കേറ്ററിടും. അതുപോലെ ഗതാഗതക്കുരുക്കുള്ള സ്ഥലങ്ങളിൽ ആരും കുത്തിത്തിരക്കി മുന്നോട്ടുപോകാതെ വരിവരിയായി ശാന്തമായി കാത്തുനിൽക്കും. സീബ്ര ലൈനിലൂടെ മാത്രമേ ആളുകൾ റോഡ് ക്രോസ് ചെയ്യാൻ പാടുള്ളൂ. അല്ലെങ്കിൽ പൊലീസ് പിഴ ഇൗടാക്കും. പിന്നെ ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നലുകൾ കാണാനാവില്ല. അതിന്‍റെ ആവശ്യമില്ലെന്നതാണ് സത്യം. അത്രക്ക് മര്യാദയാണ് ഇവർക്ക്.
നല്ല വാഹനങ്ങളുമാണ് റോഡിലുള്ളത്. കൂടുതലും ടൊയോട്ടയുടെയും കിയയുടെയും വാഹനങ്ങൾ. ഇന്ത്യയിലില്ലാത്ത ഒരുപാട് ആഡംബര വാഹനങ്ങൾ ഇവിടെ കാണാം. പ്രത്യേകിച്ചും എസ്.യു.വികൾ. ടാക്സ് കുറവായതാണ് ഇത്തരം വാഹനങ്ങൾ ഇവിടെ ധാരാളം കാണാൻ കാരണം. ടൊയോട്ടയാണ് െഞട്ടിക്കുന്നത്. 2017ലെ കണക്കുപ്രകാരം എട്ട് ലക്ഷമാണ് ഇൗ രാജ്യത്തിെൻറ ജനംസഖ്യ. അതായത് കേരളത്തിെൻറ അത്ര വലിയ രാജ്യമായിട്ടും നമ്മുടെ ഒരു ജില്ലയിലെ അത്രകൂടി ആളുകൾ ഇല്ല.
130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ പോലും ടൊയോട്ട കൊണ്ടുവരാത്ത ഒരുപാട് വാഹനങ്ങളാണ് ഭൂട്ടാനിലുള്ളത്. അത് കൂടാതെ മാരുതിയും ഹ്യുണ്ടായിയുമെല്ലാം നിരത്തുകളിൽ ധാരാളം കാണാം. വാഗൺആർ ആണ് ടാക്സിയായി കൂടുതലും ഉപയോഗിക്കുന്നത്. വാഹനങ്ങളെല്ലാം അതിർത്തികടന്നാണ് ഇവിടെ എത്തുന്നത്. അതുകൊണ്ടാണ് ഇന്ത്യയിലില്ലാത്ത പലവാഹനങ്ങളും ഇവിടെ കാണാൻ കഴിയുന്നത്. അതേസമയം, വാഹനങ്ങളുടെ ഉപയോഗം വർധിച്ചതോടെ 2014 മുതൽ സർക്കാർ ഉയർന്ന നികുതി ഇൗടാക്കുന്നുണ്ട്.
ഫ്രൈഡ് ചിക്കനും ബർഗറുമെല്ലാം കിട്ടുന്ന ഹോട്ടലിലാണ് ഉച്ചഭക്ഷണത്തിന് കയറിയത്. ദിവസങ്ങളായി റൊട്ടിയും ദാലുമെല്ലാമായിരുന്നു ഭക്ഷണം. അതിൽനിന്ന് ഒരുമാറ്റം ആയിക്കോെട്ട എന്നുകരുതി. കൂടാതെ ഭൂട്ടാെൻറ തനത് വിഭവങ്ങൾ കഴിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടല്ലോ. അതേസമയം, ഭൂട്ടാനിൽ കെ.എഫ്.സി പോലുള്ള കുത്തക ഭക്ഷണകമ്പനികളും വസ്ത്രമേഖലയിലെ ആഗോള ഭീമന്മാരെയും കാണാനാകില്ല.
പ്രാദേശികമായ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഇൗ നടപടി. ഇതുവഴി ജനങ്ങളുടെ സന്തോഷം വർധിപ്പിക്കാമെന്നാണ് രാജാവിെൻറ കണക്കുകൂട്ടൽ. ഇതുകൂടാതെ വിദേശികൾക്ക് ഇവിടെ സ്ഥലങ്ങളും വസ്തുക്കളും സ്വന്തമാക്കാൻ കഴിയില്ല.
ഭക്ഷണം കഴിച്ച് ബുദ്ധ ദോർദൻമ എന്ന സ്ഥലത്തേക്കാണ് യാത്ര. പോകുന്ന വഴിയിലാണ് നാഷനൽ മെമോറിയൽ ചോർട്ടൻ ഉള്ളത്. വിദേശരാജ്യത്ത് മരിച്ച രാജാവിെൻറ ഒാർമക്കായി 1974ലാണ് ഇൗ സ്തൂപം സ്ഥാപിക്കുന്നത്. നാട്ടുകാരും വിദേശികളുമായ ധാരാളം പേർ സ്മാരകം കാണാൻ വന്നിട്ടുണ്ട്. വണ്ടി നഗരം പിന്നിട്ട് മലകയറാൻ തുടങ്ങി.
