ഇടുക്കി: തണുത്തുറഞ്ഞ പുലരികൾ ആസ്വദിക്കാൻ കൊളുക്കുമലയിലേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങി. എട്ടു മാസങ്ങൾക്കുശേഷം ഞായറാഴ്ച മുതൽ കൊളുക്കുമലയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു.
കോവിഡ് വ്യാപനത്തെത്തുടർന്ന് മാർച്ച് 30നാണ് ജില്ല ഭരണകൂടം കൊളുക്കുമല ട്രക്കിങ് വിലക്കിയത്. അതിനുശേഷം ഇവിടം ആളനക്കമില്ലാതെ കിടക്കുകയായിരുന്നു. നവംബർ ഒന്നിന് ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരെ പ്രവേശിപ്പിച്ച് തുടങ്ങിയെങ്കിലും കൊളുക്കുമല ട്രക്കിങ് പിന്നെയും വൈകി.
ഇവിടെ ട്രക്കിങ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ചിന്നക്കനാലിലെ ജീപ്പ് ഡ്രൈവർമാർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ദേവികുളം സബ്കലക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തിണ് ട്രക്കിങ് പുനരാരംഭിച്ചത്.
മൂന്നാറിൽനിന്ന് 50 കിലോമീറ്റർ ദൂരമുണ്ട് കൊളുക്കുമലയിലേക്ക്. കേരള-തമിഴ്നാട് അതിർത്തിയിലാണ് ഇൗ പ്രദേശം. റോഡ് മോശമായതിനാൽ ചിന്നക്കനാലിൽനിന്ന് ജീപ്പ് സർവിസിൽ പോകുന്നതാണ് ഉത്തമം. സമുദ്രനിരപ്പിൽനിന്ന് 7130 അടി മുകളിലാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ടീ ഫാക്ടറി സ്ഥിതി ചെയ്യുന്നതും ഈ ഭാഗത്താണ്. 1900കളുടെ തുടക്കത്തിൽ ഒരു സ്കോട്ടിഷ് തോട്ടക്കാരനാണ് കൊളുക്കുമല ടീ എസ്റ്റേറ്റ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.