രണ്ട് ഭാഗത്തും പൈൻ മരങ്ങൾ ഉയർന്നുനിൽപ്പുണ്ട്. കുൻസെൽ ഫോഡ്രാങ് എന്ന നാച്വറൽ പാർക്കിലൂടെയാണ് റോഡ് നീളുന്നത്. കാഴ്ചകൾ പിന്നിലേക്ക് ഒാടിമറയുന്നു. അഞ്ച് കിലോമീറ്റർ ഒടിയപ്പോഴേക്കും ലക്ഷ്യസ്ഥാനമെത്തി.
പ്രവേശന കവാടത്തിലൂടെ അകത്തേക്ക് കയറി. വൈകുന്നേരമായതിനാൽ ആളുകൾ കുറവാണ്. ഏതാനും ബുദ്ധ ഭിക്ഷുക്കളും സഞ്ചാരികളും മാത്രമേ അവിടെയുള്ളൂ. ഭൂട്ടാനിലെ ഏറ്റവും വലിയ ബുദ്ധപ്രതിമയാണ് ഇവിടെയുള്ളത്. ഗ്രേറ്റ് ബുദ്ധ ഡോർഡെന്മ എന്നാണ് ഇതിെൻറ പേര്. ഭൂട്ടാനിലെ രാജാവായിരുന്ന ജിഗ്മെ സിൻഗ്യെ വാങ്ചുകിെൻറ 60ാം പിറന്നാളിനോടനുബന്ധിച്ച് നിർമിച്ചതാണിത്. 2015ലാണ് ഇതിെൻറ നിർമാണം പൂർത്തിയായത്. വെങ്കലത്തിൽ നിർമിച്ച് സ്വർണം പൂശിയ ഇൗ പ്രതിമയുടെ ഉയരം 169 അടിയാണ് (51.5 മീറ്റർ).
കുന്നിൻചെരുവിലെ വിശാലമായ നിരന്ന സ്ഥലത്താണ് പ്രതിമയുള്ളത്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ കൊട്ടാരമുണ്ടായിരുന്നുവത്രെ. അതിെൻറ അവശിഷ്ടങ്ങൾ മാറ്റിയാണ് പ്രതിമ സ്ഥാപിച്ചത്. മുന്നിലെ വിശാലമായ ഗ്രൗണ്ടിലൂടെ ഞങ്ങൾ നടന്നു. കാമറയുടെ ഒരു ഫ്രെയിമിലൊന്നും ഒതുങ്ങുന്നില്ല ആ പ്രതിമ. മലമുകളിലായതിനാൽ നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. താഴെ തിംഫു നഗരം കാണാം. പ്രതിമ സ്ഥാപിച്ച പീഠത്തിനുള്ളിലേക്കുള്ള പടികൾ കയറിച്ചെന്നു. അതിനകത്ത് വെങ്കലത്തിൽ നിർമിച്ച് സ്വർണത്തിൽ പൊതിഞ്ഞ 1.25 ലക്ഷം ചെറിയ ബുദ്ധപ്രതിമകളുണ്ട്. അത് കൂടാതെ ഗ്രൗണ്ടിന് ചുറ്റും ധാരാളം വെങ്കല പ്രതിമകളും കാണാം.
അൽപനേരം അവിടെ ചെലവഴിച്ചശേഷം മലയിറങ്ങി. തിരക്ക് കുറഞ്ഞ പാതയായതിനാൽ നടക്കാനിറങ്ങിയവരും സൈക്കളിൽ വരുന്നവരെയെല്ലാം കാണാം. നഗരത്തിലെത്തുേമ്പാൾ വൈകീട്ട് ആറ് മണിയായിട്ടുണ്ട്. തിംഫുവിൽ ഇനിയും ഒരുപാട് ചരിത്ര സ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമുണ്ട്.
വരുന്ന ദിവസങ്ങളിൽ സമയം കിട്ടുകയാണെങ്കിൽ അവയെല്ലാം കാണണം. ഇന്ന് ഇനി ഒന്നും കാണാൻ സമയമില്ല. അതുകൊണ്ട് തന്നെ വണ്ടി ടൗണിൽ നിർത്തി ഷോപ്പിങ്ങിനിറങ്ങി. തെരുവിൽ നല്ല തിരക്കുണ്ട്. കച്ചവടക്കാരുടെ മക്കൾ ഫുട്പാത്തിൽ ഷട്ടിൽ കളിക്കുന്നു.
ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ നല്ല തണുപ്പുണ്ട്. കൂടാതെ അടുത്തദിവസങ്ങളിൽ മഞ്ഞുമലയെല്ലാം താണ്ടാനുള്ളതാണ്. കൈയിൽ കരുതിയ ജാക്കറ്റൊന്നും മതിയാവില്ല. നല്ല ജാക്കറ്റുകളാണ് ആദ്യം തപ്പിയത്. അത് കൂടാതെ നാട്ടിലേക്ക് കൊണ്ടുപോകാൻ ഭൂട്ടാൻ സ്പെഷൽ മധുരവിഭവങ്ങൾ വലതുമുണ്ടോ എന്ന് അേന്വഷിച്ചു. പക്ഷെ, അവിടെ അധികവും ഇന്ത്യയിൽനിന്ന് വരുന്ന മധുരവിഭവങ്ങളാണ് കാണാൻ കഴിഞ്ഞത്. പിന്നെയുള്ള എരുവുള്ള വിഭവങ്ങളാണ്. അത് നാട്ടിലേക്ക് എത്തുേമ്പാഴേക്കും ചീത്തയായി പോകും.
ഒരു കടയിൽനിന്ന് കുറഞ്ഞവിലക്ക് നല്ല ജാക്കെറ്റുകൾ ലഭിച്ചു. നമ്മുടെ നാടുകളേത് പോലെ സഞ്ചാരികളെ കണ്ടാൽ കഴുത്തറക്കുന്ന പരിപാടിയൊന്നും ഇവിടെയില്ല. എല്ലാം മിതമായ വിലക്കാണ് വിൽപ്പന. ഭൂട്ടാനിെൻറ പൊതുവായ സ്വഭാവമാണിത്. തികച്ചും മാന്യമായാണ് അവരുടെ പെരുമാറ്റം. തട്ടിപ്പും വെട്ടിപ്പുമൊന്നുമില്ലാത്ത സത്യസന്ധമായ ജനങ്ങൾ. തിംഫുവിലുള്ളവർക്കെല്ലാം ഹിന്ദിയറിയാം. അതുകൊണ്ട് തന്നെ കച്ചവട കേന്ദ്രങ്ങളിൽ ആശയവിനിമയവും ബുദ്ധിമുട്ടായില്ല.
നോർഡ്സിൻ ലാം എന്ന തെരുവിലൂടെ ഞങ്ങൾ നടത്തം തുടർന്നു. ഇൗ ഭാഗത്ത് തന്നെയാണ് നാഷനൽ ഹാൻറിക്രാഫ്റ്റ് എംപോറിയം, നെഹ്റു-വാങ്ചുക് കൾചറൽ സെൻറർ, തിംഫു ഹാൻഡിക്രാഫ്റ്റ് മാർക്കറ്റ്, ഭൂട്ടാൻ ഡെവലപ്മെൻറ് ബാങ്കിെൻറ ആസ്ഥാനം, ടെക്സ്റ്റൈൽ മ്യൂസിയം തുടങ്ങിയവയുള്ളത്. ഇന്ത്യൻ സർക്കാറിെൻറ സഹകരണത്തോടെ 2010ലാണ് കൾചറൽ സെൻറർ തിംഫുവിൽ ആരംഭിക്കുന്നത്.
യോഗ, സംഗീത ക്ലാസുകൾ, ലൈബ്രറി, പ്രദർശന ഹാൾ തുടങ്ങിയവയെല്ലാമാണ് ഇതിനകത്തുള്ളത്. വഴിയോരത്തുനിന്ന് കണ്ട ബുക്ക്സ്റ്റാളിൽനിന്ന് ഭൂട്ടാനിലെ പത്രങ്ങളും എന്‍റെ ശേഖരത്തിൽ സൂക്ഷിക്കാനായി വാങ്ങി. ദേശീയ ഭാഷയായ 'സോങ്ക'യിലും ഇംഗ്ലീഷിലുമായി പത്തിലധികം പത്രങ്ങൾ ഇവിടെയുണ്ട്. ഞായറാഴ്ച ഇൗ പത്രങ്ങൾക്കെല്ലാം അവധിയാണെന്നതാണ് രസകരമായ വസ്തുത. ഷോപ്പിങ് കഴിഞ്ഞപ്പോഴേക്കും രാത്രിയായിട്ടുണ്ട്.
തിംഫുവിലെ നിശാകാഴ്ചകൾക്കും നല്ല ഭംഗി. കെട്ടിടങ്ങളെല്ലാം പ്രകാശത്തിൽ കുളിച്ചുനിൽക്കുന്നു. ഒട്ടും ബഹളങ്ങളില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഭൂട്ടാെൻറ ബാക്കിഭാഗങ്ങളിലും ഇതുപോലെ തന്നെ. ആ നാടിെൻറ കൂടുതൽ കാഴ്ചകൾ തേടിയുള്ള യാത്രയാണ് അടുത്ത ദിവസങ്ങളിൽ ഉദ്ദേശിച്ചിരിക്കുന്നത്. തണുപ്പായത് കൊണ്ട് കടകളെല്ലാം എട്ട് മണിയോടെ തന്നെ അടച്ച് ആളുകൾ മടങ്ങാൻ തുടങ്ങിയിട്ടുണ്ട്. നടത്തം മതിയാക്കി ഞങ്ങളും റൂമിലേക്ക് മടങ്ങി.
(തുടരും)
vkshameem@gmail.com
Itinerary
Day 7:
Nagarkata to Thimphu (Bhutan) - 228 KM
Route: Hasimara, Jaigaon, Phuentsholing.
Journey Time: 8.00 AM - 8.00 PM (12 hrs) Day 8:
Thimphu Sightseeing
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.